എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ടെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്. വിവിധ കാലഘട്ടങ്ങളിൽവന്ന പ്രവാചകന്മാർ കഴിഞ്ഞുപോയ പ്രവാചകന്മാരെ അംഗീകരിക്കുകയും വരാനിരിക്കുന്നവരെക്കുറിച്ച് സുവിശേഷമറിയിക്കുകയും ചെയ്തവരാണ്. പ്രവാചകന്മാരെ നിയോഗിച്ചതും വേദഗ്രന്ഥങ്ങൾ ഇറക്കിയതും മാനവികസന്ദേശങ്ങൾ പരിഗണിച്ചാണെന്ന് ഖുർആൻ പ്രസ്താവിക്കുന്നു. ‘നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകി പ്രവാചകന്മാരെ നിയോഗിച്ചതും അവർക്കൊപ്പം വേദഗ്രന്ഥങ്ങളും സന്തുലിതത്തിൽ അധിഷ്ഠിതമായ മതനിയമങ്ങളും ഇറക്കിയതും മനുഷ്യർ നീതിപുലർത്തുന്നതിനാണ്’ (ഖുർആൻ: 57/25).
ഒരു ലക്ഷത്തിയിരുപത്തയ്യായിരത്തിൽപ്പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് നബി എന്ന് മുസ്‌ലിങ്ങൾ വിശ്വസിക്കുന്നു. അവിടത്തെ നിയോഗത്തെക്കുറിച്ച് ഖുർആൻ പറയുന്നു: ‘സകലമനുഷ്യർക്കും സുവിശേഷമറിയിക്കുന്നവനും മുന്നറിയിപ്പ് നൽകുന്നവനുമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല’ (ഖുർആൻ 34/28).
മനുഷ്യജീവിതത്തിന്റെ സകലമേഖലകളെയും കാലദേശങ്ങളെയും ഉൾക്കൊള്ളുന്ന വ്യവസ്ഥിതിയാണ് പ്രവാചകൻ പഠിപ്പിച്ചത്. വലിയ സിദ്ധാന്തങ്ങൾ അവതരിപ്പിച്ച് മാറിനിൽക്കുകയായിരുന്നില്ല, മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിച്ച് മാതൃക സൃഷ്ടിക്കുകയായിരുന്നു തിരുനബി. പ്രവാചകത്വജീവിതത്തിന് തുടക്കമായ നാൽപ്പതാം വയസ്സുമുതൽ വിയോഗത്തിന്റെ അറുപത്തിമൂന്നാം വയസ്സുവരെയുള്ള ഇരുപത്തിമൂന്ന് വർഷത്തെ മാതൃകാജീവിതം. വിശ്വാസവും ആചാരവും ആരാധനയും സാമൂഹിക പരിഷ്കരണവുമെല്ലാം ആ ജീവിതസന്ദേശങ്ങളിൽ ഉൾക്കൊണ്ടു. നീതിയും സമത്വവും കരുണയും സാഹോദര്യവും സ്നേഹവും വിശ്വസ്തതയും നിറഞ്ഞ മാനവികതയാണ് പ്രവാചകജീവിതം.
തിരുനബിയുടെ ജീവിതത്തിന്റെ മൂന്നുഘട്ടങ്ങളിൽ അനുചരന്മാരോടും സമൂഹത്തോടും ഉയർത്തിയ മൂന്നുചോദ്യങ്ങൾക്ക് അവർ നൽകിയ മറുപടി നബിയുടെ ജീവിതത്തിന്റെ മഹത്ത്വവും വ്യക്തിത്വത്തിന്റെ ആഴപ്പരപ്പും അടയാളപ്പെടുത്തുന്നുണ്ട്. പ്രവാചകത്വലബ്ധിയുടെ ആദ്യഘട്ടത്തിൽ സ്വഫ മലയുടെ മുകളിൽ കയറി തിരുനബി മക്കയിലെ ഗോത്രക്കാരെ വിളിച്ചുവരുത്തി ചോദിച്ചു: ‘‘ഈ മലയുടെ മറുഭാഗത്തുനിന്ന് നിങ്ങളെ ആക്രമിക്കാൻ ഒരു സൈന്യംവരുന്നുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?’’ (അവർ വിശ്വാസികളായിരുന്നില്ല. നബിയുടെ നാട്ടുകാർ മാത്രമായിരുന്നു). അവർ ഒന്നടങ്കം പറഞ്ഞു: ‘‘നിസ്സംശയം ഞങ്ങൾ വിശ്വസിക്കും. കാരണം, വിശ്വസ്തതയോടെമാത്രമേ ഞങ്ങൾ നിങ്ങളെ കണ്ടിട്ടുള്ളൂ’’. വിശ്വസ്തൻ എന്നർഥമുള്ള അൽഅമീൻ എന്നായിരുന്നു അവർ നബിയെ വിളിച്ചിരുന്നത്.
മറ്റൊരു ചോദ്യം മക്കാവിജയത്തിന്റെ സമയത്താണ്. വിജയശ്രീലാളിതനായി പതിനായിരത്തിലധികം അനുചരൻമാർക്കൊപ്പം മക്കയിലേക്ക് തിരിച്ചുവന്ന പ്രവാചകൻ തന്റെമുന്നിൽ നിൽക്കുന്ന മക്കാ ഖുറൈഷികളോടാണ് പ്രസിദ്ധമായ ചോദ്യമുന്നയിച്ചത്. തന്നെ ആട്ടിയോടിച്ച, കൊല്ലാൻവേണ്ടി ഇനാം പ്രഖ്യാപിച്ച, ഒട്ടകത്തിന്റെ കുടൽമാല കഴുത്തിലണിയിച്ച, തന്റെ കുടുംബത്തിലെയും അനുചരന്മാരിലെയും ചിലരെ വകവരുത്തിയ ക്രൂരതനിറഞ്ഞ സമൂഹത്തോട്: ‘‘ഖുറൈഷികളേ, ഇന്ന് ഞാൻ നിങ്ങളെ എന്തുചെയ്യുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?’’ അവർ മറുപടി പറഞ്ഞു: ‘‘ഞങ്ങൾ അങ്ങിൽനിന്ന് നന്മ പ്രതീക്ഷിക്കുന്നു. നിശ്ചയം, അത്യുത്തമനായ ഒരു സഹോദരനാണ് താങ്കൾ’’. നബി അവർക്ക് മാപ്പുകൊടുത്തു.
വിയോഗത്തിന്റെ രണ്ടുനാൾമുമ്പ് തിരുനബി അനുചരൻമാരെ വിളിച്ചുകൂട്ടി ചോദിച്ചു: ‘‘ഞാനാരെയെങ്കിലും പ്രയാസപ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതുപോലെ അവർക്ക് എന്നെയും തിരിച്ചുചെയ്യാം.’’ ആരും പ്രതികരിച്ചില്ല. നബി ആരെയും പ്രയാസപ്പെടുത്തിയിട്ടില്ലെന്ന് അനുചരന്മാർക്ക് ബോധ്യമുണ്ടായിരുന്നു. മനസ്സുകൊണ്ടും വാക്കുകൊണ്ടും കർമംകൊണ്ടും മറ്റൊന്നിനും ദോഷമാകാതെ ജീവിക്കുകയും ജീവിക്കാൻ പഠിപ്പിക്കുകയുംചെയ്തു നബി.
ഏറ്റവും ലാളിത്യംനിറഞ്ഞ ജീവിതമായിരുന്നു നബിയുടേത്. സ്വന്തമായി വസ്ത്രങ്ങൾ തുന്നുകയും ആടുകളെ കറക്കുകയുംചെയ്ത നബി, പനയോലകൊണ്ട് മറച്ച കുടിലിലാണ് ജീവിച്ചത്.
മിതഭാഷിയായിരുന്നു. ആരെയും അവഗണിച്ചില്ല. മനുഷ്യരോടും പ്രകൃതിയോടും ജീവജാലങ്ങളോടുമെല്ലാം സ്നേഹത്തോടെ പെരുമാറി. സഹോദരനോട് പുഞ്ചിരിക്കുന്നത് ധർമമാണെന്ന് പഠിപ്പിച്ചു. ഹസ്തദാനംചെയ്താൽ ആദ്യം കൈവലിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ആരാധനാകാര്യങ്ങളിൽ കണിശത പുലർത്തുകയും രാത്രി ദീർഘനേരം ആരാധനയ്ക്ക് നീക്കിവെക്കുകയും ചെയ്ത നബിയുടെ സവിശേഷമായ ഒരു കാര്യമുയർത്തി ഖുർആൻ പ്രശംസിച്ചത് അവിടത്തെ സ്വഭാവമഹിമയെക്കുറിച്ചായിരുന്നു. മനുഷ്യനോടുള്ള ആദരവാണ് മതം നിഷ്കർഷിക്കുന്നത്. ‘ഉത്‌കൃഷ്ടമായ സ്വഭാവത്തിന്റെ ഉടമ’ എന്നാണ് നബിയെ ഖുർആൻ വിശേഷിപ്പിച്ചത്. മനുഷ്യബന്ധങ്ങളിലെ നന്മ വിലപ്പെട്ടതാണെന്ന് പ്രവാചകജീവിതം പഠിപ്പിക്കുന്നു.
മതചിഹ്നങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മാത്രമല്ല, സഹജീവികളോട് അനുകമ്പയും സ്നേഹവും കരുണയും ഇല്ലെങ്കിൽ മതജീവിതം പൂർണമാവില്ല എന്നതും നബികല്പനയാണ്.
എല്ലാവിഭാഗം മനുഷ്യരുമായുമുള്ള ആദാനബന്ധങ്ങൾ നബിയുടെ കല്പനകളിൽ വിലപ്പെട്ടതാണ്.
മനുഷ്യർക്കിടയിലെ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കി അവരെ ഒന്നായിക്കാണാനാണ് ഖുർആൻ ആഹ്വാനംചെയ്യുന്നത്. ‘ഹേ മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. അന്യോന്യം തിരിച്ചറിയാൻ നിങ്ങളെ നാം വിവിധസമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ ഏറ്റവും സൂക്ഷ്മതപാലിക്കുന്നവനാകുന്നു’ (ഖുർആൻ: 49/13).
നബി പറഞ്ഞു: ‘‘പരസ്പരം കരുണകാണിക്കാതെ നിങ്ങളിൽ ഒരാൾക്കും മുസ്‌ലിമാവാൻ കഴിയില്ല’’.
അനുചരൻമാർ മറുപടി നൽകി: ‘‘ഞങ്ങൾ പരസ്പരം കരുണകാട്ടുന്നുണ്ടല്ലോ?’’ തിരുനബി മൊഴിഞ്ഞു: ‘‘നിങ്ങൾ പരസ്പരമുള്ള സ്നേഹമല്ല കരുണ. എല്ലാ മനുഷ്യരും അർഹിക്കുന്ന ഒന്നാണത്.’’
പരിസ്ഥിതിയോട് പ്രവാചകന്റെ സമീപനം വളരെ അർഥവത്താണ്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രശസ്തമായ പർവതങ്ങളിലൊന്നായ ഉഹ്ദ് മലയുടെ താഴ്‌വാരത്തുകൂടെ അനുചരൻമാർക്കൊപ്പം സഞ്ചരിക്കുകയായിരുന്ന നബി അനുചരൻമാരോട് പറഞ്ഞു: ഈ ഉഹ്ദ് മല നമ്മെ സ്നേഹിക്കുന്നു, നാം ഉഹ്ദ് മലയെയും സ്നേഹിക്കുന്നു.
മനുഷ്യസാഹോദര്യം, ജാതീയ-വംശീയതയോടുള്ള പോരാട്ടം, സ്ത്രീകളുടെ അന്തസ്സ്, പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള ചേർന്നുനിൽപ്പ് തുടങ്ങി മനുഷ്യന്റെ നിലനിൽപ്പിനും സാംസ്കാരികമുന്നേറ്റത്തിനുമുള്ള സാമൂഹിക ഇടപെടൽ തിരുനബിയുടെ ജീവിതത്തിന്റെ മാതൃകകളാണ്. സർവോപരി കാരുണ്യത്തിന്റെ പ്രായോഗികപാഠമാണ് പ്രവാചകജീവിതം. അനുകമ്പാദശകത്തിൽ ശ്രീനാരായണഗുരു നബിയെക്കുറിച്ചെഴുതി: ‘കരുണാവാൻ നബി
മുത്തുരത്നമോ...’
Content Highlight: Nabidinam 2020 Special