Sree Narayana Guruശ്രീനാരായണ ഗുരുദേവന്റെ 93-ാമത്‌ മഹാപരിനിർവാണദിനം കോവിഡ്‌ മഹാമാരിയിലും ലോകമിന്ന്‌ ഭക്തിപ്രശ്രയപൂർവം ആരാധിക്കുകയാണ്‌. മഹാഗുരു മഹാസമാധി പ്രാപിച്ച വേളയിൽ ഇന്നത്തെപ്പോലെ വാർത്താ മാധ്യമങ്ങൾ പ്രചുരപ്രചാരം നേടിയിരുന്നില്ല.വൃത്താന്തപത്രങ്ങൾത്തന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ. മാസികകളും ദ്വൈവാരികകളും പ്രചരിച്ചുതുടങ്ങിയിരുന്നു. ഗുരുദേവന്റെ മഹാസമാധിയിൽ സഹോദരനയ്യപ്പൻ പാടിയതുപോലെ ‘ഒഴുകും കണ്ണീരാൽ ഉദകംവീഴ്‌ത്തുന്നു മലയാളക്കര മുഴുവൻ സദ്‌ഗുരോ’ എന്നതായിരുന്നു അവസ്ഥ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും സർക്കാർ അന്ന്‌ പൊതുഒഴിവ്‌ പ്രഖ്യാപിച്ചു. അത്‌ ഇന്നും തുടരുന്നു. പത്രങ്ങൾ വിശേഷാൽ പതിപ്പുകളും വാർത്താ ബുള്ളറ്റിനുകളും പ്രസിദ്ധപ്പെടുത്തി. പത്രങ്ങളൊക്കെയും എഡിറ്റോറിയൽകൊണ്ടും ലേഖനങ്ങൾകൊണ്ടും ഗുരുദേവ സമാരാധന ചെയ്തപ്പോൾ സി.വി. കുഞ്ഞിരാമൻ എഡിറ്റോറിയൽ ശൂന്യമായിട്ട്‌ പുതിയ മാതൃക സൃഷ്ടിച്ചു.

വള്ളത്തോൾ, സരസകവി മൂലൂർ, പണ്ഡിറ്റ്‌ കറുപ്പൻ, ജി. ശങ്കരക്കുറുപ്പ്‌ തുടങ്ങിയ കവിവര്യന്മാർ ഗുരുതൃപ്പാദങ്ങളിൽ കാവ്യകുസുമാഞ്ജലി അർപ്പിച്ചു. മഹാകവി കുമാരനാശാൻ പല്ലനയിൽ പരിനിർവാണം പ്രാപിച്ചിട്ട്‌ നാലുവർഷം കഴിഞ്ഞിരുന്നു. അതിനാൽ ആ പ്രരോദന കർത്താവ്‌ എഴുതാനിരുന്ന ശ്രീനാരായണചരിത മഹാകാവ്യം എന്നേക്കുമായി കൈരളിക്ക്‌ നഷ്ടപ്പെട്ടു. തിരുവനന്തപുരത്തുവെച്ച്‌ നടന്ന മഹാസമാധി അനുസ്മരണയോഗത്തിൽ പങ്കെടുത്ത മഹാകവി ഉള്ളൂർ പരമേശ്വര അയ്യൻ, താനൊരു ശ്രീനാരായണ മഹച്ചരിതമഹാകാവ്യമെഴുതാൻ പോകുന്നുവെന്ന്‌ പ്രഖ്യാപിച്ചെങ്കിലും എന്തുകൊണ്ടോ അത്‌ പുറത്തിറങ്ങിയതായി അറിയില്ല. 
അന്നു പ്രചാരത്തിലിരുന്ന പത്രങ്ങളെഴുതിയ മുഖക്കുറിപ്പിൽനിന്നും ഏതാനും ഭാഗം ഉദ്ധരിക്കട്ടെ:

'ശ്രീനാരായണഗുരുസ്വാമികൾ ലക്ഷോപലക്ഷം ജനങ്ങളുടെ ഭക്ത്യാദരങ്ങൾക്കു പാത്രമായിരുന്ന ഒരു വന്ദ്യഗുരു. കേരളത്തിന്റെ അമൂല്യ സമ്പത്തായിരുന്ന ഒരു മഹാൻ... ശ്രീനാരായണഗുരുസ്വാമികളെ കൂടാതെ കേരളത്തെക്കുറിച്ചു ചിന്തിക്കുന്നത്‌ അസാധ്യമായിരുന്നു. നവീന കേരളത്തിന്റെ ജീവിതത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം അത്രവിപുലമായിരുന്നു' (മാതൃഭൂമി).
'ശ്രീനാരായണഗുരുസ്വാമികളുടെ നിര്യാണം കേരളത്തിനും ഇന്ത്യക്കും മാത്രമല്ല ലോകത്തിനുതന്നെ ഒരു മഹാനഷ്ടമാകുന്നു'
(സർവീസ്‌, എൻ.എസ്‌.എസ്‌. മുഖപത്രം, മന്നത്തു പദ്‌മനാഭൻ)
'വടക്കേ ഇന്ത്യയിൽ രാമകൃഷ്ണ പരമഹംസർ, ദയാനന്ദൻ, രാജാറാം മോഹന്റായ്‌ ഇങ്ങനെയുള്ള മഹാത്മാക്കളെക്കാൾ കവിഞ്ഞുനിൽക്കുന്ന ഒരാളായിരുന്നു നാരായണഗുരുസ്വാമികൾ'
(മിതവാദി, സി. കൃഷ്ണൻ വക്കീൽ, കോഴിക്കോട്‌).

'കേരളം ഒരു ഋഷിവര്യന്റെ നിര്യാണത്തിൽ ഇതാ ഇരുട്ടടഞ്ഞിരിക്കുന്നു. പ്രബുദ്ധകേരളത്തിന്‌ യോഗത്തിൽ പതഞ്ജലിയും ജ്ഞാനത്തിൽ ശങ്കരനും ഭരണനൈപുണിയിൽ മനുവും ത്യാഗത്തിൽ ബുദ്ധനും സ്‌െ​െഥ്യര്യത്തിൽ നബിയും വിനയത്തിൽ യേശുവും ആയ ആ നാരായണഋഷി നരവേഷം ധരിച്ചു 72 വർഷത്തെ ലീലകൾക്കുശേഷം യഥാസ്ഥാനം പ്രാപിച്ചു.'
(സനാതനധർമം, തിയോസഫിക്കൽ സൊസൈറ്റി).

ശ്രീനാരായണഗുരുവിന്റെ മഹാസമാധി പ്രമാണിച്ച്‌ പത്രങ്ങളിൽ വന്ന ലേഖനങ്ങളും കുറിപ്പുകളും കവികൾ എഴുതിയ കവിതാശകലങ്ങളും ഒരുകാര്യം വ്യക്തമാക്കുന്നു. ഗുരുദേവൻ ജാതിമത ചിന്താഗതികൾക്കതീതനായ ഒരു ലോകഗുരുവാണ്‌. ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ്‌നബി, ശ്രീശങ്കരാചാര്യർ തുടങ്ങിയ ലോകഗുരുക്കന്മാരുടെ പരമ്പരയിലെ ഒരു കണ്ണിയായി ഗുരുവിനെ രാജ്യം അംഗീകരിച്ചിരുന്നു. ‘ഒരു ജാതി ഒരു മതം ഒരു ദൈവ’മെന്ന വിശ്വസന്ദേശം മുഴക്കിയ ഗുരുവും അവിടുത്തെ ദർശനവും ലോകമുള്ളകാലംവരേക്കും ഒരുപോലെ പ്രഭതൂകി പ്രകാശിച്ചുകൊണ്ടിരിക്കും. ഗുരുദേവൻ ഇന്നിന്റെയും നാളെയുടെയും വരാൻപോകുന്ന നൂറ്റാണ്ടുകളുടെയും ഗുരുവായിരിക്കും.
മഹാകവി വള്ളത്തോൾ, മൂലൂർ, കിളിമാനൂർ കൊട്ടാരത്തിലെ രോഹിണിതിരുനാൾ തമ്പുരാട്ടി, ശ്രീകണ്ഠേശ്വരം പദ്‌മനാഭപിള്ള, പന്തളത്തു രാമവർമ തമ്പുരാൻ, മേരിജോൺ തോട്ടം, കുഞ്ഞിരാമൻ നായർ, മറവൂർ ഭാസ്കരൻ നായർ, പി.വി. കൃഷ്ണവാരിയർ, പള്ളത്ത്‌ രാമൻ, അഹമ്മദ്‌ കുഞ്ഞു വക്കം, മുതുകുളം പാർവതിയമ്മ തുടങ്ങി നാൽപ്പതോളം കവികൾ എഴുതിയ കവിതകളും മുപ്പതോളം പത്രങ്ങളുടെ മുഖപ്രസംഗങ്ങളും സമാഹരിച്ചു. ശ്രീനാരായണഗുരുദേവന്റെ മഹാസമാധി എന്ന സമാഹാരഗ്രന്ഥം ഇതെഴുതുന്നയാൾ പ്രസാധനം ചെയ്തിട്ടുണ്ട്‌. അതിൽനിന്നു തിരഞ്ഞെടുത്ത ഏതാനും കവിതാഭാഗങ്ങൾ പുതിയ തലമുറയുടെ അറിവിലേക്കായി ചുവടെ ചേർക്കുന്നു.

കരുണോജ്ജ്വലനിജ്ജനത്തിനർക്കൻ
ഗുരുയോഗീന്ദ്രനിതാ മറഞ്ഞുപോയ്‌
ഇരുളേ വിഹരിച്ചുകൊൾക വീണ്ടും
ഗുരുവേർപെട്ട കീടാങ്ങളായി ഞങ്ങൾ
 മഹാകവി വള്ളത്തോൾ  

പരബ്രഹ്മധ്യാന പ്രവണഹൃദയൻ സ്വാശ്രയകുലം
പരക്കെപ്പേർപൊങ്ങിച്ചൊരുനിലയിലെത്തിച്ച സുകൃതി
പരപ്പേറും സാംസാരിക സകലബന്ധങ്ങളു മഹോ
തിരസ്‌കുർവ്വൻ നാരായണഗുരുലയിച്ചാൻ ശിവപദേ!
 കിളിമാനൂർ രോഹിണിതിരുനാൾ തമ്പുരാട്ടി  

ആദരിക്കുക നമ്മൾ മൗനമാർന്നിസ്സന്ധ്യയെ
ഹാ! തിരോഹിത സിദ്ധയാകുമീ‘സ്സമാധിയെ’
അവർണ സമുദായ വിൺതലത്തിന്റെ സൂര്യൻ
അസ്തമിച്ചെങ്ങുമായ്‌ വ്യാപിക്കുമിസ്സന്ധ്യയെ
വർക്കല ശിവഗിരി പ്രാന്തമേ നിന്നെ വാഴ്‌ത്താൻ
 വാക്കുകളില്ലാതെ ഞാനേറ്റവും കുഴങ്ങുന്നു
 പണ്ഡിറ്റ്‌ കറുപ്പൻ   

ബുദ്ധൻ, മഹാനാം നബി, ക്രിസ്തു, ശങ്ക-
രാചാര്യരെന്നീ ഗുരുവര്യരൊപ്പം
 ഈ ദിവ്യയോഗീന്ദ്രനഖണ്ഡ സച്ചി
ദാനന്ദ രൂപത്തിലിതാ ലയിപ്പൂ
 പി.വി. കൃഷ്ണവാരിയർ  

നൂതം വസിച്ചോരുവർഗ്ഗത്തൂണായിശ്ശോഭിച്ചദിവ്യ
ശ്രീനാരായണസ്വാമിയെ കൈവണങ്ങുവിൻ!
താനാരാണെന്നറിയിക്കാതെയീ മാനുഷരെകളിപ്പിച്ച
ശ്രീനാരായണസ്വാമിയെ കൈവണങ്ങുവിൻ! (വഞ്ചിപ്പാട്ട്‌)
 ശ്രീകണ്ഠേശ്വരം പദ്‌മനാഭപിള്ള  

എന്തിനെന്തിനെൻ ഭാരതമാതാവെ?
പൊൻതിരുമുഖം താഴ്‌ത്തിക്കരയുന്നു?
സന്താപാഗ്നിയിൽ നിന്തിരുമേനിയെ
എന്തിനീവിധം വാട്ടുന്നതംബികെ?
വിശ്വവര്യൻ ശ്രീനാണു ഗുരുവരൻ
വിണ്ണിലന്ത്യ മനോഹരതാരക-
ളൊങ്ങന്നു ചേർന്നു വിളങ്ങി സ്‌ഫുരിക്കുന്നു
 മേരിജോൺ തോട്ടം  

ജരാരുജാമൃതിഭയമെഴാശുദ്ധ
യശോനിർവാണത്തെയടഞ്ഞ സദ്‌ഗുരോ!
ജയനാരായണഗുരുസ്വാമിൻ! ദേവ!
ജയ! ഭഗവാനേ! ജയ! ജഗൽഗുരോ
 സഹോദരൻ കെ. അയ്യപ്പൻ