കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഇക്കൊല്ലവും വിഷു എത്തുന്നത്. എന്നാലും വിഷുപുലരുകയാണ്‌. സംക്രമരാത്രിയിൽ മാനത്തെ ശിശു കത്തിച്ചെറിഞ്ഞ നക്ഷത്രപ്പൂത്തിരിത്തുണ്ടുകൾ പുലരിക്കതിരുകളായി കിഴക്കുദിക്കുകയാണ്‌

കഴിഞ്ഞവർഷം വിഷു കോവിഡ് ഭയങ്ങളിൽ മുങ്ങിപ്പോയി. ഈ വർഷവും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് സൂര്യസംക്രമത്തേരിൽ വിഷുവേലയെത്തുന്നത്. എങ്കിലും ഒരു നിയന്ത്രണവും കണക്കാക്കാതെ കണിക്കൊന്നകൾ കേരളക്കരയാകെ പൂത്തുനിറഞ്ഞിരിക്കുന്നു.ജ്യോതിശ്ശാസ്ത്രമനുസരിച്ച് മീനം സൂര്യന്റെ പ്രളയരാശിയാണ്. മീനച്ചൂടിന്റെ പ്രളയം കഴിഞ്ഞ് സംക്രമപ്പിറ്റേന്നുദിക്കുന്ന ആദ്യത്തെ സൂര്യരശ്മി ചെന്നുതട്ടുന്നിടം സ്വർണമായിത്തീരുമെന്നാണ് വിഷുസങ്കല്പത്തിന്റെ ഏറ്റവും സൗന്ദര്യമുള്ള കാവ്യകല്പന. കൊന്ന പൊന്നണിഞ്ഞത് ആ സങ്കല്പലാവണ്യത്തിലാണ്. പൊന്ന്‌ മലയാളിക്ക്  എന്നും ഐശ്വര്യമാണല്ലോ.
ഐശ്വരത്തിന്റെ പ്രതീകമാണ് വിഷുക്കണി. കണിക്കൊന്നയും കണിവെള്ളരിയും നാളികേരവും നവധാന്യങ്ങളും ചക്കയും മാങ്ങയുമൊക്കെച്ചേർന്ന കാർഷികവിഭവങ്ങളാണ് പ്രധാനമായും വിഷുപ്പുലർച്ചയ്ക്ക്‌ കണിയായി കണിയുരുളിയിലൊരുക്കുന്നത്. വിശ്വാസികൾ പരിപൂർണ പ്രേമാവതാരമായ ശ്രീകൃഷ്ണനെയും ഒപ്പം കണികാണുന്നു.

വിഷുക്കൈനീട്ടവും ശ്രീസമൃദ്ധികളുടെ വാഗ്ദാനമാണ്. ‘നാളെ’ സമൃദ്ധമായിത്തീരാൻ ‘ഇന്നി’ന്റെ കൈനീട്ടം. കാർഷികസമ്പൽസമൃദ്ധിതന്നെയാണ് ഈ ഐശ്വര്യങ്ങളുടെ അടിസ്ഥാനമായിരുന്നത്. കൃഷിയെമാത്രം ആശ്രയിച്ചുജീവിച്ചുപോന്ന പഴയ മലയാളികൾക്ക് വിളവിറക്കലിന്റെ കാർഷികോത്സവം കൂടിയാണ് വിഷു. മേടം ഒന്നാംതീയതി കൃഷിപ്പണി ആരംഭിക്കുന്നതിന്റെ പ്രതീകമായി പാടത്ത് ഒരു ചാലെങ്കിലും ഉഴുതിടും. ‘വിഷുച്ചാലിടുക’ എന്നാണ് അതിനു പറഞ്ഞിരുന്നത്. വിഷുച്ചാലിൽ വിതയ്ക്കാൻ പാകത്തിൽ വല്യമ്മാമ ഒരു കുട്ടിച്ചാക്കിൽ വിത്തു നനച്ചുവെച്ചിരുന്നത് ബാല്യത്തിലെ കൗതുകം നിറഞ്ഞ ഒരോർമയാണ്. വിഷു ഒന്നാം തീയതി ചാക്കിൽനിന്ന്, വെളുത്ത താടിമീശ മുളച്ചതുപോലെ മുള പൊടിച്ചുവരുന്നതു കാണാം.

വിഷുച്ചാലിടുമ്പോൾ ദേശത്തെ പുള്ളുവനും പുള്ളുവത്തിയും വരമ്പത്തിരുന്ന് പാടുന്നത് മലബാറിലെ വളരെ പഴയ ഒരാചാരമായിരുന്നു. ഇറക്കാൻ പോവുന്ന വിത്തിനും വിളവിനും ഈതിബാധകളിൽനിന്നു രക്ഷകിട്ടാനുള്ള ഒരു നാട്ടുപ്രാർഥനയായിരുന്നു അത്:
‘പൊലികാ പൊലികാ
ദൈവമേതാൻ
നെൽപൊലികാ
പൊലികണ്ഠൻ തന്റേതൊരു
വയലകത്ത്
ഏറോടെ ഉപ്പുകുന്നോ-
രെരുതും വാഴ്കാ
ഉഴമയല്ലോ എരിഷികളേ
നെൽപൊലികാ
മൂരുന്ന ചെറുമനുഷ്യർ
പലരും വാഴ്കാ...’

പാടത്തുഴുന്ന കാളകളും കർഷകനും ഒരുപോലെ വാഴാനും നെൽപൊലിച്ചളന്ന് പത്തായം നിറയാനുമുള്ള, നാട്ടുഗായകരായ പുള്ളുവരുടെ കർഷകത്തോറ്റം വിഷുവെന്ന കാർഷികവേലയുടെ പഴയ ഓർമകളിലെവിടെയോ മറഞ്ഞുപോയി. പാടങ്ങളെ ചൂഴ്ന്നുനിന്ന വള്ളുവനാടൻ കുന്നിൻ ചെരിവുകളിൽനിന്ന് കൊന്നപൂത്തുനിറഞ്ഞ സമൃദ്ധിയുടെ താഴ്‌വാരങ്ങളിലേക്ക് പുള്ളോർക്കുടം മുറുകിമൂളുന്ന ഗ്രാമീണ സംഗീതം ഒഴുകിപ്പരന്നിരുന്ന കാലം.
വിഷുവിന്റെ ഗ്രാമീണമായ അഴകുകളും ആചാരങ്ങളും നാട്ടറിവുകളും ഇങ്ങനെ പലതും ഓർമയിൽ വരുന്നുണ്ട്‌. വിഷുവരുന്നതിനു മുമ്പ്‌ പറമ്പിലെ ചപ്പുചവറുകളെല്ലാം അടിച്ചുകൂട്ടി കത്തിക്കുന്നത്‌ കുട്ടികളുടെ ജോലിയും വിനോദവുമായിരുന്നു. ‘കുമ്പിരി കത്തിക്കുക’ എന്നതാണിതിന്‌ പറഞ്ഞിരുന്നത്‌. കത്തിക്കുമ്പോൾ ചവറുകൂനയുടെ രൂപം മാറുന്നതിനനുസരിച്ച്‌ ‘കാളക്കുമ്പിരി, പോത്തുംകുമ്പിരി, ആനക്കുമ്പിരി’ എന്നിങ്ങനെ ആർത്തുവിളിച്ചു കളിച്ചിരുന്നത്‌ ഞങ്ങൾക്ക്‌ ഒരു പഴയ വിഷുവിനോദമായിരുന്നു.

വിഷുവിന്‌ ദേശത്തെ ജോത്സ്യൻ ഓരോ വീട്ടിലും വന്ന്‌ ‘വിഷുഫലം’ പറയുന്ന ഒരാചാരം വള്ളുവനാട്ടിലുണ്ടായിരുന്നു. ‘ഈ വർഷം ഇത്രപറവർഷം’ എന്നാണ്‌ വിഷുഫലത്തിലെ പ്രധാന പ്രവചനം. അത്‌ ആ വർഷമുണ്ടാവാൻ പോവുന്ന മഴയുടെ അളവിന്റെ കണക്കാണ്‌. അതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു മുൻപൊക്കെ ഗ്രാമത്തിലെ കൃഷിയുടെ ആസൂത്രണം.
‘സൂര്യോത്സവ’മാണ്‌ വിഷു. സൂര്യന്റെ ദക്ഷിണായനവും ഉത്തരായനവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പൗരാണികമായ ഉത്സവം. ‘വിഷുവം’ എന്ന വാക്കിന്‌ ‘തുല്യതയോടുകൂടിയത്‌’ എന്നാണർഥം. സൂര്യായനത്തിന്റെ ഭാഗമായി ദിനരാത്രങ്ങൾ സമമായി വരുന്ന രണ്ടുദിവസങ്ങളുണ്ട്‌ വർഷത്തിൽ, തുലാവിഷുവും മേടവിഷുവും. അന്ന്‌ രാവും പകലും സമമായിരിക്കും. തുലാവിഷു  ‘ദീപാവലി’യായും മേടവിഷു ‘വിഷുവേല’യായും ആചരിക്കുന്നു. കേരളത്തിൽ മാത്രമല്ല, ഭാരതത്തിലുടനീളം ഈ ആഘോഷങ്ങളുണ്ട്‌. ഉത്തരേന്ത്യയിൽ പലയിടത്തും മേടവിഷു ‘ബിഹു’വും ‘ഉഗാദി’യുമൊക്കെയാണ്‌. പൂത്തിരിയും മത്താപ്പും കമ്പിത്തിരിയും പടക്കവുമൊക്കെ ഇരുട്ടുനീക്കുന്ന സൂര്യായനത്തെ വരവേൽക്കാൻ ഭൂമിജീവിതം ഉയർത്തിക്കാട്ടുന്ന ചെറുവെളിച്ചത്തിന്റെ പ്രതീകങ്ങളാണ്‌. 
തെക്കൻകേരളത്തിൽ പലയിടത്തും വിഷുപ്രഭാതത്തെ ആയിരക്കണക്കിനു തിരികളാൽ ആരതിയുഴിഞ്ഞു സ്വീകരിക്കുന്ന വിഷുവാചാരവുമുണ്ടായിരുന്നു. വെളിച്ചത്തിന്റെ ഉത്സവമാണ്‌ വിഷു. തിന്മയ്ക്കുമേൽ നന്മ വിജയം നേടിയ ദിവസമായും നമ്മുടെ ഐതിഹ്യങ്ങളിൽ വിഷുവുണ്ട്‌. നരകാസുരനും രാവണനും വധിക്കപ്പെട്ട ദിനമാണ്‌ വിഷു എന്ന്‌ വിശ്വസിക്കപ്പെടുന്നുണ്ട്‌.
വിഷു എന്ന കാർഷികോത്സവം ഇന്ന്‌ വ്യാപാരോത്സവമായി. വിഷുക്കണിയും വിഷുസദ്യയും കണിക്കൊന്നയുംവരെ വാങ്ങാവുന്ന വിഭവങ്ങളായി. കോവിഡ്‌ കാലം വിഷുവ്യാപാരങ്ങളെയും അസാധുവാക്കിയിരിക്കുന്നു. പടിവാതിലിനപ്പുറം വന്ന്‌ കണിവെള്ളരി കാഴ്ചവെച്ച കനകനിലാവുകൾ കേട്ടുമറന്ന പാട്ടിലെ പഴകിയ കാവ്യകല്പനയായി, ഓൺലൈൻ വിഷുക്കണിക്കുമുന്നിൽ ഒരു പുതിയ തലമുറ വിഷുവേലയുടെ അവകാശികളായി വന്നുകഴിഞ്ഞു.
ഇരുപതാം നിലയിലെ ഫ്ളാറ്റിൽ, കോവിഡ്‌ ഭയങ്ങളുടെയും അകൽച്ചയുടെയും ഏകാന്തതയുടെയും കാലത്ത്‌, മണ്ണും മലരും വിഷുക്കിളിയും കിളിപ്പാട്ടുമില്ലാതെ കണ്ണുതുറന്നെഴുന്നേറ്റുവരുന്ന പുതിയ ശിശുവിന്‌ നൽകാൻ എന്തു വിഷുവാശംസയാണ്‌ എന്റെ കൈവശമുള്ളത്‌!.

‘ഏതു ധൂസരസങ്കല്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവത്‌കൃതലോകത്തുപുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും’
എന്ന വൈലോപ്പിള്ളിയുടെ വിഷുവാശംസ അവർക്കു പറ്റുമോ!