sree krishna jayanthiമഹാഭാരതത്തിലും ഭാഗവതത്തിലുമായി പൂർണാവതാരം ചെയ്തുനിൽക്കുകയാണ്‌ ശ്രീകൃഷ്ണൻ. ആ ‘സമ്മോഹന’ത്തിൽനിന്ന്‌ വിട്ടുനിൽക്കുക പ്രയാസം! വർണംകൊണ്ടും വസ്ത്രംകൊണ്ടും അലങ്കാരങ്ങൾകൊണ്ടും അന്നുവരെയുണ്ടായിരുന്ന സൗന്ദര്യസങ്കല്പങ്ങളെയെല്ലാം മാറ്റിവരച്ചു കൃഷ്ണൻ! പീലിയും മുളന്തണ്ടുമൊന്നും ഒരു കഥാപുരുഷനും അണിഞ്ഞുനടന്നിട്ടില്ല. ‘ആയുധങ്ങളില്ലാത്ത കൈ’ (കരാട്ടെ). ഭാരതയുദ്ധത്തിൽ ആയുധമേന്താത്ത ഒരേ ഒരാൾ! വെള്ളക്കാരായ ദേവന്മാരോട്‌ സൗഹൃദമില്ലായിരുന്നു. ഇന്ദ്രനോട്‌ വലിയ അനിഷ്ടം! ബ്രഹ്മാവിനെ ബഹുമാനിച്ചില്ല. രണ്ടുപേരെയും നിർത്തി പാഠംപഠിപ്പിക്കുകയും ചെയ്തു. എല്ലാം കളിയായി -എന്നാൽ, കാര്യമായിത്തന്നെ!

രാസലീലകൾ

വസ്ത്രാപഹരണത്തെപ്പറ്റിയും രാസലീലയെപ്പറ്റിയും പതിനായിരത്തിയെട്ട്‌ ഭാര്യമാരെപ്പറ്റിയുമുള്ള സദാചാരലംഘനങ്ങളോർത്ത്‌ പരമഭക്തന്മാർപോലും വ്യാകുലപ്പെട്ടുകൊണ്ടിരിക്കുന്നു! വസ്ത്രാപഹരണം കുട്ടിക്കളിയാണെന്ന്‌ ബോധ്യപ്പെട്ടാൽ പിന്നെ പതിനായിരത്തിയെട്ട്‌ ഭാര്യമാർ മുതിർന്നവന്റെ വിവേകബുദ്ധിയാണെന്ന്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. പതിനായിരത്തോളം സ്ത്രീകളുടെ ജീവിതം ‘നരക’മാക്കിയ അസുരനിൽനിന്ന്‌ അവരെ മോചിപ്പിച്ചപ്പോൾ ഒരു ‘സമൂഹവിവാഹ’മല്ലാതെ പോംവഴിയില്ലായിരുന്നു. വർഗീയലഹളകളിൽ ബലാൽക്കാരം ചെയ്യപ്പെട്ട അനേകായിരം സ്ത്രീകളെ യുവാക്കൾ വിവാഹം ചെയ്യണമെന്ന്‌ ഗാന്ധിജി അപേക്ഷിക്കുകയുണ്ടായി. കൃഷ്ണൻ അവർക്ക്‌ അതുപോലെ നാഥനും ഭഗവാനുമായി.

ഗോപികമാർ ‘ഉപനിഷദ്‌ സുന്ദരി’മാരാണെന്ന്‌ മേല്പത്തൂർ. ഗോപികാപ്രേമത്തെക്കാൾ ഉദാത്തമായിട്ടൊന്നുമില്ല! ഗോപികാപ്രേമം ഭക്തിക്കുമുകളിൽ പാളുന്ന നീലജ്വാലയാണ്‌. അത്‌ ശൃംഗാരക്കറപോയ ഭക്തിയെന്ന്‌, ‘ഉജ്ജ്വലരസ’മാണതിനെന്ന്‌ രൂപാ ഗോസ്വാമി. ‘രാസലീല’യിലാണതിന്‌ പൂർണത! ഹരിമുരളീരവം കേൾക്കേണ്ട താമസം ആ വീട്ടമ്മമാർ ഇഷ്ടവിഭവങ്ങൾ വറചട്ടികളിൽ കരിയാനിട്ട്‌, കണ്ണിലെഴുതേണ്ട മഷി കവിളിൽ വാരിത്തേച്ച്‌, കൈക്കുഞ്ഞുങ്ങളെ ഭർത്താക്കന്മാരുടെ മടിയിലേക്കെറിഞ്ഞുകൊടുത്ത്‌ ഓട്ടപ്പന്തയത്തിലെന്നപോലെ കുതിക്കുകയാണ്‌! ഇത്‌ മറ്റെന്തോ രോഗമാണെന്ന്‌ ശാഠ്യംപിടിക്കുന്നവർ ആ രോഗത്തിന്റെ പിടിയിലായിക്കഴിഞ്ഞവർ തന്നെ! ഭാഗവതം പറയുന്നു: ഗോപികമാരുടെ മനസ്സ്‌ ശുദ്ധഭക്തിയിൽ വറുത്തെടുത്തതാണ്‌. അതിന്‌ മുളപൊട്ടുകയില്ല! പക്ഷേ, അത്‌ ഒരിക്കൽ മുളച്ച! ഒറ്റപ്പൂവായി! രാധികയായി!!

മനഃശാസ്ത്ര ലീലകൾ

ധ്രുവോമൃത്യുഃ എന്നറിഞ്ഞ യോഗീശ്വരന്‌ മാത്രമേ ഹിംസയിൽ ലീലയുള്ളൂ. കംസവധം കാണുക. എങ്ങനെ നടക്കേണ്ട യുദ്ധമായിരുന്നു? ‘രാമരാവണ യുദ്ധം’ എന്ന ‘അനന്വയം’ തിരുത്താനുള്ള വൻ സാധ്യത! ഉണ്ടായതോ ഒരു സാധുമരണം! കണ്ണൻ വിരലുകൊണ്ടൊന്നു തൊട്ടപ്പോൾ ചാരശകലംപോലെ കംസൻ അടർന്നു വീഴുകയായിരുന്നു! ഏത്‌ കംസന്റെയും ഉൾഭയം ഊതിവീർപ്പിച്ചാൽ നെടുകെ പിളർന്നുപോകുമെന്ന്‌ കണ്ണന്റെ മനഃശാസ്ത്രലീല കാണിച്ചുതരുന്നു.ജരാസന്ധനെയും കാലയവനനെയും വകവരുത്തിയത്‌ ബാലീലകളിൽ ചില പൊടിക്കൈകൾ ചേർത്തുകൊണ്ടായിരുന്നു. ഭൂഭാരം കുറയ്ക്കാനുള്ള തന്റെ ഔദ്യോഗിക യാത്രയിൽ കൃഷ്ണൻ ഒരു പക്ഷപാതവും കാണിച്ചിട്ടില്ല. അവിടെ ന്യായാന്യായങ്ങളില്ല, ബന്ധുവിചാരങ്ങളില്ല. അഭിമന്യുവിനെ ആറ്‌് മഹാരഥന്മാർ വെട്ടിനുറുക്കുന്നതു കാണാതിരുന്ന ആ കണ്ണുകൾ അഭിമന്യു പുത്രനെ ഉത്തരയുടെ ഗർഭത്തിലോളം കടന്നുചെന്ന്‌ കണ്ടെടുക്കുകയായിരുന്നു! തന്റെ സമയമടുത്തപ്പോൾ എത്ര കളിയായിട്ടാണ്‌ ഭഗവാൻ മരണം തിരഞ്ഞെടുക്കുന്നത്‌? മരണത്തെ കാലുകൾകൊണ്ട്‌ മാടിവിളിച്ച ആ കാലാട്ടം മൃഗചേഷ്ടയായി തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌ ആ വേടനെ കളിപ്പിക്കുകയായിരുന്നു ഭഗവാൻ! നിലവിളിച്ചോടിയെത്തിയ വേടനെ സമാധാനിപ്പിച്ചു, നന്നായി അഭിനന്ദിക്കുകയും ചെയ്തു!
ജനിമൃതികൾ ലീലകൾ മാത്രം എന്നുദാഹരിക്കാൻ മറ്റൊരവതാരമില്ല!