ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി ഫിഫ തിരഞ്ഞെടുത്ത ഡീഗോ മറഡോണ അർജന്റീനയ്ക്കായി 91 അന്താരാഷ്ട്ര മത്സരങ്ങളിൽ പന്തു തട്ടിയിട്ടുണ്ട്. ഇതിൽ നാലു ലോകകപ്പ് ടൂർണമെന്റുകളും ഉൾപ്പെടും. അർജന്റീനയെ ലോകകപ്പിൽ ഏറ്റവും കൂടുതൽ നയിച്ച ക്യാപ്റ്റനും മറഡോണയായിരുന്നു. 16 തവണയാണ് ഇതിഹാസത്തിനു കീഴിൽ ടീം കളിച്ചത്. ഇതിൽ 1986-ൽ മെക്‌സികോയിൽ നടന്ന ലോകകപ്പിൽ മറഡോണയ്ക്കു കീഴിൽ പശ്ചിമ ജർമനിയെ തോൽപിച്ചു അർജന്റീന കിരീടം നേടുമ്പോൾ അഞ്ചു ഗോളുകളോടെ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മറഡോണയായിരുന്നു. ഈ ഗോളുകളിൽ വിഖ്യാതമായ രണ്ടു ഗോളുകളും ഉൾപ്പെടും. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഒരു ഗോളിനെ ' ദൈവത്തിന്റെ കൈ' എന്നാണ് താരം വിശേഷിപ്പിച്ചത്. 66 വാര അകലെ നിന്ന് പന്തുമായി അഞ്ച് ഇംഗ്ലണ്ട് താരങ്ങളെ ഡ്രിബിൾ ചെയ്ത് ഗോളിയെയും മറികടന്നു നേടിയ രണ്ടാമത്തെ ഗോളിനെ 'നൂറ്റാണ്ടിന്റെ ഗോൾ' എന്നുമാണ് വിശേഷിപ്പിക്കപ്പെട്ടത്. 1990 ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ എത്തിക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചു. 2010-ലെ ലോകകപ്പ് മത്സരങ്ങൾ ഉൾപ്പടെ 24 മത്സരങ്ങളിൽ അർജന്റീന ടീമിനെ പരിശീലിപ്പിച്ചു.

 1960 ഒക്ടോബർ 30ന് അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ലാനുസിലാണ് ഡീഗോ അർമാൻഡോ മറഡോണയുടെ ജനനം. ഫാക്ടറി തൊഴിലാളിയായിരുന്ന ഡീഗോ മറഡോണ സീനിയറിന്റെയും ദെൽമ സാൽവദോറ ഫ്രാങ്കോയുടെയും എട്ട് മക്കളിൽ അഞ്ചാമനായിരുന്നു. പതിനാറു വയസ്സു പൂർത്തിയാവാൻ പത്തു ദിവസം ബാക്കിയിരിക്കെ 1976 ഒക്ടോബർ 20ന് അർജന്റീനോസ് ജൂനിയേഴ്‌സിന് കളിച്ചാണ് പ്രൊഫഷണൽ ഫുട്ബാളിൽ അരങ്ങുന്നത്. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. 1978 ലോകകപ്പിൽ പ്രായക്കുറവിന്റെ പേരിൽ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. 1979-ലെ യൂത്ത് ഫുട്ബാൾ ലോകകപ്പ് നേടിയ അർജന്റീന ടീമിൽ കളിച്ച മറഡോണയ്ക്ക് ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വർണ പന്ത് ലഭിച്ചു. പിന്നീട് 1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീന കുപ്പായമിട്ട മറഡോണ യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും സ്വർണപ്പന്ത് നേടിയ കളിക്കാരിലൊരാളാണ്. 91 മത്സരങ്ങളിൽ നിന്നായി 34 അന്താരാഷ്ട്ര ഗോളുകൾ നേടിയ മറഡോണ അർജന്റീനോസ് ജൂനിയേഴ്‌സ്, ബൊക്ക ജൂനിയേഴ്‌സ്, ബാർസലോണ, നാപ്പോളി, സെവിയ്യ, ന്യൂവെൽസ് ഓൾഡ് ബോയ്‌സ്,  തുടങ്ങിയ ക്ലബുകൾക്കായി ഏകദേശം 588 മത്സരങ്ങൾ കളിച്ചു 312 ഗോളുകളും നേടിയിട്ടുണ്ട്.

1976 മുതൽ 1980 വരെയുള്ള കാലയളവിൽ അർജന്റീനോസ് ജൂനിയേഴ്‌സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിക്കുകയും അതിൽ നിന്ന് 111 ഗോളുകൾ നേടുകയും ചെയ്തു. 1975-ൽ അർജന്റീന ഒന്നാം ഡിവിഷൻ ലീഗിലെ 20 ടീമുകളിൽ പത്തൊമ്പതാം സ്ഥാനത്തായിരുന്ന അർജന്റീനോസ് ജൂനിയേഴ്‌സ്, 1980-ൽ രണ്ടാം സ്ഥാനത്തേക്കെത്തിയതിൽ മറഡോണയുടെ പങ്ക് എടുത്തുപറയത്തക്കതാണ്. 1981-ൽ മറഡോണ ബൊകാ ജൂനിയേഴ്‌സിലേക്ക് മാറി. ബൊക്ക ജൂനിയേഴ്‌സിനു വേണ്ടി 1982 വരെ കളിച്ച മറഡോണ, 1982-ൽ ടീമിനെ ലീഗ് ജേതാക്കളാക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ചു. 1982-ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്‌ബോൾ ക്ലബ്ബായ ബാഴ്‌സലോണ മറഡോണയെ സ്വന്തമാക്കി. 1983ൽ മറഡോണയുൾപ്പെട്ട ബാഴ്‌സലോണ സംഘം, റിയൽ മാഡ്രിഡിനെ തോൽപ്പിച്ച് കോപ ഡെൽ റെയ് കപ്പും, അത്ലെറ്റിക്കോ ബിൽബാവോയെ തോൽപ്പിച്ച് സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. 1984-ൽ മറഡോണ ബാഴ്‌സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി.

1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്‌ബോൾ ജീവിതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്. നാപ്പോളി ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും ഇക്കാലയളവിലാണ്. നാപ്പോളിക്ക് ആകെ ലഭിച്ച രണ്ട് ഇറ്റാലിയൻ സീരി 'എ' കിരീടങ്ങളും (1986-87, 1989-90), ഒരു യുവേഫ കപ്പും (1988-89) ഈ വേളയിലേതാണ്. 1987-88, 1988-89 സീസണുകളിൽ ഇറ്റാലിയൻ സീരി എയിൽ നാപ്പോളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1987-88 സീസണിൽ 15 ഗോളുകൾ നേടിയ മറഡോണയായിരുന്നു ഏറ്റവുമധികം ഗോളുകൾ നേടിയത്. ഇതിനു പുറമേ ഒരു കോപ്പാ ഇറ്റാലിയ കിരീടവും (1986-87) ഒരു സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടവും (1990-91) നാപ്പോളി, മറഡോണയുടെ കാലത്ത് നേടിയിട്ടുണ്ട്. 1991 മാർച്ച് 17-ന് ഒരു ഫുട്‌ബോൾ മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ മറഡോണ, കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്ന് 15 മാസത്തേക്ക് ഫുട്‌ബോളിൽ നിന്ന് അദ്ദേഹത്തെ വിലക്കി. ഇതിനു ശേഷം 1992-ൽ സ്‌പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി.

ഒരു വർഷം സെവിയ്യക്കു വേണ്ടി കളിച്ച് 1993-ൽ ജന്മനാട്ടിലേക്ക് മടങ്ങി.1993 മുതൽ 1995 വരെ അർജന്റീനയിലെ നെവെൽസ് ഓൾഡ് ബോയ്‌സിനു വേണ്ടിയും 1995 മുതൽ 1997 വരെ ബോക്ക ജൂനിയേഴ്‌സിനു വേണ്ടിയും കളിച്ചു.   ക്ലബ് ട്രാൻസ്ഫർ മാർക്കറ്റിൽ രണ്ട് തവണ റെക്കോർഡ് ട്രാൻസ്ഫർ തുക നേടിയ ആദ്യ താരമാണ്. 1982-ൽ ബൊക്കെ ജൂനിയേഴ്‌സിൽ നിന്ന് ബാഴ്‌സലോണയിലേക്ക് ചേക്കേറിയത് അഞ്ച് ദശലക്ഷം പൗണ്ടിന്റെ റെക്കോഡ് തുകയ്ക്കായിരുന്നു.

1984-ൽ നാപ്പോളിയിലേക്ക് മാറിയത് 6.9 ദശലക്ഷം പൗണ്ടിനായിരുന്നു.  ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരവും മറഡോണയായിരുന്നു. 1986- മെക്‌സിക്കോ ലോകകപ്പിൽ 53 തവണയാണ് എതിരാളികളാൽ വീഴ്ത്തപ്പെട്ടത്. ലോകകപ്പിൽ ഒറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ ഫൗൾ  ചെയ്യപ്പെട്ട താരവും മറഡോണയായിരുന്നു. 1982-ൽ ഇറ്റലിക്കെതിരായ കളിയിൽ 23 തവണയാണ് വീഴ്ത്തപ്പെട്ടത്. അർജന്റീൻ ക്ലബുകളായ ജിംനാഷ്യ ഡി ലാ പ്ലാറ്റ, ടെക്‌സറ്റിൽ മാൻഡിയു, റേസിങ് ക്ലബ്, യു.എ.ഇ ക്ലബുകളായ അൽവാസൽ, ഫുജെയ്‌റ എഫ്.സി, മെക്‌സികോ ക്ലബ് ഡോറാഡോസ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഫിഫ പ്ലയർ ഓഫ ദ സെഞ്ച്വറി, 1986 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം, രണ്ടു തവണ സൗത്ത് അമേരിക്കൻ ഫുട്ബാൾ ഓഫ് ദ ഇയർ പുരസ്‌കാരം, ബലൺദ്യോർ(ഓണററി), ആറു തവണ നാഷണൽ ലീഗ് ടോപ് സ്‌കോറർ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

 1984-ൽ ക്ലൗഡിയ വില്ലാഫനെയെ വിവാഹം കഴിച്ചു. ഇവരിൽ രണ്ടു പെൺമക്കളാണുള്ളത്. ദെൽമ നെറെയ, ജിയാനിന ദിനോറയും. 2004-ൽ വില്ലാഫനെയുമായുള്ള ബന്ധം വേർപിരിഞ്ഞു.