Pope Francicനാം ഒരു കുടുംബം-ഫാ. പോൾ തേലക്കാട്ട്

എട്ട് അധ്യായങ്ങളിൽ 287 ഖണ്ഡികകളിൽ എഴുതപ്പെട്ട ചാക്രികലേഖനം സകലമനുഷ്യരെയും മാത്രമല്ല പ്രപഞ്ചത്തിലെ സകലതിനെയും സാഹോദര്യത്തിൽ ഐക്യപ്പെടുത്തുന്ന സന്ദേശമാണ്. പ്രത്യേകമായി മാനവകുടുംബത്തിന്റെ സൗഹൃദ സാഹോദര്യത്തെയാണ് അടിവരയിടുന്നത്. അതിന്റെ പശ്ചാത്തലം രണ്ടാം കുരിശുയുദ്ധകാലത്തു, ഫ്രാൻസിസ്‌ ഈജിപ്തിലെ സുൽത്താൽ അൽ മാലിക്‌ അൽ കമാലിനെ സന്ദർശിച്ചു സൃഷ്ടിച്ച പരസ്പരസൗഹൃദത്തിന്റെ ബന്ധമാണ്. മാർപാപ്പ ഈജിപ്തിലെ ഗ്രാൻഡ്‌ ഇമാമിനെ അബുദാബിയിൽ 2019-ൽ കണ്ട് ഒന്നിച്ചു നടത്തിയ സൗഹൃദ സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും പശ്ചാത്തലവും ഈ ചാക്രികലേഖനത്തിനുണ്ട്.

ഫ്രാൻസിസിന്റെ പേരെടുക്കുന്ന ആദ്യത്തെ മാർപാപ്പ എന്ന വിധത്തിൽ അക്ഷരാർഥത്തിൽ ഫ്രാൻസിസ് ആവസിച്ച വ്യക്തിയാണദ്ദേഹം. ഫ്രാൻസിസിെനക്കുറിച്ചുള്ള കസാൻദ്‌സാക്കിസിന്റെ നോവലിലെ ഫ്രാൻസിസും മാർപാപ്പയും ഇവിടെ ചരിത്രത്തിൽ ഒന്നിക്കുന്നു.

‘‘നീ വീണ്ടും വന്നോ, സഭയുടെ ഉത്തരവാദിത്വം എന്റെ ചുമലിലാണ് ശല്യപ്പെടുത്തരുത്.’’ -മാർപാപ്പയെ കാണാൻ വന്ന ഫ്രാൻസിസിനോട് പാപ്പ പറഞ്ഞു.

‘‘പരിശുദ്ധ പിതാേവ, എനിെക്കാരു സ്വപ്നമുണ്ടായി പള്ളികളുടെ പള്ളിയായ ലാറ്ററൻ ബസിലിക്കയുടെ ഗോപുരം ഞാൻ നോക്കിനിൽക്കെ ഒടിഞ്ഞുതകരുന്നു. ഞാൻ കേട്ടു, ‘‘ഫ്രാൻസിസ് സഹായിക്കൂ.’’
‘‘നിന്റെ ശിരോവസ്ത്രം മാറ്റൂ. നിന്റെ മുഖം കാണട്ടെ. നിനക്ക്‌ എപ്പോഴാണ് സ്വപ്നമുണ്ടായത്?’’

‘‘ഇന്ന്‌ രാവിലെ.’’

‘‘നിന്നെ വിട്ട സ്വപ്നം എന്നെത്തേടി വന്നു. നീ കണ്ടത് ഞാനും കണ്ടു. നീ കാണാത്തതു ഞാൻ കണ്ടു. പള്ളി താങ്ങുന്ന വിരൂപനായ സന്ന്യാസി നീയല്ലേ?’’

‘‘പള്ളി രക്ഷിക്കാൻ ഞാൻ ആരാണ്. നാം നശിക്കുന്നു എന്നു ഞങ്ങൾ അലമുറയിടാം.’’

ഈ പാരസ്പര്യം നെഞ്ചിലേറ്റിയ മാർപാപ്പയാണ് വിശ്വസാഹോദര്യത്തിന്റെ സന്ദേശത്തിനുവേണ്ടിമാത്രം ഇടയലേഖനമെഴുതുന്നത്. അതിലളിതവും മനോഹരവുമായ വിശുദ്ധഭാഷയിൽ അത്‌ സാഹോദര്യത്തിന്റെ സന്ദേശം നൽകുന്നു.

അവസാന അധ്യായത്തിലാണ് മതങ്ങളുടെ സാഹോദര്യസൗഹൃദം വളർത്താൻ പരസ്പരം സഹകരിച്ച് മാനവകുടുംബത്തിന്റെ ഭാവി ഭാസുരമാക്കാനുള്ള കടമകളെക്കുറിച്ചു പ്രതിപാദിക്കുന്നത്. ‘‘വിവിധ മതങ്ങളിൽ സത്യമായും വിശുദ്ധമായുമുള്ളതൊന്നും നിഷേധിക്കുന്നില്ല’’ എന്ന്‌ ക്രൈസ്തവസഭയുടെ അധ്യക്ഷൻ എടുത്തുപറയുന്നു. ‘‘മതങ്ങൾ ദൈവത്തിന്റെ പ്രവൃത്തിയാണ്’’ എന്നും മാനവികമായതെല്ലാം തങ്ങളുടെ താത്‌പര്യവിഷയമാകണമെന്നും പ്രസ്താവിക്കുന്നു. ‘‘മതങ്ങൾ തമ്മിൽ സമാധാനത്തിന്റെ യാത്ര സാധ്യമാണ.്’’ ദൈവത്തിന്റെ സ്നേഹം ‘‘മതേഭദമില്ലാതെ എല്ലാവർക്കും ഒന്നുതന്നെയാണ്.’’ നമ്മിൽനിന്നു ഭിന്നരായവരുമായി ബന്ധപ്പെടുമ്പോൾ നമ്മുടെ ആഴമേറിയ ബോധ്യങ്ങളിൽ വെള്ളംചേരുന്നു എന്നു മാർപാപ്പ പരിതപിക്കുന്നു.

ദൈവാരാധനയും അയൽക്കാരനെ സ്നേഹിക്കുന്നതും സംബന്ധിച്ച മതപ്രബോധനങ്ങളെ പശ്ചാത്തലം മാറ്റി വൈരത്തിന്റെയും വെറുപ്പിന്റെയും ഭാഷയിലേക്കു മാറ്റുന്ന പ്രതിസന്ധി എല്ലാ മതങ്ങളിലുമുണ്ട് എന്നു ലേഖനം ചൂണ്ടിക്കാണിക്കുന്നു. അപരന്റെ മുഖത്ത് ഈശ്വരമുഖം കാണുന്ന ക്രൈസ്തവദർശനം മനീഷപഞ്ചകത്തിൽ തനിക്കെതിരേ വരുന്ന ചണ്ഡാലന്റെ മുഖത്ത് കാശിനാഥനെ കണ്ട ശങ്കരാചാര്യരുടെ വീക്ഷണവുമായി ഒന്നിക്കുന്നു. ആദത്തിന്റെയും ഹവ്വയുെടയും മക്കളായ ലോക മഹാകുടുംബവീക്ഷണം യഹൂദ, ഇസ്‌ലാമിക, ക്രൈസ്തവ മതങ്ങളിൽ പൊതുവാണ്.

സംവേദനമിഥ്യയുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. വ്യക്തികൾക്കു സ്വകാര്യത ഇല്ലാതായി. എല്ലാം പ്രദർശനത്തിനു വെക്കുന്നു. ജനതയുടെ ജീവിതം നിരന്തരമായ നിരീക്ഷണത്തിനു വിധേയമാകുന്നു. പരസ്പര സ്പർധയിൽ മത്സരിക്കുന്ന സംസ്കാര ശോഷണത്തിൽ മനുഷ്യത്വത്തിന്റെ ഗരിമ വർധിപ്പിക്കാൻ മതങ്ങൾക്ക് സംഘാതമായി പൊതുധർമത്തെ ബലപ്പെടുത്താം.

പ്രതീക്ഷ സൃഷ്ടിക്കാനുള്ള കടമയിൽനിന്ന്‌ മതങ്ങൾ പിന്നോട്ടുേപാകരുത്. ‘എല്ലാവരും സഹോദരർ’ എന്ന ഇടയലേഖനം ഭാരതത്തിന്റെ ഭാഷയിൽ ‘വസുധൈവകുടുംബക’ത്തിന്റെ സന്ദേശമാണ്. ഒരുവൻ ബന്ധു അപരൻ അന്യൻ എന്നതു ചെറിയ മനുഷ്യന്റെ അല്പവിചാരമാണ്. നാം ഒരു കുടുംബം  അതാണ് മഹത്ത്വപൂർണമായ ചിന്തയും വികാരവും.


മുതലാളിത്തമല്ല മാർഗം- പ്രൊഫ. കെ.വി. തോമസ്

ലോകത്ത് വലിയ പുരോഗമനവും വികസനവും കൊണ്ടുവരുന്നു എന്ന് മുതലാളിത്ത ചിന്താഗതിക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും  ലോകസമ്പത്തിന്റെ ഏറിയപങ്കും ഏതാനും രാജ്യങ്ങളിലും വ്യക്തികളിലും മാത്രം ഒതുങ്ങിക്കിടക്കുകയാണ്. ലോകവ്യാപകമായി സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം.  എന്നാൽ, വികസനത്തിന്റെ ഫോർമുല മുതലാളിത്തമാണ് എന്നവകാശപ്പെടുന്ന രാജ്യങ്ങളിൽ കോവിഡ് വ്യാപന നിയന്ത്രണ നടപടികളും രോഗപ്രതിരോധ പ്രവർത്തനങ്ങളും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ‘എല്ലാവരും സഹോദരർ’ എന്ന ചാക്രികലേഖനം പ്രസക്തമാവുന്നത്.  ലോകത്തിലുണ്ടാകുന്ന പുരോഗതിയും വികസനവും എല്ലാവരിലും എത്തേണ്ടതുണ്ട്.  കോവിഡ്‌ വ്യാപനത്തെ നേരിടാനും പ്രതിസന്ധി പരിഹരിക്കാനും ലോകസമൂഹം ഒന്നിച്ചുപോരാടണം.  

ലോകസാമ്പത്തികമേഖലയുടെ തകർച്ചപോലും പരിഗണിക്കാതെ അമേരിക്ക, ഫ്രാൻസ്, ഇസ്രയേൽ തുടങ്ങിയ മുതലാളിത്തരാജ്യങ്ങൾ   ആയുധക്കച്ചവടങ്ങൾക്കു കോപ്പുകൂട്ടുകയാണ്.

കോവിഡിന്റെ വ്യാപനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് എത്തിനിൽക്കുന്ന ഇന്ത്യയിൽ മരണനിരക്കും പട്ടിണിയും വർധിച്ചുകൊണ്ടിരിക്കുന്നു. സർക്കാർ ഏറ്റെടുക്കുന്ന പ്രതിരോധനടപടികൾ ഒന്നൊന്നായി പരാജയപ്പെടുകയുമാണ്.

നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിനുശേഷം മുതലാളിത്ത വ്യവസ്ഥിതിക്കും സ്വകാര്യവത്കരണത്തിനും ആക്കംകൂടി. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായ മാധ്യമങ്ങൾ മിക്കവയും സർക്കാർ കടിഞ്ഞാണിനകത്തായി.

സ്വത്ത് മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള മുതലാളിത്ത ഇടപെടലിന്റെ ഫലമാണ് വികസ്വരരാജ്യമായ ഭാരതത്തിൽപ്പോലും പ്രകടമാവുന്നത്. മനുഷ്യസാഹോദര്യത്തെക്കാളേറെ ധനം ആർജിക്കുക എന്ന മുതലാളിത്ത കാഴ്ചപ്പാട് കോവിഡ് കാലത്ത് ശക്തിയാർജിച്ചതിന്റെ  പ്രതിരോധമാണ് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ചിന്താസരണിയിലധിഷ്ഠിതമായ ‘ഏവരും സഹോദരർ’ എന്ന ചാക്രികലേഖനം. മഹാമാരിയിൽ കമ്പോള മുതലാളിത്തം പരാജയപ്പെട്ടു എന്നു വ്യക്തമാക്കുന്നതാണ്  ഈ ലേഖനം.

ക്രിസ്തുസന്ദേശത്തിന്റെ സ്പന്ദനങ്ങളും ഈ ചാക്രികലേഖനം ലോകത്തെമ്പാടും അനുഭവവേദ്യമാക്കുന്നുണ്ട്. ‘‘ഞാൻ വിശക്കുന്നവനായിരുന്നു... നീ എനിക്കു ഭക്ഷിപ്പാൻ തന്നുവോ...’’ ‘‘ഞാൻ നഗ്നനായിരുന്നു... രോഗിയായിരുന്നു... കാരാഗൃഹവാസിയായിരുന്നു...’’ ആധുനികകാലത്തെ ഏറ്റവും പ്രസക്തമായ ‘ഞാൻ അഭയാർഥിയായിരുന്നു’ എന്ന ചോദ്യത്തിനുത്തരംകൂടിയാണ് ‘Fratelli Tutti’ അഥവാ ‘എല്ലാവരും സഹോദരർ’ എന്ന ചാക്രികലേഖനം.  

(മുൻ കേന്ദ്രമന്ത്രിയാണ്‌ ലേഖകൻ)