നബി തിരുമേനി നിയോഗിക്കപ്പെട്ടിട്ടുള്ളത് മനുഷ്യകുലത്തിന് മാർഗദർശനം നൽകാൻ വേണ്ടിയാണ്. സമൂഹത്തിന്റെ ഐക്യവും ഭദ്രതയും ഏറെ പ്രധാനപ്പെട്ടതാണ്. മനുഷ്യരിലെ വിഭാഗീയതയും അകൽച്ചയും തുടച്ചുനീക്കുകയെന്നത് സമാധാനം നിലനിൽക്കുവാൻ ആവശ്യമാണ്. നബി തിരുമേനിയുടെ ജീവിതത്തിൽ നമുക്ക് കാണാൻ കഴിയുന്ന ഒരുകാര്യം എല്ലാ സമൂഹത്തോടും എല്ലാ മനുഷ്യരോടും അദ്ദേഹം മാന്യമായി പെരുമാറി എന്നതാണ്. ശത്രുക്കൾക്കെതിരായി പ്രാർഥിക്കാൻ തുനിഞ്ഞ അനുചരന്മാരോട് അത് പാടില്ലെന്നാണ്‌ നബി തിരുമേനി ഉപദേശിച്ചത്. ആരെയും ശപിക്കരുതെന്നും കാരുണ്യമായിട്ടാണ് തന്നെ നിയോഗിച്ചിട്ടുള്ളതെന്നും നബി തിരുമേനി പറയാറുണ്ടായിരുന്നു. 

അദ്ദേഹത്തിന്റെ ഉപദേശങ്ങളിൽ മനുഷ്യ സമൂഹത്തിനിടയിൽ സ്നേഹവും സൗഹാർദവും നിലനിർത്താനുള്ള നിരവധി അധ്യാപനങ്ങൾ കാണാൻ സാധിക്കും. എല്ലാ മനുഷ്യരും ഒരു ദൈവത്തിന്റെ സൃഷ്ടികളാകുന്നു എന്ന നബിവചനമാണ് ഇതിലേറ്റവും പ്രധാനപ്പെട്ടത്. മനുഷ്യന്റെ വികാരവിചാരങ്ങളും അഭിപ്രായങ്ങളും അംഗീകരിച്ചുകൊണ്ടുവേണം ഒരു സമൂഹത്തിൽ എല്ലാവരും ജീവിക്കാൻ. 
നമ്മുടെ നാടുപോലുള്ള ബഹുസ്വരസമൂഹത്തിൽ എങ്ങനെയാണ് ജീവിക്കേണ്ടതെന്നതിന് നബി തിരുമേനിയുടെ ജീവിതത്തിൽ മാതൃകയുണ്ട്. നബി തിരുമേനി ജീവിച്ചതും ഒരു ബഹുസ്വര സമൂഹത്തിലാണല്ലോ. മക്കയിലും മദീനയിലും നബി ജീവിച്ചകാലത്ത് അവിടെ വിവിധ സമൂഹങ്ങളും മതവിശ്വാസികളുമുണ്ടായിരുന്നു. അവരുടെ ഇടയിൽ ഒരു സാധാരണക്കാരനായി, അവരിൽ ഒരുവനായി നബി ജീവിച്ചു. ആ സന്ദർഭത്തിൽ തന്റെ ജീവിതത്തിൽനിന്നും തന്റെ വാക്കുകളിൽനിന്നും എന്താണ് തന്റെ സന്ദേശമെന്ന് അവർക്ക് പഠിക്കാൻ അവസരവും നൽകി. നബിയുമായി കുടുംബബന്ധമുള്ള എത്രയോ ആളുകൾ മുസ്‌ലിങ്ങളല്ലാത്തവരായുണ്ടായിരുന്നു. നബിയുടെ പിതൃവ്യൻ അബു താലിബ് അവരിൽ ഒരാളായിരുന്നു. അദ്ദേഹം മരിക്കുന്നതുവരെ നബിയെ സഹായിക്കുകയും അദ്ദേഹം ആ സഹായം സ്വീകരിക്കുകയും ചെയ്തു. 

ശത്രുപക്ഷത്തിനെതിരേ നബിയോടൊപ്പം അടരാടിയ വരിൽ ഒട്ടേറെ അമുസ്‍ലിങ്ങളുമുണ്ടായിരുന്നു. കാരണം നബിയുടെ പക്ഷമാണ് ശരിയെന്നും മറുപക്ഷം അക്രമമാണെന്നും അവർ മനസ്സിലാക്കിയിരുന്നു. 
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സംഘർഷവും സംഘട്ടനങ്ങളും നടക്കുന്നത് മതത്തിന്റെയും ദൈവത്തിന്റെയും ദേവാലയങ്ങളുടെയും പേരിലാണ്. സത്യത്തിൽ ഇതിന് മതവും ദൈവവും ഉത്തരവാദിയല്ല. പ്രവാചകന്മാരാരും ഇത്തരത്തിൽ കലഹിക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല. മതത്തെച്ചൊല്ലി മനുഷ്യർക്കിടയിൽ കലഹങ്ങളുണ്ടാവാൻ പാടില്ലെന്നാണ് മതഗ്രന്ഥങ്ങളിലുള്ളത്. നബി മുഖേന ലോകത്തിന് ലഭിച്ച വെളിച്ചമാണ് ഖുർആൻ. ആ ഖുർആനിൽ മുഴുവൻ മനുഷ്യരെയും ആദരിക്കാനും എല്ലാവരോടും ബഹുമാനത്തോടുകൂടി പെരുമാറാനുമുള്ള ആഹ്വാനമാണുള്ളത്.