ഡൽഹിയിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി കഴിഞ്ഞ രണ്ടുദിവസമായി ചർച്ചചെയ്ത പ്രധാന വിഷയങ്ങളിലൊന്ന് തികച്ചും അസാധാരണമായ ഒന്നാണ്. സൗദി അറേബ്യയിൽ പുണ്യസ്ഥലമായ മക്കയിലുണ്ടായിരുന്ന കേയീറുബാത്തിന്റെ വിലയായി അവിടെ സൂക്ഷിച്ചിട്ടുള്ള പണം ഇന്ത്യയിലെത്തിക്കണം. എത്തിച്ചാൽപ്പോരാ, അവകാശികളെ കണ്ടെത്തി അവർക്കെല്ലാം വീതിച്ചുകൊടുക്കണം. 

കേയീറുബാത്ത് കർമസമിതിയുടെ പ്രവർത്തകരാണ് കേന്ദ്ര വഖഫ് ബോർഡിന്റെ പിന്തുണയോടെ കേന്ദ്രമന്ത്രിയുടെ മുമ്പിൽ പ്രശ്നമെത്തിച്ചത്. തങ്ങൾക്കായി അറേബ്യൻ മരുഭൂമിയിൽ കാത്തുകിടക്കുന്നത് അയ്യായിരം കോടി രൂപയാണെന്നാണ് അവർ കേന്ദ്രസർക്കാരിനെ ധരിപ്പിക്കാൻ ശ്രമിച്ചത്. കേരളത്തിലെ കേയി കുടുംബക്കാർക്കായി കാത്തുവെക്കപ്പെട്ട നിധി. എന്നാൽ ആ തുക അഞ്ഞൂറുകോടിയോളമെന്നും തീരെ കുറഞ്ഞ് പത്ത് കോടിയിലും താഴെയെന്നുമെല്ലാം സംസാരമുണ്ട്. 1.40 ദശലക്ഷം സൗദി റിയാൽ മാത്രമാണ് യഥാർഥത്തിൽ അവിടെയുള്ളതെന്ന് മറ്റൊരുകൂട്ടർ. 

ഡൽഹിയിൽ കർമസമിതി നിവേദനം നൽകുകയും ഇടപെടാമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകുകയും ചെയ്തതോടെ കേയീറുബാത്ത് വീണ്ടും കൗതുകവും ആകാംക്ഷയും നിറഞ്ഞ ചർച്ചാവിഷയമായിരിക്കുന്നു. 

കേയി പണിത മക്കയിലെ സത്രം
ചൊവ്വക്കാരൻ വലിയപുരയിൽ മായിൻകുട്ടി കേയി 1877-ലാണ് മക്കയിൽ റുബാത്ത് അഥവാ സത്രം നിർമിച്ചത്. അന്ന് തികച്ചും ദരിദ്രവും അവികസിതവുമായ സൗദിയിൽ വിദേശത്തുനിന്നുള്ള തീർഥാടകർക്ക് താമസിക്കാൻ സൗകര്യം തീരെയുണ്ടായിരുന്നില്ല. ആ പ്രശ്നം പരിഹരിക്കാനാണ് ആർക്കോട്ട് നവാബും ഹൈദരാബാദ് നൈസാമും മക്കയിൽ റുബാത്ത് പണിതത്. മലബാറിൽനിന്നുള്ള തീർഥാടകർ തലചായ്ക്കാനിടമില്ലാതെ കഷ്ടപ്പെടുന്നതിൽ മനസ്സലിഞ്ഞ മായിൻകുട്ടി എളയാ (അറയ്ക്കൽ തറവാട്ടിൽനിന്നാണ് കേയി വിവാഹംചെയ്തത്. അറയ്ക്കലിലെ പുയ്യാപ്ലമാർ എളയ എന്നപേരിലാണ് അന്ന് അറിയപ്പെട്ടത്.) തലശ്ശേരിയിൽനിന്ന് ഇഷ്ടികയും മരവും ഓടുമെല്ലാം കപ്പലിൽ മക്കയിലെത്തിച്ച് 21 മുറികളും രണ്ട് ഹാളുകളുമുള്ള സത്രം നിർമിക്കുകയായിരുന്നു. അത് നോക്കിനടത്താൻ ആ നാട്ടുകാരനെ ചുമതലപ്പെടുത്തുകയും ചെയ്തു. ആരോടും വാടകയൊന്നും വാങ്ങാതെ സൗമനസ്യത്തോടെ തരുന്ന തുകയുപയോഗിച്ച് നടത്തിപ്പ് ചെലവ് നിർവഹിക്കാനാണത്രെ ഏർപ്പാടാക്കിയത്.

തീർഥാടകരുടെ എണ്ണം കൂടിക്കൂടിവരികയും എണ്ണയുടെ വരവോടെ സൗദി അറേബ്യ അവിശ്വസനീയമാംവിധം പുരോഗതിപ്രാപിക്കുകയും ചെയ്തതോടെ തീർഥാടകർക്കുള്ള സൗകര്യങ്ങളും യാത്രാസൗകര്യങ്ങളും മെച്ചപ്പെടുത്താൻ റുബാത്ത് കെട്ടിടങ്ങൾ പൊളിക്കേണ്ടതായിവന്നു. 1960-കളിൽ അങ്ങനെ കേയീറുബാത്തും പൊളിച്ചുനീക്കി. മായിൻകുട്ടി എളയായുടെ പേരിലായിരുന്ന റുബാത്തിന്റെ അന്നത്തെ വിപണിവില കണക്കാക്കി അത് സൗദിയിലെ വഖഫ് അക്കൗണ്ടിൽ നിക്ഷേപിച്ചു. യഥാർഥ അവകാശികളെ കണ്ടെത്തി നൽകണമെന്നായിരുന്നു സൗദി ഭരണകൂടം നിർദേശിച്ചത്. 

റുബാത്ത് എന്നാൽ സത്രമാണെങ്കിലും കേയീറുബാത്തെന്നാൽ മേൽപ്പറഞ്ഞ തുക എന്ന അർഥം വന്നുകഴിഞ്ഞു. ഈ തുകയുടെ അവകാശികളെ കണ്ടെത്താൻ സൗദി സർക്കാർ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട്  ശ്രമിക്കുകയുണ്ടായി-1970 കളിൽ. കണ്ണൂർ കളക്ടറുടെയും തലശ്ശേരി ആർ.ഡി.ഒ.വിന്റെയും നേതൃത്വത്തിൽനടത്തിയ പരിശോധനയിൽ മായിൻകുട്ടി എളയായുടെ പിന്തുടർച്ചാവകാശികളായി തറവാട്ടിൽ അവശേഷിച്ചത് സി.വി. ആലുപ്പിക്കേയിയും സി.വി. മൊയ്തുക്കേയിയുമാണെന്ന് വ്യക്തമായി. അവരോട് സൗദി അധികൃതർ എഴുതിച്ചോദിച്ചപ്പോൾ രേഖാമൂലം നൽകിയ മറുപടി മായിൻകുട്ടി കേയി വഖഫ് ആവശ്യത്തിനായാണ് റുബാത്ത് നിർമിച്ചുനൽകിയത്, അത് പൊളിച്ചതിന്റെ തുക ഞങ്ങൾക്കാവശ്യമില്ല, വഖഫ് ആവശ്യത്തിനുതന്നെ കേരളത്തിൽനിന്ന് തീർഥാടനത്തിനെത്തുന്നവർക്കായി അവിടെത്തന്നെ സൗകര്യമൊരുക്കാൻ ഉപയോഗപ്പെടുത്തണമെന്നാണ്. എന്നാൽ പ്രശ്നം അതോടെ തീർന്നില്ല. 

കിട്ടുമോ ആ നിധി
കേയീകുടുംബവുമായും അറയ്ക്കൽ കുടുംബവുമായും ബന്ധപ്പെട്ടവർ വ്യത്യസ്ത സമിതികളുണ്ടാക്കി അഭിപ്രായപ്രകടനങ്ങളും ശ്രമങ്ങളും തുടർന്നു. വഖഫ് നിധിയിലുള്ള തുക വേണ്ടെന്നുപറഞ്ഞ വലിയപുരയ്ക്കൽ തറവാട്ടുകാർ കേയീറുബാത്ത് ഹെറിറ്റേജ് കമ്മിറ്റിയുണ്ടാക്കുകയും തുക വീതിക്കണമെന്ന ആവശ്യത്തെ എതിർക്കുകയും വാസ്തവത്തിൽ വീതം ചോദിക്കുന്നവരാരും അവകാശികളല്ലെന്ന് വാദിക്കുകയും ചെയ്യുന്നു. കേയീതറവാട് രണ്ടുനൂറ്റാണ്ടോളം മുമ്പുതന്നെ നാല് താവഴികളായി പിരിഞ്ഞതാണ്. അതിൽ ഒരു താവഴിയിലെ കാരണവരായിരുന്നു മായിൻകുട്ടി കേയി. മറ്റ് താവഴിക്കാർക്കെങ്ങനെ അവകാശവാദമുന്നയിക്കാനാവുമെന്നാണ് അവരുടെ ചോദ്യം. എന്നാൽ റുബാത്ത് കർമസമിതി അതിനെ ചോദ്യംചെയ്യുന്നു. കേയിമാരെല്ലാം അവകാശികളാണെന്ന് അവരുടെ പക്ഷം. ഓടത്തിൽപ്പള്ളിയിൽ അവകാശമുള്ളവർക്കെല്ലാം റുബാത്തിലും അവകാശമുണ്ടെന്ന് അവർ പറയുന്നു. 

കേയീവംശത്തിന്റെ ആരാധനാലയമാണ് തലശ്ശേരി ഓടത്തിൽപള്ളി. ഡച്ച് ഉടമസ്ഥതയിലുണ്ടായിരുന്ന കരിമ്പിൻതോട്ടം മൂസക്കേയി വിലയ്ക്കുവാങ്ങി അവിടെ നിർമിച്ച മനോഹരമായ പള്ളി. ഡച്ച് ഭാഷയിലെ ഓടം തോട്ടമാണ്. ഓടത്തിൽപള്ളി എന്ന് പേരുവന്നതങ്ങനെ. അറയ്ക്കൽ തറവാട്ടിൽ വിവാഹംചെയ്ത് കണ്ണൂരിൽ താമസിച്ച മായിൻകുട്ടി എളയ പണിത റുബാത്തിൽ അറയ്ക്കൽ തറവാടിനും അവകാശമുണ്ടെന്ന വാദവുമുയർന്നിരുന്നു. മായിൻകുട്ടി കേയിക്ക് മക്കളില്ലായിരുന്നുവെന്ന വാദം ശരിയല്ലെന്നും ചരിത്രപുസ്തകത്തെളിവുമായി അഭിപ്രായങ്ങളുയർന്നു. ഏതായാലും തർക്കം സങ്കീർണമായിരുന്നു. കേയി കുടുംബം മരുമക്കത്തായമാണ് അടുത്തകാലംവരെ പിന്തുടർന്നതെന്നതും തർക്കത്തിലെ ഒരുഘടകമായിരുന്നു. റുബാത്ത് കേരളത്തിലേക്ക് തിരിച്ചെത്തിക്കുകയോ തീർഥാടകർക്കായി അവിടെത്തന്നെ ഉപയോഗിക്കുകയോ ചെയ്യുന്നതിനുള്ള സാധ്യതയാരാഞ്ഞ് മന്ത്രിയായിരുന്നപ്പോൾ സി.എച്ച്‌. മുഹമ്മദ്‌കോയയും ടി.കെ. ഹംസയും ജിദ്ദയിൽ പോവുകയുണ്ടായി. കേയി കുടുംബത്തിലെ പ്രമുഖനായിരുന്ന സി.കെ.പി. ചെറിയമമ്മുക്കേയിയും അവിടെയെത്തി ചർച്ചനടത്തിയിരുന്നു. 

നാലുവർഷം മുമ്പ് കർമസമിതിയുടെ ആവശ്യം പരിഗണിച്ച് ടി.ഒ. സൂരജ് ഐ.എ.എസിനെ നോഡൽ ഓഫീസറായി നിയോഗിച്ച് ചില നടപടികൾ നീക്കി. പക്ഷേ, വഖഫ് നിധിയിലുള്ള തുക ഇങ്ങോട്ട് വാങ്ങിയെടുത്ത് വീതിക്കൽ അപ്രായോഗികമാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. തീർഥാടകർക്കായി സൗകര്യമേർപ്പെടുത്താൻ അതുപയോഗിക്കണമെന്നാണ് അന്ന് നിർദേശിച്ചത്. പക്ഷേ, പിന്നെ നീക്കമൊന്നുമുണ്ടായില്ല. ഈ സന്ദർഭത്തിലാണ് കേരളത്തിലെ റുബാത്ത് കർമസമിതി കേന്ദ്ര വഖഫ് ബോർഡ് മുഖേന കേന്ദ്ര ന്യൂനപക്ഷ ക്ഷേമന്ത്രാലയത്തെ സമീപിച്ച് സമ്മർദം ശക്തമാക്കുന്നത്. 


ചൊവ്വക്കാരൻ മൂസ

1890-കളുടെ ആദ്യം അറയ്ക്കൽ ബീവി തലശ്ശേരിയിലെ കമ്പനി സൂപ്രണ്ടിന് എഴുതിയ കത്തിൽ ചൊവ്വക്കാരൻ മൂസയെക്കുറിച്ച് പറയുന്നു. ബ്രിട്ടീഷ് ഭരണം ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുന്നതിന്റെ മുന്നോടിയായി കണ്ണൂർ പിടിച്ചെടുക്കുന്ന ഘട്ടം. അറയ്ക്കൽ ബീവി നൽകേണ്ട കപ്പത്തിന് കമ്പനി ഭരണം തിരക്കുകൂട്ടിയപ്പോഴാണ് കത്ത്. ലക്ഷദ്വീപിലെ ചൂടിയും ചകരിയുമെല്ലാം ചൊവ്വക്കാരൻ മൂസയ്ക്ക് പണയംവെച്ചിരിക്കുകയാണ്. പണം പെട്ടെന്ന് തരാൻ മാർഗമില്ലെന്നാണ് കത്ത്. അറയ്ക്കൽ ബീവി നൽകാനുള്ള തുക അവർക്ക് നൽകാനാവാത്തതിനാൽ മൂസ കമ്പനിക്ക് നൽകി. അറയ്ക്കൽ രാജവംശത്തിലുള്ളവർ ചൊവ്വക്കാരൻ കുടുംബത്തിലുള്ളവരുമായി വിവാഹബന്ധത്തിലേർപ്പെടാൻ തുടങ്ങിയതും അക്കാലത്ത്. ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് ഭരണചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന വില്യം ലോഗന്റെ മലബാർ മാന്വലിലും ചൊവ്വക്കാരൻ കുടുംബത്തിന് സ്ഥാനമുണ്ട്.

     ഫ്രഞ്ച്-ബ്രിട്ടീഷ് കമ്പനികൾ തലശ്ശേരിയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന കാലത്ത് കണ്ണൂർ ചൊവ്വയിൽനിന്നും തലശ്ശേരിയിലേക്കെത്തിയതായിരുന്നു മൂസക്കാക്കയുടെ കാരണവരായ ആലുപ്പിക്കാക്ക. ചൊവ്വയിൽനിന്ന്‌ വന്നതിനാൽ തലശ്ശേരിയിലെ ബ്രിട്ടീഷ് കമ്പനി വൃത്തങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും ആലുപ്പിക്കാക്ക ചൊവ്വക്കാരനായി അറിയപ്പെട്ടു. അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായ മൂസയാണ് ചൊവ്വക്കാരൻ മൂസയെന്നപേരിൽ വണിക് പ്രമുഖനായി മാറിയത്. ബ്രിട്ടീഷ് മലബാറിലും തിരുവിതാംകൂറിലുമുള്ള കുരുമുളക് വാണിജ്യവും ലക്ഷദ്വീപിലെ വ്യാപാരവുമെല്ലാം ചൊവ്വക്കാരന്റെ നേതൃത്വത്തിലായി കുറേക്കാലം. ആലപ്പുഴയിൽ തന്റെ പത്തേമാരികൾക്ക് അടുക്കാൻ മൂസക്കേയി കായൽ വെട്ടുകയുണ്ടായി. മൂസക്കേയി കായൽ എന്നാണതറിയപ്പെട്ടത്. 

  ബോംബെയിലെ മലബാർ ഹില്ലും ചൊവ്വക്കാരൻ കുടുംബവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ മൂസയുടെ കാലശേഷം മാത്രമാണ് കേയി എന്ന ‘വംശപ്പേര്’ രൂഢമായത്. അതിനുമുമ്പ് കാക്കയായിരുന്നു. കാക്ക എന്നത് ഗുജറാത്തികൾ കാരണവന്മാരെ ബഹുമാനത്തോടെ വിളിക്കുന്നതായിരുന്നു. അത് കപ്പലുടമ എന്ന അർഥത്തിലാണ് കേയി എന്ന് പാർസി വ്യാപാരികൾ ചൊവ്വക്കാരൻ കുടുംബാംഗങ്ങളെ വിളിച്ചത്. 

 ബ്രിട്ടീഷ് ഭരണം ഇവിടെ ചുവടുറപ്പിക്കുന്ന കാലത്ത് 1800-വരെയുള്ള അഞ്ചുവർഷത്തിനിടയിൽ തലശ്ശേരിയിലെ ബ്രിട്ടീഷ് കമ്പനിയിലെത്തിയ കത്തുകൾ ചേർത്തുള്ള തലശ്ശേരി രേഖകൾ എന്ന ഗ്രന്ഥത്തിൽ ചൊവ്വക്കാരൻ കുടുംബവുമായി ബന്ധപ്പെട്ട്-ചൊവ്വക്കാരൻ മൂസ കമ്പനിക്കും തിരിച്ചും അയച്ചതുൾപ്പെടെ നാൽപ്പതിലേറെ കത്തുകളുണ്ടെന്നത് ചൊവ്വക്കാരൻ കുടുംബത്തിന്റെ അന്നത്തെ പ്രാധാന്യം വ്യക്തമാക്കുന്നു.