ഇസ്‌ലാമിനെ മുറുകെപ്പിടിക്കുന്നതോടൊപ്പം പ്രായോഗികവും മനുഷ്യത്വപരവുമായ ആശയങ്ങളാണ് തിരുനബി ജീവിതത്തിലൂടെ പകർന്നത്

ലോകം ഉറ്റുനോക്കുന്ന ഗുരുവാണ് മുഹമ്മദ് റസൂൽ. ദിവ്യസന്ദേശങ്ങൾ ലഭിക്കുകയും മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കാൻ ആജ്ഞാപിക്കപ്പെടുകയും ചെയ്യുന്നവർക്കാണ് റസൂൽ എന്നു പറയുന്നത്. സാധാരണക്കാരെപ്പോലെ ലളിതജീവിതമാണ് റസൂൽ നയിച്ചത്. ‘മനുഷ്യരിൽപ്പെട്ട ഒരാൾ’ എന്നാണ് ഖുർആൻ പരിചയപ്പെടുത്തിയത്. ദാരിദ്ര്യത്തിന്റെ അവശതകൾ പലപ്പോഴും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പട്ടിണിപ്പാവങ്ങളുടെ വേവലാതികൾ നേരിട്ടനുഭവിച്ചു. ഇസ്‌ലാമിനെ മുറുകെപ്പിടിക്കുന്നതോടൊപ്പം പ്രായോഗികവും മനുഷ്യത്വപരവുമായ ആശയങ്ങളാണ് തിരുനബി ജീവിതത്തിലൂടെ പകർന്നത്. സാംസ്കാരികാധഃപതനത്തിന്റെ പടുകുഴിയിലായിരുന്ന സമൂഹത്തെ ദാർശനികവും സുതാര്യവുമായ ആശയങ്ങളിലൂടെ സംസ്കാരസമ്പന്നരായി വളർത്തിയെടുത്ത തിരുനബി മാനവികതയെ പ്രോജ്ജ്വലിപ്പിച്ച് നിർത്താനാണ് ആഗ്രഹിച്ചതും നടപ്പാക്കിയതും. 

ദേശ, വർഗ, വർണ ബോധങ്ങൾ സമൂഹത്തിൽ ശക്തിപ്രാപിച്ച കാലമായിരുന്നു അത്. സമാധാനത്തിലൂന്നിയ രാഷ്ട്രവികസനമാണ് മദീനയിൽ പുണ്യ റസൂൽ പടുത്തുയർത്തിയത്. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും പുരോഗതിയുണ്ടാകുമ്പോഴാണ് നാടിന് വികാസമുണ്ടാകുന്നത്. അവഗണിക്കപ്പെടുന്ന ദരിദ്രരുടെ അവകാശങ്ങൾ പ്രധാനമാണ്. അപരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതുപോലും പ്രതിഫലാർഹമാണെന്ന് തിരുനബി പറഞ്ഞു. പുഞ്ചിരി ദാനധർമമാണെന്നു പറഞ്ഞ ഗുരുവിന്റെ കാൽപ്പാടുകൾ പന്തുടരുന്നവർ അപരനെ ദുഃഖിപ്പിക്കുന്ന ഒന്നിനും മുതിരുകയില്ല എന്നതാണ് പാഠം. പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കാൻ പുണ്യറസൂൽ നിർദേശിച്ചിരുന്നു. യുദ്ധത്തിൽപ്പോലും തിരുനബി അത് ഇഷ്ടപ്പെട്ടിരുന്നില്ല. അനുചരർ പക്ഷിക്കൂട്ടിൽനിന്ന് കുഞ്ഞുങ്ങളെ പിടിച്ചത് കാണാനിടയായ തിരുനബിയുടെ മുഖം വിവർണമായി. അത് തിരിച്ചേൽപ്പിക്കാനായിരുന്നു അവിടുത്തെ നിർദേശം. 
ജലക്ഷാമം ശക്തമായിരുന്ന മദീനയിൽ റസൂലിന്റെ നേതൃത്വത്തിൽ പലയിടങ്ങളിലായി ഒട്ടേറെ കിണറുകൾ കുഴിച്ചു. കിണറുകൾ കുഴിച്ച് പൊതു ഉപയോഗത്തിനായി ദാനംചെയ്യാൻ അനുചരരോട് ഉണർത്തുകയും ചെയ്തു. അങ്ങനെയാണ് ബിഅ്റ് ഉസ്മാനും (ഉസ്മാന്റെ കിണർ), ബിഅ്റ് അലിയുമൊക്കെ (അലിയുടെ കിണർ) ഉണ്ടാവുന്നത്. പാരമ്പര്യമായി ശത്രുതയിലും കലഹത്തിലും കഴിഞ്ഞിരുന്ന പ്രബലരായ ഔസ്, ഖസ്‌റജ് ഗോത്രങ്ങളെ സഹോദരബന്ധമുള്ളവരാക്കി. പലായനംചെയ്ത് അഭയാർഥികളായെത്തിയ മുഹാജിറുകളെയും തദ്ദേശീയരായ അൻസാറുകളെയും ഒരേയൊരു സൗഹൃദ മേൽക്കൂരയ്ക്കുകീഴിൽ നിർത്തി തിരുനബി മനുഷ്യാവകാശപാഠങ്ങൾ പകർന്നു. 

മക്കയിലെ പ്രതിപക്ഷവുമായി നടത്തിയ ഹുദൈബിയ സന്ധി പ്രസിദ്ധമാണ്. അഞ്ചുവർഷത്തെ മദീനയിലെ ജീവിതത്തിൽ മുസ്‌ലികൾ ശക്തരായി മാറിയിരുന്നു.  ‘അടുത്ത ഒരുവർഷം മദീനയിൽനിന്ന് ഉംറയ്ക്കുവേണ്ടി മക്കയിലേക്ക് ആരും വരരുത്, പത്തുവർഷം മക്കയും മദീനയും തമ്മിൽ യുദ്ധത്തിലേർപ്പെടരുത്, റസൂലിന്റെ കൂട്ടത്തിൽനിന്ന് ആരെങ്കിലും മക്കയിലേക്ക് കൂറുമാറിയെത്തിയാൽ അവരെ മക്കയിൽ കഴിയാൻ അനുവദിക്കണം. എന്നാൽ, മക്കയിൽനിന്ന് ആരെങ്കിലും വിശ്വാസം സ്വീകരിച്ച് മദീനയിലെത്തിയാൽ അവർക്ക് മദീനയിൽ അഭയം നൽകരുത്’ തുടങ്ങിയ പ്രത്യക്ഷത്തിൽ മക്കക്കാർക്ക് അനുകൂലമായ ഏകപക്ഷീയ വ്യവസ്ഥകളായിരുന്നു സന്ധിയിലുണ്ടായിരുന്നത്. തിരുനബി പൂർണമായും അംഗീകരിച്ചു. കാലം തിരുനബിയുടെ വിനയത്തോടൊപ്പം നിന്നു. സന്ധിവ്യവസ്ഥകൾ പൂർണമായും റസൂലിനനുകൂലമായി മാറുന്നതാണ് പിന്നീടു കണ്ടത്. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ സമാധാനാന്തരീക്ഷം രൂപപ്പെട്ടു. 

രാഷ്ട്രത്തിന്റെ വികസനം അവിടത്തെ പൊതുജനങ്ങളുടെ അഭിവൃദ്ധികൂടിയാണല്ലോ. തിരുനബി ആരെയും പരസ്പരം ഭിന്നിപ്പിച്ചുനിർത്തുകയായിരുന്നില്ല. ചേരിതിരിവിന്റെ കറുത്തവിത്തുകളെപ്പറ്റി മുന്നറിയിപ്പുനൽകി. വർഗീയതയുടെ സർവാനുഭവങ്ങളെയും നിഷ്കരുണം നിരാകരിച്ചു. അപരത്വ സങ്കല്പങ്ങളെയും അനാവശ്യ ഭേദബോധ്യങ്ങളെയും നിരുത്സാഹപ്പെടുത്തി. സാമൂഹികാഭിവൃദ്ധിയുടെയും രാഷ്ട്രധർമത്തിന്റെയും മുരടിപ്പുകളാണിവയെല്ലാം. സ്ത്രീയവകാശങ്ങൾ നേടിക്കൊടുത്ത തിരുനബി, നിങ്ങളിൽ ഏറെ ഉത്തമർ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരാണെന്ന് ഉണർത്തി. മാതാവിന്റെ കാലടിയിലാണ് സ്വർഗമെന്ന് ഓർമിപ്പിച്ചു. അധമനിലവാരത്തിലുള്ള സ്ത്രീകളെ ഉന്നതനിലവാരത്തിലേക്ക് നയിച്ചു.  

അടിമകളോടും കറുത്തവരോടുമുള്ള അവഗണനകൾ തിരുനബി ഇഷ്ടപ്പെട്ടില്ല. ആരാധനയ്ക്കായി വിശ്വാസികളെ വിളിച്ചുവരുത്തുന്ന മഹത്തായ ധർമംതന്നെ നൽകി അവരെ സമൂഹ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. ഇരുണ്ട നിറമുള്ള ബിലാൽ അങ്ങനെ മദീനയുടെ ആവേശമായി മാറി. മുസ്‌ലിംസമൂഹത്തിൽ പല തെറ്റുകുറ്റങ്ങളുടെയും പ്രായശ്ചിത്തം അടിമമോചനമാണ്. ഏറെ പ്രതിഫലമുള്ള സത്കർമം എന്ന നിലയിൽ അടിമമോചനം ഒരു പുണ്യപ്രവൃത്തിയായി അന്നത്തെ ലോകം കണ്ടു. 
ഒരിക്കൽ റസൂൽ പറഞ്ഞു: ‘‘പരസ്പരം കരുണ കാണിക്കാതെ നിങ്ങൾക്ക് വിശ്വാസികളാകാൻ കഴിയില്ല.’’ 
അനുചരർ പറഞ്ഞു: ‘‘ഞങ്ങൾ പരസ്പരം കരുണ കാണിക്കുന്നുണ്ടല്ലോ?’’ 
റസൂലിന്റെ മറുപടി: ‘‘നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതിനെ കുറിച്ചല്ല, എല്ലാ മനുഷ്യരോടും മനുഷ്യേതര വസ്തുക്കളോടും കരുണാർദ്രമായി പെരുമാറുന്നതിനെക്കുറിച്ചാണ്.’’ 
ഇതെഴുതി പൂർത്തിയാക്കുമ്പോൾ ഞാൻ സുഡാനിലാണുള്ളത്. ഈ വർഷത്തെ നബിദിന ആഘോഷം ആഫ്രിക്കയുടെ വടക്കുകിഴക്കൻ രാജ്യമായ സുഡാനിലാണ്. തിരുനബിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന വിപുലമായ ആഘോഷങ്ങളുടെ ഭാഗമായി ചതുർദിന പരിപാടികളിൽ പങ്കെടുക്കാനാണ് ഇവിടെ എത്തിയത്. മാനവിക മൂല്യങ്ങളുയർത്തുന്ന മഹിതമായ ആശയങ്ങൾ മാനവലോകത്തിന് സമ്മാനിച്ച തിരുനബിയുടെ പിറവിയിൽ നമുക്കെങ്ങനെ സന്തോഷിക്കാതിരിക്കാനാവും?

(ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്‌തിയാണ്‌ ​ലേഖകൻ)