ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ നവതിയാണ് ഇന്ന്. ആ യുഗപുരുഷന്റെ ഇക്കൊല്ലത്തെ സമാധിദിനം ഏറെ പ്രാധാന്യമുള്ളതുകൂടിയാണ്.  മഹാമുനിമാർ നിർവാണം പ്രാപിച്ചു കഴിഞ്ഞാൽ നടത്താറുള്ള 41 ദിവസത്തെ മഹാമണ്ഡലപൂജയും യതിപൂജയും ഇക്കുറി ഗുരുദേവ സമാധിയോടനുബന്ധിച്ചുണ്ടാകുമെന്നത് തന്നെയാണ് ആ പ്രാധാന്യം. 

ഗുരുസമാധിക്കുശേഷം 90 വർഷമായി മുടങ്ങിക്കിടന്ന ഈ വൈദിക ചടങ്ങ് ലോകമെമ്പാടുമുള്ള  ശ്രീനാരായണീയരുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു. ഇന്നുമുതൽ ഒക്ടോബർ 31 വരെ 41 ദിവസം സവിശേഷമായ വൈദികാചാരങ്ങളോടെ ഈ രണ്ടു ചടങ്ങുകൾ ശിവഗിരി മഠത്തിൽ നടക്കും. ഈ ദിനങ്ങളിൽ ലോകമെമ്പാടും നിന്നെത്തുന്ന 1008 സന്ന്യാസിവര്യന്മാരുടെ സാന്നിധ്യം ശിവഗിരിക്കുന്നിനെ അക്ഷരാർഥത്തിൽ ആത്മീയതലസ്ഥാനമാക്കും. രാജ്യത്തെ പ്രമുഖവ്യക്തിത്വങ്ങൾ ഈ അപൂർവ ചടങ്ങിൽ പങ്കെടുക്കാനെത്തും. 

ശ്രീനാരായണീയരുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ചരിത്രത്തിൽ നിർണായകമായ സ്ഥാനം മഹാമണ്ഡലപൂജയ്ക്കും യതിപൂജയ്ക്കും കൈവരും. ശ്രീനാരായണ ഗുരുദേവൻ തന്നെ തുടക്കം കുറിച്ച എസ്.എൻ.ഡി.പി. യോഗവും വർക്കല ശിവഗിരി ധർമസംഘം ട്രസ്റ്റും ഏറെക്കാലത്തിന് ശേഷം ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ ഏറ്റെടുക്കുന്ന ദൗത്യമാണിത്. പലവിധ കാരണങ്ങളാൽ ഏറെക്കാലം അകന്നുനിന്ന ഈ രണ്ട് മഹാപ്രസ്ഥാനങ്ങളും വീണ്ടും ഏകമനമോടെ കൈകോർക്കുകയാണ്. 

ചരിത്രപരമായി സാമൂഹിക രംഗത്ത് ശ്രീനാരായണ പ്രസ്ഥാനങ്ങൾ പ്രസരിപ്പിച്ച ശാന്തിയുടെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും കാഴ്ചപ്പാടുകൾ ആധുനിക കേരള സൃഷ്ടിക്ക് തന്നെ അടിസ്ഥാന ശിലയായതാണ്. പിന്നീട് പലകാരണങ്ങളാൽ ഗുരുദേവ ദർശനങ്ങളെ കേരളം ഒന്നടങ്കം ഏറ്റെടുത്തില്ല. അതിന്റെ കുറവുകളാണ് ഇപ്പോൾ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതും. ഗുരുവിന്റെ പാത പിന്തുടർന്നിരുന്നെങ്കിൽ സംഘർഷാത്മകമായ കേരളം സൃഷ്ടിക്കപ്പെടുമായിരുന്നില്ല. ഗുരുദേവൻ വിഭാവനം ചെയ്ത ശിവഗിരി തീർഥയാത്ര പോലെ തന്നെ ശിവഗിരിയിൽ ഈ ചടങ്ങുകൾക്കിടെ പണ്ഡിതശ്രേഷ്ഠർ പങ്കെടുക്കുന്ന വിവിധ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വിപുലമായ ഒരു പരിപാടിയായി ഈ അത്യപൂർവ ചടങ്ങ് മാറുമെന്ന് ഉറപ്പാണ്. 

(എസ്‌.എൻ.ഡി.പി. യോഗം വൈസ്‌ പ്രസിഡന്റായ ലേഖകൻ യതിപൂജാ കമ്മിറ്റിയുടെ ജനറൽ കൺവീനറുമാണ്‌)