യുവതീപ്രവേശത്തെത്തുടർന്ന് നടയടച്ച് ശുദ്ധികർമങ്ങൾചെയ്ത ശബരിമല തന്ത്രിക്ക് ദേവസ്വം ബോർഡ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത് ചർച്ചയായിരിക്കയാണ്. തന്ത്രിസ്ഥാനത്തിന്റെ സ്ഥിരംസ്വഭാവം, ആചാരാനുഷ്ഠാനകാര്യങ്ങളിൽ  ദേവസ്വംബോർഡിന്റെ നിർദേശാനുസരണം പ്രവർത്തിക്കേണ്ട കേവലം ദേവസ്വം ജീവനക്കാരനാണോ തന്ത്രി എന്നൊക്കെയുള്ള പ്രശ്നങ്ങളിലേക്കാണ് ഈ വിവാദം വിരൽചൂണ്ടുന്നത്.

തന്ത്രി എന്ന സങ്കല്പം

ക്ഷേത്രാരാധനാസങ്കല്പങ്ങൾക്ക് ഭാരതത്തിൽ ദേശകാലാടിസ്ഥാനത്തിൽത്തന്നെ വൈവിധ്യങ്ങളുണ്ട്. പ്രധാനമായും മൂന്ന് ആചാരക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രസങ്കല്പവും ക്ഷേത്രാരാധനാ സമ്പ്രദായവും രൂപപ്പെട്ടുവന്നിട്ടുള്ളത്. ആഗമം (ശൈവം), സംഹിതകൾ (വൈഷ്ണവം), താന്ത്രികം (ശാക്തേയം) എന്നിവയാണ് ഈ സമ്പ്രദായങ്ങൾ. കേരളത്തിലും തെക്കൻ കർണാടകത്തിലും ക്ഷേത്രനിർമാണവും ക്ഷേത്രാരാധനയും താന്ത്രികസമ്പ്രദായത്തിൽ അധിഷ്ഠിതമാണ്. ഉത്തരേന്ത്യയിൽ ക്ഷേത്രനിർമാണത്തിനോ ക്ഷേത്രാചാരങ്ങൾക്കോ മതഗ്രന്ഥങ്ങളിൽ അധിഷ്ഠിതമായ നിയതവും ശാസ്ത്രീയവുമായ അടിത്തറയില്ല. താന്ത്രികസമ്പ്രദായം പിന്തുടരുന്ന കേരളത്തിൽ ക്ഷേത്രനിർമാണം, ക്ഷേത്രശുദ്ധി, ക്ഷേത്രാചാരങ്ങൾ തുടങ്ങിയവയ്ക്ക്‌ കൂടുതൽ നിഷ്ഠയും ആചരണങ്ങളും അനുവർത്തിച്ചുവരുന്നു.

ക്ഷേത്രം എന്ന സൃഷ്ടിതന്നെ ഒരു മനുഷ്യശരീരത്തിന്റെ പ്രതീകാത്മകഭാവമായിട്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യശരീരത്തിലെ ഷഡ്‌ചക്രസങ്കല്പത്തിലാണ് ആചാര്യൻ (തന്ത്രി) പ്രതിഷ്ഠാകർമം നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രകിയ ഷഡാധാര പ്രതിഷ്ഠ എന്നറിയപ്പെടുന്നു. ക്ഷേത്രം നിർമിക്കാനുദ്ദേശിക്കുന്ന വ്യക്തി (യജമാനൻ) യോഗ്യനായ ആചാര്യനെ കണ്ടെത്തി (തന്ത്രി) ഉചിതമായ സ്ഥലത്ത് തീർഥലഭ്യതയോടെ (കുളം) മൂർത്തിയെ പ്രാണപ്രതിഷ്ഠ നടത്തുന്നതോടെയാണ് ക്ഷേത്രസങ്കല്പം യാഥാർഥ്യമാക്കപ്പെടുന്നത്. പ്രാണപ്രതിഷ്ഠ നടത്തുന്ന ആചാര്യനാണ് പ്രതിഷ്ഠയുടെ ഗുരുസ്ഥാനത്ത് (തന്ത്രി) അവരോധിക്കപ്പെടുന്നത്. ആചാര്യന്റെ കാലശേഷം അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർക്ക് അവകാശപ്പെട്ടതാണ് ഈ തന്ത്രിസ്ഥാനം. തന്ത്രിസ്ഥാനം നിയമനമല്ല, മറിച്ച് അവരോധിക്കപ്പെടലാണ്.

നീതിന്യായവ്യവസ്ഥയും തന്ത്രിസ്ഥാനവും

ഇന്ത്യയിലെ നീതിന്യായ കോടതികളുടെ വിധിന്യായങ്ങൾ പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാകും. സ്വാതന്ത്ര്യത്തിനുമുമ്പുള്ള ചില വിധിന്യായങ്ങളിലാണ് തന്ത്രിക്ക് ക്ഷേത്രകാര്യങ്ങളിലുള്ള അധികാരത്തെ സംബന്ധിച്ച കൂടുതൽ ഗൗരവമേറിയ ചർച്ചകളും തീർപ്പുകളും കാണാൻ സാധിക്കുന്നത്. തന്ത്രിയെന്ന സ്ഥാനത്തോട് ഏകദേശം അനുരൂപപ്പെടുന്ന ഒരു സ്ഥാനമാണ് ഊരായ്മ. ഊരാളൻമാർ ക്ഷേത്രത്തിന്റെ ആധ്യാത്മികവും ഭരണസംബന്ധവുമായ കാര്യനിർവഹണത്തിനുള്ള പാരമ്പര്യടസ്റ്റിയായിട്ടാണ് നിയമം കണക്കാക്കുന്നത്.

1978-ലെ ഗുരുവായൂർ ദേവസ്വംനിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ഗുരുവായൂർ അമ്പലം യഥാർഥത്തിൽ സാമൂതിരിയും മല്ലിശ്ശേരിമനയുടെ കാരണവരും ഉൾപ്പെട്ട ഒരു ഊരാളക്ഷേത്രമായിരുന്നു. ചില പരാതികളുടെ അടിസ്ഥാനത്തിൽ മല്ലിശ്ശേരി നമ്പൂതിരിയെ ഊരാളസ്ഥാനത്തുനിന്ന് മദ്രാസ് റിലീജിയസ് എൻഡോവ്‌മെന്റ് ബോർഡ് നീക്കംചെയ്ത നടപടി സൗത്ത് മലബാർ ജില്ലാകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു(os 1/1929). ബോർഡിന്റെ നടപടി റദ്ദാക്കിയ കോടതി മല്ലിശ്ശേരി നമ്പൂതിരിയെ ഊരാളസ്ഥാനത്തേക്ക് തിരിച്ചെടുക്കുന്നതിന് ഉത്തരവിട്ടു. പിന്നീട് മദ്രാസ് ഹൈക്കോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. പിന്നീട് ജനാധിപത്യസർക്കാർ പാസാക്കിയ ഗുരുവായൂർ ദേവസ്വംനിയമത്തിൽ തന്ത്രിയുടെ സ്ഥാനത്തിന് പ്രാധാന്യംകല്പിച്ച് ദേവസ്വം മാനേജിങ്‌ കമ്മിറ്റിയിൽ സ്ഥിരമായി അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നു. ക്ഷേത്രത്തിന്റെ ആധ്യാത്മികകാര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തന്ത്രിക്കുള്ള അധികാരം ഗുരുവായൂർ ദേവസ്വംനിയമത്തിന്റെ 35-ാം വകുപ്പ് പരിരക്ഷിക്കുന്നുണ്ട്.

2007-ൽ വയലാർ രവിയുടെ മകൻ രവികൃഷ്ണ, അദ്ദേഹത്തിന്റെ മകന്റെ ചോറൂണിനായി ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന കാരണത്താൽ പുണ്യാഹം നടത്തിയ തന്ത്രിക്കെതിരേ ഗുരുവായൂർ ദേവസ്വംബോർഡ് പ്രതിഷേധിക്കുകയും തന്ത്രിയുടെ ഈ അധികാരം നിയമഭേദഗതിയിലൂടെ അവസാനിപ്പിക്കണമെന്ന് പ്രമേയം പാസാക്കുകയും ചെയ്തു. എന്നാൽ, അന്ന് നിലവിലിരുന്ന ഇടതുസർക്കാർ ബോർഡിന്റെ ഈ ആവശ്യത്തിന് ചെവികൊടുത്തതായി അറിവില്ല.

ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ, തിരുവിതാംകൂർ-കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭരിക്കപ്പെടുന്നവയാണ്. ഈ നിയമത്തിൽ തന്ത്രിക്ക് ആചാരാനുഷ്ഠാനങ്ങൾ നിർണയിക്കുന്നതിനുള്ള അധികാരംനൽകുന്ന വകുപ്പുകൾ പ്രകടമായി ദൃശ്യമല്ല. എന്നാൽ, താന്ത്രികാചാരക്രമങ്ങളുടെ അടിസ്ഥാനത്തിൽ തന്ത്രിയുടെ ഈ അധികാരം കേരള ഹൈക്കോടതി വിവിധ വിധിന്യായങ്ങളിലൂടെ അംഗീകരിച്ചതായി മനസ്സിലാക്കാം.  അടുത്തകാലത്ത്, വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രാതൽസദ്യയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നതിൽ തന്ത്രിക്കുള്ള അധികാരവും കടമയും വ്യക്തമാക്കുകയുണ്ടായി (എസ്. ഉണ്ണികൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് ഡി.ബി.പി. നമ്പർ 118 2015, തീയതി 5.1.2018). ‘.... ക്ഷേത്രത്തിലെ എല്ലാവിധമായ മതപരമായ ആചാരങ്ങളും തന്ത്രിയുടെ നിർദേശാനുസരണമായിരിക്കണമെന്നും പ്രതിഷ്ഠയുടെ പിതൃസ്ഥാനം തന്ത്രിക്കായതിനാൽ അദ്ദേഹത്തിന് ഒരു പകരക്കാരനുണ്ടായിരിക്കാൻ പാടില്ലെന്നുമാണ്. മന്ത്രധ്വനിയാൽ പ്രതിഷ്ഠയ്ക്ക് ഊർജംപകരുന്ന പ്രകിയ ഒന്നുനോക്കാം.

പ്രത്യേക ശബ്ദത്തിലും താളത്തിലും ചൊല്ലുന്ന മന്ത്രങ്ങൾ വിവിധ തലത്തിലുള്ള ഊർജപ്രസരണം നടത്തുന്നു. മൂലമന്ത്രമറിയുന്ന ആ തന്ത്രിയാണ് ക്ഷേത്രത്തിലെ ആചാരക്രമങ്ങൾ നിർണയിക്കുന്നതിലെ അവസാനവാക്ക്. (ഖണ്ഡിക 24).’ മതസംഹിതകളിലേക്കും ക്ഷേത്രാചാരങ്ങളിലേക്കും ആഴത്തിലിറങ്ങി പഠനംനടത്തി, ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ എഴുതിയ ഈ വിധിന്യായം ഈ വിഷയത്തിലുള്ള ആധികാരികമായ അഭിപ്രായംതന്നെയാണ്.

ദേവസ്വംബോർഡിന് അധികാരമുണ്ടോ?

സ്ഥാനത്തിന് യോജിക്കുന്ന ജീവിതക്രമമനുഷ്ഠിക്കുന്ന, പ്രാണപ്രതിഷ്ഠ നടത്തിയ തന്ത്രിയെ നീക്കാൻ ആചാര്യമതങ്ങളും അനുഷ്ഠാനങ്ങളും അനുവദിക്കുന്നില്ല. ഇതുതന്നെയാണ് പിന്തുടർച്ചയായി ആ സ്ഥാനം അലങ്കരിക്കുന്നവരെ സംബന്ധിച്ച നിയമവും. ആചാര്യനിഷിദ്ധകർമങ്ങൾ പിന്തുടരുന്നവരെ നീക്കംചെയ്യുന്നതുപോലെയല്ല വിധിപ്രകാരമുള്ള പൂജാകർമങ്ങൾചെയ്തുവെന്ന കാരണത്താൽ തന്ത്രിയെ ‘യജമാനൻ’ (ക്ഷേത്ര ഉടമസ്ഥൻ) നീക്കംചെയ്യുന്നത്. അത്തരത്തിലുള്ള നടപടികൾ വിശ്വാസികൾക്ക്‌ ഭരണഘടന ഉറപ്പുനൽകുന്ന ആചാരസംരക്ഷണത്തിലുള്ള കടന്നുകയറ്റമായി മാറും. എന്നാൽ, യുവതീപ്രവേശത്തെത്തുടർന്ന് നടയടച്ച തന്ത്രിയുടെ നടപടി, കോടതിവിധിയുടെ ലംഘനമാണെന്ന വാദഗതിയാണ് ബോർഡിന്റെ ഇപ്പോഴത്തെ നോട്ടീസിന് ആധാരം. പക്ഷേ, സുപ്രീംകോടതിയുടെതന്നെ ഏഴംഗ ഭരണഘടനാെബഞ്ചിന്റെ ശിരൂർമഠം കേസിലെ വിധി പരിശോധിച്ചാൽ ഈ വാദഗതികൾക്ക് അടിസ്ഥാനമില്ലെന്ന് ബോധ്യമാകും (AIR 1954 sc 282). ‘മതാചാരങ്ങൾ അനുഷ്ഠിക്കുന്നതും പിന്തുടരുന്നതും അദ്ദേഹത്തിന്റെ കടമയാണ്. ഏതെങ്കിലും നിയമം ഈ കർത്തവ്യങ്ങളെ തടസ്സപ്പെടുത്തിയാൽ അത് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനവുമാണ്’ (ഖണ്ഡിക 14). ഏതെങ്കിലും ഹൈന്ദവമതസംഹിത അനുസരിച്ച് ദേവന് പ്രത്യേക നിവേദ്യം യഥാസമയങ്ങളിൽ സമർപ്പിക്കണമെന്നോ കാലാകാലങ്ങളിൽ പ്രത്യേക പൂജകൾ വിധിപ്രകാരം ചെയ്യണമെന്നോ  നിഷ്കർഷിക്കുന്നുണ്ടെങ്കിൽ അത് ആ മതവിഭാഗത്തിന്റെ അടിസ്ഥാന മതാചാരങ്ങളായി കാണണമെന്നും അതിന്മേലുള്ള കടന്നുകയറ്റം അനുച്ഛേദം 26 ഉറപ്പുനൽകുന്ന മൗലികാവകാശലംഘ നമാണെന്നും ഏഴംഗ ഭരണാഘടനാെബഞ്ച് ശിരൂർമഠം കേസിൽ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് 1428-ൽ രചിച്ച ‘തന്ത്രസമുച്ചയ’മാണ് ക്ഷേത്രാചാരകാര്യങ്ങളിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ പിന്തുടർന്നുവരുന്നത്. ശുദ്ധികലശക്രിയകൾ ക്ഷേത്രചൈതന്യം നിലനിർത്തുന്നതിന് ആചാര്യമതം നിഷ്കർഷിക്കുമ്പോൾ അത് നിറവേറ്റുകമാത്രമാണ് ശബരിമല തന്ത്രി ചെയ്തിട്ടുള്ളത്. അതിനുള്ള മൗലികാവകാശം ഒരു നിയമത്താലും ഇല്ലാതാക്കാൻ കഴിയില്ലെന്ന്‌ ഏഴംഗ ഭരണഘടനാെബഞ്ച് പറയുമ്പോൾ തന്ത്രിയെ മാറ്റാനുള്ള ബോർഡിന്റെ നീക്കം കോടതിവിരുദ്ധമാകില്ലേ?.

ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ താഴമൺ ഇല്ലത്തെ മുതിർന്ന തന്ത്രിയുടെയും ഇളയതന്ത്രിയുടെയും നിർണായകപങ്ക് 2015-ലെ സുപ്രീംകോടതിവിധിയുടെ ഭാഗമാണ്. മേൽശാന്തിനിയമനപാനലിൽ സ്ഥിരാംഗങ്ങളായി സുപ്രീംകോടതി അംഗീകരിച്ച തന്ത്രിയെ ദേവസ്വം ബോർഡ് നീക്കംചെയ്താൽ അദ്ദേഹത്തിന് ഈ പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാതെവരും. ദേവസ്വം ബോർഡിന്റെ ഈ നീക്കം ഒരുവിധത്തിൽ സുപ്രീംകോടതിയുടെ മറ്റൊരു വിധിയുടെ ലംഘനമാകില്ലേ?

(ഹൈക്കോടതി അഭിഭാഷകനാണ് ലേഖകൻ)