• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച

Sep 10, 2019, 10:37 PM IST
A A A

ഓണത്തെപ്പറ്റിയുള്ള മലയാളിയുടെ കാല്പനികതയ്ക്ക്‌ നിറമേറ്റിയത് ശ്രീകുമാരൻ തമ്പിയാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. തന്റെ ഗാനങ്ങളിലെയും കവിതകളിലെയും അനവദ്യസുന്ദരങ്ങളായ ബിംബകല്പനകളാൽ അദ്ദേഹം മലയാളിയുടെ മനസ്സിൽ തീർത്തത് ഗൃഹാതുരതയുടെ പൂക്കളങ്ങൾ.ഈ ഓണാട്ടുകരക്കാരന്റെ ഭാവനയിൽ വിടർന്ന തിരുവോണപ്പുലരിയുടെ തിരുമുൽക്കാഴ്ചയും തുയിലുണരുന്ന തുമ്പികളും മേഘക്കസവാൽ ഓണക്കോടിയുടുത്ത മാനവും മലയാളിയുടെ ഓണസങ്കല്പങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഓണവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളും രചനാസന്ദർഭങ്ങളും അദ്ദേഹം മാതൃഭൂമി പ്രതിനിധി ഹരിലാൽ രാജഗോപാലുമായി പങ്കുവെക്കുന്നു

Sreekumaran Thampi
X

ഓണം എന്നാൽ ആദ്യം മനസ്സിലേക്കോടിയെത്തുക അങ്ങയുടെ പാട്ടുകളാണ്. ഗൃഹാന്തരീക്ഷമാണോ ഓണത്തോട് ഇത്ര ഇഷ്ടം തോന്നാൻ കാരണം?

ഓണത്തോട് എന്നും പ്രിയമുണ്ട്. തീർച്ചയായും കുട്ടിക്കാലത്തെ ഗൃഹാന്തരീക്ഷമാണ് അതിന്റെ മധുരം കൂട്ടിയത്. കൂട്ടുകുടുംബവ്യവസ്ഥിതിയിൽ നിന്ന് മാറുന്ന ഒരു സന്ദർഭത്തിലായിരുന്നു കുട്ടിക്കാലം. ഞങ്ങൾ മാറിത്താമസിച്ചു തുടങ്ങിയിരുന്നു. അതിന്റെ എല്ലാ ഗുണദോഷവശങ്ങളും അനുഭവിച്ചു. ഓണം പക്ഷേ, ആഘോഷം തന്നെയായിരുന്നു. കുടുംബങ്ങൾ തമ്മിൽ ശത്രുതയുണ്ടാകുമെങ്കിലും കുട്ടികൾ പൂപറിക്കാൻ പോകുന്നത് ഒരുമിച്ചായിരിക്കും. അക്കാലത്തെ ഓണത്തെക്കുറിച്ചുള്ള ഓർമകൾ പതിനഞ്ചാംവയസ്സിൽ ഒരു കവിതയായി എഴുതിയിരുന്നു. അതായിരിക്കണം എന്റെ ആദ്യ ഓണക്കവിത. അത് പിന്നീട്  തൃശ്ശൂർ എൻജിനിയറിങ്‌ കോളേജിൽ പഠിക്കുമ്പോൾ കറന്റ് ബുക്‌സ് ഇറക്കിയ കുട്ടികൾക്കായുള്ള സമാഹാരത്തിൽ ചേർത്തിരുന്നു. ‘ഓമനയുടെ ഒരു ദിവസം’ എന്നായിരുന്നു ആ സമാഹാരത്തിന്റെ പേര്.

‘‘അത്തം വന്നു പിറന്നല്ലോ
മത്തപ്പൂക്കൾ വിടർന്നല്ലോ
അമ്മയ്‌ക്കെപ്പോഴുമായാസം
ഞങ്ങൾക്കെല്ലാം ഉല്ലാസം

കൈകളിലേന്തി പൂക്കൂട
കാടുകൾ തേടി പൂ നേടാൻ
കുഞ്ഞിക്കൈവിരൽ കണ്ടപ്പോൾ
കുസൃതിപ്പൂവുകൾ ചിരി തൂകി
മുറ്റം മെഴുകി വെടിപ്പാക്കി
നല്ലൊരു പൂക്കുന്നുണ്ടാക്കി
ചെന്താമരയാൽ കുട കുത്തി
അരിയാമ്പൽപ്പൂ കുട കുത്തി...’’

അങ്ങനെ പോകുന്നു ആ കവിത.. അന്ന് താമരപ്പൂ കിട്ടിയില്ലെങ്കിൽ മത്തൻപൂവാണ് ഓണക്കളത്തിനു നടുവിൽ കുത്തുക. മഞ്ഞനിറമുള്ള വലിയ പൂവായിരുന്നു മത്തൻപൂ

 സിനിമകളിൽ ഓണത്തെക്കുറിച്ച് അങ്ങെഴുതിയ എത്രയെത്ര ഗാനങ്ങൾ. ആ അനുഭവങ്ങൾ ഒന്നു പങ്കുവെക്കാമോ?

ഓണത്തെക്കുറിച്ച് എന്റെ രണ്ടാമത്തെ ചിത്രത്തിൽത്തന്നെ പാട്ടെഴുതിയിരുന്നു.  1967-ൽ പ്രിയമത എന്ന സിനിമയിൽ. ബ്രദർ ലക്ഷ്മണൻ സംഗീതം പകർന്ന ആ ഗാനമാലപിച്ചത് പി. ലീലയായിരുന്നു. പ്രേം നസീറും ഷീലയുമായിരുന്നു അതിലെ അഭിനേതാക്കൾ.

‘‘മുത്തേ നമ്മുടെ മുറ്റത്തും
മുത്തുക്കുടകൾ ഉയർന്നല്ലോ
ഓണം വന്നു ,നമ്മുടെ വീട്ടിലും
ഓണപ്പൂക്കൾ വിടർന്നല്ലോ
അച്ഛനയച്ചൊരു കുപ്പായം
ആയിരം പൂവുള്ള കുപ്പായം
അല്ലിപ്പൊൻ മെയ്യണിയുമ്പോൾ
അമ്മയ്ക്കുള്ളിൽ തിരുവോണം’’

അറുപതുകളിൽ ഗ്രാമഫോൺ കാലമാണ്. അന്ന് കൊളമ്പിയയും  എച്ച്.എം.വി.യും തമ്മിൽ മാത്രമാണ് മത്സരം.  ഒാരോ ഗായകനും ഗായികയും അന്ന് ഒാരോ കമ്പനികൾക്കു വേണ്ടിയേ പാടുകയുള്ളൂ.  സുശീല, പി. ലീല, ജാനകി എന്നിവരെല്ലാം കൊളമ്പിയ ആർട്ടിസ്റ്റുകളായിരുന്നു. യേശുദാസ്  എച്ച്.എം.വി.യുടെയും. മേൽക്കൈ കൊളമ്പിയയ്ക്കായിരുന്നു. ഒരു സിനിമ ഇറങ്ങിയാൽ സുശീലയുടെ പാട്ട് കൊളമ്പിയയ്ക്കും യേശുദാസിന്റെ പാട്ട് എച്ച്‌.എം.വി.ക്കും കൊടുക്കുന്ന രീതി. ഒരേ സിനിമയ്ക്ക് രണ്ടു ഡിസ്ക് ഇറങ്ങും. 

’67-ൽ ചിത്രമേള വന്നു. കഥ, തിരക്കഥ, സംഭാഷണം ഞാനാണ് എഴുതിയത്. അന്നെനിക്ക് 26 വയസ്സ്. നവാഗതൻ. മുത്തയ്യ സാറായിരുന്നു പടത്തിന്റെ പ്രൊഡ്യൂസറും സംവിധായകനും. അന്ന് ഒരു കഥാപാത്രത്തിനു തന്നെ പല ഗായകരും പാടുമായിരുന്നു. എന്റെ  നായകനായ ബാബു ഒരു തെരുവു ഗായകനായിരുന്നു. പാട്ട് പലരും പാടുന്നതിലെ അനൗചിത്യം ഞാൻ മുത്തയ്യ സാറിനോട് പറഞ്ഞു.  പാട്ടുകൾ മുഴുവൻ യേശുദാസിനെ കൊണ്ടു പാടിക്കണമെന്നും. ദേവരാജൻ മാഷോട് ഇക്കാര്യം സൂചിപ്പിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടു. എ.എം. രാജയെക്കൊണ്ടും പാടിക്കണമെന്ന് ദേവരാജൻ മാസ്റ്റർ. കഥയെഴുതിയ ആളിന്റെ അഭിപ്രായംകൂടി നോക്കണ്ടേയെന്ന് മുത്തയ്യ സാർ. ദേവരാജൻ മാസ്റ്റർക്ക് നീരസമുണ്ടായെങ്കിലും ചിത്രമേളയിലെ എട്ടുപാട്ടുകളും മെഗാഹിറ്റുകളായി. എച്ച്. എം.വി.  കമ്പനി അന്നാദ്യമായി കൊളമ്പിയയെ വിൽപ്പന റെേക്കാഡിൽ തോൽപ്പിച്ച് മുമ്പിലെത്തി. കൊളമ്പിയ ഇറക്കിയ ശകുന്തളയുടെ െറക്കോഡാണ് ചിത്രമേള മറികടന്നത്. ആദ്യമായി ദേവരാജൻ മാസ്റ്റർക്ക് സംഗീതസംവിധാനത്തിന് കൊല്ലം ഫിലിം  ആർട്ടിസിന്റെ  അവാർഡും കിട്ടി. അന്ന് സംസ്ഥാന അവാർഡ് ഇല്ല. പാട്ടുകൾക്ക്‌ അവാർഡൊന്നും പക്ഷേ കിട്ടിയില്ല. അത്‌ വയലാർ എഴുതിയതാണെന്ന്‌ പലരും ധരിച്ചു.

 ഒട്ടേറെ ഗാനങ്ങൾ പിന്നെയും വന്നല്ലോ

അതെ. ഈ റെേക്കാഡ്‌ അടുത്ത ചിത്രത്തിലും എഴുതാനുള്ള അവസരം തന്നു. 1969-ൽ ഒരു കരിമൊട്ടിന്റെ എന്ന ചിത്രം. ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു സംഗീതം. ഏതുവിഷയത്തെപ്പറ്റിയും എഴുതാമെന്ന സ്വാതന്ത്ര്യം കമ്പനി തന്നു, പ്രണയമുണ്ടാവണമെന്നു മാത്രം. അതിൽ രണ്ടു പാട്ടുകൾ ഓണത്തെക്കുറിച്ചാണെഴുതിയത്.  അഞ്ചു പാട്ടും ഓണത്തെപ്പറ്റിയാവാമെന്ന് ഞാൻ അഭിപ്രായപ്പെട്ടു. ഓണം ഒരിക്കലും അവസാനിക്കാത്ത കാല്പനിക ഭൂമികയാണ്. അതിനാൽ അതിനെക്കുറിച്ചെഴുതുന്ന പാട്ടുകളും എക്കാലവും നിലനിൽക്കുമെന്ന ധാരണയുണ്ടായതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, മുഴുവൻ വേണ്ട എന്നവർ പറഞ്ഞു. 
‘തുയിലുണരൂ തുയിലുണരൂ
തുമ്പികളേ
തുമ്പപ്പൂക്കാട്ടിലെ വീണകളേ...’’ എന്ന ഗാനം ഇന്നും ആളുകൾ മൂളുന്നു.
 പിന്നെ മറ്റൊരു ഹിറ്റ്
‘‘ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ...’
വയനാടിനെകുറിച്ച്‌ ആദ്യമായി പരാമർശിച്ച ഗാനം, 
‘മരതകപ്പട്ടുടുത്തു മലർവാരിച്ചൂടുന്ന മലയോര ഭൂമികളെ വയനാടൻ കുന്നുകളെ...’ എന്ന പാട്ടും അതിൽത്തന്നെയായിരുന്നു. 
1972-ൽ പഞ്ചവടി എന്ന ചിത്രത്തിൽ വീണ്ടും ഒരു ഓണപ്പാട്ടെഴുതി
‘പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോർമകൾ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകൾ കളി പറഞ്ഞു
കളിവഞ്ചിപ്പാട്ടുകളെൻ ചുണ്ടിൽ വിരിഞ്ഞു’
’73-ൽ ‘പ്രേതങ്ങളുടെ താഴ്വര’യിൽ ജയചന്ദ്രൻ പാടിയ ‘മലയാളഭാഷതൻ മാദകഭംഗി’യിലും ഓണത്തിന്റെ കൈത്താളം മുഴങ്ങിയിരുന്നു. വലിയ ഹിറ്റായി മാറിയ ആ പാട്ടിന്റെ സംഗീതം ദേവരാജൻ മാഷായിരുന്നു.
ഇടിമുഴക്കം എന്ന എന്റെ സിനിമയിലെ കൊയ്ത്തുപാട്ട്
‘ഓടി വാ... കാറ്റേ പാടി വാ
ചിങ്ങപ്പൂ കൊയ്തല്ലോ
മംഗല്യക്കതിരല്ലോ
തീ തിന്നും പുലയന്റെ
തൂവേർപ്പിൻ മുത്തല്ലോ
ഉതിരും നെന്മണി കനവിൻ കതിർമണി
പൊലിയോ പൊലി പൊലി...’
 
കോടിമുണ്ടുടുത്തുകൊണ്ടോടിനടക്കുന്നു കോമളബാലനാം ഓണക്കിളി എന്നൊക്കെയുള്ള മനോഹരമായ ഉപമകൾ ഓണത്തെയും സിനിമാ സംഗീതസാഹിത്യത്തെയും സമൃദ്ധമാക്കി... അങ്ങനെ എത്രയെത്ര പാട്ടുകൾ പുതുമ ചോരാതെ ഓണത്തെ നിറമുള്ളതാക്കുന്നു

 1975-ൽ തിരുവോണം എന്ന ചിത്രത്തിലാണ് വാണി ജയറാം പാടിയ തിരുവോണപ്പുലരി തൻ തിരുമുൽ കാഴ്ച വാങ്ങാൻ എന്ന ഹിറ്റ് പിറന്നത്. അതിലാണ് ഈ വരികളുള്ളത്. മലയാളത്തിൽ തിരുവോണത്തെപ്പറ്റി അത്രയും ഹിറ്റായ ഒരു പാട്ട് പിന്നീടില്ല എന്നു പറയുന്നതാണ് സത്യം. ഇന്നും എവിടെ കാണുമ്പോഴും ആളുകൾ അതേപ്പറ്റി ചോദിക്കും.
  ’77-ലും അതുപോലെ ഹിറ്റായ മറ്റൊരു പാട്ടെഴുതി. വിഷുക്കണി എന്ന ചിത്രത്തിൽ. സലിൽ ചൗധരിയായിരുന്നു അതിന്റെ സംഗീതം. ‘പൂവിളി പൂവിളി പൊന്നോണമായി...’ ഓണക്കാലത്ത് ഇന്നും കേരളത്തിൽ എവിടെ പോയാലും നിങ്ങൾക്കാ പാട്ടുകേൾക്കാം.
1977-ൽ മിനിമോൾ എന്ന ചിത്രത്തിൽ എഴുതിയ ‘കേരളം കേരളം കേളികൊട്ടുണരുന്ന കേരളം...’ എന്ന ഗാനത്തിലും ഓണത്തിന്റെ പരികല്പനകൾ കാണാം. 

 തരംഗിണിക്കാലം ഓണത്തെ പൊലിപ്പിച്ചു. എല്ലാവരും അങ്ങയുടെ പാട്ടുകൾ പാടി നടക്കുന്നത് ഓർമവരുന്നു.  തരംഗിണിക്കാലത്തെപ്പറ്റിയുള്ള ഓർമകൾ എന്തൊക്കെയാണ്.  

യേശുദാസും ഞാനും ആത്മാർഥ സുഹൃത്തുക്കളായിട്ടും വയലാർ മുതൽ ബിച്ചു തിരുമല വരെയുള്ളവർ എഴുതിയശേഷമാണ് എനിക്ക് തരംഗിണിയിൽ അവസരം കിട്ടിയത്. ’83- ലെ മറ്റൊരു ഒാണക്കാലത്ത്. യേശുദാസ് ഒരു സംഗീതസംവിധായകന്റെ പേരുസൂചിപ്പിച്ചു. ഞാൻ താത്‌പര്യമില്ല എന്നു പറഞ്ഞു എന്നാൽ ആരെക്കൊണ്ടാണ് സംഗീതം ചെയ്യേണ്ടതെന്ന്‌ തമ്പി തീരുമാനിക്കൂ എന്നു അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്റെ  രംഗപ്രവേശം. ‘ഉത്രാടപ്പൂനിലാവേ വാ’ തുടങ്ങിയ വലിയ ഹിറ്റുകൾ അങ്ങനെയാണുണ്ടായത്. തരംഗിണിയുടെ ചരിത്രത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാസറ്റുകൾ വേറെയില്ല. ‘എന്നും ചിരിക്കുന്ന സൂര്യൻ’, ‘ഉണ്ണിക്കരങ്ങളാൽ പൂക്കളം തീർക്കും എൻ ഉണ്ണിയെ ഞാനിന്നു കണ്ടു’, ‘എൻ ഹൃദയപ്പൂത്താലം നിറയെ മലർ വാരി നിറച്ചു’, ‘ഒരു നുള്ളു കാക്കപ്പൂ കടം തരുമോ ഒരു കൂന തുമ്പപ്പൂ പകരം തരാം...’ എല്ലാം സൂപ്പർ ഹിറ്റ്. ‘പായിപ്പാട്ടാറ്റിൽ വള്ളം കളി
പമ്പാനദിത്തിരയ്ക്ക്‌ ആർപ്പു വിളി’  -എന്ന മറ്റൊരു ജനപ്രിയമായ ഗാനം ഞങ്ങളുെട സൃഷ്ടിയാണ്. ഓണത്തിന്റെ എല്ലാ ആഘോഷത്തിമിർപ്പും അതിലുണ്ടായിരുന്നു
’85-ൽ വീണ്ടും ഞങ്ങൾ ഹിറ്റുകൾ തീർത്തു.  ‘ഓണം പൊന്നോണം’, ‘പൂമലരും മലയോരം’, ‘പൂക്കളം കാണുന്ന പൂമരം പോലെ നീ പൂമുഖത്തിണ്ണയിൽ നിന്നു’ തുടങ്ങിയ പാട്ടുകൾ അതിലുണ്ടായിരുന്നു.
’92-ൽ ഇറങ്ങിയ പൊന്നോണതരംഗിണിയിലാണ് എനിക്കേറ്റവും പ്രിയമുള്ള പാട്ടുകളുള്ളത്.  ‘പാതിരാമയക്കത്തിൽ പാട്ടൊന്നുകേട്ടു, പല്ലവി പരിചിതമല്ലോ’, ‘മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിൻ ചിരിപ്പൂക്കൾ വാടരുതെന്നോമനേ’ തുടങ്ങിയ ഒട്ടേറെ പാട്ടുകൾ അതിലുണ്ടായിരുന്നു. 
‘പഴയോരുത്രാടത്തിൻ പൂവെട്ടം കവിയുന്നു’
‘പാട്ടു മണക്കുമെൻ മനസ്സിൽ’ എന്നൊക്കെയുള്ള കല്പനകൾ പാതിരാമയക്കത്തിൽ എന്ന പാട്ടിൽ കാണാം. ഒട്ടേറെ യുവജനോത്സവ വേദികളിൽ ആ പാട്ടുകളൊക്കെ പലരും പാടി, ഇന്നും പാടുന്നു. ഓണത്തിന്റെ മാധുര്യമുള്ള ആ പാട്ടുകൾ മലയാളികൾ ഇന്നും ഹൃദയത്തിലേറ്റി നടക്കുന്നു എന്നറിയുമ്പോൾ സന്തോഷം തോന്നുന്നു.
ഉത്രാടപ്പൂനിലാവ് എന്ന കാസറ്റിൽ എഴുതിയ  ‘ഉത്രാടരാത്രിയിൽ മുടിയിൽ നീ ചൂടിയ പിച്ചിപ്പൂ മണക്കുന്നു വാടിയിട്ടും’ എന്ന പാട്ട് എനിക്കേറെ ഇഷ്ടമുള്ളതാണ്. രവീന്ദ്രനായിരുന്നു അതിന്റെ സംഗീതം. രവീന്ദ്രന്റെ സഹോദരന്റെ മകനായ ലാൽ ആണത് പാടിയത്.

 ഓണം എന്നു തെളിയുമ്പോൾ ആദ്യം മനസ്സിൽ വരുന്നതെന്താണ്

 ഓണം എന്നു പറഞ്ഞാൽ അമ്മയാണ്. അമ്മയില്ലാതെ ഓണമില്ല. ജന്മികുടുംബത്തിലായിരുന്നെങ്കിലും കഷ്ടപ്പാടിലായിരുന്നു ബാല്യം. അച്ഛന്റെ സ്വത്തുക്കൾ ഒന്നും തന്നില്ല.  പക്ഷേ, ഒന്നുമറിയിക്കാതെയാണ് അമ്മ വളർത്തിയത്. മരം വെട്ടി വിറ്റും വീട്ടിലെ പഴയ ചീനഭരണികൾ വിറ്റുമാണ്  ഞങ്ങൾക്കായി അമ്മ  ഓണമൊരുക്കിയത്. അക്കാര്യമൊക്കെ ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതുന്ന ആത്മകഥയിൽ പരാമർശിക്കും. 

ഓണമായാൽ അന്ന്‌ നല്ല ഷർട്ടും നിക്കറും കിട്ടും. ഓണം എന്നാൽ, സമൃദ്ധി തന്നെയാണ്.  ഓണത്തെക്കുറിച്ചുള്ള സ്വപ്നംതന്നെ സമൃദ്ധിയുടേതാണല്ലോ. ദാരിദ്ര്യദുഃഖത്തിലുള്ളവർക്ക് പ്രത്യേകിച്ചും. അമ്മയിലൂടെ മാത്രമേ അതുകാണാൻ പറ്റുള്ളൂ. എല്ലാവരും വളർന്ന് പ്രശസ്തരായപ്പോൾ  അമ്മയ്ക്ക് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. തിരുവോണത്തിനു മക്കളെല്ലാം വീട്ടിൽ അമ്മയുടെ അടുത്തെത്തിയിരിക്കണം. എല്ലാവരും അന്ന് വീട്ടിലെത്തും. എന്തു ഷൂട്ടിങ്‌ ഉണ്ടെങ്കിലും അതെല്ലാം മാറ്റി വെച്ച് ഞാൻ അമ്മയുെട  അടുത്തോടിയെത്തുമായിരുന്നു. എല്ലാ മലയാളികൾക്കും എന്റെ ഓണാശംസകൾ.

PRINT
EMAIL
COMMENT

 

Related Articles

ഓണസദ്യ കിറ്റുകള്‍ ഗള്‍ഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ സര്‍വ്വീസ് വിതരണം ചെയ്തു
Gulf |
Gulf |
കൊല്ലം പ്രവാസി അസോസിയേഷന്‍ ഓണക്കിറ്റും ഓണസദ്യയും കൈമാറി
Spirituality |
തൃശ്ശൂരിൽ പുലിക്കൂട്ടമിറങ്ങിയത് ഓണച്ചന്തയിലേക്ക്; ചരിത്രം കുറിച്ച് പുലികൾ
News |
ഓണം: രണ്ടാം തീയതിവരെ രാത്രി ഒന്‍പതുവരെ കടകള്‍ തുറക്കാം
 
  • Tags :
    • ONAM
More from this section
Kuriakose Elias Chavara
വി. ചാവറയച്ചന്റെ 150-ാം ചരമവാർഷികം ഇന്ന്; മതബോധത്തിന്റെ മതേതരസാക്ഷാത്കാരം
Pope Francis
വ്യത്യസ്തൻ, കരുണാമയൻ
nabidhinam
തിരുനബി: മാനവിക മാതൃക
Navarathri
ഹൃദയനവീകരണത്തിന്റെ നവരാത്രി
sabarimala- pamba
തീർത്തും പരീക്ഷണകാലം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.