ഇന്ന്‌ വിവേകാനന്ദ ജയന്തി

ആധ്യാത്മികതയും പ്രകൃതിയും മനുഷ്യനും സമന്വയിക്കുന്ന ഒരു സാമൂഹിക, സാമ്പത്തിക വ്യവസ്ഥയാണ് അദ്വൈതിയായ സ്വാമി വിവേകാനന്ദൻ വിഭാവനം ചെയ്തത്. അദ്ദേഹം അനുവർത്തിച്ച സോഷ്യലിസ്റ്റ് നിലപാടുകളെ 'വേദാന്തസോഷ്യലിസം' എന്നു ചിലർ വിശേഷിപ്പിച്ചിരുന്നു. ആത്മീയതയില്ലാത്ത സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കു നിലനില്പില്ലെന്ന് സ്വാമിജി
സിദ്ധാന്തിച്ചു. ഒരു വേദാന്തിക്ക് സോഷ്യലിസ്റ്റ് ആശയങ്ങൾ എളുപ്പത്തിൽ ഉൾക്കൊള്ളാനാകുമെന്നും സ്വാനുഭവങ്ങളിലൂടെ വ്യക്തമാക്കി

ആധ്യാത്മികതയും പ്രകൃതിയും മനുഷ്യനും സമന്വയിക്കുന്ന ഒരു സാമൂഹിക, സാമ്പത്തിക വ്യവസ്ഥയാണ് അദ്വൈതിയായ സ്വാമി വിവേകാനന്ദൻ വിഭാവനം ചെയ്തത്. അദ്ദേഹം അനുവർത്തിച്ച സോഷ്യലിസ്റ്റ് നിലപാടുകളെ 'വേദാന്തസോഷ്യലിസം' എന്നു ചിലർ വിശേഷിപ്പിച്ചിരുന്നു. ആത്മീയതയില്ലാത്ത സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കു നിലനില്പില്ലെന്ന് സ്വാമിജി സിദ്ധാന്തിച്ചു. ഒരു വേദാന്തിക്ക് സോഷ്യലിസ്റ്റ് ആശയങ്ങൾ എളുപ്പത്തിൽ ഉൾക്കൊള്ളാനാകുമെന്നും സ്വാനുഭവങ്ങളിലൂടെ വ്യക്തമാക്കി.

വിദ്യാർഥിയായിരുന്നപ്പോൾമുതൽ സ്വാമിജി ശാസ്ത്രത്തിലും ദർശനത്തിലും തത്പരനായിരുന്നു. അതാണ് പില്ക്കാലത്ത് അദ്ദേഹത്തെ സോഷ്യലിസ്റ്റ് ആശയങ്ങളിലേക്കു നയിച്ചത്. യൂറോപ്യൻ നാടുകൾ സന്ദർശിച്ചപ്പോൾ അവിടത്തെ പല പ്രമുഖ സോഷ്യലിസ്റ്റുനേതാക്കളുമായി അദ്ദേഹം പരിചയപ്പെട്ടു. അവരുമായി നടത്തിയ ആശയവിനിമയങ്ങൾ സാമൂഹികസമത്വത്തിന്റെ അനിവാര്യതയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ആഗോളാടിസ്ഥാനത്തിൽ വർധിച്ചുവരുന്നതിലുള്ള ഉത്കണ്ഠ അവർ പങ്കുവെച്ചു.

സ്വാമിജിയുടെ പരിവ്രാജകയാത്രയിൽ രാജ്യത്തു നിലനില്ക്കുന്ന സാമൂഹികാസമത്വവും അടിച്ചമർത്തലും അദ്ദേഹത്തിനു നേരിട്ടു ബോധ്യപ്പെട്ടിരുന്നു. സുദീർഘമായ ആ യാത്രാവേളയിൽ പലപ്പോഴും ജീവൻ നിലനിർത്താനാവശ്യമായ ആഹാരം നല്കിയത് ദരിദ്രരും സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ള താഴ്ന്ന ജാതിക്കാരുമായിരുന്നു. അവരെ ചൂഷണം ചെയ്യുന്ന ധനികരെയും ഉന്നതകുലജാതരെയും അദ്ദേഹം യാത്രയിൽ പലേടത്തും കണ്ടു.

ഗുരു ശ്രീരാമകൃഷ്ണന്റെ സ്വാധീനവും വിവേകാനന്ദനിൽ സോഷ്യലിസ്റ്റാശയങ്ങൾ പരിപുഷ്ടമാക്കാൻ സഹായിച്ചു. വിശക്കുന്ന വയർ ഒരിക്കലും നല്ല മതത്തെ സൃഷ്ടിക്കുകയില്ല. സാമൂഹിക, സാമുദായിക പരിഷ്‌കർത്താക്കളും ദാർശനികരും സമൂഹത്തിൽ നിലനില്ക്കുന്ന ദാരിദ്ര്യം എന്ന ഭീകരയാഥാർഥ്യത്തെ തിരിച്ചറിഞ്ഞേ തീരൂ എന്ന് അദ്ദേഹം സമർഥിച്ചു.

‘അവർ ഭക്ഷണം ചോദിക്കുന്നു
നാം അവർക്ക്‌ നൽകുന്നത്‌ കല്ലുകളാണ്‌ ’

കൊടിയ ദാരിദ്ര്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം കാണാതെ ജനങ്ങളെ ആത്മീയമായി ഉദ്ധരിക്കുക അസാധ്യമാണ്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക പുനരുദ്ധാരണത്തിലൂടെ മാത്രമേ അതിനു കഴിയൂ എന്നായിരുന്നു സ്വാമിജിയുടെ നിഗമനം.

ഈ പശ്ചാത്തലത്തിലാണ് സ്വാമിജി ഇപ്രകാരം പറഞ്ഞത്: 'അവർ ഭക്ഷണം ചോദിക്കുന്നു. നാമവർക്കു നല്കുന്നത് കല്ലുകളാണ്. പട്ടിണി കിടക്കുന്ന ജനങ്ങൾക്കു മതം നല്കുക എന്നുവെച്ചാൽ അതവരെ അപമാനിക്കലാണ്. പട്ടിണികിടക്കുന്ന ഒരാളെ മതദർശനങ്ങൾ പഠിപ്പിക്കുന്നത് അവന്റെ ആത്മാഭിമാനത്തിന്റെ നേരേയുള്ള കൈയേറ്റമാണ്.'

സ്ഥിതിസമത്വം പുലരുന്നൊരു ലോകം കെട്ടിപ്പടുക്കുകയായിരുന്നു അദ്വൈതവേദാന്തത്തിന്റെ പ്രചാരകനായിരുന്ന സ്വാമി വിവേകാനന്ദന്റെ ലക്ഷ്യം. വിശാലവീക്ഷണം വെച്ചുപുലർത്തിയ സ്വാമിജി ഒരിക്കലും വിഭാഗീയമായി ചിന്തിച്ചിരുന്നില്ല. മറ്റു ചിന്താസരണികളെ സ്വാമിജി ഭയപ്പെടുകയോ അവയോട് അസഹിഷ്ണുത പുലർത്തുകയോ ചെയ്തില്ല. 'വ്യത്യസ്ത ചിന്താസരണികൾ പെരുകട്ടെ', 'കുതിച്ചുപായുന്ന അരുവിയിൽ മാത്രമേ ചുഴികളും ചുഴലികളുമുണ്ടാകൂ. സംഘർഷങ്ങളാണ് ചിന്തയെ ഉദ്ദീപിപ്പിക്കുന്നത്' തുടങ്ങിയ ഉദ്‌ബോധനങ്ങൾ അദ്ദേഹത്തിന്റെ സമദർശനത്തിനുള്ള നിദർശനങ്ങളാണ്.

അമേരിക്ക കൈവരിച്ച ഭൗതികനേട്ടങ്ങൾ സ്വാമി വിവേകാനന്ദനെ ആകർഷിച്ചുവെങ്കിലും അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി അദ്ദേഹത്തെ അസ്വസ്ഥനാക്കി. അമേരിക്കയിലും യൂറോപ്പിലും മുതലാളിത്തം സാമ്രാജ്യത്വത്തിലേക്കു വളരുന്നത് അദ്ദേഹം കണ്ടു. അമേരിക്കയിലെ ധനികവിഭാഗം നടത്തുന്ന ധൂർത്തും അവരുടെ സുഖലോലുപത്വവും അഹങ്കാരവും സ്വാമിജിയെ രോഷാകുലനാക്കി. ആധ്യാത്മികമായി അമേരിക്കൻ ജനത ഉയരുന്നില്ലെങ്കിൽ സർവവിനാശമാണവരെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പു നല്കാനും സ്വാമിജി മടിച്ചില്ല.

അമേരിക്ക ഭാരതത്തിൽനിന്ന് ആധ്യാത്മികത ഇറക്കുമതി ചെയ്യണമെന്ന് സ്വാമി വിവേകാനന്ദൻ ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്ന് ഇന്ത്യക്കാരുടെ മോചനത്തിന് അമേരിക്കയുടെ സഹായമുണ്ടാകുമെന്ന തന്റെ പ്രതീക്ഷ അസ്ഥാനത്താണെന്ന് സ്വാമിജിക്കു ബോധ്യമായി. യൂറോപ്പ് അതിനകം മുതലാളിത്തത്തിന്റെ പിടിയിലകപ്പെട്ടുകഴിഞ്ഞിരുന്നു. മുതലാളിത്തവ്യവസ്ഥിതിയുടെ ഭീകരതകൾ സോഷ്യലിസ്റ്റ് ആശയങ്ങൾക്കു രൂപം നല്കിത്തുടങ്ങുന്ന കാലമായിരുന്നു അത്. സ്വദേശത്തു കാണുകയും അനുഭവിക്കുകയും ചെയ്ത അസമത്വത്തിന്റെയും ചൂഷണത്തിന്റെയും പശ്ചാത്തലത്തിൽ സ്വാമിജി സോഷ്യലിസ്റ്റുചിന്താഗതിയിൽ ആകൃഷ്ടനായി.

സാധാരണജനങ്ങളിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം കൂടുതൽ ബലപ്പെട്ടു. അവരുടെ ജീവിതം മെച്ചപ്പെടുത്തിയാൽ മാത്രമേ രാജ്യം പുരോഗതി കൈവരിക്കുകയുള്ളൂവെന്നും ആവർത്തിച്ചു വ്യക്തമാക്കിയ സ്വാമിജി, പരിമിതവിഭവങ്ങൾ എല്ലാവർക്കുമിടയിൽ നീതിപൂർവം വിതരണം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കും വിരൽചൂണ്ടി. വിദ്യാഭ്യാസം, ഭൗതികസൗകര്യങ്ങൾ എന്നിവയുടെ വിതരണം സമത്വാധിഷ്ഠിതമായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിനു വിഘാതമായി നില്ക്കുന്ന സമ്പ്രദായങ്ങളെയും നിയമങ്ങളെയും നിരോധിക്കാനും വിവേകാനന്ദൻ ആവശ്യപ്പെട്ടു. കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ അടിച്ചമർത്തപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും കൂടെ നില്ക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഈ നിലപാടുകളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഉറച്ചുനിന്നതുകൊണ്ടാണ് 1898 നവംബറിൽ തന്റെ ഒരു അനുയായിയായ മിസ് മേരി ഹെയ്‌ലിനോട് താനൊരു സോഷ്യലിസ്റ്റാണെന്ന് ഉറപ്പിച്ചുപറയാൻ സ്വാമി വിവേകാനന്ദനു കഴിഞ്ഞത്.

വിവേകാനന്ദൻ The East and the West എന്ന രചനയിൽ ഊന്നിപ്പറഞ്ഞത് ധനികർ രാഷ്ട്രീയത്തിൽ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചാണ്. 'ഗവൺമെന്റുകളെ പണക്കാർ വിരൽത്തുമ്പിൽ നിർത്തുന്നു. അവർ ജനങ്ങളെ കൊള്ളയടിക്കുന്നു. ആവശ്യം വരുമ്പോൾ അവരെ കൊലയ്ക്കു കൊടുക്കാനായി യുദ്ധമുന്നണികളിലേക്കയയ്ക്കുന്നു. യുദ്ധത്തിൽ ജയിച്ചാൽ, സമ്പന്നരുടെ ഖജനാവിൽ സ്വർണം കുന്നുകൂടുന്നു. പ്രജകൾ യുദ്ധഭൂമിയിലൊഴുക്കിയ രക്തത്തിന്റെ വിലയാണത്. പ്രജകൾക്കോ? അവരുടെ കടമ രക്തംചിന്തൽ മാത്രമാണ്. ഇതാണ് രാഷ്ട്രീയം. എന്റെ സുഹൃത്തേ, പരിഭ്രമിക്കേണ്ട. അതിന്റെ അഴിയാക്കുരുക്കിൽ അകപ്പെടുകയും വേണ്ട.

'ആദ്യമായി ഇത്രയും മനസ്സിലാക്കാൻ ശ്രമിക്കുക: മനുഷ്യനാണോ നിയമം നിർമിക്കുന്നത്? അതോ നിയമം മനുഷ്യനെ നിർമിക്കുകയാണോ? പേരും പ്രശസ്തിയും മനുഷ്യനാണോ ഉണ്ടാക്കുന്നത്? അതോ മനുഷ്യൻ പേരും പ്രശസ്തിയുമുണ്ടാക്കുകയാണോ?' കാലമേറെക്കഴിഞ്ഞാലും സ്വാമിജിയുടെ ദാർശനികമായ ഈ നിരീക്ഷണവും ഏറെ പ്രസക്തമായിരിക്കും.

ദീർഘദർശിയായ സമത്വവാദി

വിശാലമായ അർഥത്തിൽ കാൾ മാർക്‌സ് സിദ്ധാന്തിച്ചത് ഫ്യൂഡലിസം മുതലാളിത്തത്തിനും മുതലാളിത്തം സോഷ്യലിസത്തിനും ജന്മം നല്കുമെന്നാണ്. ശരിയായ ചിന്തയെ മനസ്സിലാക്കാൻ മനുഷ്യന്റെ പെരുമാറ്റമാണ് ഏറ്റവും അനുയോജ്യമായ മാനദണ്ഡം. ഹെഗലിന്റെ വൈരുധ്യാത്മകദാർശനികതയെ മാർക്‌സ് വൈരുധ്യാത്മകഭൗതികതയായി പരിണമിപ്പിച്ചുവെന്ന് സ്വാമി വിവേകാനന്ദന്റെ വീക്ഷണങ്ങൾ മുൻനിർത്തി ഇടതുപക്ഷചിന്തകനും ഗ്രന്ഥകാരനുമായ ഹാൻസ്‌രാജ് റാബർ നിരീക്ഷിക്കുന്നു (Vivekananda- The Warrior Saint). സ്വാമി വിവേകാനന്ദൻ പരിണാമസിദ്ധാന്തത്തെ വേദാന്തദർശനവുമായി ബന്ധിപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താത്ത്വികമായി വിലയിരുത്തുമ്പോൾ വിവേകാനന്ദന്റെ സ്ഥാനം ഹെഗലിനു മുന്നിലാണ് എന്നാണ് റാബറിന്റെ പക്ഷം. ഹെഗൽ രാഷ്ട്രീയത്തിൽനിന്ന് മാറിനിന്നപ്പോൾ സ്വാമിജി മതത്തെ ഉപയോഗിച്ച് ഒരു രാഷ്ട്രീയപ്പോരാട്ടത്തിനു നേതൃത്വം നല്കിയെന്നും അദ്ദേഹം വിശദീകരിക്കുന്നു. സമൂഹത്തിലെ മാറ്റങ്ങളെ വിവേകാനന്ദൻ കാണാതിരുന്നില്ലെന്നു മാത്രമല്ല, ഭാവിയെ സംബന്ധിച്ചുള്ള പ്രവചനങ്ങളും അദ്ദേഹം നടത്തി. സമൂഹത്തിൽ ശൂദ്രവിഭാഗത്തിന്റെ ഉന്നമനത്തെക്കുറിച്ച് സൈദ്ധാന്തികമായി സ്വാമി വിവേകാനന്ദൻ ദീർഘദർശനം ചെയ്തിട്ടുണ്ട്. തങ്ങളുടെ ശൂദ്രത്വം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ, ശൂദ്രന്മാർ സമൂഹത്തിന്റെ മുൻനിരയിലെത്തുമെന്നായിരുന്നു സ്വാമിജിയുടെ നിഗമനം.

സാമ്പത്തിക സാമൂഹിക നീതിക്കും സമത്വത്തിനും തുല്യാവസരങ്ങൾക്കും നിർണായകപ്രാധാന്യം കല്പിച്ച ഉത്പതിഷ്ണുവായിരുന്നു സ്വാമി വിവേകാനന്ദൻ. ദേശീയവിഭവങ്ങളുടെ യുക്തിസഹവും ന്യായയുക്തവുമായ വിതരണത്തിന്റെ പ്രാധാന്യവും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രജനലക്ഷങ്ങൾ എക്കാലത്തും സ്വാമിജിയുടെ നെഞ്ചിലെ തീയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ അമരക്കാരനെന്ന നിലയ്ക്ക് ഇല്ലായ്മയുടെ തീവ്രദുഃഖം അദ്ദേഹം നേരിട്ടനുഭവിക്കുകയും ചെയ്തിരുന്നു. വിശപ്പടക്കാൻ മാർഗമില്ലാത്ത, ഉടുതുണിക്കു മറുതുണിയില്ലാത്ത, ദാരിദ്ര്യവും രോഗപീഡകളും വേട്ടയാടുന്ന, ഒരു നല്ല സ്വപ്‌നംപോലും കാണാനാകാത്തവരെ സമുദ്ധരിക്കാനുള്ള മാർഗങ്ങൾ ആരാഞ്ഞുകൊണ്ടിരുന്ന, അസ്വസ്ഥനായൊരു സാമൂഹികപ്രവർത്തകൻകൂടിയായിരുന്നു സ്വാമി വിവേകാനന്ദൻ.

പല അമേരിക്കൻ സോഷ്യലിസ്റ്റുവിഭാഗങ്ങളുമായും അടുത്ത ബന്ധമുണ്ടായിരുന്ന മേരി ലൂയിസ് (അഭയാനന്ദ) എന്ന ഫ്രഞ്ചുവനിത അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചത് ഇക്കാലത്താണ്‌. ഇംഗ്ലണ്ടിലെത്തിയതിനുശേഷം വിവേകാനന്ദൻ സോഷ്യലിസ്റ്റാശയഗതിക്കാരുമായി കൂടുതൽ അടുത്തു. അദ്ദേഹവുമായി അടുപ്പത്തിലായ ഒരാൾ എഡ്വാഡ് (പെയ്ന്റർ) ആയിരുന്നു. ഡെബ്രിഷെയറിലെ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഒരു സോഷ്യലിസ്റ്റ് എന്ന നിലയ്ക്കു പെയ്ന്റർ, വില്യം മോറിസിന്റെ അനുയായിയായിരുന്നു. ഒരു രാഷ്ട്രീയവിപ്ലവം എന്നതിൽക്കവിഞ്ഞ് സാമൂഹികമാറ്റങ്ങളിലൂടെയും ഗ്രാമവ്യവസായങ്ങളിലൂടെയും സോഷ്യലിസം കൊണ്ടുവരുന്നതിനോടായിരുന്നു അദ്ദേഹത്തിനു താത്പര്യം (ശങ്കരിപ്രസാദ് ബൊസു, വിവേകാനന്ദ).

കാൾ മാർക്‌സിന്റെ പേര് പ്രത്യക്ഷമായി എവിടെയും പറഞ്ഞുകാണുന്നില്ലെങ്കിലും മാർക്‌സിന്റെ രചനകളെക്കുറിച്ച് വിവേകാനന്ദൻ ബോധവാനായിരുന്നു. കൊളംബോയിലെ തന്റെ പ്രസംഗത്തിൽ വിവേകാനന്ദൻ സോഷ്യലിസത്തെക്കുറിച്ചും 'തൊഴിലും മൂലധനവും' തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ലോകം ഒരിക്കൽ 'അസ്‌പൃശ്യരുടെ ഭരണത്തിനു സാക്ഷ്യം വഹിക്കും' എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ വാക്കുകൾ, മാർക്‌സിന്റെ 'തൊഴിലാളിവർഗ സർവാധിപത്യം' എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് നരിഹരി കബിരാജ് ഒരു ലേഖനത്തിൽ നിരീക്ഷിക്കുന്നു.
വിവേകാനന്ദന്റെ സോഷ്യലിസ്റ്റാശയങ്ങൾ മാർക്‌സിന്റെ സോഷ്യലിസത്തിൽനിന്ന് വ്യത്യസ്തമാണെന്നു പറയുക സാധ്യമല്ലെന്ന് പ്രശസ്ത ചിന്തകൻ നരിഹരി കബിരാജ് അഭിപ്രായപ്പെട്ടു. ഏംഗൽസ് യൂറോപ്യൻ സോഷ്യലിസമെന്ന് വിളിച്ച വ്യവസ്ഥിതിയുമായി അതിനു സാമ്യമുണ്ട്. വിവേകാനന്ദന്റെ കാലത്ത് ഇന്ത്യൻ തൊഴിലാളികൾ സംഘടിക്കാൻ തുടങ്ങിയിരുന്നില്ല. ബോംബെയിലെയും കൽക്കത്തയിലെയും ഏതാനും വ്യാവസായികകേന്ദ്രങ്ങളിൽ മാത്രമാണ് തൊഴിലാളിസംഘടനകൾ പ്രവർത്തിച്ചിരുന്നത്. സ്വാമിജി യൂറോപ്പിൽ താമസിച്ചിരുന്ന കാലത്ത് അവിടത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഇന്ത്യയിലും ഒരു പുതിയ വിഭാഗം സോഷ്യലിസത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുമെന്ന് അദ്ദേഹം വിഭാവനം ചെയ്തിരുന്നു.

19-ാംനൂറ്റാണ്ടിലെ ബംഗാൾ നവോത്ഥാനത്തിന്റെ അത്യുന്നതനേതാവായിരുന്നു സ്വാമി വിവേകാനന്ദൻ. പ്രസ്തുത നവോത്ഥാനത്തിനു നേതൃത്വം നല്കിയിരുന്ന മറ്റു ചിലരും സോഷ്യലിസത്തെക്കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അവരാരും സ്വാമി വിവേകാനന്ദൻ പറഞ്ഞ അത്രയും വ്യക്തമായും ശക്തമായും സോഷ്യലിസ്റ്റ്, സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് നരിഹരി കബിരാജ് നിരീക്ഷിച്ചു. സോഷ്യലിസ്റ്റാശയങ്ങളിൽ നിലയുറപ്പിച്ചുകൊണ്ട് വിവേകാനന്ദൻ ബംഗാൾ നവോത്ഥാനത്തിന് ഒരു പുതിയ മാനം നല്കി എന്നതാണ് വസ്തുത.

ഇപ്പോൾ വൈശ്യന്മാരുടെയും ക്ഷത്രിയന്മാരുടെയും ഗുണവിശേഷങ്ങൾ സ്വാംശീകരിച്ചാണ് ശൂദ്രന്മാർ മുന്നേറുന്നതെങ്കിൽ, താമസിയാതെതന്നെ എല്ലാ നാടുകളിലും അവർ തങ്ങളുടെ അധീശാധികാരം സ്ഥാപിക്കും. പാശ്ചാത്യരാജ്യങ്ങളിൽ ഈ നവശക്തി ഉദയംചെയ്തുകഴിഞ്ഞു. ഈ പുത്തൻ പ്രതിഭാസത്തെക്കുറിച്ച് ബുദ്ധിജീവികൾക്കു പ്രതികരിക്കാൻ കഴിയുന്നില്ല. സോഷ്യലിസം, അരാജകത്വവാദം, ശൂന്യതാവാദം തുടങ്ങിയവ പുതിയ സാമൂഹികവിപത്തിന്റെ ചാലകശക്തികളാണ്. അനന്തകാലംതൊട്ടുതന്നെ ശൂദ്രന്മാർ ഒന്നുകിൽ ഉയർന്ന ജാതിക്കാരുടെ പാദസേവ ചെയ്യുന്നവരാണ്; അല്ലെങ്കിൽ ക്രൂരമൃഗങ്ങളെപ്പോലെ നിഷ്ഠുരരാണ്. എല്ലാ കാലത്തും അവരുടെ പ്രതീക്ഷകളും ആശയാഭിലാഷങ്ങളും അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ദൃഢലക്ഷ്യങ്ങളും കർമനൈരന്തര്യവും അവർക്കില്ലാതെപോയി. വിവേകാനന്ദൻ നിരീക്ഷിച്ചു. (Complete Works of Swami Vivekananda).

പ്രതീക്ഷയും ലോകനീതിയും

ജീവിതത്തിലെ സംഘർഷഭരിതമായ സമസ്യകൾ മനുഷ്യനെ നിരന്തരം വേട്ടയാടുമ്പോഴും അവനെ മുന്നോട്ടു നയിക്കുന്നത് അന്തമില്ലാത്ത പ്രതീക്ഷകളാണെന്ന് സ്വാമി വിവേകാനന്ദൻ തന്റെ ഉദ്‌ബോധനങ്ങളിൽ ആവർത്തിച്ചു പറയുമായിരുന്നു. ഒരു ഉദാഹരണം: പണ്ടുപണ്ട് ഇന്ത്യയിലൊരിടത്ത് മഹാനായൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം തന്റെ രാജസദസ്സിലെ പണ്ഡിതരോട് ഒരു ചോദ്യം ചോദിച്ചു. ലോകത്തിലെ ഏറ്റവും അദ്ഭുതകരമായ കാര്യമെന്താണ് എന്നായിരുന്നു ചോദ്യം. അല്പനേരത്തെ ഇടവേളയ്ക്കുശേഷം ഉത്തരം വന്നു: 'പ്രതീക്ഷ'. എന്തുകൊണ്ട് എന്ന രാജാവിന്റെ ചോദ്യത്തിനു പണ്ഡിതൻ നല്കിയ മറുപടി ഓരോ മനുഷ്യനും അടുത്ത നിമിഷം, അല്ലെങ്കിൽ അടുത്ത മണിക്കൂറിൽ, അതുമല്ലെങ്കിൽ അടുത്ത ദിവസം, കുറെക്കൂടി വിശാലമായി പറഞ്ഞാൽ ഭാവിയിൽ നല്ലതെന്തോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീക്ഷയിലാണ് ജീവിക്കുന്നത് എന്നായിരുന്നു.

യഥാർഥത്തിൽ ലോകത്ത് ഒരാളും പരിപൂർണമായി സന്തോഷവാനല്ല. എന്തെങ്കിലും അസ്വസ്ഥത മനുഷ്യനെ പിന്തുടർന്നുകൊണ്ടേയിരിക്കും. മഹാധനികനും പ്രതാപിയുമൊക്കെ ആയിരിക്കാം. എന്നാൽ അയാൾക്കു ദഹനക്കേടാണെങ്കിൽ, തൃപ്തിയോടെയും സമാധാനത്തോടെയും ആഹാരം കഴിക്കാനാകുമോ? വളരെ സ്വാദിഷ്ഠമായ എന്തുതരം ഭക്ഷണപദാർഥവും അയാൾ വിരലൊന്നു ഞൊടിച്ചാൽ മുന്നിലെത്തും. എന്തു കാര്യം? അവയെ ആർത്തിയോടെ നോക്കിയിരുന്ന് ഉമിനീരിറക്കാനേ അയാൾക്കു യോഗമുള്ളൂ. അതേസമയം, നല്ല ആരോഗ്യവും ദഹനശക്തിയുമുള്ള മറ്റൊരാൾക്കു കടുത്ത ദാരിദ്ര്യം കാരണം ഒന്നുംതന്നെ വാങ്ങി ഭക്ഷിക്കാനാവുന്നില്ല. ആ മഹാദരിദ്രന് വിശപ്പു സഹിച്ച് മുണ്ടുമുറുക്കിയുടുത്തു കഴിയുകയേ നിവൃത്തിയുള്ളൂ. ഒരാൾ വലിയ ധനികനാകാം. പക്ഷേ, ലാളിക്കാൻ ഒരു കുഞ്ഞു ജനിക്കുന്നില്ല. അനന്തമായ തന്റെ സ്വത്തുക്കൾക്ക് അനന്തരാവകാശിയില്ലല്ലോ എന്ന ചിന്ത അയാളെ സദാസമയവും വേട്ടയാടുന്നു. അതേസമയം കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന മറ്റൊരാൾക്കു മക്കളായി ഒരു കുട്ടിപ്പട്ടാളംതന്നെയുണ്ട്. അയാളും ഭാര്യയും വിശപ്പു സഹിക്കുന്നു; മക്കളുടെ കാര്യവും തഥൈവ. എങ്ങനെ മനസ്സമാധാനമുണ്ടാകും അയാൾക്ക്?

ഇതാണ് പക്ഷേ, ലോകനീതി. സന്തോഷവും സന്താപവും ജീവിതമെന്ന നാണയത്തിന്റെ രണ്ടു വശങ്ങളാണ്. സന്തോഷമനുഭവിക്കുന്നവൻ ദുരിതങ്ങളേറ്റുവാങ്ങാനും സന്നദ്ധനാകണം. സമൃദ്ധിയല്ലാതെ ഒരിക്കലും ഇല്ലായ്മ ജീവിതത്തിലുണ്ടാകുമെന്നു കരുതുന്നത് ഭോഷത്തമാണെന്ന് കൂടുതൽ ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ട് സ്വാമി വിവേകാനന്ദൻ സമർഥിച്ചു. സാമ്പത്തിക ഉച്ചനീചത്വങ്ങൾക്കു തടയിടാതെ ജനങ്ങൾക്കിടയിൽ സ്ഥിതിസമത്വമുണ്ടാവില്ല. അവസരസമത്വമില്ലാത്ത സമൂഹത്തിൽ നീതി നിലനില്ക്കില്ല. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വം നിയന്ത്രിച്ചാൽ മാത്രമേ ജനങ്ങളിൽ ശുഭപ്രതീക്ഷ അങ്കുരിക്കുകയുള്ളൂ എന്നായിരുന്നു സ്വാമിജിയുടെ നിഗമനം.