indu jain
ഇന്ദു ജെയ്ന്‍

വ്യവസായപ്രമുഖ, കലാസ്വാദക, സാമൂഹിക - ജീവകാരുണ്യ പ്രവർത്തക, ആത്മീയാന്വേഷക. ടൈംസ്‌ ഗ്രൂപ്പിന്റെ ചെയർപേഴ്‌സണായ ഇന്ദു​ ജെയ്‌നിന്‌  വിശേഷണങ്ങൾ ഒട്ടേറെയാണ്‌. അവരുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ആത്മീയാചാര്യന്റെ ഓർമക്കുറിപ്പ്‌ 

എൺപതുകളിലാണ് ഇന്ദു മായെ ഞാനാദ്യം പരിചയപ്പെടുന്നത്. ഡൽഹിയിൽവെച്ച്‌. ആത്മീയതയുമായി ബന്ധപ്പെട്ട എല്ലാമറിയാനുള്ള മതിവരാത്ത ജിജ്ഞാസയാണ്‌ അവരിൽ ഞാനാദ്യം ശ്രദ്ധിക്കുന്നത്. പരമത്തിലേക്കുള്ള ദാഹവുമായി, പഠിച്ച വേദഗ്രന്ഥങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ നിറഞ്ഞതാവും ഓരോ സത്സംഗവും. 
ആത്മീയ നൈപുണിയോടും അറിവിനോടും ആത്മജ്ഞാനത്തോടും ഇത്രയേറെ താത്പര്യമുള്ള മറ്റൊരു സ്ത്രീയെയോ പുരുഷനെയോ ഞാൻ വ്യവസായരംഗത്ത് കണ്ടിട്ടില്ല.

ആത്മീയലക്ഷ്യങ്ങളെ ആവേശപൂർവം പിന്തുടരുമ്പോൾത്തന്നെ ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ മേധാവിയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളും സന്തുലിതമായി നിർവഹിക്കാനുള്ള അസാധാരണമായ കഴിവും അവർക്കുണ്ടായിരുന്നു. എല്ലാ ആത്മീയാചാര്യന്മാരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള ആഗ്രഹവും ഇന്ദു ജെയ്ൻ ഒരിക്കലെന്നോടു പങ്കുവെച്ചിട്ടുണ്ട്.

ആർട്ട് ഓഫ് ലിവിങ്ങിന്റെ ബെംഗളൂരുവിലെ ആശ്രമത്തിൽ പതിവു സന്ദർശകയായിരുന്നു ഇന്ദു മാ. ഇടയ്ക്കൊക്കെ നീണ്ടനാൾ അവിടെ താമസിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ ധ്യാനങ്ങളിലും ആശ്രമത്തിലെ മറ്റു പരിപാടികളിലുമെല്ലാം അത്യുത്സാഹത്തോടെ പങ്കെടുക്കും. ആത്മീയമായാലും ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടതായാലും എല്ലാ മീറ്റിങ്ങുകളിലും പങ്കെടുക്കും. പിന്തുടരേണ്ട വിജയമാതൃകകളെയും മറ്റ് സംഘടനകളുടെ നേതാക്കളെക്കുറിച്ചുമെല്ലാം അഭിപ്രായങ്ങളും നൽകും.

ഞാൻ ഡൽഹിയിലെത്തുമ്പോൾ അവരുടെ വീട്ടിൽ താമസിക്കണമെന്ന് ഇന്ദു മായ്ക്ക് നിർബന്ധമാണ്. അവരുള്ള നഗരത്തിലെവിടെയെങ്കിലും ഞാനുണ്ടെന്നറിഞ്ഞാൽ രാവിലെത്തന്നെ കാണാനെത്തും. വൈകുന്നേരംവരെ ആശ്രമത്തിലുണ്ടാകും. 

ഇത്രയുംകാലത്തെ സംഭാഷണങ്ങളിൽ ഒരിക്കൽപ്പോലും ഭൗതികകാര്യങ്ങൾ ചർച്ചയായിട്ടേയില്ല. ഭൂമിയിലെയും അതിനുശേഷവുമുള്ള ജീവിതത്തെക്കുറിച്ചായിരുന്നു വർത്തമാനങ്ങളെല്ലാം. 1997-ൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ സഹോദരസ്ഥാപനമായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹ്യൂമൻ വാല്യൂസ് സ്ഥാപിക്കുന്നതിൽ ഇന്ദു ജെയ്ൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 
ഐ.എ.എച്ച്.വി.യുടെ സ്ഥാപകാംഗംകൂടിയാണവർ.

ഒടുവിൽ ആർട്ട് ഓഫ് ലിവിങ്ങിലും വേദാന്ത ജ്ഞാനത്തിലും തന്റെ പാത കണ്ടെത്തിയതായി ഇന്ദു മായ്ക്ക് തോന്നി. 2006 മുതൽ ബെംഗളൂരുവിലെ ഞങ്ങളുടെ ആശ്രമത്തിലെ സ്ഥിരം സന്ദർശകയായി. വലിയൊരു സമയം അവിടെ ചെലവഴിച്ചു. അത്തരമൊരു സന്ദർശനത്തിനിടെ അവർ ഒരിക്കൽ എന്നോടു പറഞ്ഞു: ‘‘ഗുരുദേവ്, എല്ലാ തീർഥക്കടവുകളിലെയും തീർഥം കുടിച്ചുകഴിഞ്ഞു. ഇനി ഞാനിവിടെ കഴിഞ്ഞുകൊള്ളാം’’.  പിന്നീടുള്ള കുറേക്കൊല്ലം ഭൂരിഭാഗം സമയവും അവർ ആശ്രമത്തിലായിരുന്നു. അവരിൽ ചോദ്യങ്ങളില്ലാതായതും പകരം ആഴത്തിലുള്ള നിശ്ശബ്ദതയും ശാശ്വതമായ സംതൃപ്തിയും നിറഞ്ഞതും ഞാൻ ശ്രദ്ധിക്കുന്നത് അക്കാലത്താണ്. ആത്മീയാന്വേഷക, മാധ്യമസ്ഥാപനത്തിന്റെ അധിപ, കലയുടെയും സംസ്കാരത്തിന്റെയും പ്രചാരക അങ്ങനെയങ്ങനെ ആത്മീയതയ്ക്കും സഹജീവിസ്നേഹത്തിനും നൽകിയ സംഭാവനകളാൽ ഇന്ദു ജെയ്ൻ എന്നും ഓർമിക്കപ്പെടും. 

വിരക്തിയുടെ പാതയിലായിരുന്നെങ്കിലും അവരിൽ സ്നേഹവും കരുണയും നിറഞ്ഞിരുന്നു. ആത്മീയതയ്ക്കുശേഷം ഭക്ഷണത്തോടായിരുന്നു അവർക്ക് പ്രിയം. ഭക്ഷണകാര്യങ്ങളിൽ അഗാധമായ അറിവുണ്ടായിരുന്നു. എന്തു ഭക്ഷണം, എപ്പോൾ കഴിക്കണം എന്നതിനെക്കുറിച്ച് കണിശത പുലർത്തിയിരുന്നു.

ജീവിതത്തോടുള്ള ആവേശം അവരുടെ പ്രായത്തെകുറച്ചു. പുരുഷന്മാരുടെ ഈ ലോകത്ത് നേതാക്കളാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കൊരു മാതൃകയാണ് ഇന്ദു ജെയ്ൻ. യുവത്വവും അറിവിനോടുള്ള മോഹവും ആകാംക്ഷയും വളർത്തിയെടുക്കുന്നതിലും നിലനിർത്തുന്നതിലും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രചോദനമായി. വീട്ടമ്മയുടെയും വ്യവസായിയുടെയും ജീവിതം ഒന്നിച്ചുകൊണ്ടുപോകുന്നതിനിടയിലും ആത്മീയതയിൽ മുഴുകിയ ഒരു ജീവിതത്തിന്റെ പാരമ്പര്യമാണ് അവർ നമുക്കു നൽകി മടങ്ങുന്നത്. തന്റെ അന്ത്യകർമങ്ങൾ ഞങ്ങളുടെ ആശ്രമത്തിലെ ഒരാൾ നടത്തണമെന്നായിരുന്നു അവരുടെ ആഗ്രഹം. അവരുടെ ആഗ്രഹംപോലെ തന്നെയത് നടക്കുന്നു.

content highlights: sri sri ravisankar remembers indu jain