നിയും ഒരുപാട് വായിക്കാൻ ബാക്കിയുള്ള പുസ്തകം-ക്രിസോസ്റ്റം തിരുമേനിയെ അങ്ങനെ വരച്ചിടാനാണ് എനിക്കിഷ്ടം. വീട്ടിൽ അടയ്ക്കയിടാൻ വരാറുള്ള ശങ്കു പടിയാനാണ് തന്നെ പഠിപ്പിച്ചു വലുതാക്കിയതെന്ന്‌ തിരുമേനി പറയുമ്പോൾ നമ്മൾ അദ്‌ഭുതപ്പെടും. എന്നാൽ, ശങ്കു കവുങ്ങിൽ കയറിയിടുന്ന അടയ്ക്ക കുടുംബത്തിലെ വരുമാനമാകുന്ന സാമൂഹികവ്യവസ്ഥ നർമരസത്തിൽ തിരുമേനി പറഞ്ഞതാണെന്ന്‌ പിന്നീടുമാത്രമേ നമുക്ക്‌ മനസ്സിലാകൂ. സ്വർണനാവുള്ള തിരുമേനി എന്ന വിശേഷണത്തിൽ അദ്ദേഹം സരസമായി സംസാരിക്കുമ്പോൾ ഒരുപാടുതമാശകൾ നമുക്ക് കേൾക്കാനായിട്ടുണ്ട്. എന്നാൽ, അതിനുള്ളിലെ ആശയങ്ങളുടെ ഗംഭീരമായ ആഴം പലർക്കും വേണ്ടത്ര അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന്‌ സംശയമാണ്.

മനുഷ്യനെ ജാതി-മത ചിന്തകൾക്കപ്പുറം മനുഷ്യനായി കാണാൻ കഴിഞ്ഞതാണ് തിരുമേനിയുടെ ഏറ്റവും വലിയ മനുഷ്യത്വം. മനുഷ്യരുടെ ഇടയിൽ കമ്പോളങ്ങളിലും തെരുവീഥികളിലുമെല്ലാം ഈശ്വരനെ കണ്ടെത്താൻ ശ്രമിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അമ്പലങ്ങളിലും പള്ളികളിലുമല്ല ഈശ്വരൻ ഇരിക്കുന്നതെന്നും നിന്നോടൊപ്പമുള്ള നിന്റെ സുഹൃത്തിൽ ഈശ്വരനെ കണ്ടെത്താൻ ശ്രമിക്കണമെന്നും തിരുമേനി പറയുമ്പോൾ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുകയെന്ന ക്രിസ്തുവചനമാണ്  ഉദ്‌ഘോഷിക്കപ്പെടുന്നത്. തിരുമേനിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ഒരുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവുമായിട്ടാണ് ഞാൻ കരുതുന്നത്.

വലിയ കാര്യങ്ങളും ചെറിയ കാര്യങ്ങളും ഒരുപോലെ ശ്രദ്ധിക്കുകയും പിന്തുടരുകയുംചെയ്യുന്ന തിരുമേനിയുടെ മനസ്സും നിരീക്ഷണപാടവവും അപാരമായിരുന്നു. ഒരിക്കൽ ഡൽഹിയിൽനിന്ന്‌ ഞങ്ങൾ ഒരുമിച്ച്‌ തിരിച്ചുവരുമ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നുള്ള യാത്രയ്ക്കിടെ ഇടപ്പള്ളിയിലെ ലുലു മാളിൽ കയറിയാലോയെന്ന്‌ തിരുമേനി ചോദിച്ചു. ഞങ്ങളവിടേക്ക്‌ കയറാൻ തുടങ്ങുമ്പോൾ ഒരു കാപ്പി കുടിച്ചാലോയെന്ന്‌ ഞാൻ തിരുമേനിയോടുചോദിച്ചു. എന്നാൽ, കാപ്പിക്കട എവിടെയാണെന്ന്‌ എനിക്കറിയില്ലായിരുന്നു. എന്റെ മനസ്സ് വായിച്ചെന്നോണം തിരുമേനി പറഞ്ഞു: ‘‘മാളിന്റെ അകത്തേക്കുകയറുമ്പോൾ ഇടതുവശത്തുതന്നെ ഒരു കാപ്പിക്കടയുണ്ട്.’’ മാളിലെ ഒരു കാപ്പിക്കടയുടെ കാര്യംപോലും കൃത്യമായി ഓർമിച്ചുവെച്ചിരുന്ന തിരുമേനിയുടെ മനസ്സ് എന്നെ അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. ചെറുതും വലുതുമായ എത്രയോ ചിന്തകളുടെയും ദർശനങ്ങളുടെയും വലിയൊരു മാൾ തന്നെയായിരുന്നു തിരുമേനിയുടെ മനസ്സ്.  ഒരിക്കലും വായിച്ചുതീരാത്ത പുസ്തകമാണ് അദ്ദേഹം.

ആ കൈയൊന്ന് ഞാൻ മുത്തട്ടെ... 

ബിനോയ് വിശ്വം 

നൂറ്റിനാലാമത്തെ വയസ്സിലുണ്ടാകുന്ന ഒരു മരണം അപ്രതീക്ഷിതമാണെന്ന് ആരും പറയില്ല. എന്നാലും ക്രിസോസ്റ്റം തിരുമേനിയുടെ വേർപാട് നമ്മുടെ സാമൂഹിക മണ്ഡലത്തിലുണ്ടാക്കുന്ന ശൂന്യത എല്ലാവരെയും വേദനിപ്പിക്കുന്നതാണ്. 

വിമോചനദൈവശാസ്ത്രം കേരളത്തിൽ എന്തുകൊണ്ട് വേരോടിയില്ല എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചിട്ടുണ്ട്. ആ പേരിനെച്ചൊല്ലി എന്തെങ്കിലും പറയാൻ താൻ ആളല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ക്രിസ്തുവിന്റെ പക്ഷപാതിത്വം നിന്ദിതരോടും പീഡിതരോടുമാണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.  ക്രിസോസ്റ്റം തിരുമേനിക്ക് സഭാപ്രവർത്തനം ക്രിസ്തുവിനെ തേടലായിരുന്നു. ആന്ധ്രയിലെ ഒരു സെമിനാരിയിലേക്കുള്ള യാത്രാമധ്യേ ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അദ്ദേഹം താൻ ആരാണെന്നുപറയാതെ അവിടത്തെ പോർട്ടർമാരോടൊപ്പം മാസങ്ങൾ കഴിച്ചുകൂട്ടി. ഭാരമുള്ള പെട്ടി തലയിൽ ചുമക്കുമ്പോഴുള്ള പ്രയാസം താൻ മനസ്സിലാക്കിയത് പറഞ്ഞുകേട്ടോ വായിച്ചോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യവസ്ഥാപിത സംഘടനാസംവിധാനങ്ങളുടെ ചട്ടക്കൂടിലൊതുങ്ങുമ്പോൾ മനുഷ്യർ പലപ്പോഴും ആത്മ സംഘർഷങ്ങൾക്ക് അടിപ്പെടും. ക്രിസോസ്റ്റം തിരുമേനിയും ഫ്രാൻസിസ് മാർപാപ്പയും മഹാത്മാഗാന്ധിയും ഡോ. അംബേദ്കറും അച്യുതമേനോനും എ.കെ.ഗോപാലനുമെല്ലാം   ഈ സംഘർഷത്തിലൂടെ കടന്നുപോയിക്കാണും. അതിന്റെ സമ്മർദങ്ങളെ അതിജീവിക്കാൻവേണ്ടി നർമത്തെ കൂടെക്കൂട്ടുകയാണ് തിരുമേനി കണ്ടെത്തിയ പോംവഴിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജയിലിലെ തടവുകാരോട് സംസാരിക്കുമ്പോൾ, ‘‘നിങ്ങൾ  പിടിക്കപ്പെട്ടതുകൊണ്ട് ഇവിടെയെത്തി. ഞാൻ പിടിക്കപ്പെടാത്തതുകൊണ്ട് പുറത്തൊക്കെ നടക്കുന്നു’’ എന്നുപറയാൻ അസാമാന്യമായ ധൈര്യവും സ്വയം വിമർശനബോധവും ആവശ്യമാണ്. തിരുമേനിയുടെ നർമത്തിന്റെ അടിയിലേക്ക് നോക്കിയാൽ അത് തെളിഞ്ഞുവരും.

മാർത്തോമാസഭയുടെ മേലധ്യക്ഷപദവിയിൽനിന്ന് വിരമിച്ചശേഷം അദ്ദേഹത്തിന്റെ വാസം പമ്പയാറിന്റെ തീരത്ത് മാരാമൺ മണപ്പുറത്തിന്റെ മറുഭാഗത്തായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ആ വീട്ടിൽ പലപ്പോഴും പോയി താമസിച്ചിട്ടുള്ളവനാണ് ഞാൻ. വീട്ടുമുറ്റത്തുതന്നെ ആടുകളെയും മുയലുകളെയും കുഞ്ഞുകിളികളെയും പരിപാലിക്കുന്ന ഒരു കാരണവരുടെ സ്നേഹസാമീപ്യമാണ് അവിടെ ചെല്ലുമ്പോഴെല്ലാം അനുഭവപ്പെട്ടിട്ടുള്ളത് ക്രിസോസ്റ്റം തിരുമേനിയുടെകൂടി അനുഗ്രഹാശിസ്സുകളോടെയാണ് വനം-വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് ‘എന്റെ മരം’ പദ്ധതിക്ക്  രൂപംനൽകിയത്.  മരാമൺ കൺവെൻഷനോടനുബന്ധിച്ച് ഒരു ലക്ഷം തൈകൾ വിതരണം ചെയ്തപ്പോൾ ഒരു രക്ഷാകർത്താവിനെപ്പോലെ തിരുമേനി അവിടെ ഉണ്ടായിരുന്നു. ദൈവത്തെ പ്രാർഥിക്കുമ്പോലെ ഓരോ മരത്തൈകളും നട്ടുവളർത്തണമെന്ന് അദ്ദേഹം വിശ്വാസിസമൂഹത്തോട്‌ ആഹ്വാനംചെയ്തു.

ന്യൂഡൽഹിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽനടന്ന ഒരു മഹാസമ്മേളനം. ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതവർഷികം പ്രമാണിച്ച് സഭ സംഘടിപ്പിച്ചതാണത്. ക്ഷണിക്കപ്പെട്ട ഒരാൾ എന്ന നിലയിൽ ശ്രോതാവാകാനാണ് ഞാനവിടെയെത്തിയത്. തിരുമേനി പക്ഷേ, എന്നെ വിളിച്ച് വേദിയിൽ അടുത്തിരുത്തി. അദ്ദേഹത്തിന്റെ പ്രസംഗത്തിനുമുമ്പ് ഞാനും പ്രസംഗിക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചു. എനിക്ക് സ്വർഗത്തിലും നരകത്തിലും വിശ്വാസമില്ലെന്ന്  പ്രസംഗത്തിൽ ഞാൻ പറഞ്ഞു. വിശ്വാസികളുടെ വീക്ഷണപ്രകാരമുള്ള സ്വർഗമുണ്ടെങ്കിൽ ക്രിസോസ്റ്റം തിരുമേനിക്ക് അവിടെ സ്ഥാനമുറപ്പാണെന്നും ഞാൻ പറഞ്ഞു. തന്റെകൂടെ പത്തുപേരെ കൂട്ടാൻ ദൈവം സമ്മതിച്ചാൽ അതിൽ പത്താമത്തെ ആളായെങ്കിലും തിരുമേനി എന്നെ കൂട്ടിയേക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ പ്രസംഗമവസാനിപ്പിച്ചത്. അപ്പോൾ എല്ലാവരുടെയും കൂടെച്ചേർന്ന് തിരുമേനിയും നന്നായി ചിരിച്ചു.  മറുപടി പ്രസംഗത്തിന്റെ ഊഴമെത്തിയപ്പോൾ തിരുമേനി അക്കാര്യം പക്ഷേ, മറന്നില്ല. സ്വർഗത്തിലേക്ക് പത്തുപേരെ കൂടെക്കൂട്ടാൻ ദൈവം സമ്മതിച്ചാൽ ഒരാളായി തീർച്ചയായും ഞാനതിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കുറിപ്പെഴുതാൻ എന്റെ യോഗ്യത ചിലപ്പോൾ അതായിരിക്കും.

നഷ്ടമായത് മഹാമനുഷ്യനെ

മാതാ അമൃതാനന്ദമയി

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി കാലംചെയ്ത വിവരം വളരെ ദുഃഖത്തോടെയാണ് കേട്ടത്. മതചിന്തകളും ആധ്യാത്മിക തത്ത്വങ്ങളും കാലത്തിനനുസരിച്ച് മറ്റുള്ളവർക്ക് പകർന്നു നൽകുകയും അതേസമയം, മതത്തിനതീതമായിനിന്ന് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിത്വം. എല്ലാ വിഭാഗക്കാരെയും ഒരുപോലെ ഉൾക്കൊള്ളാൻ തിരുമേനിക്കു സാധിച്ചു. ലളിതമായ വാക്കുകളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാനും ഉൾപ്രേരണ നൽകാനും അദ്ദേഹത്തിന് ഒരു പ്രത്യേകമായ കഴിവുണ്ടായിരുന്നു. സമൂഹത്തിന്റെ നല്ലൊരു സുഹൃത്തിനെയും മനുഷ്യസ്നേഹിയെയുമാണ് ക്രിസോസ്റ്റം തിരുമേനിയുടെ ദേഹവിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. ആശ്രമവുമായി അദ്ദേഹത്തിന് അടുത്ത ആത്മബന്ധമുണ്ടായിരുന്നു. തിരുമേനിയുടെ സ്മരണയ്ക്കുമുമ്പിൽ ഹൃദയപൂർവം പ്രാർഥനകൾ അർപ്പിക്കുന്നു.

മൂർച്ചയുള്ള ഫലിതങ്ങൾ

‘ബുദ്ധിയില്ല, അതിനാൽ ബുദ്ധിമുട്ടുമില്ല’

തിരുവല്ലയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവേ ഒരുദിവസം ഡോക്ടർ ക്രിസോസ്റ്റം തിരുമേനിയെ പരിശോധിക്കാനെത്തി: ‘‘ബുദ്ധിമുട്ടെന്തെങ്കിലുമുണ്ടോ തിരുമേനീ?’’-ഡോക്ടറുടെ ചോദ്യം. ഉടൻ നർമത്തിൽ പൊതിഞ്ഞ മറുപടിയെത്തി: ‘‘ബുദ്ധിയുണ്ടെങ്കിലല്ലേ മുട്ടത്തൊള്ളൂ’’. മുറിയിലുണ്ടായിരുന്നവർ പരസ്പരം ചിരിച്ചുമടങ്ങി.

‘ഒന്നിച്ച് യാത്രചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല’

ഒരിക്കൽ തിരുമേനിയുടെ അമേരിക്കൻ സന്ദർശനം. അവിടത്തെ ഇടവക വികാരിയുടെ ഫ്ളാറ്റിലിരിക്കെ ഭിത്തിയിലൂടെ ഒരു ഉറുമ്പ് ഇഴഞ്ഞുപോകുന്നു. തിരുമേനി അച്ചനോട് പറഞ്ഞു: ‘‘അച്ചോ വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്, ആരാണ്ടുടെ ഏതാണ്ട് ഉറുമ്പരിക്കുമെന്ന് (ഉലുന്തന്റെ മുതൽ ഉറുമ്പരിക്കും)’’. തിരുമേനിയെപ്പോലെ രസികനായ അച്ചന്റെ മറുപടി ഉടൻ വന്നു: ‘‘തിരുമേനീ, വേദപുസ്തകത്തിൽ ഇത്രയും ദൂരം ഒരുമിച്ച് യാത്ര ചെയ്യുമെന്ന് പറഞ്ഞിട്ടില്ല’’.

‘മെത്രാച്ചന്റെ കുറ്റംപറയുന്നത് അച്ചൻമാരല്ലാതെ പിന്നാരാ’

കോട്ടയം നഗരത്തിലൂടെ പോവുകയായിരുന്നു തിരുമേനിയും കൂട്ടുകാരും. അന്ന് അച്ചൻപട്ടത്തിന് പഠിക്കുന്നതേയുള്ളൂ. നഗരസഭയ്ക്ക് മുന്നിലെത്തിയതും ഒരു കണ്ണുകാണാത്തയാൾ അപേക്ഷിക്കുന്നു. ‘അച്ചൻമാരെ, വല്ലതും തന്നിട്ടുപോണേ’യെന്ന്. തിരുമേനിക്ക് അദ്‌ഭുതമായി. ഇയാൾ എങ്ങനെ മനസ്സിലാക്കി ഈ പോകുന്നവർ അച്ചൻമാരാണെന്ന്. തിരുമേനി മെല്ലെ അയാളുടെ അടുത്തുചെന്നു. രഹസ്യമായി ചോദിച്ചു: ‘‘അല്ല, കണ്ണുകാണാത്ത നിങ്ങളെങ്ങനാ അച്ചൻമാരാ പോകുന്നതെന്ന് തിരിച്ചറിഞ്ഞത്.’’ അയാൾ മറുപടി പറഞ്ഞു: ‘‘ഇത് വല്ല പാടുള്ള കാര്യമാണോ. മെത്രാച്ചന്റെ കുറ്റംപറഞ്ഞോണ്ട് പോകുന്നത് അച്ചൻമാരല്ലാതെ മറ്റാരാ...’’

തയ്യാറാക്കിയത്‌: യു.പി. ഉല്ലാസ് കുമാർ, എൻ. ശ്രീകുമാർ