വിശുദ്ധ റംസാന്റെ എല്ലാ പുണ്യങ്ങളും ഒതുക്കിവെച്ച ഒരു നബിവചനം ഇങ്ങനെ വായിക്കാം: അള്ളാഹുവിന്റെ ദാസന്മാർ റംസാന്റെ ശരിയായ മഹത്ത്വം അറിഞ്ഞിരുന്നെങ്കിൽ വർഷം മുഴുവൻ വ്രതമായിരുന്നെങ്കിലെന്ന് അവർ ആഗ്രഹിക്കുമായിരുന്നു.

സ്രഷ്ടാവിന്റെ മാർഗത്തിലുള്ള സമ്പൂർണ സമർപ്പണവും മനസ്സും ശരീരവും ഒരുമിക്കുന്ന വിശുദ്ധിയുടെ പ്രകാശനവുമാണ് വ്രതനാളുകൾ. പ്രഭാതംമുതൽ സന്ധ്യവരെ അന്നപാനീയങ്ങൾ വെടിയുന്ന വെറും പട്ടിണിക്കാലമല്ല ഇത്. ഭൗതികമായ വ്യാഖ്യാനങ്ങൾക്കപ്പുറം ആത്മീയാഭിവൃദ്ധിയും മനസ്സിന്റെ വിമലീകരണവുമാണ് വ്രതത്തിന്റെ കാതൽ. വിശുദ്ധിയുടെ മാലാഖമാർ മനുഷ്യജീവിതത്തിൽ നിരന്തരം ഇടപെടുന്ന അപൂർവാവസരങ്ങൾ ഈ പുണ്യമാസത്തിന്റെ സമ്മാനമാണ്.

പൈശാചികചോദനകളും പ്രലോഭനങ്ങളും വ്രതമെന്ന പരിചയിൽ തലതല്ലിച്ചാകുന്നു. ആരുടെ മുന്നിലും കുനിച്ചുകൊടുക്കാത്ത ശിരസ്സുകൾ കൂടുതൽക്കൂടുതൽ സുജൂദിലേക്ക് (സാഷ്ടാംഗപ്രണാമം) വീഴുന്ന രാത്രിയുടെ യാമങ്ങൾ. അള്ളാഹു എത്ര ഔദാര്യവാനാണ്! ഓരോ കർമങ്ങൾക്കും ആയിരം ഇരട്ടിയാണ് ഈ മാസത്തിൽ പ്രതിഫലം. എൺപത്തിനാല്‌ വർഷത്തിന്റെ പുണ്യംമുഴുവൻ ഒരു രാത്രിയിൽ അവൻ നിറച്ചിരിക്കുന്നു. ലൈലത്തുൽ ഖദ്‌റിന്റെ (നിർണയരാത്രി) ധന്യതയിൽ വിശ്വാസിക്ക് പുത്തനുണർവും പുതുമാർഗവും ലഭിക്കുന്നു. ദിശ നഷ്ടപ്പെട്ട മനസ്സുകൾക്ക് അള്ളാഹു സ്വർഗത്തിന്റെ പ്രത്യേക കവാടംതന്നെ തുറന്നുെവച്ചിരിക്കയാണ്. നോമ്പിന്റെ വിശുദ്ധിനേടി പാപശുദ്ധിവരുത്തിയവർക്ക് സ്വർഗപ്രവേശനത്തിന് റയ്യാൻ എന്ന പ്രത്യേക കവാടമുണ്ട്.

റംസാൻ പുണ്യം പകരുന്ന ഒരു തിരുനബിവചനം ഇങ്ങനെ: ‘പ്രതാപിയായ അള്ളാഹു സ്വർഗലോകത്തോട് ആജ്ഞാപിക്കുന്നു. എന്റെ പ്രിയപ്പെട്ട ദാസന്മാർക്കുവേണ്ടി നീ അണിഞ്ഞൊരുങ്ങുക. അലങ്കാരപൂരിതമാവുക. അവർ ഇഹലോകത്തെ ക്ഷീണങ്ങളിൽനിന്നെല്ലാമൊഴിഞ്ഞ് എന്റെ ഭവനത്തിലേക്കും സ്വീകരണത്തിലേക്കും എത്തിച്ചേരാൻ അടുത്തിരിക്കുന്നു.

ആത്മനിയന്ത്രണമാണ് വ്രതം. പഞ്ചേന്ദ്രിയങ്ങളുടെ കയറുപൊട്ടിച്ച വിഹാരത്തിന്‌ ഇവിടെ കടിഞ്ഞാണുണ്ട്. കണ്ണും കാതും ഖൽബുമെല്ലാം ഒരുമിക്കുന്ന വിശുദ്ധിയുടെ സംഘഗീതം. അന്നപാനീയങ്ങൾ ഒഴിവാക്കുന്നതിനപ്പുറം മനസ്സിലെ മൃഗീയതകളോടെല്ലാം നോമ്പുകാരൻ സലാംചൊല്ലുന്നു. സ്ഫടികംപോലെ വെട്ടിത്തിളങ്ങുന്ന മനസ്സുകളാണ് നോമ്പിന്റെ സമ്മാനം. ഇവിടെയാണ് മനുഷ്യത്വത്തിന്റെ മഹത്ത്വം പ്രതിഫലിക്കുക.

ദാർശനികനും ആത്മീയഗുരുവുമായ ഇമാം ഗസ്സാലി മനുഷ്യനിലെ മൃഗീയാവസ്ഥകളെപ്പറ്റി ‘കിലാബുൽ ഖുലൂബ് ’ എന്ന് പ്രയോഗിച്ചിട്ടുണ്ട്. ‘ഹൃദയത്തിലെ പട്ടികൾ’ എന്നർഥം. ലൗകികജീവിതത്തോടുള്ള അമിതപ്രേമം, കോപം, ക്രോധം, അസൂയ, പരദൂഷണം തുടങ്ങിയ മനസ്സിലെ മൃഗീയാവസ്ഥകളെപ്പറ്റിയാണ് ഈ വിശേഷണം. ഇവ കുടിയേറിയ മനസ്സുകളിലേക്ക് അള്ളാഹുവിന്റെ തിരുനോട്ടമുണ്ടാകില്ല. ഇവയെ ആട്ടിയിറക്കാതെ അനുഗ്രഹത്തിന്റെ മാലാഖമാരുടെ ചിറകടിയൊച്ച കേൾക്കില്ല. കണ്ണും കാതും നാവുമൊക്കെയാണ് ഈ മൃഗീയതകളെ കുടിയിരുത്തുന്നത്. അവയ്ക്ക് കരുതലോടെയുള്ള നിയന്ത്രണം നോമ്പിന്റെ പ്രത്യേകതയാണ്. ഇതില്ലാതെയുള്ള നോമ്പുകാരന് പട്ടിണിമാത്രം ബാക്കിയാവും.
റംസാനിലെ ആദ്യത്തെ പത്തുദിനങ്ങളിൽ അല്ലാഹുവിന്റെ കാരുണ്യത്തിനായുള്ള പ്രത്യേക പ്രാർഥനകൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ പത്തുദിവസങ്ങൾ പാപമോചനത്തിന്റേതാണ്. നരകമോചനത്തിന്റേതാണ് അവസാനത്തെ പത്ത്. കുറ്റങ്ങളിൽനിന്ന് മോചിപ്പിച്ച് ജീവിതത്തിൽ ആത്മവിശ്വാസവും ഊർജവും പകരുന്നതാണ് ഈ ക്രമീകരണം. മനുഷ്യസഹജമായ കുറ്റങ്ങളും കുറവുകളും കരുണാമയനായ അള്ളാഹു മാപ്പാക്കും. എല്ലാം പൊറുക്കുന്നവനാണവൻ. സ്രഷ്ടാവിന്റെ കാരുണ്യത്തിലും പാപമോചനത്തിലും ആശയില്ലാതെയാവരുത്. സ്വർഗീയ കവാടങ്ങൾക്കുമുന്നിൽ ഭയത്തോടെ ആരും മാറിനിൽക്കേണ്ടതില്ല.

ഒരു പക്ഷിയുടെ രണ്ടുചിറകുകൾ പ്രകാരം ഭയവും പ്രതീക്ഷയും മേളിച്ചതാവണം വിശ്വാസിയുടെ മനസ്സെന്ന് ഇമാം ഗസ്സാലി ഉണർത്തുന്നു.  ചെയ്തുപോയ അബദ്ധങ്ങളെക്കുറിച്ച് ആശങ്ക വേണം. കുറ്റങ്ങളുമായി അള്ളാഹുവിന്റെ മുന്നിലെത്തുന്നതിന്റെ ആധിയിൽ സങ്കടക്കടലിരമ്പണം. എന്നാൽ, അവിടെ അവസാനിപ്പിക്കരുത് എന്നാണ് റംസാൻപാഠം. അള്ളാഹുവിന്റെ ഉദാരമായ കടാക്ഷത്തെപ്പറ്റി ശുഭപ്രതീക്ഷയുണ്ടാവണം. ഏതുപ്രതിസന്ധിയിലും തന്റെ കൈപിടിക്കാൻ അള്ളാഹുവുണ്ടെന്ന ബോധ്യമാണ് വ്രതം നൽകുന്നത്. അള്ളാവിലേക്ക് നിഷ്കളങ്കമായി ഉയർത്തുന്ന കൈകൾ അവൻ തട്ടിക്കളയില്ലെന്ന് പ്രാർഥനയുടെ പകലിരവുകൾ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിന്റെ തീരമണഞ്ഞ് ഇസ്‌ലാം കടന്നുചെന്ന ശ്രീലങ്കയിലെ ക്രിസ്തീയ ദേവാലയങ്ങളിൽ പൊട്ടിച്ചിതറിയ പൈശാചികതയുടെ പ്രകമ്പനം കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ന്യൂസീലൻഡിലെ പള്ളിയിൽ നിറഞ്ഞാടിയ ഭീകരതയെ അവിടത്തെ സർക്കാരും സമൂഹവും സ്നേഹംകൊണ്ട് നേരിട്ട വേറിട്ടരീതിയും നമുക്കുമുന്നിലുണ്ട്. ഒരുപാട് പാഠങ്ങളുണ്ട് ഇവ രണ്ടിലും. ഒപ്പമുള്ളവന് കരുതൽ നൽകാതെ മതവും വ്രതവുമില്ല. ആൾക്കൂട്ടത്തിനിടയിൽപ്പോയി പൊട്ടിച്ചിതറുന്നവന് വിശ്വാസശുദ്ധി ഒട്ടുമില്ല. പിശാചാണ് അത്തരക്കാർക്ക് കൂട്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്നേഹത്തിന്റെയും ഒരുമയുടെയും പാലം പണിയുന്നവർക്കാണ് മോക്ഷം. ആകുലതകളുടെ ഇക്കാലത്ത് അത്തരം ശ്രമങ്ങൾക്ക്  ഈ പുണ്യദിനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം.

(കേരള മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറിയും മലപ്പുറം മഅ്ദിൻ അക്കാദമി ചെയർമാനുമായ ലേഖകൻ യു.എ.ഇ. പ്രസിഡന്റിന്റെ ഈ വർഷത്തെ റംസാൻ അതിഥിയാണ്)