"ഇന്ന് ഇന്ത്യയുടെ ആവശ്യമെന്താണ്? ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽനിന്ന് മോചനം" -ഗുരുദേവൻ

പരബ്രഹ്മസ്വരൂപനും സർവധർമ സമഭാവനയുടെ പ്രതിപുരുഷനുമായിരുന്ന ശ്രീനാരായണഗുരുദേവന്റെ 94-ാമത് മഹാസമാധിദിനമാണ് ഇന്ന്. സർവസംഗ പരിത്യാഗികളായ ജീവന്മുക്തന്മാരുടെ ദേഹവിയോഗത്തിനാണ് മഹാസമാധി എന്നു പറയുന്നത്. അതൊരു വിയോഗമല്ല, മറിച്ച് ഒരു ലയനമാണ്. ഒരു നദി അതിന്റെ വഴികളിലൂടെയെല്ലാം ഒഴുകിയൊഴുകി ഒടുവിൽ ലക്ഷ്യസ്ഥാനമായ സമുദ്രത്തിൽ ലയിച്ച് സമുദ്രമായിത്തീരുന്നതുപോലെത്തന്നെ. അങ്ങനെ പ്രപഞ്ചതത്ത്വമായിരിക്കുന്ന പരംപൊരുളിൽ വിലയം ചെയ്യാനുള്ളതാണ് സർവജന്മങ്ങളും. ഈ പരമസത്യത്തിന്റെ ഉദ്‌ഘോഷമാണ് ‘മരണവുമില്ല പുറപ്പുമില്ല വാഴ്‌വും നരസുരരാദിയുമില്ല നാമരൂപം’ എന്ന ആത്മോപദേശശതകത്തിലെ തൃപ്പാദവചനം.

എന്നാൽ, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് മരണവും ജനനവുമെന്നത് അവരുടെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവുമാണ് എന്ന ധാരണയാണുള്ളത്. ഇത് അറിവിന്റെ നിജസ്ഥിതിയിൽ നിന്നുണ്ടായിട്ടുള്ളതല്ല, മറിച്ച് അറിവിന്റെ വ്യാജസ്ഥിതിയിൽനിന്നുമുണ്ടായിട്ടുള്ള ഒരു സങ്കല്പം മാത്രമാണ്. അതിനാൽത്തന്നെ അവരുടെ ജീവിതമാകെ ആ സങ്കല്പത്താൽ പൊതിയപ്പെട്ടതാണ്. അതുകൊണ്ട്, കാലദേശങ്ങളുടെയും രാഗദ്വേഷങ്ങളുടെയും പരിമിതികളെ മറികടക്കാൻ അവർക്കാവുന്നതല്ല. ഈ അസ്വതന്ത്രപരതയിലാണ് മനുഷ്യൻ വിശ്വാസിയായും അവിശ്വാസിയായുമൊക്കെ ഈ ലോകജീവിതത്തിൽ വ്യവഹരിക്കുന്നത്. ഇങ്ങനെ ഏതെങ്കിലും ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ഒക്കെ അനുയായിയും വക്താവുമായിത്തീരുന്ന മനുഷ്യന് അതിനപ്പുറമുള്ള പരമമായ ഏകതയുടെ, അല്ലെങ്കിൽ വിശ്വമാനവികതയുടെ സ്വതന്ത്രതലം ഒട്ടും പരിചിതമായിരിക്കുകയില്ല.

കയറിനെക്കണ്ടിട്ട് അത് കയറാണെന്നറിയാതെ പാമ്പാണെന്നു ധരിച്ചും ഭയപ്പെട്ടും സത്യത്തിൽ ഉള്ളതായിരിക്കുന്ന കയറിനെ തല്ലാനൊരുങ്ങുന്നത് എപ്രകാരമോ, അപ്രകാരമാണ് അവനവന്റെ സ്വത്വത്തെ അറിയാതെയുള്ള ഈ ജീവിതം. ഈ അറിവില്ലായ്മയെ തിരിച്ചറിയാനും നാം എന്താണോ ആ പൊരുളിലേക്ക് നമ്മെ ഉണർത്താനും ഉയർത്താനുമാണ് കാലാകാലങ്ങളിൽ ഗുരുക്കന്മാർ ഈ ഭൂമിയിൽ അവതാരം ചെയ്തിട്ടുള്ളത്. ഗുരുദേവൻ അക്കാര്യം ഒരു അർഥശങ്കയ്ക്കുമിടയില്ലാത്തവിധം വ്യക്തമായി ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘‘സനാതനധർമങ്ങൾ തുല്യപ്രധാനങ്ങളാണ്. ദേശകാലാവസ്ഥകളാൽ നേരിടുന്ന ആവശ്യങ്ങളനുസരിച്ച് അവയിൽ ഏതെങ്കിലുമൊന്നിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായി വരും. ഹിംസകലശലായിരുന്ന ദേശകാലങ്ങളിൽ അഹിംസാധർമത്തിന് ജഗദ്‌ഗുരുക്കന്മാർ മറ്റു ധർമങ്ങളെക്കാൾ മുഖ്യത കല്പിക്കും. ബുദ്ധന്റെ കാലത്ത് ഹിംസകലശലായിരുന്നു. അതിനാൽ അഹിംസാധർമത്തിന് ബുദ്ധൻ മുഖ്യത കല്പിച്ചു. ക്രിസ്തു സ്നേഹത്തിന് മുഖ്യത കല്പിച്ചു. നബിയുടെ കാലത്ത് അറേബ്യയിൽ സാഹോദര്യത്തിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാൽ അദ്ദേഹം സാഹോദര്യത്തിന് മുഖ്യത കല്പിച്ചതായി കാണുന്നു. സാഹോദര്യം സ്നേഹത്തെയും സ്നേഹം സാഹോദര്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ സാഹോദര്യമാണ്‌ ശ്രേഷ്ഠം, അതല്ല സ്നേഹമാണ് ശ്രേഷ്ഠം എന്നു വിവാദമുണ്ടാകുന്നുവെങ്കിൽ അതിന് വൃഥാ വിവാദമെന്നല്ലാതെ പറയാൻ തരമുണ്ടോ?’’
നോക്കുക, ഗുരുദേവന്റെ ഈ വെളിവാക്കലിന്റെ വെളിച്ചം അറിയാതെ പോയതുകൊണ്ടോ അറിഞ്ഞിട്ടും അതുൾക്കൊള്ളാതെ പോയതുകൊണ്ടോ ആണ് ഈ ആധുനികലോകത്ത് മതങ്ങളും ജാതികളും ഇത്രമേൽ മനുഷ്യന് ആപത്തു വരുത്തുന്നതായി തീർന്നത്. അതിന്റെ ഭീകരമായ ദൃഷ്ടാന്തങ്ങളാണ് പശ്ചിമ-മധ്യേഷ്യൻ രാജ്യങ്ങളിലും ഇപ്പോഴിതാ അഫ്ഗാനിസ്താനിലും തീമേഘങ്ങളായി പടരുന്ന മതതീവ്രവാദങ്ങളും മതപ്പോരുകളും. ഏതാണ്ട് ഒന്നരനൂറ്റാണ്ടിനുമുമ്പ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കാറൽ മാർക്സ് പറഞ്ഞു. എന്നാൽ, ഭൗതികതയുടെ ധൃതിപ്പെടലിൽ അത് വേണ്ടത്ര ആഴത്തിൽ കാലത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയിൽപ്പതിയാതെ പോയി എന്നതാണ് വാസ്തവം. ഒരു നൂറ്റാണ്ടിനുമുമ്പ് സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല, മതത്തിന് അവൻ പ്രമാണമാണെന്ന് ഗുരുദേവൻ ഉപദേശിച്ചു. ശുദ്ധ ആത്മീയതയുടെ ദൃക്കിലൂടെ നോക്കിക്കണ്ടുകൊണ്ടുള്ള ആ ഉപദേശവും മതത്തിന് പ്രമാണമായി സ്വയം ചമയുന്നവർ ചെവിക്കൊണ്ടില്ല. കാരണം, മതത്തെ മദമാക്കിനിർത്തുകയായിരുന്നു അവരുടെ ലക്ഷ്യം. മനുഷ്യന്റെ ഊർധ്വഗതിക്കായി പിറവികൊണ്ട മതങ്ങളായിരുന്നില്ല അവർക്കുവേണ്ടത്, മറിച്ച് അവർ വിഭാവനംചെയ്യുന്ന മതത്തിന്റെ ഊർധ്വഗതിക്കായി മനുഷ്യനെ ഉപയോഗപ്പെടുത്തുന്നതിലായിരുന്നു അവരുടെ താത്‌പര്യം മുഴുവനും. ഇതു കണ്ടിട്ടും കേട്ടിട്ടുമാണ് തൃപ്പാദങ്ങൾ ഈവിധം പറഞ്ഞത്: ‘‘ഇന്ന് ഇന്ത്യയുടെ ആവശ്യമെന്താണ്? ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽനിന്ന് മോചനം. സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാമതങ്ങളെയും എല്ലാവരും പഠിച്ചറിയാനും ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂർവം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്ന് അപ്പോൾ മനസ്സിലാവും. മതപരിവർത്തനോത്സാഹവും അപ്പോൾ അസ്തമിക്കും.’’

ഗുരുദേവന്റെ കാലത്ത് ജാതിമതങ്ങളുടെ ഭേദദ്വേഷങ്ങൾ അത്രമാത്രം കലശലായിരുന്നു. അതിനാൽ അവയുടെ അധാർമിക ഇടപെടലുകളിൽ നിന്ന്‌ മനുഷ്യനെ സ്വതന്ത്രമാക്കുന്നതിനാണ് അദ്ദേഹം മുഖ്യത കല്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ തന്റെ ജീവിതകാലത്ത് തൃപ്പാദങ്ങൾ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നതും ഇടപെട്ടിരുന്നതും ജാതിഭേദത്തിൽനിന്നും മതദ്വേഷത്തിൽനിന്നും മനുഷ്യനെ മോചിപ്പിക്കുന്നതിനായിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമുണ്ട്, ജാതിക്കെതിരായി ഗുരുദേവൻ സന്ധിയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഒരു മതത്തിനും എതിരായിരുന്നുമില്ല. മറിച്ച് മതവിദ്വേഷത്തെയാണ് ശക്തമായി എതിർത്തിരുന്നത്. ‘മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നും ‘ആധ്യാത്മികമോക്ഷത്തിന് എല്ലാ മതങ്ങളും പര്യാപ്തം തന്നെ’ എന്നുമുള്ള ഗുരുദേവന്റെ വീക്ഷണത്തിൽ മതങ്ങളെക്കാൾ മനുഷ്യനാണ് മുൻതൂക്കമെന്ന് കാണണം. 

എല്ലാ മതങ്ങളും മനുഷ്യന്റെ മോചനത്തിനായിട്ടാണ്, സർവസാഹോദര്യത്തിനായിട്ടാണ്, സനാതനമായ ധർമത്തിന്റെ പരിപാലനത്തിനായിട്ടാണ് പിറവിയെടുത്തതെന്നും എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്നും സൂക്ഷ്മമറിഞ്ഞ ഗുരുക്കന്മാർ വെളിപ്പെടുത്തുമ്പോൾ എന്തിനാണ് മതത്തിന്റെ പേരിൽ അനുയായികൾ തമ്മിൽ വെറുതേ കലഹിക്കുന്നത്. മുഹമ്മദീയരും ക്രിസ്ത്യാനികളും ജൈനരും ബൗദ്ധരും അതുപോലെത്തന്നെ മറ്റുമതക്കാരും ഒന്നിനെ പ്രാപിക്കാൻവേണ്ടിയാണ് അശ്രാന്തം പരിശ്രമിക്കുന്നതെന്ന് ഗുരുദേവൻ ശ്രീനാരായണധർമത്തിൽ പറഞ്ഞുവെച്ചിട്ട് ഒരു നൂറ്റാണ്ടായി. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമായി ഈലോകവും ലോകരും വിളങ്ങുവാനുള്ള സന്ദേശം അരുവിപ്പുറത്ത് ആലേഖനം ചെയ്തിട്ട് 133 കൊല്ലമായി. മനുഷ്യൻ ഒരു ജാതിയായി ജീവിക്കണം. ഈ അഭിപ്രായം എല്ലായിടവും പരക്കണം. മനുഷ്യൻ ഒരു ജാതി അതാണ് നമ്മുടെ മതം എന്ന് ഗുരുദേവൻ കല്പിച്ചിട്ടും നൂറ്റാണ്ട് ഒന്നായി. ഇതെല്ലാംശരിതന്നെ. പക്ഷേ, സൂക്ഷ്മമറിയാതെ മതങ്ങൾക്കുപിന്നാലെ പായുന്നവർക്ക് ഇതൊന്നും കേൾക്കാനുള്ള കാതുണ്ടാവില്ല. എന്നാൽ, അവരെ നയിക്കുന്ന മതാചാര്യന്മാരുടെ കണ്ണും കാതും തുറന്നിരിക്കുകതന്നെ വേണം.