മെസ്സിയുടെ ആരും ശ്രദ്ധിക്കാത്ത ഒരു റെക്കോഡാണ്‌ കോപ്പ അമേരിക്ക ശതാബ്ദിയുടെ ചിലിയുമായുള്ള ഫൈനലിൽ തകർന്നത്‌: പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഒരവസരവും പാഴാക്കാതിരിക്കുക. ആദ്യമായി അങ്ങനെയൊരു പിഴ അദ്ദേഹത്തിന്‌ പറ്റിയപ്പോൾ അർജന്റീന തോറ്റു; മെസ്സി രാജ്യാന്തര ഫുട്‌ബോളിൽനിന്ന്‌ വിരമിച്ചു.വാസ്തവത്തിൽ മെസ്സി കളിച്ച ഏറ്റവും നല്ല രാജ്യാന്തര ടൂർണമെന്റായിരുന്നു കോപ്പ. നാലു മത്സരങ്ങളിൽനിന്നായി അഞ്ചു ഗോളുകൾ, നാല്‌ അസിസ്റ്റുകൾ. ശരാശരി നാല്പതു മിനിറ്റുവെച്ച്‌ മെസ്സിയുടെ കാലിൽനിന്ന്‌ ഉത്‌ഭവിച്ച പന്ത്‌ ഗോൾപോസ്റ്റ്‌ കണ്ടു. ഇത്രയും നല്ല ടൂർണമെന്റിനുശേഷം ഒരു പിഴയുടെ പേരിൽ അർജന്റീനയുടെ ഇളംനീലയും വെളുപ്പും വരകളുള്ള യൂണിഫോം എന്നെന്നേക്കുമായി ഉപേക്ഷിക്കുക എന്നതിൽ യുക്തിസഹമല്ലാത്ത എന്തോ ഉണ്ട്‌.

നിസംശയം, മെസ്സി ഇന്ന്‌ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നല്ല ഫുട്‌ബോൾ കളിക്കാരനാണ്‌. കളിമാത്രം പോരാ. ഫുട്‌ബോൾ നെറിവിന്റെ കളിയാണ്‌. അത്‌ ആവശ്യപ്പെടുന്നത്‌ ഉരുക്കുപോലത്തെ വ്യക്തിത്വമാണ്‌. മൈതാനത്തിൽ കളിക്കുക, കാണികളെ ആനന്ദിപ്പിക്കുക, ആരാധകരെ ഉന്മത്തരാക്കുക എന്നിവയ്ക്കുമപ്പുറത്ത്‌ എല്ലാ നല്ല കളിക്കാരും അബോധതലത്തിൽ മഹത്തായ ജീവിതപാഠങ്ങൾ കാണികൾക്ക്‌ പ്രത്യേകിച്ചും യുവതലമുറയിൽപ്പെട്ട ബഹുഭൂരിപക്ഷത്തിന്‌ പ്രദാനംചെയ്യുന്നു. ഈ കാഴ്ചപ്പാടിലൂടെ മെസ്സിയുടെ വിരമിക്കൽ കാണുകയാണെങ്കിൽ കോപ്പ അമേരിക്ക നടക്കുന്നതിനിടയിൽ മാറഡോണ, മെസ്സിയെപ്പറ്റി പറഞ്ഞത്‌ പ്രവചനസ്വഭാവമുള്ളപോലെ തോന്നിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു: ‘‘െമസ്സിക്ക്‌ വ്യക്തിത്വമില്ല; വ്യക്തിപ്രഭാവവുമില്ല’’.
മെസ്സി പറഞ്ഞതനുസരിച്ച്‌ ഒരു കളി തോറ്റതിന്റെ പേരിൽ, അല്ലെങ്കിൽ, നാലു രാജ്യാന്തര ടൂർണമെന്റുകളിൽ-മൂന്ന്‌ കോപ്പയും ഒരു വേൾഡ്‌ കപ്പും-തോറ്റതിന്റെ പേരിൽ കളിക്കളം വിട്ടുപോകുന്നത്‌ അദ്ദേഹത്തിന്റെ അനേകലക്ഷം യുവാരാധകർക്ക്‌ എന്ത്‌ സന്ദേശമാണ്‌ നൽകുന്നത്‌?

ക്രിസ്റ്റ്യാനോ റോണാൾഡോയെ നോക്കുക. മെസ്സിയുടെ സമകാലികരിൽ ഏറ്റവും പ്രധാനി. മെസ്സിയെപ്പോലെത്തന്നെ തന്റെ ക്ളബ്ബിനുവേണ്ടി തകർത്തുകളിക്കുകയും രാജ്യത്തിനുവേണ്ടി അത്ര തിളങ്ങാത്തതുമായ കളിക്കാരൻ. ഏറ്റവും നല്ല കളിക്കാരനുള്ള ഫിഫയുടെ ബാലൻദ്യോർ (Ballond’or’-സുവർണപന്ത്‌) നാലുതവണ മെസ്സി വാങ്ങിക്കുന്നത്‌ കണ്ട്‌ റോണാൾഡോ കാണിയായിനിന്ന്‌ കൈയടിച്ചു. അഞ്ചാമത്തെ തവണ അത്‌ റോണാൾഡോയെ തേടിയെത്തിയപ്പോൾ സന്തോഷം സഹിക്കാത്ത കരഞ്ഞുകൊണ്ടാണ്‌ അദ്ദേഹം അവാർഡ്‌ സ്വീകരിച്ചത്‌. സുവർണ പന്ത്‌ അപ്രാപ്യമാണെന്ന്‌ തോന്നി കളിക്കളം വിട്ടുപോകാതെ നിന്ന്‌ പോരാടി അത്‌ നേടിയെടുത്ത റോണാൾഡോ കായികരംഗത്തെ മഹത്തായ ആദർശം ഉയർത്തിപ്പിടിക്കുന്നു.

ഇന്ത്യയിലുമുണ്ട്‌ ഇത്തരത്തിലൊരു മഹത്തായ ഉദാഹരണം-സച്ചിൻ തെണ്ടുൽക്കർ. ഒരു ലോകകപ്പ്‌ നേടാൻ അദ്ദേഹത്തിന്‌ 22 വർഷം കാത്തിരിക്കേണ്ടിവന്നു. 2011-ൽ ഇന്ത്യ ലോകകപ്പ്‌ ജയിക്കുമ്പോൾ സച്ചിന്‌ വയസ്സ്‌ മുപ്പത്തിയെട്ട്‌. ഇത്തരത്തിലുള്ള ക്ഷമയുടെയും നിതാന്തപരിശ്രമത്തിന്റെയും വീരഗാഥകളാണ്‌ നാം കായികതാരങ്ങളിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്‌. 2018-ലെ ലോകകപ്പിൽ അർജന്റീനയെ വിജയത്തിലേക്ക്‌ നയിക്കും എന്ന്‌ ദൃഢനിശ്ചയത്തോടെ പറയുന്ന ഒരു മെസ്സിയെയാണ്‌ കളിക്കളത്തിൽനിന്ന്‌ ഒളിച്ചോടുന്ന പ്രിയപ്പെട്ട കളിക്കാരനെക്കാൾ ഞാൻ കാണാനിഷ്ടപ്പെടുന്നത്‌. മെസ്സിയെപ്പോലുള്ള കളിക്കാരൻ ഇങ്ങനെ ചെയ്യുമ്പോൾ അത്‌ അദ്ദേഹത്തിന്റെ ലക്ഷക്കണക്കിനുള്ള യുവ-കിഷോര ആരാധകരെ ജീവനകൗശലത്തിന്റെ എന്ത്‌ പാഠമാണ്‌ പഠിപ്പിക്കുന്നത്‌?
രാജ്യാന്തര ഫുട്‌ബോൾ വിട്ടുപോകുമ്പോഴും മെസ്സി ക്ളബ്ബ്‌ ഫുട്‌ബോളിൽ തുടർന്നു കളിക്കുമെന്നുതന്നെയാണ്‌ നിലപാട്‌. രാജ്യത്തിനുമേൽ ക്ളബ്ബ്‌-മെസ്സി അടക്കം രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞ്‌ അധികം ശോഭിക്കാത്ത ലോകോത്തര ക്ളബ്ബുകളിക്കാർ നേരിടുന്ന ഒരു വിമർശനമാണ്‌. ഈ ആരോപണത്തെക്കുറിച്ച്‌ ബോധവാനായ മെസ്സിയാണ്‌ ഇത്തവണ കോപ്പ അമേരിക്ക ശതാബ്ദിക്കുവേണ്ടി കളിക്കാനിറങ്ങിയതും അതിമനോഹരമായ കളി പുറത്തെടുത്തതും. രാജ്യത്തിനുവേണ്ടി കളിക്കുക എന്നത്‌ ഒരു തപസ്യയാണെന്ന്‌ ഒറ്റ തോൽവിക്കുശേഷം കളിക്കളം വിട്ടോടിയ മെസ്സി മറന്നപോലെ തോന്നുന്നു.

ഇത്‌ വൈകാരികമായ ഒരു പ്രക്ഷോഭമല്ലെന്നും മെസ്സി ഇനി അർജന്റീനയ്ക്കുവേണ്ടി കളിക്കില്ലെന്നും വെക്കുക. എന്നിരുന്നാൽ എന്താണ്‌ മെസ്സിയുടെ ശേഷിപ്പ്‌? ഫുട്‌ബോളിലെ മഹാരഥന്മാരായി കളിപ്രേമികൾ കണക്കാക്കുന്നത്‌ അഞ്ചുപേരെയാണ്‌. ജോർജ്‌ ബെസ്റ്റ്‌ (വടക്കൻ അയർലൻഡ്‌), ഫ്രാങ്ക്‌ പുഷ്‌കാസ്‌ (ഹംഗറി), ആൽഫ്രഡോ ഡിസ്റ്റെഫാനോ(അർജന്റീന, കൊളംബിയ, സ്പെയിൻ) പെലെ, പിന്നെ, മാറഡോണയും. ജോർജ്‌ ബെസ്റ്റ്‌, ഫുട്‌ബോളിന്റെ കാര്യത്തിൽ ഒരു ചെറിയ രാജ്യത്തിലെ കളിക്കാരനായതുകൊണ്ട്‌ വേൾഡ്‌കപ്പോ, യൂറോ കപ്പോ കളിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി കളിച്ചിരുന്ന ഈ മാന്ത്രിക ഡ്രിബ്ളറെ ലോകത്തിലെ ഏറ്റവും നല്ല കളിക്കാരനെന്ന്‌ വിളിച്ചത്‌ പെലെ തന്നെയാണ്‌. 1954-ലെ ലോകകപ്പിലാണ്‌ പുഷ്‌കാസ്‌ എന്ന അദ്‌ഭുതപ്രതിഭയെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾപ്രേമികൾ നെഞ്ചിലേറ്റാൻ തുടങ്ങിയത്‌. പെലെയെയും മാറഡോണയെയും കുറിച്ച്‌ അധികമൊന്നും പറയേണ്ടതില്ലല്ലോ.ഈ മഹാരഥന്മാരുടെ കൂട്ടത്തിലേക്ക്‌ മെസ്സിയെ ഗണിക്കാൻ ഇപ്പോൾ പ്രയാസമാണ്‌. ഇരുപത്തിയൊമ്പത്‌ വയസ്സു പ്രായമുള്ള മെസ്സിക്ക്‌ ഇനിയും ഫുട്‌ബോളിന്റെ നല്ല നാളുകൾ ബാക്കിയാണ്‌. 1986-ൽ മാറഡോണ ഏതാണ്ട്‌ ഒറ്റയ്ക്ക്‌ അർജന്റീനയ്ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്തപോലെയുള്ള ഒരു ഉജ്ജ്വലശ്രമമായിരിക്കും മെസ്സിക്ക്‌ ഫുട്‌ബോൾ അനശ്വരത പ്രാപ്യമാക്കുക.

മെസ്സിയുടെ വൈകാരികമായ എടുത്തുചാട്ടമാണ്‌ ഈ വിരമിക്കൽ എന്ന്‌ കരുതാനാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത്‌. ഒന്നിലധികം അർജന്റീനയുടെ കളിക്കാർ കോപ്പ അമേരിക്കയുടെ ഫൈനൽ കഴിഞ്ഞപ്പോൾ വിരമിക്കുന്നതായി പ്രസ്താവിച്ച വാർത്തകൾകണ്ടു. അങ്ങനെയാണെങ്കിൽ അവിടത്തെ ഫുട്‌ബോൾ ഫെഡറേഷനും കളിക്കാരുമായുള്ള വടംവലിയുടെ ഭാഗമായിരിക്കാം ഈ രാജി നാടകങ്ങൾ. ഈ ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌ വേഗം ഒഴിഞ്ഞുപോകുമെന്ന്‌ കരുതാം. ഇതിനുമുമ്പ്‌ ഇറ്റലിയുടെ ആന്ദ്രേ പിർലോ, പോർച്ചുഗലിലെ ലൂയി ഫിഗോ എന്നിവർ വിരമിച്ചതായി പ്രഖ്യാപിച്ചതിനുശേഷം തിരുച്ചുവരവ്‌ നടത്തിയവരാണ്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും നല്ല ഫുട്‌ബോൾ കളിക്കാരനായ മെസ്സി വീണ്ടും അർജന്റീനയുടെ ജേഴ്‌സി അണിയുമെന്നുതന്നെയാണ്‌ എന്റെ ശുഭാപ്തിവിശ്വാസം.