ലാളിത്യത്തിന്റെയും ആർദ്രതയുടെയും പ്രതിരൂപമായിരുന്ന കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി മതമൈത്രിക്ക് ഊന്നൽ നൽകിയ ആത്മീയാചാര്യനായിരുന്നു. അയോധ്യ തർക്ക ഭൂമിയിലൂടെ സമാധാനദൂതുമായി നടന്ന് ലോകശ്രദ്ധ പിടിച്ചുപറ്റാൻ ജയേന്ദ്ര സരസ്വതിക്ക് കഴിഞ്ഞിരുന്നു.

രാമജന്മഭൂമി തർക്കത്തിൽ മതസൗഹാർദം കാത്തുസൂക്ഷിക്കാനായി അദ്ദേഹം നിർദേശങ്ങൾ വെച്ചിരുന്നു. ഒന്നുകിൽ മുസ്‌ലിം സമുദായം ബാബറി മസ്ജിദിന്മേലുള്ള അവകാശവാദം ഒഴിവാക്കുക അല്ലെങ്കിൽ മസ്ജിദും ക്ഷേത്രവും അടുത്തടുത്തായി നിർമിക്കുക എന്നതായിരുന്നു ഇതിൽ പ്രധാനം. ആ നിർദേശം മുസ്‌ലിം വ്യക്തിനിയമ ബോർഡിന് സ്വീകാര്യമായിരുന്നില്ല.

ഇന്ത്യൻ രാഷ്ട്രീയത്തിലെ തീവ്ര വൈകാരിക വേദിയായ അയോധ്യയിലേക്ക് അദ്വൈതത്തെ എത്തിക്കാനുള്ള ദൗത്യം അദ്ദേഹം പിന്തുടർന്നിരുന്നു. അയോധ്യാപ്രശ്നം ചർച്ചചെയ്ത് തീർക്കാമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ‘‘ദൈവികമായ ആത്മപ്രേരണ മൂലമാണ് അയോധ്യാപ്രശ്നം ഏറ്റെടുത്തത്.

ചിലപ്പോൾ രാമരാജ്യത്തിന്റെ ഉൾവിളിയാകാം. രാമൻ സത്യമാണ്. രാമനെ ഇല്ലാതാക്കാനാവില്ല. ആ സത്യം കലാപമായി മാറിക്കൂടാ. എല്ലാ മതങ്ങളെയും സ്നേഹിക്കുന്നു. എല്ലാ വിഭാഗക്കാരും എന്റെ സുഹൃത്തുകളാണ്’’ -ജയേന്ദ്ര സരസ്വതി പറഞ്ഞത് ഇങ്ങനെയായിരുന്നു. 

മതാചാരങ്ങളും സന്ന്യാസനിഷ്ഠകളും അണുവിട തെറ്റിക്കാതെ പാലിക്കുമ്പോഴും സാധാരണക്കാർക്കിടയിൽ സാധാരണക്കാരനായി ഇടപഴകുന്ന സന്മനസ്സ് അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഹിന്ദുമതധർമപരിപാലനത്തിൽ മുഴുകിയുള്ള ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. 

മുൻരാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമുമായി അദ്ദേഹം അടുത്ത  സൗഹൃദം  കാത്തിരുന്നു. കാഞ്ചി മഠത്തിൽ ഒട്ടേറെ ഇതര മതവിശ്വാസികൾ  സന്ദർശകരായിരുന്നു. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കർക്കശമതവാദക്കാരുടെ സമ്മർദങ്ങളോടുള്ള പ്രതിഷേധമാണ്.

1994-ൽ മഠാധിപതിയായി സ്ഥാനമേറ്റതിനുശേഷം കാഞ്ചിമഠത്തിൽ തന്നെ ഒട്ടേറെ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു. അവിടെ സാധാരണക്കാർക്കും ബ്രാഹ്മണർക്കും തുല്യപരിഗണനയേ നൽകിയിരുന്നുള്ളൂ. 

   21 വർഷം ഇന്ത്യ മുഴുവൻ പര്യടനം നടത്തിയ ജയേന്ദ്ര സരസ്വതി  ദരിദ്രരുടെ ഉന്നമനമാണ് ലക്ഷ്യമിട്ടത്. കാഞ്ചീപുരം, ചിദംബരം, കുംഭകോണം, ശ്രീശൈലം, രാമേശ്വരം തഞ്ചാവൂർ, നീലഗിരി, പന്നൈക്കാട്, കലാവരശൻമല തുടങ്ങിയ സ്ഥലങ്ങളിൽ 12 ആസ്പത്രികൾ സ്ഥാപിക്കാൻ മുൻകൈയെടുത്തു.

നിത്യവും അന്നദാനം നടത്താൻ പദ്ധതി ആവിഷ്കരിച്ചു. കാളഹസ്തി, താംബരം, ഏന്നത്തൂർ, തിരുവാനൈക്കോവിൽ, കാശി എന്നിവിടങ്ങളിൽ വൃദ്ധസദനങ്ങളും കാലാവി, ഹരിദ്വാർ എന്നിവിടങ്ങളിൽ ഭിന്നശേഷിക്കാർക്കായി അഭയ കേന്ദ്രങ്ങളും സ്ഥാപിച്ചു.

ചന്ദ്രശേഖരേന്ദ്ര വിശ്വമഹാവിദ്യാലയം, അന്താരാഷ്ട്ര ലൈബ്രറി, വനിതാ കോളേജ് എന്നിവയും‌ ഭാരതമൊട്ടാകെ വേദപഠനശാലകളും സ്ഥാപിച്ചു. അലഹാബാദ്, പുരി, ഹരിദ്വാർ, നേപ്പാൾ എന്നിവിടങ്ങളിൽ ആദിശങ്കരമഠങ്ങൾ സ്ഥാപിച്ചു.

സോമനാഥിലും ഋഷികേശ്, ശ്രീശൈലം എന്നിവിടങ്ങളിലും ശങ്കരപ്രതിമകൾ സ്ഥാപിച്ചു. ആദിശങ്കരസൂക്തങ്ങൾ എല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്തു. ലോകസർവമത സമ്മേളനവും ഹിന്ദുമത സംസ്കാരമേളയും ഹിന്ദു മഹോത്സവങ്ങളും സംഘടിപ്പിച്ചു. 

ഗുരു ചന്ദ്രശേഖരേന്ദ്രനോെടാപ്പം ഇന്ത്യ മുഴുവൻ അദ്ദേഹം പലതവണ സഞ്ചരിച്ചു. രണ്ടു വട്ടം നേപ്പാളിലും പോയി. ഈ സഞ്ചാരങ്ങളിൽ നിന്നുള്ള അറിവും അനുഭവവും കുറച്ചൊന്നുമല്ല ആ തേജസ്വിയെ സ്വാധീനിച്ചത്.

ധവള പതാകയുമായി അയോധ്യയുടെ മണ്ണിൽ അദ്ദേഹത്തെ എത്തിച്ചതും ഈ ജ്ഞാനം തന്നെ. മാനസസരോവറും കൈലാസവും സന്ദർശിച്ച ഏക ശങ്കരാചാര്യരും ജയേന്ദ്ര സരസ്വതിയാണ്.