ഇന്ന്‌ ശ്രീനാരായണ ഗുരു ജയന്തി

രണ്ടുവർഷമായി ശ്രീനാരായണ ഗുരുദേവ വിശ്വാസികളും ഭക്തരും സാധകരും പ്രസ്ഥാനങ്ങളും ഗുരുവിന്റെ ജന്മദിനം ആഘോഷിക്കാൻ പറ്റാത്തതിന്റെ മനോവിഷമത്തിലാണ്. തങ്ങളുടെ കാണപ്പെട്ട ദൈവത്തിന്റെ ജന്മദിനം ആഘോഷിക്കാതെ പോകുന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ഇന്നും പൂർണമായും പിടികിട്ടാത്ത ഒരു പ്രതിഭാസമായിട്ടാണ് ഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും ലോകം കാണുന്നത്. ഗുരു ലോകത്തിന് നൽകിയ അവസാന ഉപദേശങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ശുചിത്വവും ശാസ്ത്രസാങ്കേതികവിദ്യയും. ജഗത് മിഥ്യയെന്ന് പറയുന്ന ഋഷിമാരിൽപ്പെട്ട ഗുരു ശാസ്ത്രസാങ്കേതിക വിദ്യയെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും വേണമെന്ന ദീർഘവീക്ഷണമാണ് പങ്കുവെച്ചത്. അതിന്റെ ഭാഗമായാണ് മനുഷ്യൻ  ശരീരം, ഇന്ദ്രിയം, വാക്ക്, ഗൃഹം, മനസ്സ് എന്നിവയിൽ ശുചിത്വം അനുഷ്ഠിക്കാനും പരമാവധി ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ വിശാലമായ കാഴ്ചപ്പാട് ഉണ്ടാക്കാനും ഈ ശാസ്ത്രം മനുഷ്യനും പ്രകൃതിക്കും ദോഷകരമല്ലാത്ത രീതിയിൽ ഉപയോഗിക്കാനും ഉപദേശിച്ചത്. 

ഇത് പ്രാവർത്തികമാക്കാത്തതിന്റെ ദുരന്തമാണ് നാം ഇന്ന്  അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വാർഥതകൊണ്ട് ശുചിത്വം ശരിയായ രീതിയിൽ പാലിക്കാൻ നമുക്ക് കഴിഞ്ഞില്ല. ശാസ്ത്രസാങ്കേതികവിദ്യയും സ്വാർഥപൂരണത്തിനുവേണ്ടി ഉപയോഗിക്കുന്നു. ഹൃദയത്തിൽ ഉയരേണ്ട സ്നേഹം, കാരുണ്യം, ദയ, ദാനം, നിസ്വാർഥത തുടങ്ങിയ മൂല്യങ്ങൾ പോയിമറയുന്നു. 
മാറുന്ന സമൂഹത്തിന് മാറാത്ത മൂല്യങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് മുന്നേറുക എന്നതാണ് ഗുരുവിന്റെ കാഴ്ചപ്പാട്. ഗുരുവിന്റെ ബാല്യംമുതൽ സമാധിവരെ നാം പരിശോധിച്ചാൽ ഇത്  മനസ്സിലാക്കാം. മാറ്റേണ്ട സാമൂഹിക അസമത്വങ്ങളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും സമൂഹത്തിൽനിന്ന് വേരോടെ പിഴുതുമാറ്റാൻ, മാറാത്ത മൂല്യത്തെ കണ്ടെത്തുന്നതിന് ശരിയായ വിദ്യാഭ്യാസത്തിലൂടെമാത്രമേ സാധ്യമാകൂ എന്ന് ഗുരു മാനവരാശിയെ ഓർമപ്പെടുത്തുന്നു. ‘അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരനും സുഖത്തിനായ് വരേണ’മെന്ന ഗുരുവാണി ഇവിടെ അന്വർഥമാവുകയാണ്. 

വിവാഹത്തിന് സ്ത്രീധനംവാങ്ങുന്നതും കൊടുക്കുന്നതും കുട്ടികളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതുപോലെയെന്ന് ഗുരു നമ്മെ ഉപദേശിച്ചിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞില്ലേ? ഇതെല്ലാം  വെറും ഉപദേശത്തിനുവേണ്ടിയാണോ? തമസ്സിലും രജസ്സിലുംപെട്ട ബധിരകർണങ്ങളിലല്ലേ ഇതെല്ലാം ചെന്നുപെട്ടത്. എത്രയോ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. കേരളം വിദ്യാഭ്യാസത്തിലൊന്നാമതെന്ന് പറയുമ്പോൾ,   സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകം ഉൾപ്പെടെയുള്ള ക്രൂരതകൾക്ക് ആരാണ് ഉത്തരവാദികൾ. വിദ്യാസമ്പന്നരായ നമ്മളിൽനിന്ന് തുടങ്ങണം വ്യക്തിത്വവികാസം. 

‘മനമലർകൊയ്തു മഹേശപൂജചെയ്യും 
മനുജനു മറ്റൊരു വേലചെയ്തിടേണ്ട  
വനമലർകൊയ്ത് മതല്ലയായ്കിൽ മായാ 
മനുവുരുവിട്ടുമിരിക്കിൽ മായമാറും’

എന്ന ആത്മോപദേശ ശതകത്തിലെ 29-ാമ ത്തെ ശ്ലോകം മനനംചെയ്താലും മനുജന് ഈ സംസാരസമുദ്രത്തിൽനിന്ന് എന്നെന്നേയ്ക്കുമായി മുക്തനാകാൻ സാധിക്കുമെന്ന് സ്നേഹാർദ്രമായി പരമഗുരു നമ്മെ ഓർമപ്പെടുത്തുകയാണ്. ഇവിടെ ചിലർക്ക് ഒരു തെറ്റായ ധാരണയുണ്ട്. അതായത്, ഒരു ദേവതാ ഉപാസനയാണ്  ഗുരു സൂചിപ്പിക്കുന്നതെന്ന്. അല്ല.  മഹേശപൂജ  എന്നുള്ളത് ബാഹ്യപൂജയല്ല. മറിച്ച്, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്, പരിപാലിച്ച് സംഹരിച്ചുപോരുന്ന പരംപൊരുളാണ് അല്ലെങ്കിൽ ദൈവദശകത്തിൽ ഗുരു പറയുന്ന ദൈവമാണ്. മനസ്സാകുന്ന പുഷ്പത്തെ അറുത്തെടുക്കാൻ പറയുമ്പോൾ, മനസ്സിന്റെ മലിനമായതിനെയെല്ലാം അറുത്ത് മാറ്റുകയെന്നാണ്.  മനസ്സിന്റെ മാലിന്യം എന്നത് കാമക്രോധലോഭ മോഹമദമാത്സര്യങ്ങളാണ്. ഇതിനെ വേരോടെ പിഴുതുമാറ്റുക എന്ന ശ്രമകരമായ ജോലിയാണ് നമ്മുടെ ഓരോരുത്തരുടെയും മുമ്പിലുള്ളത്. 

മനുജൻ അവനവന്റെ ഉള്ളിലേക്ക്‌ നോക്കാൻ ഭയപ്പെടുന്നു. ഭയം ഒരു വ്യക്തിയെ അരുതാത്തതെല്ലാം ചെയ്യിക്കുന്നു. വ്യക്തിയുടെ ഭയത്തെ മൂടിവെക്കാൻ അയാൾക്ക് അധികാരം അനിവാര്യമാണ്. ബുദ്ധി ഉപയോഗിച്ച്  മറ്റുള്ളവരുടെ മൃദുലവികാര വിചാരങ്ങളെ ഉദ്ദീപിപ്പിച്ച് തൻകാര്യം കാണുന്ന പ്രക്രിയയാണ് എവിടെയും നടമാടുന്നത്. ഇത് പൊതുജനം ഒരിക്കലും  തിരിച്ചറിയാൻ പോകുന്നില്ല. അണികൾക്ക് മദ്യവും മാംസവും പാരിതോഷികങ്ങളും  കൊടുത്ത് താത്കാലിക തൃപ്തിവരുത്തി നിലനിർത്താൻ തലപ്പത്ത് വരുന്നവർക്ക്  അതിയായ കൗശലം ഉണ്ടായിരിക്കും. 
ഗുരുവിന്റെ കാലഘട്ടത്തിൽ ഇത്തരം കൗശലക്കാർ ജാതിയുടെ പേരുംപറഞ്ഞ് ഭൂരിഭാഗംവരുന്ന ജനതയെ വിദ്യാഭ്യാസംനൽകാതെ അലിഖിതനിയമങ്ങളുണ്ടാക്കി മൃഗങ്ങളെക്കാൾ മോശമായ അവസ്ഥയിലേക്ക്‌ അവരെ മാറ്റിയിരുന്നു. അതിനെതിരേ പോരാടാൻ കായികബലമല്ല വേണ്ടത് തപോബലമാണെന്ന തിരിച്ചറിവാണ് ഗുരുവിനെ മരുത്വാമലയിലേക്ക്‌ ആനയിച്ചത്. അവിടെനിന്ന്‌ സമാർജിച്ച ശക്തിയാണ് തമോഗുണത്തിന്റെ ആധിക്യത്തിൽ നരകയാതന അനുഭവിക്കുന്ന മനുജരുടെ നിത്യമോചനത്തിനായി പരമഗുരു ഉപയോഗിച്ചത്. ഇന്നും ജാതിയുടെയും മതത്തിന്റെയും ആന്തരികമായ നീരാളിപ്പിടിത്തത്തിൽനിന്ന്‌ മോചിതരായിട്ടില്ല എന്നുള്ളതിന്റെ അവസാനതെളിവാണ് ഈയിടെ വെളിയിൽവന്ന ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട ജാതിപ്രശ്നങ്ങൾ. 

ഇന്നും മാനസികാടിമത്തം വലിയൊരു ജനവിഭാഗത്തെ വേട്ടയാടുന്നതിന്റെ പ്രധാനകാരണമാണ് ഗുരു പറഞ്ഞ  ‘ഭയം’. ഈ ഭയത്തെ ഒഴിവാക്കാൻ ശരിയായ വിദ്യാഭ്യാസം നേടണം. അന്നന്നത്തെ അപ്പത്തിനുവേണ്ടിയുള്ള വിദ്യകൂടാതെ അവരവരെക്കുറിച്ചുള്ള വിദ്യയും നേടണം. അങ്ങനെ നേടിയാൽമാത്രമേ ഗുരു കാട്ടിത്തന്ന സ്വന്തം നട്ടെല്ലിന്റെ പ്രാധാന്യം മനസ്സിലാക്കി നിവർന്നുനിൽക്കാൻ സാധിക്കൂ.  ഇല്ലെങ്കിൽ എന്നും കുഞ്ഞാടുകളെപ്പോലെ കരഞ്ഞുതീരും ജീവിതം. നമ്മൾ ആട്ടിൻകുട്ടികളല്ല, സിംഹക്കുട്ടികളാണെന്ന ബോധം നമ്മിൽ  ഉണർത്തുന്നതാകട്ടെ  ഗുരുവിന്റെ ജന്മദിനം. ഏവർക്കും ജയന്തിദിനാശംസകൾ.

( ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്‌  ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)