? അയോധ്യ വിഷയത്തിൽ പരിഹാരം കാണാൻ മധ്യസ്ഥത വഹിച്ചിരുന്നല്ലോ. ഏതുസാഹചര്യത്തിലാണ് അന്ന് ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായത്

= പ്രയാസം അനുഭവിക്കുന്നവർ എവിടെയുണ്ടെങ്കിലും അവരുടെ വേദന ഉൾക്കൊള്ളാൻ ഞാനുണ്ടാവും. 2001-ൽ ദാവോസിൽനിന്ന് മടങ്ങിയെത്തിയ ഉടനെ  അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി അയോധ്യ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തർക്കവിഷയത്തിലെ ഇരുകക്ഷികളുമായി സംസാരിച്ച് 2003-ൽ ഒരു പരിഹാരനിർദേശം മുന്നോട്ടുവെച്ചു. ഭൂരിപക്ഷം പേരും ഇത് അംഗീകരിച്ചു. തർക്കം പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ചെറിയൊരുവിഭാഗം ഇരുപക്ഷത്തും ഉണ്ടായിരുന്നു.  അവരൊഴിച്ച് എല്ലാവർക്കും ആ നിർദേശം സ്വീകാര്യമായി. 16 വർഷത്തിനുശേഷം ഇതേ നിർദേശം സുപ്രീംകോടതി അംഗീകരിച്ചു എന്നതിൽ സന്തോഷവും ചാരിതാർഥ്യവുമുണ്ട്.

?  എന്തായിരുന്നു അന്ന് മുന്നോട്ടുവെച്ച നിർദേശം

=  തർക്കത്തിൽ കക്ഷികളായ 1200 മുസ്‌ലിം സ്ഥാപനങ്ങളെയും 500-ലേറെ ഇമാമുമാരെയും കണ്ട് അന്ന് സംസാരിച്ചു. ഇരുവിഭാഗത്തിനും സ്വീകാര്യമായ ഫോർമുലയാണ് മുന്നോട്ടുവെച്ചത്. പ്രശ്നപരിഹാരത്തിന് വഴിതെളിയുമെന്ന്  സുന്നി വഖഫ് ബോർഡിന് ബോധ്യമായി. ഞങ്ങൾക്ക് ഒരവസരം നൽകണമെന്ന് ആവർ ആവശ്യപ്പെട്ടു. ഞങ്ങൾ സമർപ്പിച്ച റിപ്പോർട്ടാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധിയുടെ ആധാരം. ഇരുഭാഗത്തിന്റെയും നിലപാടറിയാൻ കോടതിക്ക് ഇത് സഹായകരമായി.

?  പൗരത്വനിയമഭേദഗതി വിഷയത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമായിട്ടുണ്ടല്ലോ. അയോധ്യ തർക്കം പരിഹരിക്കുന്നതിന് വേദനയോടെയെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായ മുസ്‌ലിം സമുദായത്തെ വീണ്ടും പ്രയാസപ്പെടുത്തുന്നതല്ലേ ഈ ഭേദഗതി.

=  മുസ്‌ലിം വിഭാഗത്തിൽ  ഭയവും തെറ്റിദ്ധാരണയും ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ സംസാരിക്കണം. ഒപ്പം ആളുകൾ ഊഹാപോഹത്തിൽ വിണുപോവുന്നതും ശ്രദ്ധിക്കണം. ചിലർക്ക്  സംഘർഷം ഒരു കറവപ്പശുവാണ്. ഇത്തരം  സംഘർഷങ്ങൾ രാഷ്ട്രീയനേട്ടങ്ങൾക്കുള്ള കുറുക്കുവഴിയായി ഇവർ കാണും. താത്‌കാലിക നേട്ടങ്ങൾക്കായി രാജ്യത്തിന്റെ അഭിവൃദ്ധിയാണ് ഇല്ലാതാക്കുന്നത്. സമാധാനപരമായിവേണം സമരം ചെയ്യാൻ. എല്ലാ പ്രക്ഷോഭങ്ങളിലും  പരിഹാരത്തിനുള്ള ഒരു മാർഗം തെളിയണം.

?  പൗരത്വനിയമഭേദഗതിയോട് ശ്രീശ്രീയുടെ നിലപാട് എന്താണ്

=  അഭയാർഥികളായി എത്തുന്നവരെ കരുണയോടെ ഏറ്റെടുക്കുന്നതിൽ തെറ്റില്ല. ശ്രീലങ്കൻ അഭയാർഥികൾക്കും  പൗരത്വം നൽകണമെന്നാണ് എന്റെ ആവശ്യം. 38 വർഷംമുമ്പ്‌ ശ്രീലങ്കയിൽനിന്ന് കുടിയേറിയവർ കാനഡയിലും യു.കെ.യിലും മൂന്നു വർഷത്തിനകം പൗരത്വം നേടി. പക്ഷേ, ഇന്ത്യയിൽവന്നവർക്ക് 38 വർഷം കഴിഞ്ഞിട്ടും പൗരത്വം നൽകിയില്ല. അഭയാർഥികളായി എത്തിയ ഇവർക്കും, ഇവരുടെ കുട്ടികൾക്കും ഇവിടെ ജോലിചെയ്യാൻ കഴിയുന്നില്ല. മനുഷ്യത്വപരമായി ഇവരുടെ പ്രശ്നം കാണണം. ജൂതൻമാർക്ക്  കൊച്ചിമഹാരാജാവും  പാഴ്‌സികൾക്ക്  ഗുജറാത്തും മുമ്പ്‌ അഭയം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ പൗരത്വനിയമ ഭേദഗതി ഈ മുൻനടപടികളിൽനിന്നുള്ള പുതിയൊരു കാൽവെപ്പായി കണ്ടാൽമതി.

?  ശ്രീലങ്കൻ അഭയാർഥിപ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ടോ

=  ശ്രീലങ്കൻ അഭയാർഥികൾക്ക് പൗരത്വം നൽകണമെന്നാവശ്യപ്പെട്ട് ഒരു കോടി ആളുകളുടെ ഒപ്പുശേഖരിച്ച്  അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനെ കണ്ടിരുന്നു. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങിനെ കണ്ട് ഇക്കാര്യം ധരിപ്പിച്ചിരുന്നു. പൗരത്വനിയമം ഭേദഗതിചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് അന്ന് മൻമോഹൻസിങ്‌ ഉറപ്പുനൽകിയിരുന്നു.

?  പൗരത്വനിയമഭേദഗതിയിൽ എന്തു പരിഹാരമാണ് നിർദേശിക്കാനുള്ളത്

 =  തികഞ്ഞ ശാന്തതയോടെ ഭരണകൂടം  പ്രതിഷേധക്കാർക്ക് പറയാനുള്ളത് കേൾക്കണം. നിഷേധനിലപാടുമായി പ്രതിഷേധക്കാരും മുന്നോട്ടുപോവരുത്. 52 വർഷം നീണ്ട കൊളംബിയയുടെ പ്രശ്നത്തിന് സമാധാനപരമായി കരാർ ഉണ്ടാക്കിയെങ്കിലും കിംവദന്തി പരത്തി ആളുകൾ കരാറിനെ തകർത്തു. അതുകൊണ്ട് ഭേദഗതിയുടെ നേട്ടം ജനങ്ങളെ പറഞ്ഞുമനസ്സിലാക്കാൻ സർക്കാരിന് കഴിയണം.  എവിടെയെങ്കിലും തിരുത്തൽ വേണമെങ്കിൽ അതിന് തയ്യാറാവണം. എന്നിട്ടും പ്രശ്നത്തിന് പരിഹാരമാവുന്നില്ലെങ്കിൽ  കോടതിയെ സമീപിക്കാം. ശബരിമല വിഷയത്തിൽ കേരളം കാണിച്ചുതന്ന ഉജ്ജ്വലമാതൃക നമുക്കുമുന്നിലുണ്ട്. യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിക്കെതിരേ പ്രതിഷേധം ശക്തമായി. കോടതിയിൽ അപ്പീൽ സമർപ്പിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടായി. ജീവനും സ്വത്തും സംരക്ഷിച്ചുകൊണ്ടുവേണം പരിഷ്കൃതസമൂഹം പ്രക്ഷോഭം നടത്താൻ. വികാരപരമായല്ല വസ്തുനിഷ്ഠമായാണ് പ്രശ്നത്തെ സമീപിക്കേണ്ടത്.

? അസമിൽ 19 ലക്ഷം പേർക്ക് പൗരത്വം നഷ്ടപ്പെടുന്ന സാഹചര്യം പൗരത്വനിയമം നടപ്പാക്കുന്നതിലെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ.

 =   ഇത്തരം പ്രായോഗികമായ പ്രശ്നങ്ങൾ പരിഹരിക്കാൻ  ഗ്രീവൻസ് സെല്ലുകൾ വേണം. പുതിയ പരിഷ്‌കാരം നാട്ടിൽ കൊണ്ടുവരുമ്പോൾ അതിൽ കുറെ പോരായ്മകൾ ഉണ്ടാവും. ഇതു പറയാൻ ജനങ്ങൾക്ക് വേദിവേണം. ഗ്രീവൻസ് സെല്ലുകൾ ഇത്തരം പരാതികളിൽ മാനുഷികമായി ഇടപെട്ട് തീർപ്പുകല്പിക്കണം. ഇന്ത്യയ്ക്ക് അതിനുള്ള  മെക്കാനിസമുണ്ട്.

? പൗരത്വനിയമഭേദഗതിയിൽ ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാൻ നേരിട്ടിടപെടുമോ

 =  ഈ വിഷയം രാഷ്ട്രീയത്തിനപ്പുറം ദേശീയപ്രശ്നമായി കാണണം. രാഷ്ട്രീയനേതാക്കൾ ഇക്കാര്യത്തിൽ നിലപാട് പറയുമ്പോൾ അതിനെ രാഷ്ട്രീയകോണിൽക്കൂടി മാത്രമേ വിലയിരുത്തപ്പെടുകയുള്ളൂ. വിദ്യാഭ്യാസപണ്ഡിതർ, പൊതുസമൂഹത്തിലെ പ്രമുഖർ, വിശ്വാസ്യതയുള്ള  പൗരപ്രമുഖർ  എന്നിവർക്കെല്ലാം നാട്ടുകാരെ ബോധവത്‌കരിക്കുന്നതിൽ പാലമായി പ്രവർത്തിക്കാൻ കഴിയും. സർക്കാരുമായും ഈ വിഷയത്തിൽ ആശങ്കയുള്ളവരുമായും  ഇവർ സംസാരിക്കണം. ഭേദഗതിയിൽ തെറ്റില്ലെങ്കിൽ അത് ജനങ്ങളെ ഇവർ ബോധ്യപ്പെടുത്തണം.

?  ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സിന് കോട്ടംതട്ടാൻ പുതിയ സംഭവങ്ങൾ കാരണമായി എന്ന് കരുതുന്നുണ്ടോ

=  ലോകരാജ്യങ്ങളിൽ അഭിപ്രായം മാറിമറയും. പീഡനം, മോഷണം തുടങ്ങിയവ മാത്രമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന മാധ്യമവാർത്തകൾ  ചിലപ്പോൾ യശസ്സിന് കോട്ടം സൃഷ്ടിച്ചിരിക്കാം.   വിദേശികൾ വരാൻ ഭയക്കുന്നവിധത്തിൽ ഇവിടെ സ്ത്രീകൾ പ്രയാസം നേരിടുന്നില്ലെന്ന വസ്തുത ഇവിടെക്കഴിയുന്ന നമുക്ക് നന്നായി അറിയാം. ന്യൂയോർക്കിലും പീഡനവും മോഷണവും നടക്കുന്നുണ്ട്. പക്ഷേ, അവർതന്നെ അത് പറഞ്ഞുപരത്തുന്നില്ലെന്നു മാത്രം. സാമ്പത്തികമാന്ദ്യവും നേരിടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ഇന്ത്യ ശരിയായ ദിശയിലാണ് മുന്നേറുന്നത്.

?  നമ്മുടെ മതപണ്ഡിതരും ആത്മീയാചാര്യൻമാരും മുമ്പൊന്നും കണ്ടിട്ടില്ലാത്തവിധം രാഷ്ട്രീയത്തിൽ ഇടപെടുകയും  ആത്മീയകാര്യങ്ങളെക്കാൾ രാഷ്ട്രീയം സംസാരിക്കുന്നതായും കണ്ടുവരുന്നു. ഇത് ഗുണകരമാണോ

 =  നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കണമെന്ന് ആർക്കും മതപണ്ഡിതരോട് പറയാൻ കഴിയില്ല. ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരാണ് ഇവർ. വെള്ളപ്പൊക്കം, കുടിവെള്ളക്ഷാമം, സുനാമി, കർഷക ആത്മഹത്യ, സ്ത്രീകൾക്കുനേരെയുള്ള അതിക്രമം  തുടങ്ങിയ വിഷയങ്ങൾ ഉണ്ടാവുമ്പോൾ സ്വാഭാവികമായും ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടിവരും.  ഇങ്ങനെയുള്ള ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുന്നവർക്ക് മതപണ്ഡിതരുടെ വാക്കുകൾ പലപ്പോഴും സമാധാനം നൽകും. നല്ലരീതിയിൽ ഈവക കാര്യങ്ങൾ  മതനേതാക്കൾ പറയുന്നതും അതിന് പരിഹാരം നിർദേശിക്കുന്നതും തെറ്റല്ല.

? അടുത്തിടെനടന്ന സമരങ്ങളിലെല്ലാം യുവാക്കളുടെ പങ്കാളിത്തം വർധിച്ചിട്ടുണ്ട്. എന്തായിരിക്കാം ഇതിനു കാരണം.

=  വ്യവസ്ഥിതിയോടുള്ള മടുപ്പും നിരാശയുമാണ് യുവാക്കളെ അസ്വസ്ഥമാക്കുന്നത്. സമൂഹത്തിനുവേണ്ടി എന്തെങ്കിലും നല്ലകാര്യം ചെയ്യണമെന്ന ചിന്ത ഇവരിലുണ്ട്. അതിനുള്ള ദിശ അവർക്ക് പകർന്നുനൽകണം. സമൂഹവിരുദ്ധശക്തികൾ ഇവരെ തെറ്റായവഴിയിലേക്ക് തള്ളിവിടുന്നത് കരുതിയിരിക്കണം.

? യുവാക്കൾക്ക് ദിശാബോധം പകരാൻ ആർട്ട് ഓഫ് ലിവിങ്‌ എന്തെങ്കിലും മുൻകൈയെടുക്കുമോ

 =  മുഖ്യധാരയിൽനിന്ന് വഴിതെറ്റിയ ബിഹാറിലെ സി.പി.ഐ.എം.എൽ., രൺവീർസേന തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ആയിരക്കണക്കിന് ചെറുപ്പകാരുടെ  കാഴ്ചപ്പാടിൽ മാറ്റംവരുത്താൻ ആർട്ട് ഓഫ് ലിവിങ്ങിന് സാധിച്ചു. ജാർഖണ്ഡ്‌, ബിഹാർ മേഖലയിലെ 1100 ചെറുപ്പക്കാർ ആയുധം താഴെവെച്ചു. ഇവർക്കായി റീഹാബിലിറ്റേഷൻ കോഴ്‌സ് തുടങ്ങി. നീതിലഭിച്ചില്ലെന്ന ചിന്തയിലാണ് ഇവർ വഴിതെറ്റിപ്പോയത്. അവരുമായി സംസാരിച്ച് മനസ്സിലെ മുറിവുണക്കിയപ്പോൾ അവർ നല്ല വ്യക്തികളായിമാറി. സിറിയയിൽ 30,000 കുട്ടികളെ  ആർട്ട് ഓഫ് ലിവിങ്‌ ദത്തെടുത്തു. ഈ പദ്ധതിയെ യൂറോപ്യൻ യൂണിയൻ പ്രശംസിച്ചിട്ടുണ്ട്. വെനസ്വേല, കൊളംബിയ, ചിലി, എൽസാൽവഡോർ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിലും സേവനപ്രവർത്തനങ്ങളിൽ ഇടപെടുന്നുണ്ട്.

? അയോധ്യയ്ക്കുശേഷം കാശി, മഥുര തുടങ്ങിയ  സ്ഥലങ്ങളിൽ പുതിയ തർക്കങ്ങൾ രൂപപ്പെടുന്നുണ്ടോ

=  നമ്മുടെ ജുഡീഷ്യൽ സംവിധാനം വളരെ ശക്തമാണ്. 1991-ൽ നിലവിൽവന്ന ആക്ടുപ്രകാരം  അയോധ്യ ഒഴികെ തർക്കമുള്ള എല്ലാ ആരാധനാലയങ്ങളിലും സ്റ്റാറ്റസ് കോ നിലനിൽക്കുന്നുണ്ട്. ആ കോടതിവിധി ഇതുവരെ ആരും ചോദ്യംചെയ്തിട്ടില്ല. അതുകൊണ്ട് കാശിയിലും മഥുരയിലും ഒന്നും സംഭവിക്കില്ല.

Content HIghlights:  Sri Sri Ravi Shankar talking about India's current situation