ഇന്ന്‌ ശാരദാദേവി ജയന്തി

സീതാദേവിയെപ്പോലെ സർവംസഹയായ അസാധാരണ സ്ത്രീത്വത്തെയാണ്‌ ശാരദാദേവിയിൽ നാം കാണുന്നത്‌. കാരണം, ഭർത്താവായി ഒരു ഈശ്വരപുരുഷൻതന്നെയുണ്ടായിരുന്നെങ്കിലും ദേവിക്ക്‌ അസഹനീയമായ ഗാർഹികസാഹചര്യങ്ങളിൽ ജീവിക്കേണ്ടിവന്നു. പക്ഷേ, ദേവി തന്റെ തപോബലംകൊണ്ടു മാത്രം, മനസ്സാന്നിധ്യം കൈവിടാതെ സമദൃഷ്ടിയും സുഖദുഃഖസമയുമായി നിരന്തരം കർത്തവ്യനിരതയായിരുന്നു.

‘‘മനുഷ്യർക്കു ദോഷങ്ങൾ പലതും കണ്ടേക്കാം. എന്നാൽ, അവരെ നന്നാക്കുന്നത്‌ എങ്ങനെയാണെന്ന്‌ എത്ര പേർക്കറിയാം?’’ -എന്ന്‌ ദേവി പറയാറുണ്ട്‌. ലോകം ആരെ വെറുത്തിരുന്നുവോ, അവരോടായിരുന്നു ദേവിക്കു കൂടുതൽ വാത്സല്യം. എന്തു നീചകർമം ചെയ്തിട്ടു വന്നവനായാലും ശരി, അതറിഞ്ഞുകൊണ്ടുതന്നെ ദേവി മാപ്പു നൽകുകയും അഭയം കൊടുക്കുകയും ചെയ്തുവന്നു. അങ്ങനെ സ്നേഹമാകുന്ന ദിവ്യൗഷധംകൊണ്ടു തിന്മയെക്കൂടി നന്മയാക്കാനുള്ള ശക്തി ദേവിക്കുണ്ടായിരുന്നു.

ശ്രീരാമകൃഷ്ണൻ ദേവിക്കു നൽകിയ ശിക്ഷണം നിത്യജീവിതത്തിനും ആധ്യാത്മികപുരോഗതിക്കും ഉതകുന്നതായിരുന്നു. സാധാരണമെന്നു തോന്നുന്ന കാര്യങ്ങളിൽപ്പോലും എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ ശ്രീരാമകൃഷ്ണന്‌ വ്യക്തമായ ധാരണയുണ്ടായിരുന്നു. അതദ്ദേഹം ദേവിക്കും പകർന്നുനൽകി. സാമൂഹികബന്ധത്തിൽ ഒരു വ്യക്തിയുടെ വിജയം, അയാൾക്കു സ്ഥലകാലസന്ദർഭങ്ങളനുസരിച്ചു പെരുമാറാനുള്ള കഴിവിനെ ആശ്രയിച്ചാണ്‌ സ്ഥിതിചെയ്യുന്നതെന്ന്‌ ശ്രീരാമകൃഷ്ണൻ ദേവിയോടുപദേശിച്ചു.
ശ്രീരാമകൃഷ്ണന്റെ മഹാസമാധിക്കുശേഷം, വിവേകാനന്ദസ്വാമികളുൾപ്പെട്ട രാമകൃഷ്ണപ്രസ്ഥാനത്തിലെ സന്ന്യാസിമാരെ നയിക്കുന്നതിൽ ശാരദാദേവി മഹത്തായ പങ്കുവഹിച്ചു. സംഘത്തിലെ സന്ന്യാസിമാർക്കെല്ലാം മാതാവും ദേവതയുമായ ദേവി തന്റെ സന്ന്യാസിസന്താനങ്ങൾക്ക്‌ പല ഉപദേശങ്ങളും മുന്നറിയിപ്പുകളും എപ്പോഴും നൽകിയിട്ടുണ്ട്‌.

അമേരിക്കയിലേക്കു പുറപ്പെടുന്നതിനുമുമ്പ്‌ ആരുടെ അനുജ്ഞയും അനുഗ്രഹവുമാണോ വിവേകാനന്ദസ്വാമികൾ തേടിയത്‌, ആ അമ്മ ഒരു സാധാരണ സ്ത്രീയാകാൻ വഴിയില്ല. ആ അമ്മയുടെ ജന്മം പ്രത്യക്ഷമായോ പരോക്ഷമായോ ലോകമെമ്പാടും സ്ത്രീശാക്തീകരണത്തിനു വഴിതെളിയിച്ചു.

1894-ൽ വിവേകാനന്ദസ്വാമികൾ തന്റെ സോദരസന്ന്യാസിയായ ശിവാനന്ദസ്വാമികൾക്ക്‌ എഴുതി: ‘സഹോദരാ! മാതൃദേവി (ശാരദാദേവി) എത്ര വലിയ മഹതിയാണെന്നു നിങ്ങൾക്കു മനസ്സിലായിട്ടില്ല. ക്രമേണ മനസ്സിലാകും. ശക്തികൂടാതെ ലോകോദ്ധാരണം ഉണ്ടാകയില്ല. നമ്മുടെ നാട്‌ ഏറ്റവും അധമവും ദുർബലവുമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ശക്തിയെ അപമാനിച്ചതുകൊണ്ട്‌. ഭാരതത്തിൽ ആ മഹാശക്തിയെ വീണ്ടും ഉണർത്താനാണ്‌ മാതൃദേവി ആവിർഭവിച്ചിരിക്കുന്നത്‌; അവരെ അവലംബിച്ച്‌ ഗാർഗി, മൈത്രേയി മുതലായവർ വീണ്ടും ലോകത്തിൽ ജനിക്കും... ശ്രീരാമകൃഷ്ണദേവനെ വിസ്മരിച്ചാലും ഞാൻ ഭയപ്പെടുന്നില്ല. മാതൃദേവിയെ വിസ്മരിച്ചാൽ സർവനാശംതന്നെ.’