ഭാരതത്തിലെമ്പാടും ആവേശത്തോടെയും നിഷ്ഠയോടെയും ഭക്തിയോടെയും വ്രതശുദ്ധിയോടെയും ആഘോഷിക്കപ്പെടുന്ന നവരാത്രി ഒരു യഥാർഥ ദേശീയ ഉത്സവവും ആഘോഷവുമാണ്. ഇത്ര ദൈർഘ്യമുള്ള മറ്റൊരു ദേശീയോത്സവവുമില്ല. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രാദേശിക വ്യതിയാനങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായ ആശയസത്തയിൽ നവരാത്രി പകർന്നുതരുന്ന ജീവിതസന്ദേശം ഒന്നുമാത്രം. 

ആ വിശുദ്ധ സൗന്ദര്യം

തലമുറകളിലൂടെ കൈമാറപ്പെട്ട വിശ്വാസങ്ങൾ അവയുടെ വാച്യാർഥത്തിലും ഗുപ്താർഥത്തിലും ഉൾക്കൊള്ളുമ്പോൾ മാത്രമേ നവരാത്രിയുടെ വിശുദ്ധസൗന്ദര്യം സ്വാംശീകരിക്കാനാവൂ. കുറെ അസുരന്മാരെ ദേവി നിഗ്രഹിച്ചതിന്റെ കേവലമൊരു ഓർമപുതുക്കലാണോ നവരാത്രി? ആരാണ് ദേവി ഉന്മൂലനം ചെയ്ത അസുരന്മാർ? ഉത്തരം ആ പേരുകളിൽ തന്നെയുണ്ട്. ശുംഭനും നിശുംഭനും ചണ്ഡനും മുണ്ഡനും നമ്മുടെതന്നെ ഉള്ളിലുള്ള ശുംഭത്തവും ചണ്ഡത്വവും തന്നെയാണെന്ന് നിരൂപിക്കാൻ തുടങ്ങുമ്പോൾ നവരാത്രിയുടെ സാംഗത്യം മറ്റൊന്നാകും. ‘അഹങ്കാരം, മനോ ബുദ്ധി, രക്ഷമേ ധർമചാരിണീ.’ എന്ന ദേവീമാഹാത്മ്യത്തിലെ മന്ത്രം ശ്രദ്ധിക്കാം. ധർമചാരിണീ, എന്ന സംബോധനയിൽനിന്നുതന്നെ അധർമങ്ങളിൽനിന്ന് രക്ഷിക്കേണമേ എന്ന താത്‌പര്യം അനുമാനിക്കാം. ആദ്യപാദത്തിൽ പറഞ്ഞിരിക്കുന്ന ‘അഹങ്കാരം, മനോ, ബുദ്ധി’ എന്നിവ കൊണ്ടുണ്ടാകുന്ന അധർമങ്ങളിൽനിന്നാണ് രക്ഷ വേണ്ടത്. അപ്പോൾ ഈ അധർമഹേതുക്കളുടെ പ്രതീകരൂപങ്ങളാണ് അസുരന്മാർ എന്ന് വ്യക്തം. വരബലം കൊണ്ടും കായബലം കൊണ്ടും അധ്യക്ഷനായി വിലസിയ മഹിഷാസുരന്റെ പേരിലെ ആ മഹിഷം വന്യവും വിവേകശൂന്യവുമായ കായബലം മാത്രമാകുന്നു. Brute force എന്ന് ഇംഗ്ലീഷിൽ വിവക്ഷിക്കാറുള്ള മൃഗീയ ബലം. മനുഷ്യന്റെ ബുദ്ധിയിലും മനസ്സിലും അഹങ്കാരമായി കുടികൊള്ളുന്ന ആ മഹിഷത്തെ നിഗ്രഹിക്കാനാണ് ധർമചാരിണിയായ ജഗന്മാതാവ് അവതരിക്കേണ്ടത്. 

പണ്ടുപണ്ട് മഹിഷാസുരനെയും കൂട്ടരെയും മഹിഷാസുരമർദിനിയായി അവതരിച്ച് ദേവി ഉന്മൂലനാശം ചെയ്തതിന്റെ ആഘോഷം മാത്രമാണോ നവരാത്രി? അജ്ഞാനമായും അഹങ്കാരമായും സ്വന്തം കരുത്തിലും പ്രാധാന്യത്തിലുമുള്ള മൂഢവിശ്വാസമായും നമ്മുടെ ഉള്ളിൽ വസിക്കുന്ന അസുരന്മാരെ നിഹനിക്കണമെങ്കിൽ ഓരോ മനുഷ്യനും ഈ യുദ്ധം തുടരേണ്ടതുണ്ട്. നവരാത്രിയിൽ ഉപാസിക്കപ്പെടുന്ന, അസുരനിഗ്രഹത്തിനു പുറപ്പെട്ട ദേവിയെ എവിടെയാണ് തിരയേണ്ടത്?
‘പ്രകാശ മധ്യസ്ഥിത ചിൽസ്വരൂപാം
വരാഭയേ സന്ദദധീം ത്രിനേത്രാം’ 
എന്ന് ദേവീമാഹാത്മ്യം ക്യത്യമായി സൂചിപ്പിക്കുന്നു. ‘ചിൽസ്വരൂപ’മാണ്; ബാഹ്യരൂപമല്ല. ലളിതാസഹസ്രനാമത്തിലും ‘ചിദഗ്‌നികുണ്ഡ സംഭൂതം’ എന്ന് ദേവിയെ സംബോധന ചെയ്യുന്നുണ്ടല്ലോ. ചിത്തത്തിന്റെ സ്വരൂപം പ്രകാശമാകുന്നു. അതുകൊണ്ടാണ് പ്രകാശമധ്യസ്ഥിതമായി ചിൽസ്വരൂപമായി കാണപ്പെടുന്നത്. ‘ദുരിതാപഹര’, ‘സർവ ശത്രു വിനാശിനി’, ‘സർവസൗഭാഗ്യദായിനി’, ‘വ്യാധിനാശിനി’, ‘ആനന്ദോദയ’ എന്നൊക്കെയാണ് ആ ചൈതന്യത്തെ വിശേഷിപ്പിക്കുന്നത്. ദുരിതമെന്നത് സാമ്പത്തിക ക്ലേശങ്ങളെന്നും ശത്രുവെന്നത് വിരോധമുള്ള ഏതോ വ്യക്തിയെന്നും സൗഭാഗ്യമെന്നത് ഭൗതികസുഖങ്ങളും സമ്പത്തുമെന്നും, വ്യാധിനാശനമെന്നത് ശാരീരികമായ അസുഖങ്ങളിൽ നിന്നുള്ള സുഖം പ്രാപിക്കലെന്നും ആനന്ദമെന്നത് ഉപരിപ്ലവമായ ആഹ്ലാദമെന്നും മാത്രം ധരിച്ചു പോവുകിൽ നവരാത്രിയുടെ അന്തസ്സത്ത അപ്രാപ്യമായിരിക്കും. 

അസുരന്മാർ അരാണെന്നറിയാൻ കഴിഞ്ഞാൽ ആ മഹിഷബുദ്ധിയെ തോൽപ്പിക്കാനുള്ള ദിവ്യായുധങ്ങളുടെ ശക്തി മുഴുവൻ അറിവ് എന്ന ഒറ്റ ആയുധത്തിൽ ഏകീഭവിക്കും. ഇരുളാർന്ന അഹന്തയെയും മൃഗതുല്യമായ അജ്ഞതയെയും പരാജയപ്പെടുത്താനുള്ള വിദ്യയുടെ വിജയമാണ് നവരാത്രിയാഘോഷം. ഇരുട്ടിനു മേലുള്ള പ്രകാശത്തിന്റെ വിജയം. ഓരോ വർഷവും വീണ്ടും ആഘോഷിക്കപ്പെടുമ്പോൾ അത് ജീവിത വിമലീകരണത്തിന്റെ മനോജ്ഞമായ തുടർസാധനയാവും. വ്യക്തി ജീവിതങ്ങളിലും സമൂഹത്തിലും ഇന്ന് അധിനിവേശം നടത്തുന്ന തിന്മകളുടെയും കുടിലതകളുടെയും ധർമനിരാസത്തിന്റെയും പൊതുവായ കാരണം ഇരുട്ടിനെ വെളിച്ചമായും വീഴ്ചയെ ഉയർച്ചയായും കാണുന്ന കാഴ്ചദോഷവും അജ്ഞതയുമല്ലാതെ മറ്റൊന്നുമല്ലല്ലോ.