കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി എന്നും വാര്‍ത്തകള്‍ക്കു നടുവിലായിരുന്നു. സ്ഥാനത്തും  അസ്ഥാനത്തും ഈ വാര്‍ത്തകള്‍ കാഞ്ചി കാമകോടിപീഠത്തെ ലോകശ്രദ്ധയില്‍ നിര്‍ത്തി. ഹിന്ദു സമൂഹത്തിന് ഒരു മാര്‍പ്പാപ്പയെ സങ്കല്‍പ്പിക്കാമെങ്കില്‍ അത് ജയേന്ദ്ര സരസ്വതിയായിരിക്കുമെന്ന് ഒരു പ്രമുഖ ബി.ജെ.പി. നേതാവ് ഒരിക്കല്‍ അഭിപ്രായപ്പെട്ടത് വെറുതെയായിരുന്നില്ല. ആദിശങ്കരനാല്‍ സ്ഥാപിതവും അദ്വൈത വേദാന്തത്തിന്റെ  മുഖ്യ ആസ്ഥാനങ്ങളിലൊന്നുമായ കാഞ്ചി കാമ കോടി പീഠത്തിന് ആയിരത്തിലേറെ വര്‍ഷങ്ങളുടെ ചരിത്രമുണ്ട്.

പരമാചാര്യ ചന്ദ്രശേഖര സരസ്വതിയുടെ ശിക്ഷണത്തിലാണ് ജയേന്ദ്ര സരസ്വതി കാഞ്ചി കാമകോടി പീഠത്തിന്റെ തലപ്പത്തേക്ക് യാത്ര തുടങ്ങുന്നത്. പരമ സാത്വികനായിരുന്ന പരമാചാര്യ വിവാദങ്ങള്‍ക്ക് ഒരിക്കലും ഇടം കൊടുത്തിരുന്നില്ല. മഹാത്മാഗാന്ധിയുള്‍പ്പെടെയുള്ള ലോകനേതാക്കള്‍ എന്നും ആദരവോടെ കണ്ട ആത്മീയഗുരുവായിരുന്നു പരമാചാര്യ. ഇന്ദിരാഗാന്ധിയും എം.ജി.ആറുമൊക്കെ ചന്ദ്രശേഖര സരസ്വതിയുടെ വാക്കുകള്‍ക്ക് ചെവികൊടുത്തിരുന്നു. വര്‍ഗ്ഗീയതയ്ക്കും മതവൈരത്തിനുമെതിരെ കര്‍ശനമായ നിലപാട് എടുത്തിരുന്ന പരമാചാര്യ ചന്ദ്രശേഖര സരസ്വതി ഒരിക്കലും കാഞ്ചിമഠത്തെ രാഷ്ട്രീയ ആലോചനകള്‍ക്കുള്ള വേദിയാക്കിയിരുന്നില്ല. 

കാഞ്ചി കാമകോടി മഠത്തില്‍നിന്ന് 1987-ല്‍ പൊടുന്നനെ അപ്രത്യക്ഷനായത് ജയേന്ദ്ര സരസ്വതിയെ വാര്‍ത്താപുരുഷനാക്കി. ദിവസങ്ങള്‍ക്കു ശേഷം കര്‍ണ്ണാടകത്തിലെ തലക്കാവേരിയില്‍നിന്നാണ് ജയേന്ദ്ര സരസ്വതിയെ കണ്ടെത്തിയത്. ദൈവികമായ ഉള്‍വിളിയാണ് തന്നെ തലക്കാവേരിയിലെത്തിച്ചതെന്നായിരുന്നു ജയേന്ദ്ര സരസ്വതിയുടെ വിശദീകരണം. 1994-ല്‍ പരമാചാര്യയുടെ സമാധിയെതുടര്‍ന്നാണ് ജയേന്ദ്ര സരസ്വതി കാഞ്ചി കാമകോടി പീഠം മഠാധിപതിയായത്. പിന്നീടങ്ങോട്ട് കാഞ്ചികാമകോടി പീഠം ആത്മീയതയും രാഷ്ട്രീയ-സാമൂഹ്യ വ്യവഹാരങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്നത് ലോകം കണ്ടു. അയോദ്ധ്യാ പ്രശ്‌നത്തില്‍ നരസിംഹ റാവുവും വാജ്‌പേയിയും ഒരു പോലെ ആശ്രയിച്ച സന്യാസിവര്യനായിരുന്നു ജയേന്ദ്ര സരസ്വതി. 2002-ല്‍ ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടാനും ജയേന്ദ്ര സരസ്വതിക്ക് മടിയുണ്ടായില്ല. അതേസമയം 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചെന്നൈയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനും സ്വാമികള്‍ തയ്യാറായി.

കാഞ്ചിയിലെ ഒരു ക്ഷേത്രം മാനേജരായിരുന്ന ശങ്കരരാമന്റെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു ജയേന്ദ്ര സരസ്വതിയുടെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധി. 2004 നവംബര്‍ 11-ന് ദീപാവലി തലേന്ന് ജയലളിത സര്‍ക്കാര്‍ ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്തത് ലോകം അമ്പരപ്പോടെയും അവിശ്വസനീയതയോടെയുമാണ് കണ്ടത്.  2005 ജനവരി അഞ്ച് വരെ ഈ കേസില്‍ ജയേന്ദ്ര സരസ്വതി മധുരയില്‍ ജയിലിലായിരുന്നു. ബി.ജെ.പിയടക്കം നിരവധി രാഷ്ട്രീയ കക്ഷികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയെങ്കിലും ജയലളിത സര്‍ക്കാര്‍ കേസ് നടപടികളുമായി മുന്നോട്ടുപോയി. പക്ഷെ, എല്ലാ സാക്ഷികളും കൂറുമാറിയതെിനെ തുടര്‍ന്ന് ഈ കേസില്‍ 2013-ല്‍ പുതുച്ചേരി പ്രത്യേക കോടതി ജയേന്ദ്ര സരസ്വതി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു.

കാഞ്ചി കാമകോടി പീഠത്തെ ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ആത്മീയ കേന്ദ്രമാക്കിയത് ജയേന്ദ്ര സരസ്വതിയായിരുന്നു. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ചിന്നിച്ചിതറിക്കിടക്കുന്ന ഹൈന്ദവ ആത്മീയ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഹൈന്ദവ ജനതയെ സാമൂഹ്യ-രാഷ്ട്രീയ തലങ്ങളില്‍ പ്രതിനിധീകരിക്കുന്നതിനും ജയേന്ദ്ര സരസ്വതി നടത്തിയ ശ്രമങ്ങള്‍ ഒരു സമകാലിക ചരിത്ര വിദ്യാര്‍ത്ഥിക്കും അവഗണിക്കാനാവില്ല. 

ദളിതരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടു വരുന്നതിന് ജയേന്ദ്ര സരസ്വതി നടത്തിയ നീക്കങ്ങളും ശ്രദ്ധേയമായിരുന്നു. പൊതു ആരോഗ്യ പരിപാലനത്തിലും വിദ്യാഭ്യാസ മേഖലകളിലും കാഞ്ചി മഠം സജീവമായത് ജയേന്ദ്ര സരസ്വതിയുടെ കാലത്താണ്. തമിഴകത്തെത്തുന്ന ഒരു രാഷ്ട്രപതിയും പ്രധാനമന്ത്രിയും കാഞ്ചീപുരത്തെത്തി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയുടെ അനുഗ്രഹവും ആശീര്‍വ്വാദവും തേടാതിരുന്നിട്ടില്ല. രാഷ്ട്രപതിഭവനില്‍നിന്ന് പടിയിറങ്ങും മുന്‍പ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സന്ദര്‍ശിച്ച ചുരുക്കം ആത്മീയ നേതാക്കളില്‍ ഒരാള്‍ ജയേന്ദ്ര സരസ്വതിയായിരുന്നു.

തമിഴകം രാഷ്ട്രീയമായ കുഴമറിച്ചില്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി യാത്രയായിരിക്കുന്നത്. ജയലളിത തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയും കരുണാനിധി സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്തിരിക്കുന്ന ഈ സമയത്ത് ശങ്കരാചാര്യരുടെ അഭാവം ആത്മീയ മേഖലയിലെന്നതുപോലെ തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലും അനുഭവപ്പെടുമെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല.