mahanavamiമനുഷ്യന് എന്നും അദ്‌ഭുതമായിരുന്നു ഈ പ്രപഞ്ചം, അതിന്റെ രൂപപ്പെടലും പരിണാമവും അവന്റെ ജിജ്ഞാസയിൽ എന്നും സജീവമായി നിലനിന്നിരുന്നു.  ആധ്യാത്മികശാസ്ത്രവും ഭൗതികശാസ്ത്രവും മനുഷ്യന്റെ ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരമാണ് തേടിയത്. അപഗ്രഥന മാർഗങ്ങൾ പലതാണെങ്കിലും അന്വേഷണത്തിനു പിന്നിലെ അടിസ്ഥാന ചോദന ഒന്നുതന്നെയായിരുന്നു.

പ്രപഞ്ചസൃഷ്ടിയെന്ന സർഗപ്രക്രിയക്ക് കാരണമായ ശക്തി നിർഗുണവും നിരാകാരവുമാണെന്ന കണ്ടെത്തൽ ഋഷിദർശനത്തിന്റെ അപഗ്രഥനവഴിയിലെ സുപ്രധാനമായ തിരിച്ചറിവായിരുന്നു. എന്നാൽ, രൂപരഹിതവും ഗുണാതീതവുമായ ഒന്നിനെ മനുഷ്യന്റെ സങ്കല്പപരിധിയിൽ ഉൾപ്പെടുത്താനായി അതിന് സഗുണ-സാകാര ഭാവങ്ങൾ ആവിഷ്കരിക്കേണ്ടിവന്നു പ്രപഞ്ചമായി രൂപംപൂണ്ട ആ ചൈതന്യത്തിന്.

സൃഷ്ടിയുടെയും സംരക്ഷണത്തിന്റെയും ആവിഷ്കാരസാധ്യതകൾ സമന്വയിപ്പിച്ച് സ്ത്രീഭാവം കല്പിക്കുകയും, സ്ത്രീത്വത്തിന്റെ വ്യത്യസ്തങ്ങളായ സാധ്യതകളെ പ്രതിനിധാനംചെയ്യുന്ന ദേവീസങ്കല്പമായി വികസിപ്പിക്കുകയും ചെയ്ത ഭാരതീയ സംസ്കൃതി, അറിവും സർഗാത്മകതയും സമന്വയിക്കുന്ന ക്രിയാത്മക ജീവിതദർശനത്തെയാണ് ലോകത്തിനു നൽകിയത്.

വേദസ്വരൂപിണിയായ ഗായത്രീദേവിയായും സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും അധിദേവതയായ ലക്ഷ്മിയായും സർവവിദ്യകളുടെയും കലകളുടെയും ദേവിയായ സരസ്വതിയായും ശക്തിരൂപിണിയും ധർമസംസ്ഥാപകയും വിജയപ്രദായിനിയുമായ ദുർഗയായും മാതൃരൂപിണിയും പ്രകൃതിരൂപിണിയും കൈവല്യദായിനിയുമായ മഹാകാളിയായും ശിവശക്തി സ്വരൂപിണിയായ ലളിതാ പരമേശ്വരിയായും പ്രപഞ്ചശക്തിയെ ആരാധിക്കുന്ന ഉപാസനയുടെ വൈവിധ്യങ്ങൾ ഭാരതത്തിലുണ്ട്.  ഈശ്വരനെ ഏറ്റവും അഗാധമായി അറിയാനും ആവിഷ്കരിക്കാനും പ്രകൃതിയുമായി തന്മയീഭവിക്കാനും ഒരു വ്യക്തിക്ക് സാധിക്കുന്നത് തന്നിലെ സ്ത്രീഭാവത്തെ തിരിച്ചറിയുമ്പോഴാണ്. അത് കേവലം ശാരീരികമായ ഭാവമല്ല പ്രപഞ്ചത്തെ അതിന്റെ സന്തുലിതാവസ്ഥയിൽ പുലരാൻ കരുത്തേകുന്ന ഉദാത്തമായ സ്ത്രീഭാവങ്ങളുടെ ഉൾക്കൊള്ളലാണ്. സൃഷ്ടിക്കുള്ള ഊർജം തന്നിൽ ധരിച്ചവൾ, ബ്രഹ്മാണ്ഡങ്ങളെ തന്നിൽനിന്ന് ചമച്ചവൾ, ഉടലും ഉയിരുമേകി പ്രപഞ്ചത്തിന് ജീവൻ പകർന്നവൾ, കരുത്തിന്റെ സ്തന്യാമൃതം പകർന്ന് ജീവനെ പുലർത്തിയവർ, വാത്സല്യംനൽകി പരിപാലിച്ചവൾ മാതൃത്വമെന്ന സർഗാത്മക പ്രക്രിയയുടെ ആവിഷ്കാരമാണ് ദേവീസങ്കല്പത്തിന്റെ ഏറെ ഭാവാത്മകമായ തലം.

അധർമത്തിനെതിരേ സകലദേവന്മാരുടെയും ഇച്ഛാരൂപമായ തേജസ്സിൽനിന്ന് ഉരുവംകൊണ്ടവളാണ് ദേവി. അഹന്തയുടെ ദാനവഭാവങ്ങളായ ഒട്ടേറെ അസുരന്മാരെ ദേവി നിഗ്രഹിക്കുന്നു. മഹിഷാസുരനെയും രക്തബീജനെയും വധിച്ച ദുർഗയെന്ന ശക്തിസ്വരൂപിണിയായാണ് ദേവീസങ്കല്പത്തിന്റെ ക്രിയാത്മകമായ മറ്റൊരാവിഷ്‌കാരം. അസുരവീര്യം ആളിപ്പടർന്ന് സമൂഹത്തെയാകെ ഗ്രസിച്ചപ്പോൾ അധർമത്തിനെതിരേ രൂപപ്പെട്ട ചെറുത്തുനിൽപ്പിന്റെ സ്‌ത്രൈണാവിഷ്കാരമാണ് ദുർഗ. ചുറ്റും നടമാടുന്ന കൊടിയ അനീതികൾക്കെതിരേ ശബ്ദിക്കുന്ന സ്ത്രീയുടെ അതിശക്തമായ താക്കീതുകളാണ് അസുരനുമുകളിൽ  പതിച്ച ദേവിയുടെ ഖഡ്ഗം.

അജ്ഞതയുടെ കൂരിരുട്ടിൽനിന്ന് ജ്ഞാനപ്രകാശത്തിലേക്ക് നയിക്കുന്ന വിദ്യാദേവതയുടെ ഭാവമാണ് ദേവിയുടെ ഏറ്റവും പ്രൗഢവും സൗമ്യവുമായ ആവിഷ്കാരം. അലസതയുടെയും അകർമണ്യതയുടെയും ജാഡ്യം ബാധിച്ച മനസ്സുകളെ ജ്ഞാനത്തിന്റെ പ്രബുദ്ധതയിലേക്ക് ഉണർത്തുന്ന ദേവീഭാവം. അറിവിന്റെ സരസ്വതീഭാവവും കർമകുശലതയുടെ ദുർഗാഭാവവും ക്ഷേമൈശ്വര്യങ്ങളുടെ ലക്ഷ്മീഭാവവും ദേവതാ സങ്കല്പങ്ങൾ മാത്രമല്ല പുരോഗതിയുടെ അടിസ്ഥാനഘടകങ്ങൾ കൂടിയായി പരിണമിക്കുന്നു. ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും സമന്വയിക്കുന്നിടത്താണ് ഐശ്വര്യപൂർണമായ  സാമൂഹികവ്യവസ്ഥ രൂപവത്കരിക്കപ്പെടുന്നത്.

സ്വയം സംസ്കരിക്കുകയെന്ന സാധനയാണ് നവരാത്രിദിനങ്ങളിൽ നാം ആചരിക്കുന്നത്. മനുഷ്യൻ സംസ്കരിക്കേണ്ടവനാണ്. അവന്റെ ചിന്തയും വാക്കും പ്രവൃത്തിയും നിരന്തരമായി സംസ്കരണത്തിലൂടെ സ്ഫുടം ചെയ്തെടുത്തെങ്കിൽമാത്രമേ അവനിലെ ഹിംസയുടെയും അജ്ഞതയുടെയും തീയടങ്ങൂ. അധീശത്വബോധവും അക്രമണോത്സുകതയും നിറഞ്ഞു പടരുന്നൊരു അസുരൻ മനുഷ്യനിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. നാമറിയാതെ നമ്മിൽ അധീശത്വം സ്ഥാപിച്ചേക്കാവുന്ന ആസുരഭാവങ്ങളെ തിരിച്ചറിയുകയും അതിനെ നന്മയിലേക്ക് സ്ഫുടംചെയ്തെടുക്കുകയുമാണ് ആചാരങ്ങളിലൂടെയും ധർമാനുഷ്ഠാനത്തിലൂടെയും സാധനകളിലൂടെയും ലക്ഷ്യമിടുന്നത്. അവനവന്റെ സാധ്യതകളെക്കുറിച്ചും തന്നിലെ ദൈവീകഭാവങ്ങളുടെ ആവിഷ്കാരത്തെക്കുറിച്ചുമുള്ള ജാഗരണത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ് ദേവി ഉപാസനയുടെ കേന്ദ്രബിന്ദു.

അത്തരമൊരു ശുദ്ധീകരണപ്രക്രിയ സംഭവിച്ചെങ്കിൽ മാത്രമേ മനുഷ്യരാശി കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ധാർമികമായ ജീവിതക്രമത്തോടെ പുലരുകയുള്ളൂ. അവനവനിലെ അഹംബോധത്തെയാണ് ശക്തിയുടെയും അറിവിന്റെയും ഐശ്വര്യത്തിന്റെയും ദേവീഭാവങ്ങൾക്കുമുന്നിൽ പൂജയായി സമർപ്പിക്കുന്നത്. ഇത് ബാഹ്യമായ ആചാരങ്ങളുടേതോ ആഘോഷങ്ങളുടേതോ മാത്രമല്ല  ഉള്ളിലുള്ള ഈശ്വരീയ ഭാവങ്ങളുടെ തിരിച്ചറിവുകൂടിയാണ്. പ്രബുദ്ധമായ ചിന്തകൾകൊണ്ട്  ആത്മവീര്യംപകരുന്ന നവരാത്രി ദിനങ്ങളും ആത്മസമർപ്പണത്തിന്റെ വിജയദശമിയും ഉദാത്തമായ ഒരു ജീവിതദർശനത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.

(ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറും സംസ്കൃതവിഭാഗം മേധാവിയുമാണ് ലേഖിക)