ഉറക്കത്തിലും  അഭിമാനത്തോടെ കഴുത്തിലണിഞ്ഞ് കിടന്നിരുന്ന ഒളിംബിക് സ്വര്‍ണമെഡല്‍ മുഹമ്മദ് അലി എന്ന ബോക്‌സിങ് ഇതിഹാസം  ജെഫേഴ്‌സണ്‍ കൗണ്ടി പാലത്തില്‍ കയറി ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞത് പോരാട്ടത്തിന്റെ മറ്റൊരു പ്രതീകമായിരുന്നു.

താനടക്കമുള്ള കറുത്ത വര്‍ഗത്തിന് നേരിടേണ്ടി വന്ന കടുത്ത വിവേചനത്തില്‍ പ്രതിഷേധിച്ച് ഒഹിയോയിലേക്കെറിഞ്ഞ ആ സ്വര്‍ണമുദ്ര നദിയുടെ അഗാധതകളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നപ്പോഴും അഭിമാനത്തോടെയാണ് ആ യുവാവ് അത് നോക്കിനിന്നത്.

താന്‍ തന്റെ ജന്മനാടിനുവേണ്ടി നേടിയ ആ സ്വര്‍ണമെഡല്‍ എടുത്തുകാട്ടിയിട്ടും ലൂയിസ്വീലിലെ ഒരു ഹോട്ടലില്‍ വെള്ളക്കാരായ ജോലിക്കാര്‍  ഭക്ഷണം നല്‍കാന്‍ കൂട്ടാക്കാതെ വന്നപ്പോഴായിരുന്നു ലോകം കീഴടക്കിയ ആ ബോക്‌സിങ് ചാമ്പ്യന്റെ ധീരസാഹസികത്വം.

റിങ്ങിനു പുറത്തും അകത്തും പോരാടിയ മുഹമ്മദ് അലി ചെറുപ്രായം തൊട്ട് തന്നെ ലോക പ്രതിഭാസമായി മാറിയിരുന്നു.

1967 ല്‍ വിയറ്റ്‌നാമുമായി യുദ്ധത്തിലേര്‍പ്പെട്ട അമേരിക്കയ്ക്ക് കനത്ത ആയുധങ്ങള്‍ വാരി ചൊരിഞ്ഞിട്ടും ആ കൊച്ചു രാജ്യത്തെ കീഴടക്കാനായില്ല. ചെറുപ്പക്കാരെയെല്ലാം സൈന്യത്തിലെടുത്ത്‌ യുദ്ധ ഭൂമിയിലേക്കയക്കാന്‍ ഭരണകൂടത്തിന്റെ തീരുമാനം.കാഷ്യസ് മഴ്‌സിലസ് ക്‌ളേ എന്ന യുവാവിനും കിട്ടി റിക്രൂട്ട്‌മെന്റ് നോട്ടീസ്.

എന്നാല്‍ ബോക്‌സിങ് താരമായ കാഷ്യസ് മഴ്‌സിലസ് ക്‌ളേ എന്ന മുഹമ്മദ് അലിയുടെ പ്രതികരണം ഭരണകൂടത്തെ ഞെട്ടിച്ചു. വിയറ്റ്‌നാമുമായി  എനിക്ക്  യാതൊരു പ്രശ്‌നവുമില്ല, മൈലുകള്‍ താണ്ടി നിരപരാധികളെ കൊന്നൊടുക്കുന്നത് എന്റെ വിശ്വാസത്തിനെതിരുമാണ്.

രാജ്യത്തിനു വേണ്ടി യുദ്ധത്തിനിറങ്ങാത്ത മുഹമ്മദ് അലിക്ക് കോടതി അഞ്ചു വര്‍ഷത്തെ തടവിനും പതിനായിരം ഡോളര്‍ പിഴയും വിധിച്ചു,  മാത്രമല്ല ബോക്‌സിങില്‍ നേടിയെടുത്ത മെഡലുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു, ന്യൂയോര്‍ക്ക് ബോക്‌സിംങ് കമ്മീഷനും ലോക ബോക്‌സിംങ് അസോസിയേഷനുമടക്കം മുഹമ്മദലിയുടെ ചാമ്പ്യന്‍ പദവി പിന്‍വലിച്ചു.

മുഹമ്മദലിയും വിട്ടില്ല. റിങ്ങിനു പുറത്തും പോരാട്ട വീര്യം ജീവിതാന്ത്യം വരെ സൂക്ഷിച്ച മുഹമ്മദ് അലി  കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടങ്ങി. മൂന്നു വര്‍ഷം നീണ്ടു നിന്നു. ഒടുവില്‍ അമേരിക്കന്‍ സുപ്രീം കോടതി ശിക്ഷകളെല്ലാം റദ്ദ്‌ചെയ്ത് മെഡലുകള്‍ തിരിച്ചു കൊടുക്കാന്‍ ഉത്തരവിട്ടു.  

മെഡല്‍ പുഴയില്‍ ഒഴുക്കിയതിന് ശേഷം ഒഹിയോയില്‍ നിന്നുള്ള  വിമാനയാത്രയില്‍ ഇടക്ക്  അന്തരീക്ഷത്തില്‍ വിമാനം കുലുങ്ങിയപ്പോള്‍ മുഹമ്മദലി ഇതിലുണ്ടായതാണ് കാരണം എന്ന ഒരു വെള്ളക്കാരിയുടെ കമന്റ് കേട്ടതോടെ അലിയുടെ മനസ്സ് മന്ത്രിച്ചു. 'ഞാന്‍ ചെയ്തത് എത്ര ശരി'.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനക്കെതിരെ രോഗാതുരനായി കിടക്കുമ്പോഴും വിമര്‍ശനവുമായി രംഗത്തെത്തിയത് മുഹമ്മദ് അലിയില്‍ അവസാനശ്വസംവരെയുള്ള പോരാട്ടത്തിന്റെ സാനിധ്യമായിരുന്നു.