വൃശ്ചികം ഒന്നിനാരംഭിച്ച് എട്ട് സാധ്യായ ദിവസങ്ങളിലായി വേദപ്രയോക്താക്കളുടെ മഹാപരീക്ഷയാണ് കടവല്ലൂർ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്കുമുമ്പ് ആരംഭിച്ച കടവല്ലൂർ അന്യോന്യം. ഹിന്ദുമത നവോത്ഥാന പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് അന്യോന്യം ആരംഭിച്ചത്.

ചരിത്രം
തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ ആദ്യകാലം മുതൽ തന്നെ വേദപഠനം നിലനിന്നിരുന്നു. ദീർഘകാല വേദപഠനത്തിനുശേഷം വേദപഠിതാക്കൾ അവരുടെ കഴിവ് മാറ്റുരച്ചിരുന്നത് തൃശ്ശൂർ ശ്രീവടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീരാമന്റെ മുഖമണ്ഡപത്തിലായിരുന്നു. ഇതിൽ പങ്കെടുത്തിരുന്നവരിൽ ഒരു വിഭാഗം ബ്രഹ്മസ്വം മഠത്തിൽ തന്നെയും രണ്ടാമത്തെ വിഭാഗക്കാർ തൃശ്ശൂരിലെ ഭക്തപ്രിയം ക്ഷേത്രത്തിലുമായി ഓത്ത് ചൊല്ലുകയും വടക്കുംനാഥനിലെ ശ്രീരാമപ്രതിഷ്ഠയ്ക്ക് മുമ്പിൽ ‘കിഴക്കുപടിഞ്ഞാറ്’ എന്ന പേരിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് ബ്രഹ്മസ്വം മഠത്തിലെ അധ്യാപകർ തമ്മിലുണ്ടായ ശീതസമരത്തിന്റെ ഭാഗമായി ഒരു വിഭാഗം അധ്യാപകർ കോഴിക്കോട് സാമൂതിരിരാജാവിനെ മുഖംകാണിക്കുകയും സാമൂതിരി അനുവദിച്ച് തവനൂരിൽ തിരുനാവായ ബ്രഹ്മസ്വം മഠം സ്ഥാപിച്ച് അവിടെ വേദപഠനം നടത്തിപ്പോന്നു.

തൃശ്ശൂരിന് വടക്ക് മുളങ്കുന്നത്തുകാവ് ധർമശാസ്താക്ഷേത്രത്തിൽ തൃശ്ശൂർ-തിരുനാവായ യോഗക്കാർ തമ്മിൽ വേദപരീക്ഷ രൂക്ഷമായ മത്സരാടിസ്ഥാനത്തിലായി. അന്നുമുതൽ ‘കിഴക്കു പടിഞ്ഞാറ്’ എന്നതിന് പകരം ‘വേദോപാസന’ എന്നപേര് നിലവിൽ വന്നു.മുളങ്കുന്നത്തുകാവ് ക്ഷേത്രത്തിൽ വേദ പരീക്ഷയിൽ, വടക്കുംനാഥനെ നിത്യവും ഭജിച്ച് വന്നിരുന്ന തൃശ്ശൂർയോഗക്കാർക്കായിരുന്നു വിജയം. തുടർന്ന് നടന്ന സമവായ ചർച്ചകളിൽ തൃശ്ശൂരിനും തിരുനാവായയ്ക്കും മധ്യത്തിൽ സ്ഥിതിചെയ്യുന്ന കടവല്ലൂർ ശ്രീരാമക്ഷേത്ര സന്നിധി വേദോപാസനത്തിന് വേദിയാവുകയും അന്യോന്യം എന്ന പേര് വരുകയും ചെയ്തു.

മത്സര രീതി
തൃശ്ശൂർ, തിരുനാവായ യോഗങ്ങളിലെ വേദജ്ഞർ തമ്മിലുള്ള മത്സരമാണ് കടവല്ലൂരിൽ നടന്നുവരുന്നത്. വൃശ്ചികം ഒന്നാം തീയതി, മത്സര ത്തലേന്ന് ഇരുയോഗക്കാരും കടവല്ലൂരിൽ എത്തിയിരിക്കണം. ഇവിടെവെച്ച് ബന്ധുക്കളാണെങ്കിൽ പോലും പരസ്പരം മിണ്ടാനോ, പരിചയം നടിക്കാനോ പോകാറില്ല.

സന്ധ്യാവന്ദനശേഷമാണ് വേദ പരീക്ഷകൾ ആരംഭിക്കുക. തൃശ്ശൂർ, തിരുനാവായ യോഗങ്ങളിലെ വിദ്യാർഥികൾ ‘കിഴക്ക് പടിഞ്ഞാറ്’ എന്ന പേരിൽ അവരവരുടെ യോഗങ്ങളിലെ പരീക്ഷ കഴിഞ്ഞ് ഭഗവദ്‌ സമക്ഷത്തിൽ പോയശേഷം വാരമിരിക്കൽ, ജടചൊല്ലുക, രഥചൊല്ലുക എന്നിവയാണ് മത്സരപ്പരീക്ഷയുടെ രീതി. പതിനായിരത്തിലധികം വരുന്ന ഋക്കുകളാണ് ചൊല്ലേണ്ടത്. ഋഗ്വേദത്തിലെ ഏതെങ്കിലും അഷ്ടകത്തിൽ വർഗാദി തുടങ്ങി 10 ഋക്കുകൾ ക്രമരൂപത്തിൽ ചൊല്ലുന്നതാണ് വാരം. ഈ ചൊല്ലുന്നതിൽ തെറ്റിയാൽ മറുവിഭാഗം വിരൽമിടിക്കും. പിന്നീട് ആദ്യം  മുതൽ ചൊല്ലണം. പിഴയ്ക്കാതെ ചൊല്ലിയാൽ ജയിച്ചു. മൂന്നുതവണ പിഴച്ചാൽ ‘കലമ്പി’. ക്ഷേത്രത്തിലെ വലിയമ്പലത്തിലെ കൂത്തമ്പലത്തിൽ വെച്ചാണ് പരീക്ഷകൾ നടക്കുക.

ജടയും രഥയും രണ്ടുപേർ ചേർന്നാണ് ചൊല്ലുക. ഊഴവും സന്ധിയും തെറ്റാതെ ചൊല്ലണം. സംഹിത, പദം എന്നിവയിലുള്ള പരിചയം, ശബ്ദത്തിലെ യോജിപ്പ്, വേഗം ഇവയെല്ലാം പിഴയ്ക്കാതെ ചൊല്ലുന്നതിന് അത്യാവശ്യമാണ്. കഠിനമായ അഭ്യാസവും സാധനയുമുണ്ടെങ്കിലേ പിഴയ്ക്കാതെ ചൊല്ലാനാവൂ. വാരത്തിനും അത്താഴപൂജയ്ക്കും ശേഷം നടക്കുന്ന സദ്യയ്ക്കിടയിലാണ്

ജടയും രഥയും പ്രയോഗിക്കാറുള്ളത്. രഥ പ്രയോഗങ്ങളിലെ കൃത്യതയ്ക്കനുസരിച്ചാണ് തുടർന്നുള്ള കടന്നിരിക്കലും വലിയ കടന്നിരിക്കലും. രഥ ചൊല്ലുന്നതിൽ വളരെ കൃത്യതയുള്ളവരും പിഴവുണ്ടാവില്ല എന്ന് ഉറപ്പുള്ളവരുമാണ് കടന്നിരിക്കലിന് തയ്യാറാവുക.

തൃശ്ശൂർ ബ്രഹ്മസ്വംമഠത്തിലെ സെക്രട്ടറിയും അധ്യാപകനുമായിരുന്ന മൂക്കുതല പന്താവൂർ പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ ‘വലിയ കടന്നിരിക്കൽ’ കൈവരിച്ച ഏകവ്യക്തി. അന്യോന്യം പുനരാരംഭിച്ചശേഷം തിരുനാവായ യോഗക്കാരനായ ഡോ. മണ്ണൂർ ജാതവേദൻ നമ്പൂതിരിക്കും നാറാസ് നാരായണൻ നമ്പൂതിരിക്കും മാത്രമേ ‘കടന്നിരിക്കലി’ന് സാധിച്ചിട്ടുള്ളൂ. കടന്നിരിക്കലിലെയും വലിയ കടന്നിരിക്കലിലെയും വിജയം ഒരു വൈദിക വിദ്യാർഥിയെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്.