ശബരിമല വിഷയം രാജ്യശ്രദ്ധയാകർഷിച്ചതിനാൽ പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ബുധനാഴ്ച രാവിലെ പത്തരയ്ക്ക്, നടപടികൾ തുടങ്ങുന്നതിന് മുമ്പുതന്നെ ചീഫ് ജസ്റ്റിസിന്റെ കോടതിമുറി നിറഞ്ഞുകവിഞ്ഞു. പുനഃപരിശോധനാ ഹർജികളും റിട്ടുകളുമുൾപ്പെടെ 65-ഓളം അപേക്ഷകൾ പരിഗണിക്കുന്നതിനാൽ അത്രയധികം അഭിഭാഷകരും കക്ഷികളും കോടതിയിലെത്തി. പിന്നെ നടന്ന വാദപ്രതിവാദങ്ങൾ, തിങ്ങിനിറഞ്ഞ കോടതിമുറിയിൽ നിന്നിരുന്നവർ ശ്വാസമടക്കി വീക്ഷിക്കുകയായിരുന്നു. സുപ്രീംകോടതിയിൽ നടന്ന പ്രധാന വാദങ്ങളിലേക്ക്: 

കെ. പരാശരൻ (എൻ.എസ്.എസ്.) 
സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരിലൊരാളായ കെ. പരാശരനാണ് ബുധനാഴ്ച വാദമാരംഭിച്ചത്. ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിക്കാൻ സുപ്രീംകോടതി അടിസ്ഥാനമാക്കിയ ഭരണഘടനാ വകുപ്പുകൾ വിശദീകരിച്ചുകൊണ്ടായിരുന്നു പരാശരന്റെ വാദം. പരാതിക്കാരും എതിർകക്ഷികളും ആശ്രയിച്ചിരിക്കുന്നത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 25-ാം വകുപ്പുതന്നെയാണെന്നത് കൗതുകമാണെന്ന് പറഞ്ഞുകൊണ്ടാണ് പരാശരൻ തുടങ്ങിയത്. ഭരണഘടനയുടെ 15-ാം വകുപ്പുപ്രകാരം പൊതുസ്ഥാപനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നതിൽ ക്ഷേത്രങ്ങൾ ഉൾപ്പെടില്ല. മതസ്ഥാപനങ്ങൾ അതിന് കീഴിൽ വരില്ല, മറിച്ച് മതേതരസ്ഥാപനങ്ങൾക്ക് മാത്രം ബാധകമാകുന്നതാണ് പ്രസ്തുത വകുപ്പ്. അങ്ങേയറ്റം അനിഷ്ടകരമല്ലാത്ത ആചാരങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്നും പരാശരൻ വാദിച്ചു. തൊട്ടുകൂടായ്മ നിരോധിക്കുന്ന 17-ാം വകുപ്പും ഇവിടെ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ ജസ്റ്റിസ് നരിമാൻ ഇടപെട്ടു. പത്തിനും അമ്പതിനുമിടയിലുള്ള പട്ടികജാതി സ്ത്രീകളുടെ കാര്യത്തിൽ എന്തുപറയുന്നുവെന്ന് ജസ്റ്റിസ് നരിമാൻ ചോദിച്ചു. എന്നാൽ, ശബരിമലയിലെ നിയന്ത്രണം ജാതിയുടെ അടിസ്ഥാനത്തിലുള്ളതല്ലെന്ന് പരാശരൻ വിശദീകരിച്ചു. തൊട്ടുകൂടായ്മയ്ക്ക് വിശാലമായ വ്യാഖ്യാനമാണ് കോടതി നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വി. ഗിരി (തന്ത്രി) 
ഭരണഘടന പ്രകാരം ആരാധനയ്ക്കുള്ള വ്യക്തിയുടെ അവകാശം പ്രതിഷ്ഠയുടെ സ്വഭാവവുമായി യോജിച്ചുപോകുന്നതാവണം. പ്രതിഷ്ഠയുടെ പ്രത്യേകതയുമായി ബന്ധപ്പെട്ടാണ് ശബരിമലയിൽ സ്ത്രീകളെ നിയന്ത്രിക്കുന്നത്. അതിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല. അത് സ്ത്രീകളോടുള്ള വിവേചനമല്ല. ആർത്തവസമയത്ത് സാധാരണയായി സ്ത്രീകൾ ക്ഷേത്രത്തിൽ പോകാറില്ല. 
ഓരോ പ്രതിഷ്ഠയ്ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. സ്ത്രീകൾക്ക് വിലക്കില്ലാത്ത ആയിരത്തോളം അയ്യപ്പക്ഷേത്രങ്ങൾ വേറെയുണ്ട്. ശബരിമലയിൽ മാത്രമാണ് നിയന്ത്രണം. അത് അവിടത്തെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ടാണ്. 

അഭിഷേക് മനു സിങ്‌വി (പ്രയാർ ഗോപാലകൃഷ്ണൻ)
ശാരീരികമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്, അതിന് പ്രതിഷ്ഠയുടെ സ്വഭാവവുമായി ബന്ധമുള്ളതുകൊണ്ടാണ്. പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വിഷയം സെപ്റ്റംബർ 28-ലെ വിധിയിൽ പരിഗണിച്ചിട്ടില്ല. ഹിന്ദുമതത്തിൽ വിവിധ രൂപങ്ങളിലാണ് ദൈവാരാധന. തൊട്ടുകൂടായ്മ വിലക്കുന്ന 17-ാം വകുപ്പ് ജാതിയും മതവുമായി ബന്ധപ്പെട്ടാണ്. ഇവിടെ സ്ത്രീകളെയോ പുരുഷന്മാരെയോ വിലക്കുന്നില്ല. ഭരണഘടനാ ധാർമികതയെക്കുറിച്ച് പറയുമ്പോൾ വിശ്വാസിയുടെ ആത്മനിഷ്ഠമായ ധാർമികത കൂടി കണക്കിലെടുക്കണം. വിശ്വാസങ്ങളിൽ പലതും യുക്തിരഹിതമായിരിക്കാം. ശബരിമലയിലേത് ക്ഷേത്രമാണ്, സയൻസ് മ്യൂസിയമല്ല. അതിനാൽ ഭരണഘടനാ ധാർമികത അവിടെ ഉപയോഗിക്കാനാവില്ല. മതപരമായ വിഷയങ്ങളിൽ ഭരണഘടനാ ധാർമികത ഉപയോഗിക്കുമ്പോൾ കോടതികൾ ജാഗ്രത പാലിക്കണം. വളരെയധികം വൈവിധ്യങ്ങളുള്ള മതമാണ് ഹിന്ദുമതം. അതുകൊണ്ടുതന്നെ, ‘ഒഴിച്ചുകൂടാനാവാത്ത ആചാരമാണോ’ എന്ന് പരിശോധിക്കുന്നത് ശരിയായ രീതിയാവില്ല. 

ശേഖർ നഫാഡെ (ആചാര സംരക്ഷണ സമിതി)
പൊതുധാരയിൽ നിൽക്കുന്ന വിഷയമല്ലിത്. മറിച്ച്, ഒരു സമുദായത്തിനകത്തെ വിശ്വാസത്തിന്റെ വിഷയമാണ്. സതി പോലുള്ള ക്രിമിനൽ നിയമങ്ങൾക്ക് കീഴിൽ വരുന്ന നടപടികളില്ലാത്തപക്ഷം കോടതികൾ ഇടപെടരുത്. ഒരു സമുദായത്തിൽ എന്താണ് അനിവാര്യവും ഒഴിച്ചുകൂടാനാവാത്തതുമെന്ന് നിശ്ചയിക്കേണ്ടത് അതിലെ അംഗങ്ങളാണ്. ശബരിമല വിധിയിലൂടെ കേരളത്തിലെ സാമൂഹിക ജീവിതം എത്രത്തോളം അസ്വസ്ഥമായെന്ന് നമ്മൾ കാണുന്നുണ്ട്. 

ആർ. വെങ്കട്ടരമണി (ഡൽഹി എൻ.എസ്.എസ്.)
ക്ഷേത്രത്തിലെ പ്രശ്നങ്ങൾക്ക് വിധി കല്പിക്കുന്നത് ദേവപ്രശ്നത്തിലൂടെയാണ്. മതേതരമായ ആചാരങ്ങളിൽ മാത്രമേ കോടതിക്ക് ഇടപെടാനാവൂ. ശബരിമലയിലേത് മതവുമായി ബന്ധപ്പെട്ട ആചാരമാണ്. അവിടെ ദേവപ്രശ്നമാണ് ദൈവഹിതം അറിയാൻ പ്രതിവിധി. വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് അവിടത്തെ സമ്പ്രദായം. 

സായി ദീപക് (പന്തളം രാജകുടുംബം)
സുപ്രീംകോടതി റദ്ദാക്കിയ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന നിയന്ത്രണച്ചട്ടത്തിലെ 3(ബി)യിൽ ശബരിമലയിലെ സ്ത്രീവിലക്ക് ഉൾപ്പെടില്ല. രണ്ട് വിജ്ഞാപനങ്ങളിൽ മാത്രമാണ് നിശ്ചിത പ്രായപരിധിക്കുള്ളിലെ സ്ത്രീകളെ വിലക്കുന്നതിനെക്കുറിച്ച് പറയുന്നത്. ഒരു സമുദായത്തിലെ ആചാരം ഒഴിച്ചുകൂടാനാവാത്തതാണോ എന്ന് കോടതി പരിശോധിക്കുമ്പോൾ ആ സമുദായത്തിന്റെ വാക്കുകൾ അംഗീകരിക്കണം. 

വി.കെ. ബിജു (ശബരിമല കസ്റ്റം പ്രൊട്ടക്‌ഷൻ ഫോറം)
പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളെ ശബരിമലയിൽ വിലക്കുന്നത് ആർത്തവം കാരണമാണെന്ന തന്ത്രിയുടെ സത്യവാങ്മൂലം തെറ്റാണ്. തന്ത്ര സമുച്ചയത്തിൽ അങ്ങനെ പറയുന്നില്ല. താന്ത്രികസമുച്ചയത്തിലെ പത്താം അധ്യായത്തിൽ പറയുന്ന അശുദ്ധിയിൽ ആർത്തവം വരുന്നില്ലെന്നിരിക്കേ ആർത്തവമാണ് സ്ത്രീവിലക്കിന് കാരണമെന്ന തന്ത്രിയുടെ സത്യവാങ്മൂലത്തെ സ്ത്രീപ്രവേശന വിധിയിലേക്കെത്താൻ സുപ്രീംകോടതി ആശ്രയിച്ചത് തെറ്റാണ്. അതിനാൽ വിധി പുനഃപരിശോധിക്കണം. 

രാകേഷ് ദ്വിവേദി (ദേവസ്വം ബോർഡ്)
ആരാധനയ്ക്കുള്ള തുല്യ സ്വാതന്ത്ര്യം ലംഘിക്കുന്ന ഏത് ആചാരവും ഭരണഘടനയുടെ 25-ാം വകുപ്പിന് എതിരാണ്. സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ല. വിധിയെ എതിർത്തുകൊണ്ടുള്ള റിട്ട് ഹർജികൾ നിലനിൽക്കുന്നതല്ല. ഭരണഘടനാ ധാർമികതയുമായി ചേർന്നുപോകുന്നതാവണം ക്ഷേത്രത്തിലെ ധാർമികത. തുല്യതാ തത്ത്വത്തിലൂന്നിയാണ് ഭരണഘടന മുന്നോട്ടുപോകുന്നത്. സാമൂഹിക നവോത്ഥാനമെന്നതിൽ സ്ത്രീകളും ഉൾപ്പെടണം. 

ഇന്ദിര ജെയ്‌സിങ് (ബിന്ദു, കനകദുർഗ)
നേരത്തേ ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായിരുന്ന ഇന്ദിര ജെയ്‌സിങ്, ബുധനാഴ്ച വാദമുന്നയിച്ചത് ശബരിമല ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവർക്കുവേണ്ടിയാണ്. സ്ത്രീപ്രവേശത്തിനുശേഷം ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയത് ആർത്തവമുള്ള സ്ത്രീകളെ അശുദ്ധിയായി കണക്കാക്കിയാണെന്ന് അവർ വാദിച്ചു. പൊതു സ്ഥലങ്ങളിൽ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന ഭരണഘടനയുടെ 15(2) വകുപ്പിൽ ക്ഷേത്രങ്ങൾ ഉൾപ്പെടില്ലെന്ന പരാശരന്റെ (എൻ.എസ്.എസ്.) വാദം ശരിയല്ല. പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ സ്ഥലവും എന്ന് പ്രസ്തുത വകുപ്പിന്റെ അവസാനം പറയുന്നുണ്ട്. അതിനാൽ ശബരിമല അതിന് കീഴിൽ വരുന്നതാണ്. വിധി എതിരാണ് എന്ന കാരണത്താൽ കലാപമുണ്ടാക്കുകയല്ല വേണ്ടത്. പുനഃപരിശോധന ഹർജിയും തിരുത്തൽ ഹർജിയും നൽകുന്നതിന് പകരം കലാപമുണ്ടാക്കുന്നത് ശരിയല്ല. ശബരിമലയിലെത്തുന്ന സ്ത്രീകൾക്കു നേരെ കൊലവിളി നടത്തുകയാണ്. സ്ത്രീകൾ യുദ്ധത്തിനൊന്നും പോകാറില്ലെന്നും ഇന്ദിര ജെയ്‌സിങ് പറഞ്ഞു. എന്നാൽ, റസിയ സുൽത്താനയുടെ (പതിമ്മൂന്നാം നൂറ്റാണ്ടിൽ ഡൽഹി ഭരിച്ചിരുന്ന) കാര്യം അറിയില്ലേയെന്ന് ജസ്റ്റിസ് നരിമാൻ തമാശയായി ഓർമിപ്പിച്ചു. 

പി.വി. ദിനേശ് (എ.വി. വർഷ, ഗീനാ കുമാരി)
എ.വി. വർഷയും ഗീനാകുമാരിയും നൽകിയ കോടതിയലക്ഷ്യ ഹർജി ലിസ്റ്റ് ചെയ്തിരുന്നില്ലെങ്കിലും അവരുടെ അഭിഭാഷകനായ പി.വി. ദിനേശിനെ വാദമുന്നയിക്കാൻ കോടതി അനുവദിച്ചു. പത്ത് വയസ്സുള്ള പെൺകുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം തെറ്റിക്കുമെന്ന് പറയുന്നത് ശരിയല്ല. പത്ത് വയസ്സുള്ളവർ കുട്ടികളാണ്, സ്ത്രീകളല്ല. ശബരിമല വിധിയെഴുതിയ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വാക്കുകൾ വളച്ചൊടിച്ച് ചിലർ പ്രസംഗിച്ചതും ദിനേശ് ചൂണ്ടിക്കാട്ടി. ബി.ജെ.പി. നേതാവിന്റെ പ്രസംഗത്തിന്റെ പരിഭാഷ കോടതിയിൽ വായിച്ചപ്പോൾ ജഡ്ജിമാർ അസ്വസ്ഥതയോടെ വിലക്കി. 
ജനാധിപത്യ മഹിളാ അസോസിയേഷന് വേണ്ടി പി.വി. സുരേന്ദ്രനാഥും വിവിധ കക്ഷികൾക്ക് വേണ്ടി കെ. പരാശരൻ, മാത്യൂസ് നെടുമ്പാറ, ഗോപാൽ ശങ്കരനാരായണൻ തുടങ്ങിയവരും വാദമുന്നയിച്ചു. മറ്റുകക്ഷികൾക്ക് വാദം ഏഴ് ദിവസത്തിനകം എഴുതി നൽകാനും കോടതി അനുമതി നൽകി.

ജയ്ദീപ് ഗുപ്ത    (സംസ്ഥാന സർക്കാർ)

വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ല. വിധിയെ വിശദമായി വിശകലനം ചെയ്തുകൊണ്ടാണ് അത് പുനഃപരിശോധിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നത്. പുനഃപരിശോധനയിൽ അങ്ങനെയൊന്നില്ല. വാദങ്ങൾ പരിഗണിച്ചില്ല എന്നത് പുനഃപരിശോധനയ്ക്കുള്ള കാരണമല്ല. ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങൾ എന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. മതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങളും ക്ഷേത്രത്തിന്റെ ആചാരങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഓരോ ക്ഷേത്രത്തിന്റെയും പ്രത്യേകതകൾ നോക്കിയാൽ ഓരോന്നിനും അത്തരം ആചാരങ്ങളുണ്ടാകും. കാശി വിശ്വനാഥ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, തിരുപ്പതി ക്ഷേത്രം എന്നിവയ്ക്കെല്ലാം അതിന്റേതായാ പ്രത്യേകതകളുണ്ട്. അതിനാൽ ഓരോ ക്ഷേത്രത്തിന്റെയും ആചാരങ്ങൾ മതപരമായി ഒഴിച്ചുകൂടാനാവാത്തതാണെന്ന് വിലയിരുത്താനാവില്ല. ശബരിമലയിലെ സ്ത്രീവിലക്കിൽ രണ്ട് മൗലികാവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. അവിടെ വിവേചനവും ഒരു വിഭാഗത്തെ ഒഴിവാക്കലും നടക്കുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നതായി വാദിക്കുന്നവരുണ്ട്. എന്നാൽ, ഭരണഘടനാ വിഷയങ്ങൾ പരിഗണിക്കുമ്പോൾ അത്തരം വിഷയങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല. 

Content Highlights: sabarimala supreme court