പ്രശസ്തനായ ദൈവശാസ്ത്രജ്ഞന്‍ സാമുവല്‍ രായന്‍ തന്റെ 98-ാം വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഉണ്ടാകുന്ന വിടവ് കേവലം ക്രിസ്തീയ സമൂഹത്തിനു മാത്രമല്ല ബഹുസ്വരതയിലും മതനിരപേക്ഷതയിലും മത സൗഹാര്‍ദ്ദത്തിലും ഒക്കെ വിശ്വസിക്കുന്ന പൊതു സമൂഹത്തെ മുഴുവന്‍ ബാധിക്കുന്നതാണ്. ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ വെളിച്ചമായിരുന്ന രായനച്ചനെ വ്യത്യസ്തനായ ഒരു ദൈവശാസ്ത്രജ്ഞനായി കാണാനാവും. പതിവ് ദൈവശാസ്ത്രജ്ഞന്‍മാര്‍ തങ്ങളുടെ വേദ പുസ്തകങ്ങളുടെ പരിമിതികളിലും, സിദ്ധാന്തങ്ങളുടെയും ആചാരങ്ങളുടെയും വേലിക്കുള്ളിലും ഒതുങ്ങി നില്‍ക്കുമ്പോള്‍, എല്ലാവേലികളെയും പൊളിച്ച് ഒരു സാര്‍വ്വലൗകിക വ്യക്തിത്വത്തിലേക്കും സാഹോദര്യത്തിലേക്കും വളരുകയും മറ്റുള്ളവരെ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത ഈ മഹാമനുഷ്യനെ വ്യത്യസ്തനാക്കുന്ന ഘടകങ്ങള്‍ ഏതാണെന്ന് അന്വേഷിക്കാം. 

ബഹുസ്വരതയും മതനിരപേക്ഷതയും

രായനച്ചനെ വ്യത്യസ്തനാക്കുന്ന ഒരു സുപ്രധാന ഘടകം അദ്ദേഹത്തിന്റെ ബഹുസ്വരതയോടും മതനിരപേക്ഷതയോടുള്ള പ്രതിബദ്ധതയാണ്. അദ്ദേഹം പറഞ്ഞു. 'ബഹുത്വാത്മകത പ്രത്യേകമായ ഒരു ദൈവാനുഗ്രഹമാണ്. ദൈവത്തിനെ മനസ്സിലാക്കുവാനോ അവിടത്തെ ലക്ഷ്യങ്ങള്‍ അവതരിപ്പിക്കാനോ ഒരൊറ്റ വ്യക്തിക്കോ വംശത്തിനോ സംസ്‌കാരത്തിനോ ഭാഷക്കോ, മതത്തിനോ,  പൂര്‍ണ്ണമായി കഴിയുകയില്ല.' സ്വന്തം വിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുമ്പോഴും വിവിധ സാംസ്‌കാരിക ധാരകളും ആചാരങ്ങളും മതങ്ങളും നിലനില്‍ക്കുന്ന ഭാരതീയ സാഹചര്യത്തില്‍ താന്‍ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന യേശുവിനെ ഹൃദ്യമായും ആകര്‍ഷണീയമായും അവതരിപ്പിച്ചു എന്നതായിരുന്നു രായനച്ചന്റെ ഏറ്റവും വലിയ വിജയം. 

തന്റെ ഒരഭിമുഖത്തില്‍ അദ്ദേഹം ക്രിസ്തീയ സഭയുടെ ഭാരതത്തിലുള്ള നിലപാടുകള്‍ വ്യത്യസ്തമാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സൂചിപ്പിച്ചു. ലോക പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ മാര്‍ക്ക് ടുള്ളിയുടെ കുറിപ്പില്‍ നിന്നാണ് ഈ പരാമര്‍ശം. മാര്‍ക്ക് ടുള്ളി പറയുന്നു: 'ഒരിക്കല്‍ ചാള്‍സ് രാജകുമാരനുമായി സംവദിക്കുവാന്‍ വിവിധ മതങ്ങളില്‍പ്പെടുന്നവരെ സംഘടിപ്പിക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടു. അവരിലൊരാള്‍ ഡല്‍ഹിയില്‍ നിന്നുമുള്ള ജസ്യൂട്ട് ഫാ.സാമുവല്‍ രായല്‍ ആയിരുന്നു. അദ്ദേഹം ചാള്‍സ് രാജകുമാരനോട് പറഞ്ഞു. ബഹുത്വാത്മകമായ ഭാരതീയ പാരമ്പര്യം മൂലവും ബഹുസ്വരാധിഷ്ഠിതമായ ഇന്ത്യന്‍ ക്രിസ്ത്യന്‍ ദൈവശാസ്ത്രം മൂലവുമാണ് റോമന്‍ കത്തോലിക്കാസഭാ സഭയ്ക്കു പുറമെ രക്ഷയില്ല എന്ന സമീപനം മുറുകെ പിടിക്കാതിരുന്നത്. ഇത് ഇന്ത്യന്‍ ക്രൈസ്തവ സഭകളില്‍ ബഹുസ്വരത കൈവരിച്ച സ്വാധീനത്തോടൊപ്പം ഭാരതീയ സംസ്‌കാരത്തിന്റെ ബഹുസ്വരസ്വഭാവത്തിന്റെയും പ്രതിഫലനങ്ങളായിട്ടാണ് (മാര്‍ക്ക് ടുള്ളി) ഞാന്‍ കാണുന്നത്. 'മതങ്ങളുടെ വൈവിധ്യത്തെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്ത ഒരു വ്യക്തിത്വത്തിന്റെ സവിശേഷമായ പ്രകാശനമാണ് രായനച്ചന്റെ എല്ലാ പഠനങ്ങളും.

പാവപ്പെട്ടവരുടെ പക്ഷം ചേരുന്ന ഒരു ദൈവശാസ്ത്രം: യേശുവിന്റെ മാതൃകയില്‍

സാമൂഹികാപഗ്രഥനത്തില്‍ നിന്ന് ദൈവശാസ്ത്ര വിചിന്തനത്തിലേക്ക് കടക്കുന്ന ഒരു രീതി പലരും എതിര്‍ത്തിരുന്നു. എന്നാല്‍ രായനച്ചന് മറ്റൊന്നു ചിന്തിക്കാനേ പറ്റിയില്ല. അദ്ദേഹം പറഞ്ഞു. 'സാമൂഹ്യയാഥാര്‍ത്ഥ്യം ഒരു വശത്തും, ആധ്യാത്മവും ദൈവശാസ്ത്രപരവുമായ യാഥാര്‍ത്ഥ്യം മറുവശത്തുമായി വേര്‍തിരിച്ചു നിര്‍ത്തുക വയ്യ.' അതേ പോലെതന്നെ യേശുവിന്റെ പേരിലുള്ള ഏതൊരു ദൈവശാസ്ത്രവിചിന്തനങ്ങളും പാവപ്പെട്ടവരുടെ പക്ഷം ചേരുന്ന ഒരു പ്രവര്‍ത്തിയായിരിക്കണം എന്നദ്ദേഹം നിഷ്‌കര്‍ഷിച്ചു. 'പാവങ്ങള്‍ക്ക് പ്രത്യാശാവഹമായ സദ് വാര്‍ത്ത സമ്മാനിക്കാനും എല്ലാമിഴികള്‍ക്കും തെളിമ വളര്‍ത്തി സത്യം തിരിച്ചറിയാന്‍ കഴിവു നല്‍കാനും പാറാവുകള്‍ വേണ്ടിവരാത്ത വിധം ലോകം നവീകരിക്കാനും മര്‍ദ്ദിതരെ വിമോചിക്കാനുമാണ്. ' യേശു വന്നതെങ്കില്‍ ആ യേശുവിന്റെ ശിഷ്യരായവര്‍ക്കു മറ്റൊരുവഴി സാധ്യമല്ല എന്നദ്ദേഹം വാദിച്ചു.

തന്റെ ഒരു ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.'പാവപ്പെട്ടവര്‍ക്കു വേണ്ടിയും മറ്റുള്ള എല്ലാവര്‍ക്കുമായുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും സന്ധിയില്ലാത്ത നിലപാട് എടുത്തതു കാരണം, യേശുവിന്റെ ജീവിതം പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും സ്വഭാവമുള്ളതായിരുന്നു. പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും നിതാന്ത ആവശ്യം പോരാട്ടത്തില്‍ ഏര്‍പ്പെടുകയും അതുവഴി സമൂഹത്തിലെ അടിച്ചമര്‍ത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഘടകങ്ങളെ ചെറുത്തുനില്‍ക്കാനുള്ള ശക്തി സംഭരിക്കുകയും ആണ്. മാനസാന്തരവും അനുതാപവും പാപങ്ങളില്‍ നിന്നു മുഖംതിരിക്കുക മാത്രമല്ല, ദൈവസങ്കല്പത്തെ നിഷേധിക്കുകയും ഭൂമിയിലെ ദൈവരാജ്യത്തെ എതിര്‍ക്കുകയും ചെയ്യുന്ന ശക്തികളെ പ്രതിരോധിക്കുകയുമാണ്.'

വിമോചന ദൈവശാസ്ത്രത്തിന്റെ വഴിത്താരകളില്‍ പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്ന് യേശുവിന്റെ മാതൃകയിലുള്ള ഒരു ജീവിതശൈലി വളര്‍ത്തിയെടുക്കാനായിട്ടാണ് രായനച്ചന്റെ എല്ലാ ശ്രമങ്ങളും. സ്വന്തം വ്യക്തി ജീവിതത്തിലും ഇടപെട്ട കൂട്ടായ്മകളിലും രായനച്ചന്‍ ഇത് ഒരു ജീവന്‍ മരണ സമരമായിതന്നെ കണ്ടു.

സ്ത്രീപക്ഷം ചേരുന്ന ചിന്തകള്‍

രായനച്ചനെ വ്യത്യസ്തനാക്കുന്ന ഒരു ചിന്താധാര സ്ത്രീകളോടുള്ള സമീപനത്തിലുള്ള വ്യത്യസ്തതകളാണ.് സ്ത്രീകള്‍ക്ക് കൂടുതല്‍ ആദരവും അംഗീകാരവും സഭയില്‍ കൊടുക്കണമെന്ന് അദ്ദേഹം വാദിച്ചു. കാരണം ഏറ്റവും സ്പര്‍ശനീയമാണ്. 'എനിക്ക് നല്ലൊരു അമ്മയുണ്ടായിരുന്നു. ബാല്യകാലം മുതല്‍ അമ്മയും അമ്മയുടെ ഇളയ സഹോദരിയും എനിക്കു പകര്‍ന്നുതന്ന വിശ്വാസം എന്റെ ജീവിത വഴിത്താരയില്‍ എന്നും ഉള്‍ക്കരുത്തായിരുന്നു. അവരുടെ ജീവിത രീതിയും വിശ്വാസാഭിമുഖ്യവും മാതൃത്വത്തിന്റെ നന്മയായി പെയ്തിറങ്ങുന്നു. ബൈബിളില്‍ ദൈവത്തെ സൃഷ്ടികര്‍ത്താവായി, പിതാവായി ഒക്കെ സൂചിപ്പിക്കുന്നുണ്ട്. എങ്ങനെയോ ദൈവത്തിലുള്ള മാതൃത്വരൂപം നമുക്കു തെളിയാതെ പോയി. ദൈവം സ്നേഹമാകുന്നു എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുമ്പോള്‍ അവിടെ ശക്തമായി പ്രതിഫലിക്കുന്നത് ദൈവത്തിലെ മാതൃത്വഭാവമല്ലെ? കാരണം ഒരു വ്യക്തിക്ക് പിതാവില്‍ നിന്നു ലഭിക്കുന്നതില്‍ കൂടുതല്‍ സ്നേഹം മാതാവില്‍ നിന്നു ലഭിക്കുന്നുണ്ടല്ലോ. നമ്മെ ലാളിക്കുന്ന ഒരു മാതൃത്വം ദൈവത്തിലുണ്ട്.

സ്ത്രീകളെ പൗരോഹിത്യ സേവനത്തിന് നിയോഗിക്കുന്നതിനെപ്പറ്റിയും അദ്ദേഹം ശക്തമായ നിലപാടുകള്‍ എടുത്തിരുന്നു, സ്ത്രീകളെ ഒഴിവാക്കുന്ന സാം സാംസ്‌കാരിക പശ്ചാത്തലം തിരിച്ചറിയാനും മാറിയ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് പൗരോഹിത്യം നല്‍കുന്നതിനെപ്പറ്റി ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 'യേശുവിനെ ആദ്യം നമുക്കു നല്‍കിയത് ഒരു സ്ത്രീയായിരുന്നല്ലോ. അങ്ങനെയെങ്കില്‍ മറിയമല്ലേ പ്രഥമ പുരോഹിത? മറിയത്തിനല്ലേ യേശുവിനെ നോക്കിപ്പറയാവുന്നത്. ഇത് എന്റെ ശരീരമാണ് ഇത് എന്റെ രക്തമാണ് എന്ന് വാസ്തവത്തില്‍ പുരോഹിതരേക്കാളും ഉയര്‍ന്ന സ്ഥാനമല്ലേ മറിയത്തിന് പൗരോഹിത്യ ശുശ്രൂഷയ്ക്ക് വിളിയുണ്ട് എന്ന് തോന്നുന്ന സ്ത്രീകളെ ഒരു ശുശ്രൂഷയില്‍ ചേര്‍ക്കാന്‍ സഭ തുറവികാണിക്കണം.' തികച്ചും വ്യത്യസ്തവും ധീരവുമായ ഒരു നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.

samuel rayan

വിമോചനവക്താവ്

മുന്‍പേ സൂചിപ്പിച്ചതുപോലെ രായനച്ചന്റെ എല്ലാ ചിന്തകളും എഴുത്തും പ്രവര്‍ത്തികളും സമഗ്രമായ ഒരു വിമോചനത്തെ ലക്ഷ്യമാക്കിയായിരുന്നു. യേശു വിഭാവനം ചെയ്ത സ്വര്‍ഗരാജ്യസ്ഥാപനം സത്യത്തിന്റെയും നീതിയുടെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും തുല്യതയുടേതുമായ അദ്ദേഹത്തിന്റെ എല്ലാമെല്ലാമായിരുന്നു. ഒരു ഭാരതീയ വിമോചന ദൈവശാസ്ത്രത്തിന്റെ അന്വേഷണം അദ്ദേഹത്തിന്റെ നിരന്തരശ്രമമായിരുന്നു. 'ഭാരതത്തിലെ വിമോചന ദൈവവിജ്ഞാനീയം മര്‍ദ്ദിത ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും പീഢിതരായ വിവിധ ജനവിഭാഗങ്ങളുടെ വിമോചന യത്‌നങ്ങളിലും അന്തര്‍ലീനമായി കിടപ്പുണ്ട്. മര്‍ദ്ദിത ജനവിഭാഗങ്ങളുടെ സമരഗാനങ്ങളിലും പഴഞ്ചൊല്ലുകളിലും ഫലിതങ്ങളിലും ഉല്‍പത്തികഥകളിലും മറ്റും ഈ ദൈവവിജ്ഞാനീയത്തിന്റെ പ്രാഗ് രൂപങ്ങള്‍ കാണാം. അങ്ങനെ നോക്കുമ്പോള്‍ ഭാരതീയ വിമോചന ദൈവശാസ്ത്രം ഈ നാട്ടിലെ മതവൈവിധ്യം കണക്കിലെടുക്കണം. ഇവിടെ വിരചിതമായ പുണ്യഗ്രന്ഥങ്ങളിലെ വിമോചന സന്ദേശങ്ങള്‍ ശ്രദ്ധിക്കണം. ഇവിടെ വിടര്‍ന്ന മത-സാമൂഹിക വിമോചന പ്രസ്ഥാനങ്ങളിലെ സര്‍ഗ്ഗശേഷിയുള്‍ക്കൊള്ളണം...''

പ്രകൃതി സ്‌നേഹം നിറഞ്ഞ ഒരു വ്യക്തിത്വം

രായനച്ചന്‍ രൂപപ്പെടുത്തിയ ദൈവവിജ്ഞാനീയ ചിന്തകളില്‍ പ്രകൃതിക്ക് വലിയ ഒരു ധ്യാനമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ''ഭൂമിയെ അതിന്റെ നിയമങ്ങളോടും ആവശ്യങ്ങളോടും ആന്ദോളനങ്ങളോടും പരിമിതികളോടും യാതൊരു ബഹുമാനവും കൂടാതെ കീഴടക്കണമെന്ന് ആഗ്രഹിക്കുന്നത് പ്രകൃതിയുടെ രചയിതാവായ ദൈവത്തോടുള്ള സ്‌നേഹത്തെ നിരാകരിക്കുന്നതിന് വ്യക്തമായ തെളിവാണ്''. പ്രായമായി, ഓര്‍മ്മ നഷ്ടപ്പെടുന്ന കാലഘട്ടത്തിലും രായനച്ചന്‍  തോട്ടത്തിലിറങ്ങി, പൂക്കളോടും ചെടികളോടും മരങ്ങളോടും മണിക്കൂറുകളോളം സംവേദിച്ചിരുന്നത് കാണാമായിരുന്നു. പ്രകൃതിയില്‍ അദ്ദേഹം ഈശ്വരനെ കണ്ടു. ഒരു പക്ഷേ, അദ്ദേഹത്തിന്റെ ആത്മീയ സ്രോതസ്സായ ഇഗ്നേഷ്യന്‍ ആത്മീയതയുടെ വേരുകള്‍ ആയിരുന്നിരിക്കാം. 'എല്ലാറ്റിലും ഈശ്വരനെയും ഈശ്വരനില്‍ എല്ലാറ്റിനെയും കാണുന്ന' ഒരാത്മീയത.

കവിതയുടെ സ്വാധീനം

ഹൃദ്യമായ ഭാഷ. മലയാളവും, ഇംഗ്ലീഷും മറ്റു വിദേശ ഭാഷകളും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്. എന്തു പറയുമ്പോഴും ഒരു കവിതാമയമായ അവതരണം. ദശകങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായി ക്ലാസിലിരുന്ന സമയത്ത് അനുഭവിച്ച ആ സൗന്ദര്യം ഇന്നും ഹൃദയത്തില്‍ തിളങ്ങി നില്‍ക്കുന്നു. പേരും ഊരും ധ്യാനവും എല്ലാം മറന്ന നാളുകളിലും ഒരു കവിത ചൊല്ലി കൊടുത്താല്‍ ബാക്കി ചൊല്ലുന്ന സ്വഭാവം മരണത്തിനും ഏതാനും ആഴ്ചകള്‍ക്കു മുമ്പുവരെ ഉണ്ടായിരുന്നു. തന്റെ സ്‌നേഹാനുഭവം, കവിതയായി ഒഴുകി. കവിത ചൊല്ലിയും കേട്ടും അദ്ദേഹം അനുഭവത്തിന്റെ പുതുതലങ്ങള്‍ അറിഞ്ഞു. അദ്ദേഹത്തെ വായിക്കുമ്പോള്‍ ആ ഹൃദ്യത ഇപ്പോഴും അനുഭവിക്കാം. 

സ്വപ്നങ്ങള്‍ കണ്ട്, സ്‌നേഹിച്ച മനുഷ്യന്‍, അരൂപിയെ അറിഞ്ഞവന്‍

ഒരു പക്ഷേ സാമുവല്‍ രായനച്ചനെ ചുരുക്കി വിവരിക്കാന്‍ പറ്റിയ വാക്കുകളാണ് സ്വപ്നങ്ങള്‍, സ്‌നേഹം, അരൂപി. മനുഷ്യന്റെ സമഗ്ര വിമോചനം അദ്ദേഹം സ്വപ്നം കണ്ടു. 'ഒരൊറ്റ വയറിനും ഭക്ഷണം ലഭിക്കാതെ പോകാത്തതുമായ' ഒരു സമൂഹം, ഗാന്ധിജിയുടെ ദരിദ്ര നാരായണനെ കുറിച്ചുള്ള സ്വപ്നമാണ് രായനച്ചനെ എന്നും നയിച്ചത്. സ്‌നേഹം അനുഭവിച്ചും, പങ്കുവെച്ചും അദ്ദേഹം വളര്‍ന്നു. ''ദൈവ സ്‌നേഹവും മനുഷ്യസ്‌നേഹവും ശരിയായ അളവില്‍ അദ്ദേഹത്തില്‍ നിറഞ്ഞുനിന്നു. ആകാശങ്ങളിലിരിക്കുന്ന കര്‍ക്കശക്കാരനായ യഹോവയെ സ്‌നേഹപിതാവായി എനിക്കു പരിചയപ്പെടുത്തിയത് രായനച്ചനായിരുന്നു' എന്ന് സോഫി ജോസ് തരകന്‍ സാക്ഷ്യപ്പെടുത്തുന്നു.
  
രായനച്ചന്റെ പ്രശസ്തമായ ഒരു രചനയാണ് അരൂപിയെക്കുറിച്ചുള്ള ഗ്രന്ഥം: അരൂപിയെ അദ്ദേഹം മനസ്സിലാക്കിയത് ഇങ്ങനെയാണ്: ''പുതിയ നിയമത്തില്‍, ദൈവത്തിന്റെ അരൂപിയെന്ന ദാനം, ബന്ധപ്പെട്ടിരിക്കുന്നത്. ദരിദ്രരുടെ അടുത്ത് അവര്‍ക്കു തന്നെ നല്ലതെന്ന് അനുഭവിച്ചറിയാവുന്നതും, അര്‍ത്ഥപൂര്‍ണവുമായ വാര്‍ത്തകള്‍ എത്തിക്കുവാനും അമര്‍ച്ച ചെയ്യപ്പെട്ടവരെ വിമോചിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാനുമായി ദൈവം തന്റെ സന്ദേശവാഹകരെ അയക്കുന്നതുമായിട്ടാണ്... അരൂപി വരുന്നത് നമ്മളെ, ഭൂമിയെ പുനഃസൃഷ്ടിക്കാന്‍ പ്രാപ്തരാക്കുന്നതിനാണ്.

അരൂപി മനുഷ്യാവസ്ഥയില്‍ അന്തര്‍ലീനമായിരിക്കുന്ന സംഘര്‍ഷത്തെ മറക്കുന്നില്ല. നേരെ മറിച്ച് അവന്‍ നമുക്ക് സംഘര്‍ഷത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും അതിലേര്‍പ്പെടുവാന്‍ ശക്തിപ്പെടുത്തുകയും ആണ് ചെയ്യുക. എന്തുകൊണ്ടെന്നാല്‍ നിതാന്ത സമരങ്ങളിലൂടെയും നമ്മള്‍ക്കെടുക്കേണ്ടി വരുന്ന വിവിധ തീരുമാനങ്ങള്‍ വഴിയും ആണ് നമ്മള്‍ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുവാന്‍ നിര്‍ബന്ധിക്കപ്പെടുക.''

സ്വപ്നങ്ങള്‍ കണ്ട്, സ്‌നേഹം അനുഭവിച്ചും പങ്കുവെച്ചും അരൂപിയാല്‍ നയിക്കപ്പെട്ട ഒരു മഹാമനുഷ്യനാണ് നമ്മുടെയിടയില്‍ നിന്നും കടന്നുപോകുന്നത്. സ്‌നേഹത്തിലും സാഹോദര്യത്തിലും ബഹുസ്വരതയിലും വളര്‍ന്ന് ഒരു പുതിയ ലോകം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പ്രചോദനമാകും.

ഈ ലേഖനത്തിലുള്ള എല്ലാ ഉദ്ധരണികളുടെയും അവലംബം: 
(പി.കെ. മൈക്കിള്‍ തരകന്‍. എസ്. പൈനാടത്ത് എഡ്. ജെ. (Eds) 2013. സാമുവല്‍ രായന്‍ നാളെയിലേക്കൊരു നീള്‍ക്കാഴ്ച. എറണാകുളം: സെന്റ് പോള്‍സ്)

Content Highlights: Dr. Samuel Rayan, Liberation Theology,