ശിവൻ എന്നാൽ, ആത്യന്തികമായ ഗ്രാഹ്യത്തിന്റെ മൂർത്തീകരണമാണ്. ഇതൊരു മതമല്ല, ആന്തരികമായ പരിണാമത്തിന്റെ ശാസ്ത്രമാണിത്. ഇത് അതിരുകളെ മറികടക്കലാണ്... 

ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ശരി, ദൈവികതയുമായി ബന്ധപ്പെടുത്തി പറയുന്നതെല്ലാം നന്മയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. എന്നാൽ, നിങ്ങൾ ശിവപുരാണം വായിക്കുകയാണെങ്കിൽ നിങ്ങൾക്ക് ശിവൻ ഒരു നല്ല വ്യക്തിയാണോ മോശം വ്യക്തിയാണോ എന്ന് നിർണയിക്കാൻ സാധിക്കില്ല. അദ്ദേഹം സുന്ദരപുരുഷനാണ് ഒപ്പംതന്നെ അലങ്കാരങ്ങളില്ലാത്ത യോഗിയും. അദ്ദേഹം മഹാ സന്ന്യാസിയാണ് അതേസമയം ഗൃഹസ്ഥാശ്രമിയും. അദ്ദേഹം ഏറ്റവും അച്ചടക്കമുള്ളവനാണ്. ഒപ്പംതന്നെ ലഹരിയിൽ മുങ്ങിയവനും. ദൈവങ്ങളും രാക്ഷസന്മാരും തുടങ്ങി ലോകത്തിലെ എല്ലാ തരത്തിൽപെട്ടവരും അദ്ദേഹത്തെ ആരാധിക്കുന്നു. പരിഷ്കാരം എന്ന് വിളിക്കപ്പെടുന്ന സംഗതി സാധാരണയായി ദഹിക്കാൻ പ്രയാസമുള്ള അദ്ദേഹത്തിന്റെ കഥകളെ സൗകര്യപൂർവം ഒഴിവാക്കിവിട്ടുവെങ്കിലും ശിവൻ ആരാണെന്നതിന്റെ യാഥാർഥ്യം ഇതാണ്.

അസ്തിത്വത്തിലെ എല്ലാ ഗുണങ്ങളുടെയും സങ്കീർണമായ സംയോജനം ഒരു വ്യക്തിയിൽ സാക്ഷാത്‌കരിച്ചതാണ് ശിവൻ. ഈ ഒരു വ്യക്തിയെ നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചാൽ നിങ്ങൾക്ക് ജീവിതത്തിന്റെ മറുകര താണ്ടാൻ കഴിയും. ഒരാളുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണമെന്താണെന്നുെവച്ചാൽ, നാമെപ്പോഴും എന്താണ് സുന്ദരമായത് എന്താണ് സുന്ദരമല്ലാത്തത്, എന്താണ് നല്ലത്, ഏതാണ് മോശമായത് എന്നിങ്ങനെ വേർതിരിച്ചു കൊണ്ടേയിരിക്കുന്നു. എല്ലാറ്റിന്റെയും അസാധാരണ സംയോജനമായ ഈ മനുഷ്യനെ ഉൾക്കൊള്ളാൻ നിങ്ങൾക്ക് സാധിച്ചാൽ, പിന്നെ നിങ്ങൾക്ക് യാതൊന്നുമായും ഒരു പ്രശ്നവുമുണ്ടാവില്ല.

മൂന്നാംകണ്ണ് തുറക്കുമ്പോൾ

ശിവൻ ത്രയംബകൻ എന്നും അറിയപ്പെടുന്നു. കാരണം അദ്ദേഹത്തിന് ഒരു മൂന്നാം കണ്ണുണ്ട്. മൂന്നാംകണ്ണ് എന്നാൽ, ഒരാളുടെ നെറ്റി പിളർന്നു എന്തോ പുറത്തുവന്നു എന്നല്ല അർഥം. മറ്റൊരു തലത്തിലുള്ള കാഴ്ച അവിടെ തുറക്കപ്പെട്ടിട്ടുണ്ട് എന്നാണ്. ഈ രണ്ടു കണ്ണുകൾക്കും ഭൗതികമായതെന്തോ അതുമാത്രമേ കാണാൻ സാധിക്കൂ. ഞാൻ എന്റെ കൈകൊണ്ട് അവയെ മറയ്ക്കുകയാണെങ്കിൽ അതിനപ്പുറത്തേക്ക് അവയ്ക്ക് കാണാൻ കഴിയില്ല. അവ അത്ര മാത്രം പരിമിതങ്ങളാണ്. 

മൂന്നാം കണ്ണ് തുറന്നു എന്നാൽ, ജീവിതത്തെ പൂർണമായും വ്യത്യസ്തമായ രീതിയിൽ നോക്കിക്കാണുന്ന മറ്റൊരു തലത്തിലുള്ള കാഴ്ച, ലഭ്യമാവുകയും നിലനിൽക്കുന്നതെല്ലാം ഗ്രഹിക്കപ്പെടുകയും ചെയ്തു എന്നാണർഥം.
ശിവൻ എന്നാൽ, ആത്യന്തികമായ ഗ്രാഹ്യത്തിന്റെ മൂർത്തീകരണമാണ്. ഇതൊരു മതമല്ല, ആന്തരികമായ പരിണാമത്തിന്റെ ശാസ്ത്രമാണിത്. ഇത് അതിരുകളെ മറികടക്കലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈശാ യോഗ സെന്റർ മഹാശിവരാത്രി ആഘോഷിക്കുന്നത്. ഓരോരുത്തർക്കും അവരുടെ ഗ്രാഹ്യത്തെ വർധിപ്പിക്കാനുള്ള ഒരു അവസരവും സാധ്യതയുമാണിത്. ചിന്തകളാലും വികാരങ്ങളാലും ജീവിതത്തെ കുറിച്ചുള്ള മുൻവിധികളാലും സ്വയം കെട്ടിവരിഞ്ഞിട്ടുള്ള ബന്ധനത്തിൽനിന്നും മുക്തിനേടാനുള്ള അവസരമാണിത്. ‘ശിവൻ’ എന്നാൽ, അതാണ്. ‘യോഗ’ എന്നാൽ, അതാണ്.

ഈ മഹാശിവരാത്രി നിങ്ങൾക്ക് ഉറങ്ങാതിരിക്കാനായി മാത്രമുള്ള ഒരു രാത്രിയാവാതെ ജീവസ്സുറ്റതും ബോധപൂർണവുമായ ഒരു രാത്രിയായിത്തീരട്ടെ. ഈ ദിവസം പ്രകൃതി കനിഞ്ഞുനൽകുന്ന അതിശയകരമായ ഈ സമ്മാനം നിങ്ങൾക്ക് ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയണം എന്നാണ് എന്റെ ആഗ്രഹം. ഈ ഉയർച്ചയിലൂടെ നിങ്ങൾക്ക് സഞ്ചരിക്കാനും  ശിവൻ എന്ന് നമ്മൾ പറയുമ്പോൾ അത് അർഥമാക്കുന്ന സൗന്ദര്യവും ആനന്ദവും എന്താണെന്ന് അറിയാനും സാധിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.