ആത്മഹിതത്തെ ലോകഹിതമാക്കാനും ലോകഹിതത്തെ ആത്മഹിതമാക്കാനും ഉദ്‌ബോധിപ്പിച്ച ഗുരുദേവൻ ജാതനായിട്ട്‌ ഇന്ന്‌ 164 സംവത്സരങ്ങൾ പൂർത്തിയാവുകയാണ്‌. 
സമഭാവനയുടെയും സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആഘോഷമായിത്തീരേണ്ട ഈ പുണ്യദിനം പക്ഷേ, ഇക്കൊല്ലം കടന്നുവന്നിരിക്കുന്നത്‌ മഹാപ്രളയത്തിന്റെ അതിദാരുണമായ പശ്ചാത്തലത്തിലാണ്‌. ഉള്ളതെല്ലാം നഷ്ടപ്പെട്ടുപോയവരുടെ ദീനരോദനങ്ങളാണ്‌ എവിടെയും. ഈ സന്ദർഭത്തിൽ അവരുടെ വേദനയിൽ പങ്കുചേരാനും അവർക്ക്‌ ആശ്വാസം പകരാനും പുനരധിവാസത്തിന്റെ പുതിയ ഇടങ്ങളൊരുക്കാനും ശിവഗിരിമഠം എല്ലാ സുമനസ്സുകളോടും ഗുരുനാമത്തിൽ അഭ്യർഥിക്കുകയാണ്‌.

സഹജാതർക്ക്‌ വന്നുചേർന്ന ഈ മഹാദുരന്തത്തിൽ അനുതപിച്ചുകൊണ്ട്‌ ഈ ജയന്തിദിനത്തിൽ നടക്കേണ്ടിയിരുന്ന വിശേഷാൽ ചടങ്ങുകളും ആഘോഷങ്ങളും ഘോഷയാത്രകളുമെല്ലാം ശിവഗിരിമഠം ഒഴിവാക്കുകയാണ്‌. ഈ മാതൃക സ്വീകരിക്കാൻ എല്ലാ ശ്രീനാരായണപ്രസ്ഥാനങ്ങളും മുന്നോട്ടുവന്നിട്ടുമുണ്ട്‌. 
ജീവനെയും ജീവിതത്തെയും കൂട്ടിയോജിപ്പിക്കുന്ന പ്രകൃതിയുടെ ക്രമബദ്ധതയിൽ വന്ന ഈ ചാഞ്ചാട്ടത്തിന്റെ ഭീകരത സമാനതകളില്ലാത്തതാണ്‌. അതുയർത്തുന്ന ചില പാഠഭേദങ്ങളെ ഈ വേളയിലെങ്കിലും നമ്മൾ  കാണാതിരുന്നുകൂടാ. പ്രകൃതിയിലെ മറ്റെല്ലാ ജീവികളും ജീവിക്കാൻ വേണ്ടിയാണ്‌ മല്ലിടുന്നത്‌. അത്‌ പ്രകൃതിഹിതത്തിനെതിരല്ല. എന്നാൽ, മനുഷ്യൻ മാത്രം അതിസുഖലോലുപതയുടെ പുത്തൻ ഉയരങ്ങൾ സൃഷ്ടിക്കാനും കൈയടക്കാനുമാണ്‌ മല്ലിടുന്നത്‌.  അതിന്റെ ഭാഗമായി അവർ മലകളെ പിളർക്കുകയും മരങ്ങളെ അരിയുകയും പാറത്തടങ്ങളെ തുരക്കുകയും തണ്ണീർത്തടങ്ങളെയും ജലാശയങ്ങളെയും  ഞെരുക്കുകയും ചെയ്യുകയാണ്‌. അതാകട്ടെ പ്രകൃതിഹിതത്തിന്‌ എതിരാണ്‌. ഇങ്ങനെ പ്രകൃതിവിഭവങ്ങളുടെ തനത്‌ ഇടങ്ങളെ സ്വന്തം ഇടങ്ങളാക്കുന്ന മനുഷ്യന്റെ അമിതമായ ഇടപെടലുകളാണ്‌ വാസ്തവത്തിൽ ഈ പ്രളയത്തെ ഇത്രയും ഭീകരമാക്കിത്തീർത്തിട്ടുള്ളതെന്നത്‌ നാം വിസ്മരിച്ചുകൂടാ.

‘പുത്രന്‌ തള്ളയുടെ സ്തന്യത്തെ ഉപയോഗിക്കുന്നതിനല്ലാതെ മാതൃനിഗ്രഹംചെയ്ത മാംസത്തെ ഉപയോഗിക്കണമെന്ന്‌ ദൈവസങ്കല്പം സംഭവിക്കുമോ? അതൊരിക്കലും വരുന്നതല്ല’ എന്ന്‌ വെളിപ്പെടുത്തിയിട്ടുള്ള ഗുരു മനുഷ്യന്റെ പ്രകൃതിചൂഷണത്തെപ്പറ്റി പറയുന്നതുകൂടി ഈ സന്ദർഭത്തിൽ നമ്മൾ വിചാരം ചെയ്യേണ്ടതുണ്ട്‌.  ‘മനുഷ്യൻ ഭൂമുഖത്തെല്ലാം സംഹാരതാണ്ഡവം ചെയ്ത്‌ നടക്കുന്നു. മരങ്ങളെല്ലാം വെട്ടിനശിപ്പിക്കുന്നു. പച്ചനിറഞ്ഞ പ്രകൃതിയെ വികൃതമാക്കി ശൂന്യതയിലായിലാഴ്‌ത്തുന്നു. അതിനുപകരം വൃത്തികെട്ട പുക നിറഞ്ഞ പട്ടണങ്ങൾ മെനഞ്ഞുകൂട്ടുന്നു. ഭൂഗർഭത്തിലേക്ക്‌ തുരന്നുകയറി ഈ ഗോളത്തിന്റ കെട്ടുറപ്പ്‌ തകർത്തുകളയുന്നു. നോക്കുന്നിടത്തെല്ലാം കൽക്കരിയും ഇരുമ്പും തന്നെ. അവനൊരു വ്യവസ്ഥയുമില്ല’.

ഈ വ്യവസ്ഥയില്ലായ്മയുടെ ദുരന്തഫലംകൂടിയാണ്‌ ഇന്ന്‌ നമ്മൾ അനുഭവിക്കുന്നത്‌. ഇതെന്നും ഒരു പാഠമായി ഇനി നമ്മുടെയും വരുംതലമുറകളുടെയും മുഖ്യശ്രദ്ധയിൽ നിലകൊള്ളണം. കരയെ കടലാക്കാനും കടലിനെ കരയാക്കാനും മലയെ നിലമാക്കാനും നിലത്തെ മലയാക്കാനും പ്രകൃതിക്ക്‌ മാത്രമേ സാധ്യമാകൂ. അതുകൊണ്ടുതന്നെ പ്രകൃതി ആയിരിക്കണം നമ്മുടെ വലിയപാഠം. നമ്മൾ പ്രകൃതിക്ക്‌ പാഠമാവുകയല്ല വേണ്ടത്‌. ഈ പാഠംകൊണ്ട്‌ ഒരു പുതിയ മനപ്പാകം മനുഷ്യനും സമൂഹത്തിനും ഉണ്ടാകണം. അതല്ലാതെ പ്രകൃതിയെയും അതിന്റെ പ്രതിഭാസങ്ങളെയും ക്ഷോഭങ്ങളെയും പഴിച്ചിട്ടോ ശപിച്ചിട്ടോ അതിൽ വിലപിച്ചിട്ടോ യാതൊരു പ്രയോജനവുമില്ല. വീഴുന്നതിലല്ല, വീഴ്‌ചയിൽനിന്ന്‌ എഴുന്നേൽക്കുന്നതിലാണ്‌ ജീവിതമുള്ളത്‌. അതുകൊണ്ട്‌ പ്രകൃതിയുടെ കലഹമായിമാത്രം ഇത്തരം വിപത്തുകളെ കാണാനുള്ള മനോധൈര്യം മനുഷ്യന്‌ വേണ്ടതാണ്‌.

ഈ പ്രകൃതികലഹത്തിൽനിന്ന്‌ ഇനി അതിജീവിക്കാനുള്ള തയ്യാറെടുപ്പുകളാണ്‌ നമുക്ക്‌ വേണ്ടിയിരിക്കുന്നത്‌. അതിന്‌ ഭേദങ്ങളെല്ലാമറ്റ ഒത്തൊരുമയുടെ കരുത്തും മനുഷ്യത്വത്തിന്റെ നിറവും ഉണ്ടായാൽ മറ്റെല്ലാം വന്നുചേർന്നുകൊള്ളും. ദുരിതബാധിതരെല്ലാം നമ്മുടെ സഹോദരങ്ങളാണ്‌. അവരുടെ വിശപ്പും തളർച്ചയും നാം അറിയണം. പരോപകാരപരതകൊണ്ടാണ്‌ ഏതൊരു ക്ഷേമവും സാധ്യമാകുന്നത്‌. പ്രളയം തകർത്തെറിഞ്ഞ കേരളത്തെ പുതിയ കേരളമായി പുനർനിർമിക്കുന്നതിൽ ജാതി-മത -ദേശ-ഭാഷാ ഭേദം കൂടാതെ ഏവരും പങ്കാളികളാകണം. ത്യാഗവും സന്നദ്ധതയുമുണ്ടായാൽ അസാധ്യമെന്ന്‌ കരുതുന്നതുപോലും സാധ്യമാകുമെന്നതാണ്‌ ലോകചരിത്രം. ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും അലങ്കാരങ്ങൾക്കുമെല്ലാം ഇനി നമ്മൾ അവധി നൽകണം. അതിന്‌ ചെലവാകുമായിരുന്ന സംഖ്യകൾ ദുരിതാശ്വാസധനമായി മാറണം. 

(പ്രസിഡന്റ്‌, ശ്രീനാരായണധർമസംഘം ട്രസ്റ്റ്‌)