ദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 18-ന് ഇംഗ്ലണ്ടിൽ തുടങ്ങുകയാണ്; ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ. ടെസ്റ്റ് ക്രിക്കറ്റിന് അത്യാവശ്യവും അനിവാര്യവുമാണ് ഇത്തരം ഒരു ചാമ്പ്യൻഷിപ്പ്. ക്രിക്കറ്റിനെ ഏതെല്ലാം തരത്തിൽ അവതരിപ്പിച്ചാലും അവയൊക്കെ ടെസ്റ്റ്ക്രിക്കറ്റ് എന്ന മൂലാധാരത്തിന്റ വൈവിധ്യങ്ങൾ മാത്രമാണ്. 

എന്നും ഒരു കളിക്കാരന്റെ മികവിനുള്ള അളവുകോൽ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനമികവുതന്നെയാണ്. തന്റെ കഴിവുകൾ അവതരിപ്പിക്കാൻ ഉചിതമായ വേദി ടെസ്റ്റ് മത്സരമാണെന്ന് കളിക്കാരനുമറിയാം. ഏതു കളിക്കാരനും ക്രിക്കറ്റ് കളി തുടങ്ങുമ്പോൾ കാണുന്ന സ്വപ്നം ‘ടെസ്റ്റ് ക്യാപ്’ ആണ്. തന്റെ തനതുശൈലിയിൽ ബൗൾചെയ്യാനും ബാറ്റ് ചെയ്യാനുമുള്ള സ്വാതന്ത്ര്യം ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാരനുകിട്ടുന്നു. 

ഫ്രാങ്കിന്റെ സ്വപ്നം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്ന ആശയം 1970-കൾ തൊട്ടേ ചർച്ചചെയ്യപ്പെടുന്നുണ്ട്. വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഫ്രാങ്ക് വോറൽ ആണ് ആദ്യമായി ഈ നിർദേശം മുന്നോട്ടുവെച്ചത്. അത് ഫലത്തിലെത്താൻ 50 വർഷം വേണ്ടിവന്നു എന്നുമാത്രം. പഞ്ചദിന മത്സരങ്ങൾ ഒറ്റവേദിയിൽ നടത്തുന്നത് തീർത്തും അപ്രായോഗികമാകും! പല കാലത്തായി ഐ.സി.സി. പല സാധ്യതാപഠനങ്ങളും നടത്തി. ഇപ്പോഴാണ് അവയ്ക്ക് പരിസമാപ്തിയായത് എന്നുമാത്രം. 2019-ലെ ആഷസ് പരമ്പരമുതൽ വിവിധ രാജ്യങ്ങളിലായി വിവിധ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ രണ്ടുവർഷംകൊണ്ട് ടീമുകൾ നേടിയ പോയന്റുകളാണ് ഫൈനലിസ്റ്റുകളെ നിർണയിക്കാൻ മാനദണ്ഡമാക്കിയത്. ഓസ്‌ട്രേലിയയിലെ പരമ്പരവിജയവും സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനെതിരായ വിജയവുമാണ് ഇന്ത്യക്ക്‌ തുണയായത്.

സ്വീകരിച്ച മാനദണ്ഡങ്ങൾ കുറ്റമറ്റതാണെന്നുപറയാൻ വയ്യ. ചില ടീമുകൾ അഞ്ച്‌ മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരകളും ചില ടീമുകൾ രണ്ടും മൂന്നും മത്സരങ്ങളുള്ള പരമ്പരകളുമാണ് കളിച്ചത്‌. ചില രാജ്യങ്ങൾ സ്വന്തം ദേശത്ത് കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ ആനുകൂല്യവും നേടി.

‘പരീക്ഷണ’കാലം

ക്രിക്കറ്റിന്റെ ഏറ്റവും പൗരാണികരൂപമാണ് ടെസ്റ്റ്. 1877-ലാണ് ഔദ്യോഗികമായി ആദ്യ ടെസ്റ്റ് മത്സരം നടന്നത്-ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ മെൽബണിൽ. അതിനുമുമ്പും രാജ്യാന്തര മത്സരങ്ങൾ നടക്കാറുണ്ടായിരുന്നു. 1776-ൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽനടന്ന പരമ്പരയിലെ അവസാനമത്സരം പത്തുദിവസം നീണ്ടു. എന്നിട്ടും ടീമുകളുടെ രണ്ടാം ഇന്നിങ്‌സ് പൂർത്തിയാക്കാനായില്ല! അന്നുവൈകുന്നേരത്തെ കപ്പലിൽ ഇംഗ്ലണ്ട് ടീമിന് മടങ്ങേണ്ടിയിരുന്നതിനാൽ (അടുത്ത കപ്പൽ അടുത്തമാസമേ ഉണ്ടായിരുന്നുള്ളൂ) മത്സരം സമനിലയായതായി പ്രഖ്യാപിച്ചു. ഈ വിരസതയുടെയൊക്കെ ഫലമായി എം.സി.സി. (ക്രിക്കറ്റിന്റെ ആദ്യ മാതൃസംഘടന) മത്സരങ്ങളെ അഞ്ചുദിവസമാക്കി നിജപ്പെടുത്തുകയായിരുന്നു. എം.സി.സി.യുടെ ഔപചാരിക അനുവാദത്തോടെയുള്ള പ്രഥമ ടെസ്റ്റാണ് 1877-ൽ നടന്നത്. ഇരുരാജ്യങ്ങൾതമ്മിൽ മത്സരിക്കുന്നതിനുമാത്രമേ ‘ടെസ്റ്റ്’ എന്ന പേര് ഉപയോഗിക്കാനാവൂ. 

വൈകിയ ഓപ്പണിങ്

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ 140 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഏകദിന, ട്വന്റി 20 ലോകചാമ്പ്യൻഷിപ്പ് മത്സരങ്ങൾ പലകുറി നടന്നുകഴിഞ്ഞു. എന്തേ ഒരു ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രാവർത്തികമാകാൻ ഇത്രയും താമസിച്ചു? ഐ.സി.സി. ഫിക്സ്ചറിങ്ങിൽ തുല്യനീതി നടപ്പാക്കാൻ മിനക്കെട്ടില്ല. ഇന്ത്യ, പാകിസ്താനുമായി കളിച്ചതേയില്ല. രാഷ്ട്രീയകാരണങ്ങളുണ്ടെങ്കിലും ലോകചാമ്പ്യൻഷിപ്പുകളിൽ നിഷ്പക്ഷവേദി ഒരുക്കുകയാണെങ്കിൽ കളിക്കാനുള്ള അനുവാദം സർക്കാരുകൾ നൽകാറുണ്ടല്ലോ. ഇത്തരം അപാകങ്ങൾ പലതുണ്ടെങ്കിലും പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് യാഥാർഥ്യമാക്കിയ ഐ.സി.സി. ഭരണസാരഥ്യം അഭിനന്ദനമർഹിക്കുന്നു. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കുറച്ചുകൂടി കുറ്റമറ്റതാക്കാമല്ലോ.

പത്തുടീമുകൾമാത്രം രംഗത്തുള്ള ടെസ്റ്റ് ക്രിക്കറ്റിന് എന്ത് ലോകചാമ്പ്യൻഷിപ്പ് എന്നുചോദിക്കുന്നവരുണ്ടാകാം. നൂറ്റിഅമ്പതോളം അസോസിയേറ്റ് അംഗരാജ്യങ്ങൾ വിവിധ പരമ്പരകൾ കളിച്ച് ഔദ്യോഗിക ടെസ്റ്റ് ക്രിക്കറ്റ് പദവി ലഭിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പൂർണാംഗത്വം നൽകുന്നതിനുള്ള ഐ.സി.സി.യുടെ കാർക്കശ്യവും കടുത്ത മാനദണ്ഡങ്ങളുമാണ് കൂടുതൽ രാജ്യങ്ങൾക്ക് പൂർണാംഗത്വമുള്ള ടെസ്റ്റ് പ്ലെയിങ് രാജ്യമാകുന്നതിന് വിഘാതമാകുന്നത്. 1980-കളിൽ വെസ്റ്റിൻഡീസും 2000-ാമാണ്ടിന്റെ മുമ്പും പിൻപുമായി ഓസ്‌ട്രേലിയയും ടെസ്റ്റ് ക്രക്കറ്റിൽ കിരീടമില്ലാത്ത രാജാക്കന്മാരായിരുന്നു. 2021 ജൂൺ 22-ന് ആദ്യമായി കിരീടമുള്ള രാജാക്കന്മാർ വാഴിക്കപ്പെടും. അത് ഇന്ത്യയാവട്ടെയെന്ന്‌ പ്രതീക്ഷിക്കുന്നു.

(മുൻ കേരള ക്രിക്കറ്റ്‌ താരവും പരിശീലകനും കളിയെഴുത്തുകാരനു മാണ്‌ ലേഖകൻ)