malankara syrian catholicമാർത്തോമ്മാ ശ്ലീഹായാൽ  സ്ഥാപിതമായ മലങ്കരയിലെ അപ്പസ്തോലിക സഭാകൂട്ടായ്മയിൽ  1653-നു ശേഷം അനേകം സഭാസമൂഹങ്ങൾ ഉടലെടുത്തു. 1930 ബഥനിയുടെ മെത്രാപ്പോലീത്താ മാർ ഇവാനിയോസ് തിരുമേനിയും തന്റെ വിശ്വസ്ത അനുയായി മാർ തെയോഫിലോസ് എപ്പിസ്കോപ്പയും നേതൃത്വം നൽകി രൂപപ്പെട്ട മലങ്കരയിലെ പുനരൈക്യ പ്രസ്ഥാനത്തിന് റോമിലെ അപ്പസ്തോലിക സിംഹാസനം ഒരുക്കിയ കാനോനിക സംവിധാനമാണ് 1932 ജൂൺ 11-ന് വിളംബരം ചെയ്ത മലങ്കര സുറിയാനി കത്തോലിക്കാ ഹയരാർക്കി. 

 1932 ജൂൺ 11-ന് വിളംബരം ചെയ്യപ്പെട്ട ഈ ഹയരാർക്കി 90-ാം വയസ്സിലേക്ക് പ്രവേശിക്കുന്നു. ഈ സഭാസമൂഹം ഒൻപത് പതിറ്റാണ്ട് തങ്ങൾക്ക് ലഭിച്ച വലിയ ദൈവകരുതലിന് നന്ദി പറയാനും തങ്ങൾക്കുലഭിച്ച ജീവന്റെ സംതൃപ്തി മറ്റുള്ളവർക്ക് ലഭ്യമാക്കുന്നതിന് പുതിയ വഴികൾ തേടുന്നതിനുള്ള പ്രാർഥനയിലും ആലോചനയിലും തുടർന്ന് സാക്ഷ്യമേകുന്നതിനും ഒരുങ്ങുകയാണ് ഈ നവതിനാളുകളിൽ.

കത്തോലിക്കാ കൂട്ടായ്മയിൽ

1932 ജൂൺ 11  ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തിലെ നിർണായക ദിവസമാണ്. 16-ാം നൂറ്റാണ്ടുമുതൽ  വിഭജനത്തിലും കോടതി വ്യവഹാരങ്ങളിലും കക്ഷിവഴക്കുകളിലും പെട്ട് വല്ലാത്ത ദുഃഖത്തിലായിരുന്ന മലങ്കരയിലെ അതിപുരാതനമായ അപ്പസ്തോലിക സഭ, വിഭജനംമുതൽ  തന്നെ സാർവത്രിക സഭാകൂട്ടായ്മയിലേക്ക് മടങ്ങിവരാനുള്ള താത്‌പര്യങ്ങൾ കാണിക്കുകയും പരിശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ  ഈ പരിശ്രമങ്ങളൊന്നും ഫലംകണ്ടില്ല. പിൽക്കാലത്ത് മലങ്കര ഓർത്തഡോക്സ് സഭയിൽ  ബഥനി എന്ന സന്ന്യാസ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച എം.എ. ബിരുദധാരിയായിരുന്ന ഫാ. പി.ടി. ഗീവർഗീസ്  എന്ന വൈദികൻ തന്റെ പഠനത്തിന്റെയും ആഴത്തിലുള്ള പ്രാർഥനയുടെയും വെളിച്ചത്തിൽ  സാർവത്രിക കത്തോലിക്കാ സഭയോടും അതിന്റെ തലവനും വിശുദ്ധ പത്രോസിന്റെ പിൻഗാമിയുമായ റോമയിലെ മാർപാപ്പയോടും ഐക്യപ്പെടുന്നതിലൂടെ മാത്രമേ മലങ്കരയിൽ  ശാശ്വതസമാധാനം സാധ്യമാവുകയുള്ളൂവെന്ന ബോധ്യത്തിലെത്തി. 

മറ്റുള്ളവർ പിന്നാക്കം പോയെങ്കിലും ബഥനിയുടെ മെത്രാപ്പൊലീത്തയായ ഗീവർഗീസ് മാർ ഇവാനിയോസ് തിരുമേനി ധീരമായ തീരുമാനം എടുത്തു; കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടാൻ. 1930 സെപ്റ്റംബർ 20-ന് മാർപാപ്പ നിയോഗിച്ച കൊല്ലം രൂപതാ മെത്രാൻ അഭിവന്ദ്യ അലോഷ്യസ് മരിയ ബൻസിഗർ പിതാവിന്റെ മുൻപാകെ തന്റെ ശിഷ്യനായ അഭിവന്ദ്യ യാക്കോബ് മാർ തെയോഫിലോസ്  തിരുമേനി, ഫാ. ജോൺ കുഴിമേപ്പുറത്ത്, അലക്സാണ്ടർ ശെമ്മാശൻ, കിളീലേത്ത്  ചാക്കോ എന്നിവരോടൊത്ത് മാർ ഇവാനിയോസ് പിതാവ് കത്തോലിക്കാ സഭയിലേക്കു ചേർന്നു. നാലു നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഐക്യപരിശ്രമങ്ങൾക്ക് ഭാഗികമായി അന്ന് ഫലംകണ്ടു. 

കത്തോലിക്കാ സഭയിലേക്ക് പ്രവേശിക്കാൻ തനിക്ക് സ്വന്തമായിരുന്ന സകലതും ഉപേക്ഷിച്ച് റാന്നി പെരുന്നാട്ടിലെ മുണ്ടൻമലയിറങ്ങുമ്പോൾ കൈമുതലായി ഉണ്ടായിരുന്നത് ദൈവപരിപാലനയിലെ വിശ്വാസം മാത്രമായിരുന്നു. വളരെ കുറച്ചുപേർ മാത്രമേ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുള്ളൂ.  1930 സെപ്റ്റംബർ 20 മുതൽ 1932 ജൂൺ 11 വരെയുള്ള കാലഘട്ടം അദ്ദേഹത്തെ സംബന്ധിച്ച് അനിശ്ചിതത്വത്തിന്റെ നാളുകളായിരുന്നു. പ്രാരംഭനാളുകളിൽ  തിരുവനന്തപുരവും തിരുവല്ലായും കേന്ദ്രമായി തന്റെ പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചു.

ചരിത്ര സന്ദർശനം

1932 ഏപ്രിൽ  12-ന് റോമിൽ  എത്തിച്ചേർന്ന പിതാവ്  പതിനൊന്നാം പീയൂസ് മാർപാപ്പയെ അഞ്ചുപ്രാവശ്യം സന്ദർശിച്ചു. ഓരോ സന്ദർശന അവസരത്തിലും പുനരൈക്യസംഭവം, അതിന്റെ സാധ്യതകൾ, പുനരൈക്യ പ്രസ്ഥാനത്തിനു ലഭിക്കേണ്ട കാനോനിക പദവി തുടങ്ങിയ കാര്യങ്ങൾ വിശദമായി സംസാരിച്ചു. രണ്ടാമത്തെ സന്ദർശന വേളയിൽ തിരുവനന്തപുരം കേന്ദ്രമായി ഒരു അതിരൂപതയും തിരുവല്ല കേന്ദ്രമായി ഒരു രൂപതയും അനുവദിച്ചു കിട്ടേണ്ട ആവശ്യം മാർ ഇവാനിയോസ് പിതാവ് മാർപാപ്പയ്ക്ക് എഴുതി നൽകി. ആവശ്യം വായിച്ചു മനസ്സിലാക്കിയ മാർപാപ്പ വാക്കാൽ  അതിനു സമ്മതം അറിയിച്ചു. പുനരൈക്യ പ്രസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ദൈവിക ഇടപെടലാണ് ആ സന്ദർശനവേളയിൽ  നടന്നത്. റോമിലെ എല്ലാ പ്രോട്ടോകോളുകളും  മാറ്റിെവച്ചാണ് മാർപാപ്പ മാർ ഇവാനിയോസ് തിരുമേനിയുടെ ആവശ്യങ്ങൾ അംഗീകരിച്ചത്. ആ സന്ദർശനവേളയിൽത്തന്നെ മാർപാപ്പ  മാർ ഇവാനിയോസ് പിതാവിന് പാലിയം നൽകി കത്തോലിക്കാ സഭയുടെ മെത്രാൻ കൂട്ടായ്മയിലേക്ക് ചേർത്തു. പുനരൈക്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തീരുമാനത്തിന് 1932 ജൂൺമാസം 11-ാം തീയതി മാർപാപ്പാ ഔദ്യോഗിക അംഗീകാരം നൽകി. ‘ക്രിസ്തോപാസ്തോരും പ്രിൻചിപ്പി’ എന്ന അപ്പസ്തോലിക കല്പന വഴിയായി തിരുവനന്തപുരം അതിരൂപതയും അതിന്റെ സഫ്രഗൻ രൂപതയായി തിരുവല്ലയും നിലവിൽ വന്നു. ഗീവർഗീസ് മാർ ഇവാനിയോസ് തിരുമേനിയെ തിരുവനന്തപുരം അതിരൂപതാധ്യക്ഷനും യാക്കോബ് മാർ തെയോഫിലോസ് തിരുമേനിയെ തിരുവല്ലാ രൂപതാധ്യക്ഷനുമായി നിയമിച്ചു.

തിരുവനന്തപുരത്ത് തുടക്കം

1933 മാർച്ച്  12-ാം തീയതി ഞായറാഴ്ച മാർ ഇവാനിയോസ് തിരുമേനിയുടെ ഔദ്യോഗിക സ്ഥാനാരോഹണം തിരുവനന്തപുരത്ത് നടത്തപ്പെട്ടു. തിരുവനന്തപുരം വി.ജെ.ടി. ഹാളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ഒരു തിയേറ്റർ വിലയ്ക്കുവാങ്ങി താത്‌കാലികമായ ദൈവാലയം ക്രമീകരിച്ച് അവിടെയാണ് സ്ഥാനാരോഹണം നടന്നത്. പിന്നീട് ആ ദൈവാലയം അതിരൂപതയുടെ പ്രോ കത്തീഡ്രലും 2008-ൽ കത്തോലിക്കാ സഭയിലെ ബസിലിക്കായുമായി ഉയർത്തപ്പെടുകയും ചെയ്തു.

നീണ്ട 23 വർഷത്തെ ശക്തവും അനുഗൃഹീതവുമായ നേതൃത്വമാണ് മാർ ഇവാനിയോസ് പിതാവ് തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ എന്ന നിലയിലും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനെന്ന നിലയിലും നൽ കിയത്. 1955 ജനുവരി 27-ന് െബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായി ചുമതലയേറ്റു. നീണ്ട 41 വർഷത്തെ ആ നേതൃത്വശുശ്രൂഷയും സഭമാത്രമല്ല, കേരളസമൂഹം ഒന്നാകെയും എന്നും ഓർമിക്കുന്നതാണ്. 

1995 ഡിസംബർ 14-നാണ് അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് തിരുമേനി തിരുവനന്തപുരം അതിരൂപതയുടെ മൂന്നാമത്തെ അധ്യക്ഷനായി നിയമിതനാകുന്നത്. 12 വർഷം നീണ്ടുനിന്ന ആ കാലയളവ് സഭയുടെ ചരിത്രത്തിലെ നിർണായക ഘട്ടമായിരുന്നു. 1932-ൽ ഒരു വ്യക്തിഗത സഭയായി  മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരു സിംഹാസനത്തിന്റെ അംഗീകാരം നേടിയെങ്കിൽ,  2005-ൽ അഭിവന്ദ്യ സിറിൾ ബസേലിയോസ് ബാവാ തിരുമേനിയുടെ ശക്തമായ നേതൃത്വം വഴിയായി ഈ സഭ ഒരു സ്വയാധികാര വ്യക്തിഗത സഭയായി ഉയർത്തപ്പെട്ടു. സഭയ്ക്ക് സുന്നഹദോസ് സംവിധാനം നിലവിൽ വന്നു. 

സഭ വളർച്ചയിൽ

പുനരൈക്യ പ്രവർത്തനങ്ങളും പ്രേഷിത ശുശ്രൂഷകളും സഭയുടെ എല്ലാ ഭൂപ്രദേശങ്ങളും ഏറ്റെടുത്തു. ധാരാളം ഇടവകകൾ സ്ഥാപിക്കപ്പെട്ടു. തിരുവനന്തപുരം മേജർ അതിരൂപതയുടെ നാലാഞ്ചിറ മാർ ഇവാനിയോസ്  വിദ്യാനഗറിലെ വിദ്യാഭ്യാസ ശുശ്രൂഷകൾ അതിവിപുലമാണ്.  മാർ ഇവാനിയോസ് കോളേജും മാർ ബസേലിയോസ് എൻജിനിയറിങ്‌ കോളേജും സ്വയംഭരണാധികാരമുള്ള കേരളത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഏഷ്യയിലെ ഏറ്റവും വലിയ സ്കൂളായ പട്ടം സെയ്‌ന്റ് മേരീസ് അടക്കം അനേകം വിദ്യാലയങ്ങൾ മേജർ അതിരൂപതയുടെ കീഴിൽ  പ്രവർത്തിക്കുന്നു. മധ്യതിരുവിതാംകൂറിൽ  ആതുരശുശ്രൂഷാ രംഗത്ത് പുഷ്പഗിരി സ്ഥാപനങ്ങളിലൂടെയും പൊതുസമൂഹത്തിൽ  ‘ബോധന’യിലൂടെയുമുള്ള ഒട്ടേറെ സേവനങ്ങൾ തിരുവല്ലാ അതിരൂപത നടത്തുന്നു. 1978 തിരുവല്ലാ രൂപത വിഭജിച്ച് സ്ഥാപിതമായ ബത്തേരി രൂപതയുടെ ‘ശ്രേയസ്’ മലബാറിന്റെയും വയനാടിന്റെയും മലപ്പുറത്തിന്റെയും ആവശ്യങ്ങളിൽ സഭയുടെ ഹൃദയത്തുടിപ്പായി നിലനിൽക്കുന്നു. 1996  തിരുവനന്തപുരം അതിരൂപതയുടെ തമിഴ്  ഭൂപ്രദേശങ്ങൾ ചേർന്ന് നിലവിൽവന്ന മാർത്താണ്ഡം രൂപത  തമിഴ് മണ്ണിലെ മലങ്കരയുടെ സജീവസാക്ഷ്യവും പ്രേഷിതരൂപവുമാണ്. 

ആയിരത്തി ഇരുപത്തിനാല് ഇടവക/മിഷൻ കേന്ദ്രങ്ങളിലായി അഞ്ചുലക്ഷത്തോളം വിശ്വാസികളും 802 ഇടവക വൈദികരും 210 സന്ന്യസ്ത വൈദികരും 2050 സന്ന്യാസിനികളും 500 വൈദിക വിദ്യാർഥികളും 300-ൽപ്പരം ഉപദേശിമാരും മറ്റു പ്രേഷിതരും ഏറെ തീക്ഷ്ണതയോടെ ശുശ്രൂഷ ചെയ്യുന്നു. കൂട്ടായ്മയിലും പരസ്പരകരുതലിലും അനുഗൃഹീതരായ 13 മെത്രാപ്പൊലീത്താമാർ എന്നോടൊപ്പം, സഭയ്ക്കുവേണ്ടി ശ്ലൈഹിക ശുശ്രൂഷ നിർവഹിക്കുന്നു; സഭാസ്നേഹികളായ അത്മായ പ്രേഷിതർ ഈ സഭയ്ക്ക് ചങ്കുറപ്പു നൽകുന്ന ഘടകമാണ്. സഭയുടെ യുവജനങ്ങൾ (എം.സി.വൈ.എം.), അത്മായപ്രസ്ഥാനം (എം.സി.എ.), മാതൃവേദി (എം.സി.എം.എഫ്.) എന്നിവ സഭയെ ചലിപ്പിക്കുന്ന സജീവ ഘടകങ്ങളാണ്.

നിറഞ്ഞ സംതൃപ്തി

വ്യവഹാരങ്ങളില്ലാതെ 90 വർഷം ജീവിച്ചു എന്നതിനെക്കാൾ കത്തോലിക്കാ സഭയുടെ പൂർണകൂട്ടായ്മയിൽ  മാർപാപ്പയോടുള്ള വിധേയത്വത്തിലും അനുസരണയിലും ലോകമാസകലമുള്ള കത്തോലിക്കാ സഭാ സമൂഹങ്ങളുമായും സഭാകൂട്ടായ്മകളുമായുമുള്ള പൂർണ ഐക്യത്തിലും കഴിയുന്നതിൽ തികഞ്ഞ സംതൃപ്തിയുണ്ട്.  
നാളിതുവരെ ഈ സഭ പ്രകടമാക്കിയ പാവപ്പെട്ടവരെ കരുതുന്ന ശുശ്രൂഷയും സാമൂഹിക പ്രതിബദ്ധതയും ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ നടത്തിവരുന്ന കരുണയുടെ ശുശ്രൂഷയും ഈ സഭ കുറവുവരാതെ സൂക്ഷിക്കും. ഭാരത സംസ്കൃതിയുടെ ബഹുസ്വരതയ്ക്കും മതേതരഭാവത്തിനും കുറവുവരാതെ ദേശമായി നമുക്ക് ഒന്നിച്ചുനീങ്ങണം. പാവപ്പെട്ടവരെ കരുതുന്നതിന് നമുക്ക് ജാതി, മത, രാഷ്ട്രീയ ചിന്തകൾ വേണ്ട, കാരുണ്യം മാത്രം മതി! ദേശത്തിനുവേണ്ടി സർവേശ്വരനോട്‌ പ്രാർഥിക്കാനും മത വിദ്വേഷമകറ്റാനും ഒരുമയിൽ നീങ്ങാനും ദേശീയ പതാക ഉയർത്തി വീശാനും ഇവിടെയും ഭാരതത്തിനുവേണ്ടി ലോകത്തെവിടെയും മലങ്കര സുറിയാനി കത്തോലിക്കാസഭ എന്നുമുണ്ടാകും.