ഇന്ന്‌ ശങ്കരജയന്തി

സകലവിജ്ഞാനവും അനുഭവങ്ങളും അനുഭൂതികളുമെല്ലാം സമന്വയിച്ചുനിൽക്കുന്ന നമ്മുടെ അസ്തിത്വത്തിന്റെ വാചികാഖ്യാനമായ അദ്വൈതവേദാന്തത്തിന്റെ ഗൗരീശിഖരമാണ്‌ ശ്രീ ശങ്കരൻ‚. വേദോപനിഷത്തുകളിലും ബ്രഹ്മസൂത്രത്തിലും സ്മൃതിഗ്രന്ഥങ്ങളിലും പുരാണേതിഹാസങ്ങളിലുമെല്ലാം അന്തർഭവിച്ചതാണ്‌ അദ്വൈതദർശനം. അതിന്റെയെല്ലാം ആവിഷ്കർത്താവോ ഉപജ്ഞാതാവോ ഒന്നുമല്ലെങ്കിലും അദ്വൈതാദർശത്തിന്റെ കർതൃത്വം ആചാര്യനുമായി ഇങ്ങനെ ബന്ധപ്പെടുത്തുന്നതിന്റെ യാഥാർഥ്യം നമുക്ക്‌ അന്വേഷിക്കേണ്ടിയിരിക്കുന്നു.

സംസ്കൃതിയുടെ നിറവിൽനിന്ന്‌ അദ്വൈതബോധമെന്ന അഭേദദർശനത്തെ അദ്ദേഹം വീണ്ടെടുത്തു. സൗന്ദര്യാതിശയം നിറഞ്ഞൊഴുകുന്ന സ്തോത്രകൃതികളിലൂടെ, മുടിനാരിഴകീറിക്കൊണ്ടുള്ള ഭാഷ്യരചനകളിലൂടെ, പ്രകരണഗ്രന്ഥങ്ങളിലൂടെ, തർക്കവിതർക്കങ്ങളിലൂടെ, പ്രതിഷ്ഠാകർമങ്ങളിലൂടെ, മഠസ്ഥാപനങ്ങളിലൂടെ പ്രായോഗികമായും ശ്രുതി-യുക്തി-അനുഭവങ്ങൾക്ക്‌ സുസമ്മതമാക്കി അതിനെ ഉയർത്തി. വേദത്തെ പ്രമാണമായി അംഗീകരിക്കാത്ത ബൗദ്ധസമ്പ്രദായമുൾപ്പെടെയുള്ള നാസ്തികദർശനങ്ങളിലെ ചിന്താസരണികളെയും കർമപദ്ധതികളെയും അദ്ദേഹം സന്ദർഭാനുസൃതം ഉൾക്കൊണ്ടു. അതായത്‌, വേദോപനിഷദ്‌ദർശനങ്ങളുടെയും ബൗദ്ധദർശനങ്ങളായ ശൂന്യവാദം വിജ്ഞാനവാദം എന്നിവയുടെയും സമന്വയമാണ്‌ ഒരർഥത്തിൽ ശങ്കരാചാര്യർ നിർവഹിച്ചത്‌.

കേവലസത്യത്തെ രണ്ടില്ലാത്തത്‌ എന്ന്‌ അദ്വൈതം വിലയിരുത്തുമ്പോൾ അതിലുൾപ്പെടുന്ന ചില വസ്തുതകൾകൂടി അറിയേണ്ടിയിരിക്കുന്നു. അദ്വൈതം നിർദേശിക്കുന്ന ഏകത്വം ഒരിക്കലും ബഹുത്വത്തിന്‌ വിരുദ്ധമല്ല. ഓരോ അസ്തിത്വത്തിന്റെയും തനതിടങ്ങളുടെ പ്രസക്തി, വ്യാപ്തി എന്നിവയെല്ലാം ഉദാരതയോടെ അനുവദിച്ചും ഉൾക്കൊണ്ടുമുള്ള നടപടികൾക്കും നിലപാടുകൾക്കുംമാത്രമേ സന്തുലിതാവസ്ഥയും ഭദ്രതയും നിലനിർത്താനാവൂ. ഈ കാഴ്ചപ്പാട്‌ സ്വയം നവീകരണവും പരിവർത്തനങ്ങളുമെല്ലാം സാധ്യമാക്കും. സത്യത്തെ തങ്ങളുടെ ബോധ്യങ്ങൾക്കനുസരിച്ച്‌ താത്കാലികമാണെങ്കിൽപ്പോലും ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്താനാകും. മാത്രമല്ല, മറ്റൊന്നിന്റെയും കാര്യമോ കാരണമോ അല്ലാത്ത ഒന്നിൽ അനേകം തലങ്ങളും മാനങ്ങളും ഉൾച്ചേർന്നിട്ടുണ്ടെന്ന തിരിച്ചറിവ്‌ ഒരാളെ ക്രമേണ സമുന്നതിയിലേക്ക്‌ നയിക്കും. അതിലൂടെയെല്ലാം തെളിഞ്ഞുകിട്ടുന്ന പരമൈക്യമാണ്‌ ഉപാധിവിശേഷങ്ങൾക്ക്‌ അനുഗുണമായി ബ്രഹ്മം, ഈശ്വരൻ, ജീവൻ, ജഗത്ത്‌, പദാർഥങ്ങൾ എന്നെല്ലാം അർഥമാക്കുന്നതെന്നും മനസ്സിലാക്കാനാവും. അറിവിന്‌ വിഷയമായതിനെയെല്ലാം അറിഞ്ഞ്‌ അംഗീകരിച്ച്‌ അവയുടെ ആഴങ്ങളിലേക്ക്‌ കൂടുതൽ സഞ്ചരിക്കുമ്പോൾ സ്വാഭാവികമായും അവയെല്ലാം ഓരോ അതിരുകളിൽനിന്നും പിന്മടങ്ങുന്നതായി അനുഭവപ്പെടും. അതുകൊണ്ടാണ്‌ നാഗാർജുനനെപ്പോലെ ഹേതുകപ്രാമാണ്യത്തെയും പരിവർത്തന സാധ്യതകളെയുമെല്ലാം നിഷേധിച്ച്‌ ‘വിനാശമില്ല, സൃഷ്ടിയില്ല, ബന്ധനമില്ല, മോക്ഷത്തിന്‌ യത്നിക്കുന്നവനില്ല, അതിനാഗ്രഹിക്കുന്നവനില്ല, മുക്തനില്ല, ഇതാണ്‌ സത്യം’-എന്ന്‌ ആചാര്യൻ കുറിച്ചത്‌
പാരമ്പര്യത്തെ ആവർത്തിച്ചുകൊണ്ട് ചരിത്രത്തെ കെട്ടിനിർത്തുന്നതിനുപകരം അതിനെ അതിക്രമിക്കാനുള്ള ഊർജം സമാഹരിക്കുകയായിരുന്നു മറ്റേത്‌ നവോത്ഥാനനായകന്മാരെയുംപോലെ ശങ്കരാചാര്യരും ചെയ്തത്‌. വ്യവസ്ഥകൾക്കതീതമായ ലക്ഷ്യത്തെ സാക്ഷാത്‌കരിക്കാൻ തിരഞ്ഞെടുത്ത മാർഗങ്ങളും സമീപനങ്ങളും ശൈലികളും പ്രഥമദൃഷ്ട്യാ വിരുദ്ധമെന്ന്‌ തോന്നുമെങ്കിലും വിശാലമായ അർഥത്തിൽ പരസ്പരപൂരകങ്ങളായിരുന്നു. ഒരവസരത്തിൽ ശരിയെന്നും മറ്റൊരിടത്ത്‌ തെറ്റെന്നുമുള്ള വിലയിരുത്തലിന്‌ വിധേയമാകുന്നത്‌ ബോധതലത്തിന്റെ വിവിധ നിലവാരത്തിലുള്ള വെളിപ്പെടലുകളാണ്‌. അപ്പോൾ ഏതെങ്കിലുമൊന്നിന്റെ നിരാകരണം, പാർശ്വവത്‌കരണം എന്നിവയെല്ലാം മുറിവുണ്ടാക്കുക അസ്തിത്വത്തിന്റെ ആകത്തുകയായ ബോധത്തെത്തന്നെയാണ്‌. അത്‌ ശൂന്യസത്തയിലേക്കാണ്‌ നമ്മെക്കൊണ്ടെത്തിക്കുക.

അനുഭവദാർഢ്യത്തിന്റെയും യുക്തിബോധത്തിന്റെയും വിനിയോഗത്തിലൂടെ സ്വാസ്ഥ്യത്തെയും അതിലൂടെ സാമൂഹികസുസ്ഥിതിയെയും സുസാധ്യമാക്കുന്നതിലുള്ള ഉണർവും ഉത്തേജനവും ശങ്കരദർശനം മുന്നോട്ടുവെയ്ക്കുന്നു. ഇത്‌ വിവേകപൂർവം തിരിച്ചറിഞ്ഞ്‌ വിഭാഗീയതകൾക്കൊന്നിനും പതിച്ചുകൊടുക്കാതെ, വിവേചനങ്ങൾക്കൊന്നും അടിമപ്പെടാതെ, ദുർവിനിയോഗം അനുവദിക്കാതെ ഉൾക്കൊള്ളലിന്റെയും സ്വാംശീകരണത്തിന്റെയും സാധ്യതകളെ സ്വായത്തമാക്കുന്നതിനുള്ള ജാഗരൂകതയാണ്‌ ഈ ദർശനം നമ്മോട്‌ എക്കാലത്തും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌.

# അദ്വൈതദർശനം ആശാൻ കവിതകളിൽ എന്ന വിഷ യത്തിൽ പി.എച്ച്‌. ഡി. നേടിയ ആളാണ്‌ ലേഖകൻ