മാനവകുലത്തിന്റെ മഹാഗുരു സമാധിയടഞ്ഞിട്ട്‌ തൊണ്ണൂറാണ്ടാകുന്നു. യോഗികളും ദിവ്യാത്മാക്കളുംമറ്റും പ്രാണത്യാഗം ചെയ്യുന്നതിനെയാണ്‌ സാധാരണ സമാധിയെന്ന്‌ പറയാറുള്ളത്‌. പ്രാണൻ വെടിഞ്ഞുണ്ടാകുന്ന ജഡാവസ്ഥയല്ല, മറിച്ച്‌ സ്വാത്മവൈഭവത്തിന്റെ ജൈവാനുഭൂതിയും ജനിമൃതികൾക്ക്‌ അതീതമായ അവസ്ഥാവിശേഷവുമാണത്‌.
സത്യത്തിന്റെ സാധുതയെ പ്രവർത്തനനിരതമാക്കാനാകാത്ത ഇടം ഈ ലോകത്തിലില്ലെന്ന്‌ സ്വജീവിതംകൊണ്ട്‌ മാനവരാശിയെ ബോധ്യപ്പെടുത്തിയതാണ്‌ ഗുരുദേവന്റെ സവിശേഷത.

പരമ്പരാഗതശൈലിയിൽ ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കാതെ തർക്കവിതർക്കങ്ങളിലേക്ക്‌ ആണ്ടിറങ്ങാതെ അദ്വൈതചിന്തയെ സുലളിതമായും സരളസ്ഫുടമായും സ്വാനുഭൂതിയിൽനിന്നുകൊണ്ട്‌  അദ്ദേഹം അവതരിപ്പിച്ചു.  ഏകത്വം, സ്ഥിതിസമത്വം എന്നിവ ബ്രഹ്മതലത്തിലും നാനാത്വസംബന്ധമായ  വിവേചനങ്ങൾ ഈ ലോകത്തിലും സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള വീക്ഷണവൈകല്യങ്ങളെയെല്ലാം തിരുത്തിക്കുറിച്ചു. 

സമസ്തവും ഒരു അസ്തിത്വത്തിന്റെ പ്രകടനഭേദങ്ങളാകയാൽ അവ പരസ്പരപൂരകവും സാധൂകരണക്ഷമവുമാകേണ്ടതാണെന്ന്‌ സ്ഥാപിക്കുകയും ചെയ്തു.  ഇൗ ആദർശോന്നതിയെ സാക്ഷാത്‌കരിക്കുന്നതിനുള്ള ബാധ്യതയായി ജീവിതത്തെ പരിവർത്തിപ്പിക്കുന്നതിനും അറിവും ആചരണവും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിനും ഗുരു നിർദേശിച്ചു.
ആന്തരികവും ബാഹ്യവുമായ പരിണാമങ്ങളിലൂടെ മനുഷ്യരാശി നേടിയെടുത്ത മൗലികമൂല്യങ്ങളുടെ സമഗ്രത അദ്ദേഹം നിർദേശിച്ചത്‌ പാരമ്പര്യത്തിന്റെ ഈടുവെപ്പുകളിൽ മാത്രമായിരുന്നില്ല. ബോധപൂർവവും വിട്ടുവീഴ്ചയില്ലാത്തതുമായ സമകാലിക ആചരണത്തിന്റെ അനിവാര്യതകളിലും കൂടിയായിരുന്നു. സമൂഹം ഉൾക്കൊണ്ട  ബിംബാവലികളെ, ആശയാവിഷ്കാരങ്ങളെ, ആദർശങ്ങളെ പ്രാരംഭദിശയിൽ ഏറ്റെടുത്ത്‌ ഒരു പ്രത്യേകഘട്ടത്തിൽ അതിനെ മറികടക്കുന്ന ക്രിയാകൗശലമാണ്‌ അദ്ദേഹം കൈക്കൊണ്ടത്‌.

മേൽ/കീഴ്‌ വ്യത്യാസങ്ങളുള്ള  ജാതിവ്യവസ്ഥ പിഴുതെറിയണമെങ്കിൽ  അതിന്‌ അടിയാധാരമായ വർണനിർദിഷ്ട ഗുണഘടനയെ നിരാകരിക്കണമെന്ന്‌ ഗുരു തിരിച്ചറിഞ്ഞു.  പിന്നെ വർണത്തിനോ ജാതീയതയ്ക്കോ മറ്റു വേർതിരിവുകൾക്കോ ഒരു അടിസ്ഥാനവുമുണ്ടാകില്ല. അപ്പോൾ ആഹാരവിഹാരങ്ങൾ, കർമക്രമങ്ങൾ, ആരാധനാ സമ്പ്രദായങ്ങൾ, സ്വധർമ/പരധർമ കല്പനകൾ തുടങ്ങിയവയ്ക്കെല്ലാം അറുതിവരും.  ജ്ഞാനയജ്ഞങ്ങളിലൂടെയും പ്രഭാഷണശിബിരങ്ങളിലൂടെയും വിചാരസത്രങ്ങളിലൂടെയും ഇന്നും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന അനാദിയായ  വർണസങ്കല്പങ്ങളെല്ലാം നിരാകരിക്കപ്പെടും.

 ‘ഒരു ജാതി...’, ‘ഗോക്കൾക്ക്‌ ഗോത്വമെന്നതുപോലെ മനുഷ്യത്വമാണ്‌ മനുഷ്യന്റെ ജാതി’, ‘പുണർന്നു പെറുമെല്ലാമൊരിനം’, ‘മനുഷ്യജാതിയിൽപ്പെട്ടവനെന്ന്‌ ശരീരത്തിന്റെ ആകൃതി വ്യക്തമാക്കിത്തരുന്നതുകൊണ്ട്‌ ഒരാളുടെ ജാതി ചോദിക്കേണ്ട ആവശ്യമില്ല’ എന്നിങ്ങനെ ജാതിനിർണയം, ജാതിലക്ഷണം തുടങ്ങിയ പ്രബോധനകൃതികളിൽ അവിടുന്നത്‌ കുറിച്ചത്‌ ഇൗ ബോധ്യമുൾക്കൊണ്ടായിരുന്നു.

അയിത്തക്കാരെന്ന്‌ പറയപ്പെട്ടിരുന്ന കുഞ്ഞുങ്ങളോടൊപ്പം മഹാകവി ഉള്ളൂരിനെ ഒപ്പമിരുത്തി ഒരുമിച്ച്‌ പപ്പടംപൊടിച്ച്‌ ജാതിചിന്തയെക്കൂടി ലക്ഷ്യംവെച്ച്‌ ‘പൊടിഞ്ഞോ’ എന്ന്‌ അന്വേഷിച്ചതും ഇവിടെ സ്മരണീയമാണ്‌. 1916-ൽ ജാതിയില്ലാവിളംബരം നടത്തിയതിന്‌ ജാതിമതങ്ങളുടെ കൽത്തുറുങ്കിലടച്ചും പ്രണവമുദ്രനംചെയ്ത കണ്ണാടി പ്രതിഷ്ഠിച്ചതിന്‌ കണ്ണാടിക്കൂട്ടിലാക്കിയും സത്യാനുഭൂതിയിൽ അചഞ്ചലമായി വർത്തിക്കണമെന്ന്‌ അരുളിയതിന്‌ കോൺക്രീറ്റ്‌ ശില്പങ്ങളിലൊതുക്കിയും ഒരു ഘട്ടത്തിൽ ക്ഷേത്രപ്രതിഷ്ഠകളിൽനിന്ന്‌  പിന്തിരിഞ്ഞതിന്‌ ക്ഷേത്രബിംബങ്ങളിൽത്തന്നെ തളച്ചുറപ്പിച്ചും ഗുരുദർശനങ്ങളിൽ ജീവിക്കേണ്ടുന്ന ബാധ്യതകൾ മറന്ന്‌ ഗുരുദർശനങ്ങളെക്കൊണ്ട്‌ ഉപജീവിച്ചും ഏതാനും ദിവസങ്ങളിൽമാത്രം   ഓർമിച്ചുമെല്ലാം നാം അദ്ദേഹത്തോട്‌ പകരംവീട്ടി.

മാത്രമല്ല, പ്രകൃതിക്ഷോഭങ്ങൾക്കും പ്രളയദുരന്തങ്ങൾക്കും പൂർണമായും തുടച്ചുമാറ്റാവുന്നതല്ല ജാതിഭേദവും മതവികാരങ്ങളുമൊന്നും എന്ന്‌ 99-ലെ വെള്ളപ്പൊക്കമെന്നപോലെ സമീപകാലത്തും നാം കണ്ടുകഴിഞ്ഞതാണല്ലോ. പ്രാപഞ്ചികവും ഈശ്വരീയവുമായ അവബോധതലത്തിലേക്ക്‌ മനുഷ്യരാശിയെ നയിക്കാൻ പ്രായോഗികവും രചനാത്മകവുമായ ഏകോപനകൗശലവും സമന്വയത്തിന്റെ മഹാവൈഭവവും അദ്ദേഹം വിനിയോഗിച്ചു. വളച്ചൊടിക്കലിനും വെട്ടിച്ചുരുക്കലിനുമൊന്നും വഴിപ്പെടാതെ ഇന്നും ഗുരുദേവദർശനങ്ങൾ അതിപ്രസക്തമായി നിലകൊള്ളുന്നതും അതുകൊണ്ടുതന്നെയാണ്‌.

ശ്രീനാരായണ ഗുരുവിന്റെ പുസ്തകങ്ങള്‍ വാങ്ങാം

ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങാം