വ്യാഴാഴ്ച ആഗോള കത്തോലിക്ക സഭയുടെ പരമമേലധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ ശതാഭിഷിക്തനാവുന്നു. ലക്ഷോപലക്ഷം അജഗണങ്ങളുടെ വലിയ ഇടയന് ആയിരം പൂർണചന്ദ്രന്മാരെ കണ്ട ധന്യത. പേരിലും പെരുമാറ്റത്തിലും വാക്കുകളിലും പ്രവർത്തനവഴികളിലും ജീവിതചര്യകളിലും സഭാജീവിതത്തിലും വ്യത്യസ്തനായ മാർപാപ്പ. 

ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഈശോ സഭയിൽനിന്നുള്ള ആദ്യ മാർപാപ്പ. സന്ന്യാസസഭയിൽ ഒതുങ്ങിനിന്നു മാത്രം പ്രവർത്തിക്കാതെ ലോകമെങ്ങും സകല സൃഷ്ടികളിലും കരുതലും കരുണയുമെത്തണമെന്ന് ശഠിക്കുന്ന മാർപാപ്പ. സഭാനിയമങ്ങളിൽ കാലാനുസൃതമാറ്റം കൊണ്ടുവരുന്ന പാപ്പ. സ്വയം തിരുത്തുന്ന പാപ്പ. തിരുത്തൽ ശക്തിയാവുന്ന പാപ്പ.

ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചതിൽ തുടങ്ങുന്നു ആ വ്യത്യസ്തത. രണ്ടാംക്രിസ്തുവെന്നാണ് അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് വിശേഷിപ്പിക്കപ്പെടുന്നത്. ക്രൈസ്തവ സഭാചരിത്രത്തിൽ ആധ്യാത്മികതയുടെ പ്രതീകമാണ് അസീസിയിലെ ഫ്രാൻസിസ്. അനന്തനന്മകളുടെ ആൾരൂപം. അതേ പേരുകാരനായ മാർപാപ്പയും പെരുമാറ്റം, വാക്ക്, പ്രവർത്തന ശൈലി എന്നിവയിൽ പുതുമ കൊണ്ടുവന്നു. 

ആരോടും വിവേചനമില്ല
ഒരു വിഭാഗത്തെയും മാർപാപ്പ കുറ്റം വിധിക്കുന്നില്ല. ‘ഞാനൊരു കമ്യൂണിസ്റ്റല്ല, എന്നാൽ അങ്ങനെ ആരാലെങ്കിലും ഞാൻ വിശേഷിപ്പിക്കപ്പെടുന്നുവെങ്കിൽ അതിൽ മോശമായൊന്നും കാണുന്നുമില്ല’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആരെയും ചേർത്തുപിടിക്കുന്ന സമീപനമാണിത്. കുറ്റബോധത്തോടെയോ മുൻവിധിയോടെയോ മാത്രം ആരും തന്നെ സമീപിക്കേണ്ടതില്ലെന്ന് പലപ്രാവശ്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ ശൈലീമാറ്റമാണ് ആധുനിക കാലഘട്ടത്തിൽ മാധ്യമങ്ങൾക്ക് ഉൾപ്പെടെ എല്ലാവർക്കും അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്.

പീയൂസ് പത്താമൻമുതൽ എല്ലാ പാപ്പാമാരുടെയും ജീവിതം ഞാൻ ശ്രദ്ധയോടെ പഠിച്ചിട്ടുണ്ട്. പലരെയും നേരിൽ കണ്ടറിഞ്ഞിട്ടുമുണ്ട്. 1962 മുതൽ നാലുവർഷം റോമിലെ എസ്.ജെ. ആശ്രമമായിരുന്നു എന്റെ പ്രവർത്തനകേന്ദ്രം. നിരീക്ഷിച്ച മാർപാപ്പമാരിൽ പോപ്പ് ഫ്രാൻസിസ് അസാധാരണനാണെന്ന് പറയുന്നത് അദ്ദേഹത്തിന്റെ ചിന്തകൾ പോലും പ്രസരിപ്പിക്കുന്ന സദ്ഫലങ്ങൾ കണ്ടിട്ടാണ്. ദൈവസ്നേഹത്തിനു മുന്നിൽ സ്ത്രീയും പുരുഷനും മാത്രമല്ല, ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ടവരെയും നിർധനരെയും ഭിന്നശേഷിക്കാരെയും അവഗണിക്കരുതെന്ന് നിർദേശം നൽകുന്നു. ഗർഭസ്ഥശിശുക്കൾമുതൽ മരണാസന്നരായ വൃദ്ധർവരെ നമ്മുടെ കരുതൽ അർഹിക്കുന്നുവെന്ന് ചാക്രികലേഖനം പുറപ്പെടുവിക്കുന്നു. വൈദികരോ സന്ന്യസ്തരോ തങ്ങളുടെ വ്രതത്തിൽനിന്നും ദൈവവിളിയിൽനിന്നും അകന്നുപോവരുതെന്ന് കൂടെക്കൂടെ ഓർമിപ്പിക്കുന്നു. സഭയിൽത്തന്നെ കാലാനുസൃത തിരുത്തൽനടപടികൾ വേണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു. സ്ത്രീശാക്തീകരണത്തിനും അഭയാർഥികളുടെ സംരക്ഷണത്തിനുമായി എപ്പോഴും വാദിക്കുന്നു. ഇതിലൊക്കെ പുറത്തുള്ളവർക്ക് പുതുമ കാണാം. അതുകൊണ്ടാണ് ഈ ശൈലീമാറ്റത്തിന് ബഹുജന ശ്രദ്ധ കിട്ടുന്നത്. ലോകചരിത്രത്തിൽത്തന്നെ ഇടംകിട്ടുന്നതും.

ലാളിത്യത്തിന്റെ വഴികൾ
മാർപാപ്പമാരുടെ നിർദേശങ്ങൾ ചോദ്യം ചെയ്യപ്പെടുക എന്നൊന്ന് സഭയിലില്ല. എന്താണോ അത് സ്വീകരിക്കുക. അതാണ് ക്രമവും കീഴ്‌വഴക്കവും നടപടിയും. എന്നാൽ, മാതൃകയൊരുക്കുന്ന പോപ്പാണ് ഫ്രാൻസിസ്. പാപ്പാമാർ വസിക്കുന്ന വത്തിക്കാൻ പാലസ് അദ്ദേഹം സ്വമേധയാ ഉപേക്ഷിച്ചു. ഒരു സാധാരണമുറിയിൽ, സാധാരണക്കാരനെപ്പോലെ താമസം. ആഡംബരങ്ങൾ വേണ്ടാ. ലാളിത്യം, ത്യാഗം എന്നിവ ജീവിതത്തിൽ പകർത്തി കാണിക്കുകയാണ്. 

കാലഘട്ടത്തിന്റെ  ആവശ്യം
വിശ്വാസികളുടെ പക്ഷത്തുനിന്ന് നോക്കിയാൽ ഓരോ മാർപാപ്പയെയും കാലഘട്ടത്തിന്റെ ആവശ്യത്തിനുവേണ്ടി ദൈവം തിരഞ്ഞെടുക്കുന്നതാണ്. ഈ ശൈലിയായിരിക്കാം ഈ കാലഘട്ടത്തിലെ ദൈവഹിതം. മാനവരാശിക്കു മുഴുവനായുള്ള പരിഗണനയുടെ ദൈവശാസ്ത്രമാണ് വലിയ ഇടയൻ പഠിപ്പിക്കുന്നത്. വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലും. കോവിഡ് കാലത്തെ മുൻനിർത്തി കഴിഞ്ഞദിവസം പുറത്തിറക്കിയ ‘ലെറ്റ് അസ് ഡ്രീം  ദി പാത്ത് ടു എ ബെറ്റർ ഫ്യൂച്ചർ’ എന്ന തന്റെ പുസ്തകത്തിലും ഈ സന്ദേശമുണ്ട്. .
 മാർപാപ്പയെക്കുറിച്ച് ഓർക്കുമ്പോൾ വ്യക്തിപരമായി സന്തോഷിക്കുന്ന കാര്യം എളിയവനായ ഞാനും ഒരു ഈശോസഭ വൈദികനാണല്ലോ എന്നതാണ്. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾതന്നെ ഉദ്ധരിച്ച് അവസാനിപ്പിക്കട്ടെ: ‘നമ്മൾ എന്തു പറയുന്നുവോ, എങ്ങനെ പറയുന്നുവോ എന്നതിരിക്കട്ടെ. അതിലെ ഓരോ വാക്കും ഓരോ ആംഗ്യവും ഓരോ ഭാവവും ദൈവത്തിന്റെ കരുണയും ദൈവികമായ സഹാനുഭൂതിയും ഹൃദയാലുത്വവും തെറ്റുകൾ പൊറുക്കാനുള്ള വിശാലമായ മനോഭാവവും സകലരോടും പ്രകടമാക്കുന്നുണ്ടോ എന്നതാണ് പ്രധാനം.’

 
തയ്യാറാക്കിയത്: 
ഡോ. എബി പി. ജോയി