യോഗ പരിശീലിക്കുകയും അതിലൂടെ ആന്തരികശാന്തി അനുഭവിക്കുകയും ചെയ്തിട്ടുള്ളവർക്ക്  അന്താരാഷ്ട്രയോഗദിനം വളരെ പ്രധാനപ്പെട്ടതാണ്. ജാതിമതഭാവനകൾക്കപ്പുറത്തുള്ള യോഗ വെറും ശാരീരികവ്യായാമം മാത്രമല്ല സർവതോന്മുഖമായ മനുഷ്യവികാസത്തിന്റെ  ശാസ്ത്രം കൂടിയാണ്‌. യോഗ പ്രക്രിയകളിലൂടെ ഉത്കണ്ഠയും പിരിമുറുക്കവും ഇല്ലാതാക്കാൻ കഴിയും.

ജീവിതത്തിൽ എത്രപ്രാവശ്യം നാം  ഇതൊക്കെ  അനുഭവിച്ചിട്ടുണ്ടെന്ന്  കണക്കെടുക്കാൻ സാധിക്കുകയില്ല. ബോർഡ് പരീക്ഷ എത്താറാകുമ്പോഴുള്ള പരിഭ്രാന്തി, പ്രോഗ്രസ് റിപ്പോർട്ട് കണ്ടാൽ അച്ഛനമ്മമാർ എന്തുപറയും എന്ന വേവലാതി, ജോലി, ഇന്റർവ്യൂ എന്നിവയ്ക്കുമുമ്പ്  തോന്നുന്ന വിഹ്വലത... ഇത്തരം നിമിഷങ്ങളിലൂടെ നാമെല്ലാവരും കടന്നുപോയിട്ടുണ്ട് .

അച്ചടക്കത്തിനും കേന്ദ്രീകരണത്തിനും പ്രവർത്തനത്തിനും ഭക്ഷണത്തിൽ ഉപ്പെന്നപോലെ ഉത്കണ്ഠയും ആവശ്യമാണ്. ഈ ഭയം നമ്മളിൽ സ്ഥിരമാവുകയും കുറേക്കൂടി ഭീതിദമാവുകയും ജീവിതത്തെ ബാധിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. അപ്പോൾ അത് അമിതമായ സ്വാസ്ഥ്യക്കുറവും വേവലാതിയും ഭയവുമായി പരിണമിച്ചു തുടങ്ങും. ഇതിന്  ചികിത്സ ആവശ്യവുമാണ്‌. ഇവിടെയാണ് യോഗ സഹായത്തിനെത്തുന്നത്. യോഗ മാത്രമല്ല ചികിത്സ. ഡോക്ടറെക്കണ്ട്  ശരിയായ മരുന്ന് കഴിക്കുന്നതിനോടൊപ്പം  യോഗ പരിശീലിക്കുന്നതാണ് നല്ലത്.
അമിതമായ ഉത്കണ്ഠരോഗം (Panic Disorder), ചില കാര്യങ്ങൾ ചെയ്തിട്ടുംചെയ്തിട്ടും തൃപ്തിവരാത്ത ഒബ്സസീവ് കമ്പൽസീവ് ഡിസോഡർ, അത്യാഹിതങ്ങൾ സംഭവിച്ചതിനുശേഷം സംഭവിക്കുന്ന പ്രോസ്റ്റ് ട്രൊമാറ്റിക് ഡിസോഡർ, കൂടുതൽ ആളുകളെ കാണുമ്പോൾ പേടിതോന്നുന്ന ആങ്സൈറ്റി ഡിസോഡർ, പൊതുവായ ഉത്കണ്ഠയോ (General Anxiety Disorder )ആകാം.  

എങ്ങനെയാണ് യോഗയ്ക്ക് ഉത്കണ്ഠരോഗത്തെ മറികടക്കാൻ സാധിക്കുക? ദൈനംദിന ജീവിതത്തിൽ ശാന്തരാകാൻ സ്ഥിരമായ യോഗപരിശീലനം സഹായിക്കുന്നു. മാത്രമല്ല അസ്വസ്ഥതയില്ലാതെ സംഭവങ്ങൾ വരുന്നതുപോലെ നേരിടാനുള്ള ശക്തിയും യോഗയിലൂടെ ലഭിക്കും. യോഗ പരിശീലനത്തിൽ ആസനങ്ങളും പ്രാണായാമങ്ങളും ധ്യാനങ്ങളും പുരാതനമായ യോഗശാസ്ത്രപാഠങ്ങളും ഉൾപ്പെടും. ഇവയെല്ലാം ഉത്കണ്ഠരോഗമുള്ളവരെ രോഗവിമുക്തിയിലെത്തിക്കുകയും ജീവിതത്തെ കുറേക്കൂടി  ശക്തിയോടെയും ശുഭാപ്തി വിശ്വാസത്തോടെയും നേരിടാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്‌.
മനശ്ശാന്തിക്ക് ധ്യാനം

അലഞ്ഞുതിരിയുന്ന മനസ്സിന് വിശ്രമമേകാൻ പറ്റിയ പ്രക്രിയയാണ് ധ്യാനം. അത് നിങ്ങളുടെ മനസ്സിന് ശാന്തി നൽകുന്നു. സ്ഥിരമായി ധ്യാനം പരിശീലിക്കുന്നതിലൂടെ മനസ്സ് ചെറിയ, നിസ്സാര കാര്യങ്ങളിൽ പെട്ടുപോകുന്നത് നിരീക്ഷിക്കാൻ കഴിയും. കൂടുതൽ വേവലാതിപ്പെടാതിരിക്കാനും ഭാവിയെപ്പറ്റി ഉത്‌കണ്ഠാകുലരാകാതിരിക്കാനും അത് സഹായിക്കും.

പൂർത്തിയാകാത്ത പ്രതീക്ഷകൾ കാരണം ഉണ്ടാകുന്ന അസ്വസ്ഥതകളെയും നിരാശകളെയും വേരോടെ പിഴുതുകളായാൻ ധ്യാനം സഹായിക്കും. മനസ്സിനെ നിയന്ത്രിക്കാൻ ഒട്ടും പ്രയത്നിക്കാതെ നിങ്ങൾ ധ്യാനിക്കുമ്പോൾ അധികം വൈകാതെതന്നെ ചിന്തകളും വികാരങ്ങളും ശരീരത്തിലെ സംവേദനങ്ങളും നിങ്ങളുടെ സഹായമൊന്നുമില്ലാതെ  സ്വയം ഉരുകുകയും അപ്രത്യക്ഷമാവുകയും ചെയ്യുകയാണെന്ന് നിങ്ങൾ അറിയും. സ്ഥിരമായ ധ്യാനത്തിലൂടെ കൂടുതൽ അവബോധത്തിലേക്ക് മനസ്സിനെ തുറന്നുകൊടുക്കുന്നതുവഴി കൂടുതൽ ആത്മസംതൃപ്തിയും ശാന്തതയും അനുഭവവേദ്യമാകും. സ്ഥിരമായി ധ്യാനിക്കുന്നതിന്റെ ഫലമായി കാലംചെല്ലുംതോറും പ്രതീക്ഷകൾ കുറയുകയും പൂർത്തീകരിക്കാത്ത പ്രതീക്ഷകളെക്കുറിച്ചുള്ള അസ്വസ്ഥതയും നിരാശയും ശമിച്ചുതുടങ്ങുകയും ചെയ്യും.

ഉത്കണ്ഠയിൽനിന്ന് നിങ്ങളെ വിമുക്തമാക്കി ആത്മവിശ്വാസം പകരാൻ പറ്റിയ ഏറ്റവും ഉത്തമമായ മാർഗമാണ് പ്രാർഥന.  നിങ്ങളുടെ കൂട്ടുകെട്ട് ശുഭകരമായ കാഴ്ചപ്പാടുള്ളവരോടൊപ്പമാകട്ടെ.