vishudha mariyam thresiaഅമ്പതാം വയസ്സിൽ അവസാനിച്ച മറിയം ത്രേസ്യയുടെ  ജീവിതത്തിൽ കണ്ണഞ്ചിപ്പിക്കുന്നതും വർണശബളവുമായ നാടകീയതകളൊന്നും കണ്ടെത്താൻ കഴിയില്ല. അത്രയും ലളിതവും വിനീതവും അനാകർഷണീയവുമായ സങ്കടങ്ങൾ നിറഞ്ഞ വിചിത്രവിധികളായിരുന്നു ആ ജീവിതത്തിലുണ്ടായിരുന്നത്‌. എന്നാൽ, എല്ലായ്‌പ്പോഴും ഉള്ളിൽ വലിയ സ്നേഹം ആളിക്കത്തുന്നുണ്ടായിരുന്നു. സ്ത്രൈണതയുടെ ധീരതയും ദൃഢനിശ്ചയവും ആർജവവും കാത്തിരിപ്പും തപസ്സും ഒന്നിച്ചപ്പോൾ ആത്മീയത അവൾക്ക്‌ മറ്റൊരു ജീവിതം കൊടുത്തു.1876 ഏപ്രിൽ 26-ാം തീയതി തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമത്തിൽ ജനിച്ചു. 1926 ജൂൺ എട്ടാംതീയതി ജന്മഗ്രാമത്തിൽനിന്ന്‌ അഞ്ചു മൈൽ അകലെ കുഴിക്കാട്ടുശ്ശേരി തിരുകുടുംബമഠത്തിൽ അന്തരിച്ചു. ഏറിയാൽ അമ്പതുകിലോമീറ്റർ ചുറ്റളവിലുള്ള ഭൂപ്രകൃതിയിൽ ത്രേസ്യ അവളുടെ ജീവിതയാത്രയെ സംഗ്രഹിച്ചുവെന്ന്‌ പറയാം.

കളരിയാശാനിൽനിന്ന്‌ ലഭിച്ച പരിമിതമായ വിദ്യാഭ്യാസംമാത്രമേ ത്രേസ്യയ്ക്കുണ്ടായിരുന്നുള്ളൂ. ജന്മലഭ്യമായ ആത്മീയദാഹത്താൽ കരുന്നുപ്രായത്തിൽത്തന്നെ അസാധാരണമായ ദൈവികാഭിമുഖ്യവും കാരുണ്യബോധവും അവളിൽ കാണപ്പെട്ടു. അന്യാദൃശമായ അനേകം ആത്മീയപ്രത്യക്ഷങ്ങളും ദർശനങ്ങളും ബാല്യ-കൗമാരത്തിൽത്തന്നെ മറിയം ത്രേസ്യയിലുണ്ടായി. വിശുദ്ധയായി ജീവിക്കാനുള്ള അതിതീവ്രമായ ആഗ്രഹം അമ്മയാണ്‌ അവളുടെ ഹൃദയത്തിൽ നട്ടുപിടിപ്പിച്ചത്‌. പന്ത്രണ്ടാം വയസ്സിൽ അമ്മ മരിച്ചതോടെ ത്രേസ്യയുടെ ജീവിതം അനാഥമായി. ദരിദ്രവും സംഘർഷഭരിതവുമായ കുടംബാന്തരീക്ഷം അവളെ തീർത്തും ഒറ്റപ്പെടുത്തി. അങ്ങനെയാണവൾ സ്വന്തമായൊരു ആത്മീയഭവനം ഉള്ളിൽ നിർമിച്ചെടുത്തത്‌. അമ്മ മരിച്ചതിനുശേഷം തന്നോട്‌ ആശയപ്പൊരുത്തമുള്ള മൂന്ന്‌ കൂട്ടുകാരികളെ ത്രേസ്യക്ക്‌ ലഭിച്ചു. അവിടെ അസാധാരണമായൊരു പെൺസൗഹൃദം രൂപപ്പെടുകയായിരുന്നു. ആ കൂട്ടുകാരികൾക്കൊപ്പം അയൽവീടുകളിലെ രോഗികളെയും മരണാസന്നരെയും സന്ദർശിക്കാൻ അവൾ മുന്നിട്ടിറങ്ങി. സ്ത്രീകൾ വീടുകളിലെ അകത്തളങ്ങളിൽനിന്ന്‌ പുറത്തുകടക്കുന്നത്‌ നിഷിദ്ധമായിരുന്ന കാലത്താണ്‌ ത്രേസ്യയുടെ പെൺസംഘം ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ ദുരിതങ്ങളിലേക്ക്‌ ധീരമായി ഇടപെട്ടതെന്ന്‌ ഓർക്കണം.  പരസേവനംവഴി സ്വന്തം ആത്മീയതയെ ആഴപ്പെടുത്തിക്കൊണ്ടിരിക്കെത്തന്നെ ത്രേസ്യ ആത്മാവിന്റെ ഇരുണ്ട രാത്രികളിലൂടെ കഠിനമായി പരീക്ഷിക്കപ്പെട്ടു. അതിതീവ്രമായ സഹനാനുഭവങ്ങളും അസാധാരണമായ പാരവശ്യങ്ങളും ആനന്ദകരമായ ആന്തരിക പ്രത്യക്ഷങ്ങളും ഭയാനകമായ പ്രലോഭനങ്ങളും അനുഭവപ്പെട്ട ആ കാലത്താണ്‌ പുണ്യചരിതനായ ജോസഫ്‌ വിതയത്തിലച്ചനെ സാന്ത്വനംപോലെ ത്രേസ്യയ്ക്ക്‌ ആത്മീയ ഗുരുവായി ലഭിച്ചത്‌. 

പഞ്ചക്ഷതാനുഭവങ്ങൾ ലഭിച്ച പുണ്യവതി

യാതനകളുടെ പാരമ്യമായ പഞ്ചക്ഷതാനുഭവങ്ങൾ ലഭിച്ച കേരളത്തിലെ ആദ്യ പുണ്യവതിയാണ്‌ മറിയം ത്രേസ്യ. യേശുവിന്റെ അഞ്ചുമുറിവുകൾ സ്വന്തം ശരീരത്തിൽ അവർ ഏറ്റുവാങ്ങുകയായിരുന്നു. പഞ്ചക്ഷതാനുഭവങ്ങൾ ആവർത്തിക്കപ്പെട്ട ആ ദിനങ്ങളിൽ മുറിവുകളിൽനിന്ന്‌ അളവില്ലാത്തവിധം ചോരയൊഴുകി. ക്ഷതങ്ങൾ യേശുവിന്‌ പ്രവേശിക്കാനുള്ള വാതിലുകളായിക്കണ്ട്‌ അവർ നിർവൃതിയോടെ സഹിച്ചു.1914 മേയ് 14-നാണ് ത്രേസ്യയ്ക്ക് വ്രതവാഗ്ദാനം ലഭിക്കുന്നത്. തിരുകുടുംബസന്ന്യാസിനിസമൂഹം ആരംഭിക്കുമ്പോൾ ത്രേസ്യക്ക് 38 വയസ്സാണ്. പിന്നീട് സന്ന്യാസിനിയായി 12 വർഷംമാത്രമാണ് അവർ ജീവിച്ചത്. ദീർഘകാലത്തെ ആത്മീയ പോരാട്ടത്തിനൊടുവിൽ തന്റെ മൂന്ന്‌ കൂട്ടുകാരികൾക്കൊപ്പം തിരുകുടുംബസമൂഹം കുഴിക്കാട്ടുശ്ശേരിയിലെ ഏകാന്തഭവനത്തിൽ അനാർഭാടമായി ആരംഭിച്ചു. താൻ രൂപംകൊടുത്ത സന്ന്യാസിനി സമൂഹം ഗാർഹിക അപ്പസ്തോലികദൗത്യമാണ് ഏറ്റെടുത്തത്. കുടുംബങ്ങളുടെ പുണ്യവതിയെന്ന് ആ ഗ്രാമത്തിലപ്പോൾ മറിയം ത്രേസ്യയ്ക്ക് ഒരു വിളിപ്പേര് ഉണ്ടായിക്കഴിഞ്ഞിരുന്നു. വ്യക്തികൾ ഒറ്റപ്പെടുന്നതിനെക്കാൾ വേഗത്തിൽ കുടുംബങ്ങൾ ഒറ്റപ്പെടുന്നുവെന്ന തിരിച്ചറിവാണ് ഹോളിഫാമിലി എന്ന സന്ന്യാസിനിസമൂഹത്തിന്റെ പ്രേരണയെന്ന് പറയാം.  

പകർച്ചവ്യാധികളും മാറാരോഗങ്ങളും ദാരിദ്ര്യവും പടർന്നുപിടിച്ച കഠിനകാലത്താണ് തിരുകുടുംബ സമൂഹത്തിന്റെ പിറവിയുണ്ടായത്. വസൂരിരോഗം ബാധിച്ച ആ മാസങ്ങളിൽ അറുപതുപേരാണ് കുഴിക്കാട്ടുശ്ശേരിയിൽ മരണമടഞ്ഞത്. രോഗികളെ ജീവനോടെ ബന്ധുക്കൾ മറവുചെയ്യാൻ തുടങ്ങിയപ്പോൾ ത്രേസ്യയും കൂട്ടുകാരികളും പായയിൽ പൊതിഞ്ഞ ശരീരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പ്രാണവേദനയിൽ പിടയുന്ന, ശരീരം മുഴുവൻ പഴുത്ത് വ്രണം പൊട്ടിയവരെ വീട്ടുകാർ ഉപേക്ഷിച്ചതറിഞ്ഞ് അവരെ മഠത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പരിചരിക്കാൻ ത്രേസ്യ മുന്നിട്ടിറങ്ങി. തിരുകുടുംബസഭ അഗതികളുടെയും രോഗികളുടെയും മരണാസന്നരുടെയും ശുശ്രൂഷാഭവനമെന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. 

ആത്മീയഗുരുവായ വിതയത്തിലച്ചന്റെ പ്രേരണയാൽ മറിയം ത്രേസ്യ ഒട്ടേറെ കത്തുകളും അനുഭവക്കുറിപ്പുകളും എഴുതിയിട്ടുണ്ട്. ആന്തരികതയുടെ അതിഗാഢമായ മുഹൂർത്തങ്ങൾ ഈ ലിഖിതങ്ങളിൽ വായിക്കാൻ കഴിഞ്ഞു. അക്ഷരവടിവില്ലാതെ വ്യാകരണത്തെറ്റുകളോടെയാണെങ്കിലും ഹൃദയഹാരിയായ ഭാഷയിൽ ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്താൽ കത്തിജ്വലിച്ച തീവ്രാനുഭവങ്ങളുടെ വാങ്മയങ്ങളാണവ. നിരക്ഷരയും ദരിദ്രയുമായ ഈ ഗ്രാമീണ യുവതി, ഇന്ത്യയിൽ ഒരു മഹർഷിയോ സൂഫിമിസ്റ്റിക്കോ ഉച്ചരിക്കാവുന്ന വാക്കുകളിൽ ഈശ്വരനുമായി സംസാരിക്കുകയും ഇടപെടുകയും ചെയ്തിരുന്നു എന്നതിനുള്ള തെളിവുകൾ ഈ ലിഖിതങ്ങളിലുണ്ട്. മഹാദ്ഭുതങ്ങളിലൂടെയല്ല, പ്രായോഗികനൈർമല്യങ്ങളിലൂടെ, ഗ്രാമീണ വിവേകത്തോടെ, നിശിതമായ നീതിബോധത്തോടെ, അളവറ്റ സ്നേഹത്തോടെ, യാഥാസ്ഥിതികസമൂഹത്തെ നേരിട്ടെതിർക്കാതെ എന്നാൽ, ഭൗതിക ലോകത്തിന് തോൽപ്പിക്കാൻ കഴിയാത്ത ഇച്ഛാശക്തിയോടെ മറിയം ത്രേസ്യ ഒരു മിസ്റ്റിക്കായ വിശുദ്ധയ്ക്കുമാത്രം കഴിയുന്ന ആത്മ‍ജ്ഞാനത്തെ ധീരമായി സാക്ഷാത്‌കരിച്ചു. 
 

(കവിയും അധ്യാപകനുമാണ്‌ ലേഖകൻ)