ലാളിത്യവും ത്യാഗവും മുഖമുദ്രയാക്കി ശ്രീനാരായണധർമം ജീവിതത്തിൽ പകർത്തുകയും പ്രചരിപ്പിക്കുകയുംചെയ്ത കർമയോഗിയായിരുന്നു സ്വാമി പ്രകാശാനന്ദ. ശിവഗിരി മഠത്തിനായി കർക്കശനിലപാടുകൾ സ്വീകരിക്കുമ്പോഴും എതിർക്കുന്നവരോടുപോലും സ്നേഹത്തോടെയും സൗഹാർദത്തോടെയുമാണ് സ്വാമി പെരുമാറിയത്‌. ശിവഗിരിയുമായി ബന്ധപ്പെട്ട് ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുമ്പോഴും ശക്തമായ നിലപാടുകളാണ് സ്വാമി സ്വീകരിച്ചത്. ആലോചിച്ച് തീരുമാനങ്ങളെടുക്കുകയും സമ്മർദങ്ങൾക്കുവഴങ്ങാതെ അതിൽ ഉറച്ചുനിൽക്കുന്നതുമാണ് സ്വാമിയുടെ രീതി. 
ആരൊക്കെ തന്റെയൊപ്പമുണ്ട് എന്നതൊന്നും സ്വാമി കാര്യമാക്കിയിരുന്നില്ല. ശിവഗിരിയുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിലുൾപ്പെടെനടന്ന സമരങ്ങളിൽ ഏവരും അത് അനുഭവിച്ചറിഞ്ഞതാണ്.
വാചാലമായ മൗനം
1987-ലാണ് പ്രകാശാനന്ദസ്വാമിയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം മൗനവ്രതത്തിലായിരുന്നു. ചിരിമാത്രമാണ് പങ്കുെവച്ചിരുന്നത്. 1995-ൽ സ്വാമി ധർമസംഘം പ്രസിഡന്റായപ്പോൾ ഭരണപരമായ കാര്യങ്ങളിൽ സഹായിക്കാൻ കഴിഞ്ഞതോടെയാണ് കൂടുതൽ അടുത്തത്. കാലാവധി തികയുംമുമ്പ് ശിവഗിരി ഭരണം സർക്കാർ ഏറ്റെടുത്തതോടെ സ്വാമി സമരമുഖം തുറക്കുകയായിരുന്നു. ഭരണം സന്ന്യാസിമാരെ തിരിച്ചേൽപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാമിയുടെ നേതൃത്വത്തിൽകൂർക്കഞ്ചേരിയിൽനിന്ന്‌ തലസ്ഥാനത്തേക്ക് പദയാത്ര നടത്തി. ഭരണം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ മരണംവരെ സെക്രട്ടേറിയറ്റിനുമുന്നിൽ ഉപവാസംനടത്തുമെന്ന ഉദ്ഘാടനവേദിയിലെ സ്വാമിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് കേരളം കേട്ടത്. ഒപ്പമുണ്ടായിരുന്ന സന്ന്യാസിമാരെപ്പോലും അമ്പരപ്പിച്ചായിരുന്നു ആ തീരുമാനം. ജനശ്രദ്ധയാകർഷിച്ച സ്വാമിയുടെ സമരത്തിനും തുടർന്നുള്ള കേസ് നടത്തിപ്പിനും എല്ലാ പിന്തുണയുമായി കൂടെയുണ്ടാകാൻ എനിക്ക് സാധിച്ചു.
 ദൃഢചിത്തൻ
2006-ൽ വീണ്ടും പ്രസിഡന്റായപ്പോൾ സ്വാമി പ്രകാശാനന്ദയാണ് ജനറൽസെക്രട്ടറിയായി ഋതംഭരാനന്ദ സ്വാമി വേണമെന്ന് നിർദേശിച്ചത്. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. തുടർന്ന് പത്തു വർഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. സ്വാമിയെ കർക്കശക്കാരനായാണ് കണക്കാക്കുന്നതെങ്കിലും എന്നോട് ഒരു കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടായിട്ടില്ല. ശിവഗിരിയുടെ നന്മയ്ക്കും വികസനത്തിനും പൂർണപിന്തുണയാണ് സ്വാമി എപ്പോഴും തന്നത്. സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്താണ് ശിവഗിരി തീർഥാടന പ്ലാറ്റിനം ജൂബിലി, ശാരദാപ്രതിഷ്ഠയുടെ നൂറാംവാർഷികം, ദൈവദശകരചനാശതാബ്ദി തുടങ്ങിയ ലോകശ്രദ്ധനേടിയ പരിപാടികൾ നടന്നത്. 
 ലാളിത്യം മുഖമുദ്ര
ലാളിത്യമായിരുന്നു സ്വാമിയുടെ മുഖമുദ്ര. വസ്ത്രം അലക്കുന്നതുമുതലുള്ള കാര്യങ്ങളെല്ലാം സ്വന്തമായാണ് ചെയ്തിരുന്നത്. വാർധക്യസഹജമായ അസുഖങ്ങൾ വരുന്നതുവരെ ദൈനംദിനകാര്യങ്ങളിൽ സ്വയംപര്യാപ്തനായിരുന്നു. 2006-ൽ പ്രസിഡന്റായപ്പോൾ കാർ വാങ്ങാമെന്ന് പറഞ്ഞെങ്കിലും വഴങ്ങിയില്ല. 2010-ൽ കാർ വാങ്ങുമ്പോഴും അദ്ദേഹത്തിന് പൂർണസമ്മതമില്ലായിരുന്നു. ദക്ഷിണകിട്ടിയാൽ സ്വാമി വാങ്ങിക്കൊണ്ടുപോകുമായിരുന്നു. എന്നാൽ, ശിവഗിരിയുടെ ഏതെങ്കിലും പദ്ധതിവരുമ്പോൾ, ചേർത്തുെവച്ച ദക്ഷിണയെല്ലാം അതിന്‌ വിനിയോഗിക്കാനായി നൽകും. ധർമസംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെങ്കിലും സ്വാമി ആരോടും വോട്ടുചോദിക്കുകയോ ആർക്കെങ്കിലും വോട്ടുചെയ്യണമെന്ന് അഭ്യർഥിക്കുകയോ ചെയ്യാറില്ല. അതൊരു മാതൃകയാണ്. ഏഴരപ്പതിറ്റാണ്ടോളം സ്വാമി ശിവഗിരിക്കായി നിസ്വാർഥമായി പ്രവർത്തിച്ചു. എല്ലാകാര്യത്തിലും സ്വാമിക്കൊപ്പം ഒന്നിച്ചുപ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നു.

ശ്രീനാരായണ ധർമസംഘം 
ട്രസ്റ്റ് മുൻ ജനറൽസെക്രട്ടറിയാണ് 
ലേഖകൻ