രാമായണപാരായണത്തിലൂടെ കള്ളക്കർക്കടകത്തെ ‘രാമായണമാസ’മാക്കിയവരാണ് മലയാളികൾ. കവിത കാലജയംചെയ്യുന്ന ഒരു രീതി! ഇതിന്റെ നിദാനം എന്താവാം?
‘കാവ്യം സുഗേയം കഥരാഘവീയം
കർത്താവ് തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തിൽ
ആനന്ദലബ്ധിക്കിനിയെന്തുവേണം’
മഹാകവി വള്ളത്തോൾ ‘തോണിയാത്ര’യിൽ  തന്റെ ‘കേൾവിജ്ഞാനം’ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്. ‘സുഗേയത’ രാമായണത്തിന്റെ ഒന്നാന്തരം ഗുണമായിട്ടുതന്നെ കണ്ടു മഹാകവി. തുഞ്ചന്റെ കിളി പാട്ടുപഠിച്ചത് നാടൻ പാട്ടുകളിൽനിന്നാണെന്ന് ‘പണ്ടത്തെപ്പാട്ടുകളിൽ’ നിഷ്ണാതനായ വള്ളത്തോളിനറിയാം. ‘തത്തമ്മപ്പാട്ടിൽ’നിന്ന്‌ കിളിപ്പാട്ടിലേക്ക് അധികം ദൂരമില്ല. ‘ഗന്ധർവൻപാട്ടി’ലെ കിളിയുടെ കഥപറച്ചിൽ എഴുത്തച്ഛനെ വശീകരിച്ചിരിക്കാം. കാകളി, കളകാഞ്ചി, കേക, അന്നനട തുടങ്ങിയ വൃത്തങ്ങൾ ഇതിവൃത്തങ്ങൾക്ക് പാകമാക്കി ഇട്ടുകൊടുത്തപ്പോൾ കിളിപ്പാട്ടിന്റെ ‘സുഗേയത’ ഇരട്ടിക്കുകയായിരുന്നു!
വാല്മീകിയുടെ രാമനല്ല എഴുത്തച്ഛന്റെ രാമൻ. അമാനുഷപ്രഭാവനായ അവതാരപുരുഷനാണ്, മര്യാദാപുരുഷനാണ് എഴുത്തച്ഛന്റെ രാമൻ. ഭക്തികാവ്യരചനയിൽ അത്തരം ബിംബപ്രതിഷ്ഠ അനിവാര്യവുമാണ്. 
‘സാനന്ദരൂപം സകലപ്രബോധം
ആനന്ദദാനാമൃത പാരിജാതം
മനുഷ്യപത്‌മേഷുരവിസ്വരൂപം
പ്രണൗമിതുഞ്ചത്തെഴുമാര്യപാദം’
ഇത്രയും പൂജ ഒരു കവിക്കും ഒരുപക്ഷേ കിട്ടിയിട്ടുണ്ടാവില്ല. ‘ദിവ്യൻ’ എന്നുതന്നെ വള്ളത്തോൾ വിളിച്ചു. സകലപ്രബോധകനും രവിസ്വരൂപനുമായ ഒരു ആചാര്യകവിയുടെ സാന്നിധ്യം 15-16 നൂറ്റാണ്ടുകളുടെ പ്രാർഥനയായിരുന്നു. മുൻഗാമികളായ കവികൾക്കു സാധിക്കാതെപോയ പലതും കവിതകൊണ്ടു വീട്ടിത്തീർക്കാനുണ്ടായിരുന്നു എഴുത്തച്ഛന്. ‘എഴുത്തിന്റെ അച്ഛൻ’ എന്ന് ‘പിതൃത്വം’ നൽകി ബഹുമാനംകൂട്ടേണ്ട ഒരു കാര്യവുമില്ല. എഴുത്തച്ഛൻ ‘എഴുത്താശാൻ’ തന്നെ!
കണ്ണശ്ശനിലും ചെറുശ്ശേരിയിലും ഇല്ലാത്ത ചില മൂലകങ്ങൾ എഴുത്തച്ഛനിലുണ്ട്. ഭാഷാശുദ്ധി, ഗംഭീരത, സൂഷ്മഭംഗികൾ, ഭക്തിയുടെ ഘനാന്തരീക്ഷം എന്നിങ്ങനെ...
‘രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി’ (അയോധ്യാകാണ്ഡം)
ഒരു ‘ചെക്ക്‌ലീഫിന്റെ’ സംക്ഷിപ്തതയും  കാര്യക്ഷമതയുമുണ്ട് ഈ വരികൾക്ക്! ഇങ്ങനെ അമ്പരപ്പിക്കുന്ന വരികൾ എഴുത്തച്ഛനിൽ വേറെയില്ല. സദാ മണിപ്രവാളത്തിന്റെ സമ്മർദത്തിലാണെങ്കിലും അതുവരെ മലയാളം ആവിഷ്കരിച്ചിട്ടില്ലാത്ത ഉജ്ജ്വലമുഹൂർത്തങ്ങൾ രാമായണത്തിലുണ്ട്. 
‘വെണ്മതിപോലെ കുടയും പിടിപ്പിച്ചു
പൊന്മയമായൊരു തേരിൽ കരേറിനാൻ
ആലവട്ടങ്ങളും വെൺചാമരങ്ങളും
നിലത്തഴകളും മുത്തുക്കുടകളും
ആയിരം വാജികളെക്കൊണ്ടുപൂട്ടിയ
വായുവേഗംപൂണ്ട തേരിൽക്കരയേറി
മേരുശിഖരങ്ങൾപോലെ കിരീടങ്ങൾ
ഹാരങ്ങളാദിയാമാഭരണങ്ങളും
പത്തുമുഖവുമിരുപതു കൈകളും
ഹസ്തങ്ങളിൽ ചാപബാണായുധങ്ങളും
നീലാദ്രിപോലെ നിശാചരനായകൻ
കോലാഹലത്തോടുകൂടെ പുറപ്പെട്ടാൻ’
(യുദ്ധകാണ്ഡം)

ലങ്ക മുഴുവൻ രാവണനൊപ്പം പുറപ്പെട്ടുപോയി എന്നാണ്! രാമൻപോലും തന്റെ ശത്രുവിനെ ബഹുമാനിച്ചു എന്ന് കാളിദാസൻ. എഴുത്തച്ഛന്റെ ഈ പദപ്പുറപ്പാടിനുപിന്നാലെ ഏതുവായനക്കാരനും പുറപ്പെട്ടുപോകും.
‘ഭക്തിയാണ് എഴുത്തച്ഛന്റെ ശക്തി’ എന്ന് സാഹിത്യപഞ്ചാനനൻ വിധിച്ചിട്ടുണ്ട്. അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ നടതുറക്കുമ്പോൾ തുടങ്ങുന്ന ശ്രീരാമനാമാവലികളുടെ മണിനാദം പലപല സ്തുതിപൂജകളിലൂടെ തുടർന്നുകൊണ്ടിരിക്കുന്നു. നാമസങ്കീർത്തനംകൊണ്ടുമാത്രം പക്ഷേ, കാവ്യം പുലരുന്നില്ല. അതുകൊണ്ട് കവി തന്റെ കിളിമകളോട് ‘കഥയമമ കഥയ’ എന്ന് സാദരം അപേക്ഷിക്കുകയാണ്. കഥാസന്ദർഭങ്ങളെ ബന്ധിപ്പിക്കുന്ന പൊൻകൊളുത്തുകളാണീ സ്തുതികൾ. ഇവ കേവലം പര്യായപദങ്ങളല്ലെന്ന് ഓർക്കണം. പലതിലും സംഭവങ്ങൾ സൂക്ഷ്മമായി മുദ്രണംചെയ്തിരിക്കുന്നു.
സുഗ്രീവൻ ആദ്യമായി കാണുന്ന ശ്രീരാമൻ സീതാവിരഹത്താൽ അസ്വസ്ഥനാണ്. ‘വിഹ്വലമാനസം’ എന്ന പദം സ്തുതിവിശേഷണങ്ങളിൽ അർഥവത്തായി നിൽക്കുന്നു. ‘രാവണനാശനം’ എന്ന് ശ്രീരാമസ്തുതിയിൽ രാവണവധാനന്തരംമാത്രമേ പ്രയോഗിച്ചിട്ടുള്ളൂ-‘ബ്രഹ്മസ്തുതി’യിൽ.
തപസ്വികൾ ഭക്തിപാരവശ്യത്താൽ നാമസങ്കീർത്തനങ്ങളിൽ അലിഞ്ഞില്ലാതാവുന്നത് സ്വാഭാവികം. എന്നാൽ കാലനേമി, കുംഭകർണൻ തുടങ്ങിയ രാക്ഷസഭീകരന്മാർ രാവണന്റെ മുഖത്തുനോക്കി ശ്രീരാമസ്തുതി നടത്തുന്നുവെങ്കിൽ അത് എഴുത്തച്ഛന്റെ നിരങ്കുശമായ ഭക്തിഭാവനയായിരിക്കണം. എന്തിന് രാവണന്റെ പ്രണയാഭ്യർഥനപോലും ഈശ്വരസ്തുതിയുടെ ശൈലിയിലാണ്.
‘സരസീരുഹമുഖി ചരണകമലപതിതോസ്‌മ്യഹം.
സന്തതംപാഹിമാം! പാഹിമാം! പാഹിമാം’
(സുന്ദരകാണ്ഡം)
ഇതൊരു ദേവീസ്തുതിയല്ല.
എഴുത്തച്ഛന്റെ കണ്ണിൽ ഏറ്റവും വലിയ ഭക്തൻ രാമഭക്തഹനുമാനല്ല, ഭരതനാണ്. ‘ആരുമില്ലിത്ര ഭക്തന്മാരവനിയിൽ’ എന്ന് യോഗ്യതാപത്രം നൽകിയത് ഹനുമാൻതന്നെയാണ്. തന്നിലേക്കുപ്രവഹിച്ച രാജഭോഗങ്ങളെല്ലാം തട്ടിയെറിഞ്ഞ് സ്വയം ശാസിതമായ തീവ്രഭക്തിയിൽ രാമപാദുകങ്ങൾ കിരീടമായിചൂടി ‘രാജ്യംഭരിച്ച’ ഭരതനോളംപോന്ന രാമഭക്തിയില്ല.  ഈ തിരിച്ചറിവാണ് എഴുത്തച്ഛന്റെ ഭക്തിനൽകുന്ന ഒരു പാഠം. ഭരതൻ രാമന് തണലാണ്, ലക്ഷ്മണൻ രാമന്റെ നിഴലാണ്.
‘ഭക്ത്യാപറഞ്ഞടങ്ങികിളിമകളും’ എന്ന് എഴുത്തച്ഛൻ രാമായണം അവസാനിപ്പിക്കുന്നു. ഭക്തിയുടെ ഈ ആധാരശ്രുതി നമ്മുടെ പാരായണക്കാർ വേണ്ടപോലെ ഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് തോണിതുഴയുന്നവരുടെ ഭക്തിമയസ്വരം വള്ളത്തോൾ ശ്രവിച്ചത്. ഓളക്കൈകൾകൊണ്ട്‌ നദിയെ താളംപിടിപ്പിച്ചതും വെണ്ണിലാവിനെ പാൽക്കുഴമ്പാക്കിയതും ‘ആ ഭക്തിസ്ഫുരൽമാധുരി’യാണെന്ന് വള്ളത്തോൾ വിഭാവനംചെയ്തു.
വൈലോപ്പിള്ളിയുടെ ‘ഗൃഹപുരാണം’ രാമായണപാരായണംതന്നെ വിഷയമാക്കുന്നു. പാർവത്യക്കാരൻ അമ്മാവന് ഒരു രാത്രി കുഗ്രാമത്തിൽ തങ്ങേണ്ടിവന്നു. വീട്ടുകാരോട് ചോദിച്ചുവാങ്ങിയ പാട്ടവിളക്കും രാമായണവുമായി അദ്ദേഹം വായന തുടങ്ങി. പൊടുന്നനെ ഗ്രാമം ഉണർന്നു. വീട്ടുകാരും അയൽപക്കവും അദ്‌ഭുതപ്പെട്ടു! നിലവിളക്കും മെത്തയും എത്തിച്ചേർന്നു. ‘തൂനിലാവിളക്കത്ത് തുഞ്ചന്റെ കിളി പാടുകയാണ്’ 
‘യാമങ്ങൾ കടന്നുപോയ് കണ്ണടച്ചിതുപിന്നെ
രാമന്റെ കഥകേട്ടു മതിയാകാതാഗ്രാമം’
മതിവരാത്ത ആ രാമകഥാപ്പാട്ടിന്റെ ഈണം, ആ പാരായണസുഖം നമുക്കിന്ന് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ശാസ്ത്രീയസംഗീതത്തിന്റെ കണ്ഠശുദ്ധിയിൽ, സ്വനഗ്രാഹി യന്ത്രങ്ങളുടെ പീഡനങ്ങളിൽ നാം ദീനസ്വരം കേട്ടുകൊണ്ടിരിക്കുന്നു.