Mahanavamiപ്രപഞ്ച സൃഷ്ടിക്കായി സമാഹരിക്കപ്പെട്ട ഊർജപ്രവാഹത്തിന്റെ സഗുണവും സർഗാത്മകവുമായ ആവിഷ്കാരമാണ് ഭാരതീയ ഈശ്വര സങ്കല്പം. ഇത് ദേവീസങ്കല്പത്തിൽ ഇച്ഛാശക്തിയുടെ തപോഭാവവും ക്രിയാശക്തിയുടെ ക്ഷാത്രവീര്യവും ജ്ഞാനശക്തിയുടെ വിദ്യാഭാവവും ചേർന്ന ദുർഗ-ലക്ഷ്മീ-സരസ്വതീ ഭാവങ്ങളിൽ വികസിക്കുന്നു.
ദേവീഭാഗവതം തൃതീയ സ്കന്ദത്തിൽ ദേവി ബ്രഹ്മാവിനോട് ഇപ്രകാരം പറയുന്നു: ‘‘വേദം പരാമർശിക്കുന്ന പരമപുരുഷനും ഞാനും ഒന്നു തന്നെയാണ്. രണ്ടെന്നു തോന്നുന്നത് കേവലം വിഭ്രാന്തിമാത്രം. ബ്രഹ്മം മാത്രമാണ് സത്യം. മറ്റെല്ലാം മിഥ്യ. ഞാൻ സ്ത്രീയല്ല, പുരുഷനല്ല, സ്ത്രീയും പുരുഷനും അല്ലാത്തതുമല്ല. ഉള്ളതെല്ലാം ഞാൻതന്നെയാണ്. സൂര്യനിൽ രശ്മിയായും ചന്ദ്രനിൽ ശീതമായും അഗ്നിയിലുഷ്ണമായും സ്ഥിതിചെയ്യുന്ന ശക്തിയാണ് ഞാൻ. ഗുണാതീതയായ ഞാൻ സൃഷ്ടിക്കായി ഗുണങ്ങളെ സ്വീകരിക്കുന്നു’’. പ്രകൃതിയിലെ ഈ ഊർജസംവാഹക ശക്തിക്ക് ഏറെ പ്രബുദ്ധവും മാനവികവും സൃഷ്ടിപരവുമായ സ്ത്രീഭാവം കല്പിച്ച് ദേവീസങ്കല്പമായി വികസിപ്പിച്ച ഋഷി ദർശനത്തിലെ ആർഷസൗന്ദര്യം മൗലികവും സർഗാത്മകവുമാണ്. പ്രകൃതിയോടേറ്റവും ഇണങ്ങിനിൽക്കുന്ന സ്ത്രീഭാവങ്ങൾക്ക് ഭാരതീയ സംസ്കൃതി നൽകിയിരുന്ന സർവാദരണീയതയുടെ നിദർശനമാണിത്.

ആ അപദാനഗാഥകൾ

അധർമത്തിന്റെയും ആസുരികതയുടെയും മേൽ ദേവി നേടുന്ന വിജയങ്ങളാണ് നവരാത്രി ആഘോഷങ്ങളിൽ നിറയുന്ന വൈവിധ്യമാർന്ന ദേവിയുടെ അപദാനഗാഥകൾ. അഹന്തയുടെ ദാനവഭാവങ്ങൾക്കുമേൽ ഉയരുന്ന അറിവിന്റെയും പ്രപഞ്ചസംരക്ഷണത്തിന്റെയും കരുത്തിന്റെയും ദേവീഖഡ്ഗം സർവകാലപ്രസക്തമായ ഒരാശയസംഹിതയുടെ ശക്തിമത്തായ ആവിഷ്കാരമാണ്.

ആത്മവീര്യത്താൽ അപരാജിതയാണ് ദുർഗ. ആർക്കും കീഴ്‌പ്പെടുത്താനാവാത്ത ധീരതയുള്ളവൾ. പ്രപഞ്ചത്തിന്റെ സംതുലിതാവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന അധമചിന്തകളെ, അസംസ്കൃതവും നീചവുമായ മനസ്സിൽനിന്ന് പിറവിയെടുക്കുന്ന ആസുരികഭാവങ്ങളെ എതിരിട്ട് പരാജയപ്പെടുത്തുന്ന ശക്തി. സ്ത്രീയെ നിന്ദിച്ചവന് ഈ ലോകത്തിൽ ജീവിക്കാൻ അർഹതയില്ലെന്ന് ഓരോ കാലത്തിലും ഓർമപ്പെടുത്തുന്നുണ്ട് മഹിഷാസുരമദം തീർത്ത ദുർഗാദേവിയുടെ പ്രൗഢോജ്ജ്വലമായ സങ്കല്പം. 

ആസുരികതയുടെ സൂക്ഷ്മഭാവമാണ് രക്തബീജാസുരൻ. ഓരോ തുള്ളി രക്തത്തിൽനിന്നും ക്രൂരതയും വെറുപ്പും അസൂയയും അഹന്തയും  നിറയുന്ന ഒരായിരം അസുരശരീരങ്ങൾ രൂപപ്പെടുമത്രേ. അവന്റെ വാക്ക് നൂറായിരം അധമഭാവങ്ങളായി പരിണമിച്ച് സമൂഹമനസ്സിനെ ആകമാനം ദുഷിപ്പിച്ചുകൊണ്ടേയിരിക്കും. ആസുരിക ഭാവങ്ങളെ ഇല്ലായ്മചെയ്ത് ലോകവ്യവസ്ഥ നിലനിർത്തുക എന്നത് പ്രപഞ്ചസംവിധാനത്തിന്റെ സ്വാഭാവികമായ സംസ്ഥാപനധർമമാണ്. രക്തബീജന്റെ മുന്നിൽ ദേവി സൗമ്യഭാവങ്ങൾ വെടിഞ്ഞ് അധർമത്തിന്റെ കഴുത്തരിയുന്ന കാളരാത്രിയായി രൂപപ്പെടുന്നു: സമൂഹ മനസ്സിനെ അസ്വസ്ഥമാക്കുന്ന അകൃത്യങ്ങൾക്കും അപമാനങ്ങൾക്കും നീതിനിഷേധങ്ങൾക്കും നേരെ അട്ടഹാസത്തോടെ അലറിയടുക്കുന്ന ഭാവം ദേവീസങ്കല്പത്തിലെ ഏറെ പ്രസക്തമായ ഒരു കല്പനയാണ്.

അനാദിയായ ജ്ഞാനത്തിന്റെ അക്ഷയപ്രവാഹമായ വേദങ്ങളെ മുഴുവൻ അപഹരിച്ച് കടന്നുകളഞ്ഞു ഒരു ദുർഗമാസുരൻ. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന സമഗ്രജീവിതദർശനമായ ജ്ഞാനം മാനവസമൂഹത്തിന്റെ പൊതുസ്വത്താണ്. അസുരൻ ജ്ഞാനത്തിന്റെ കാവലാളായാൽ ലോകം അരാജകത്വത്തിലമർന്നെന്നു വരാം. അതിനാലാണ് ദുർഗാദേവിയുടെ ജ്ഞാനശക്തി അവിടെ യുദ്ധം പ്രഖ്യാപിച്ചത്. ഭൂമി ജ്ഞാനസ്രോതസ്സുകൾ വറ്റിവരണ്ടുണങ്ങി ഊഷരമായി പോകാതിരിക്കണമെങ്കിൽ ലോകസംരക്ഷണ സ്വഭാവത്തോടുകൂടിയ ഒരിടപെടൽ ഉണ്ടായേ മതിയാകൂ. ഈ ആശയങ്ങളുടെയൊക്കെ കലാപരമായ ആവിഷ്കാരമാണ് ആസുരികതയോട് അടരാടുന്ന ദേവീഭാവം.

ആപദി കിം കരണീയം

ഇതിഹാസകരനായ വേദവ്യാസഭഗവാൻ ഹസ്തിനപുരിയിലെ മഹാരാജ്ഞിയായ തന്റെ അമ്മ സത്യവതിയെ ഇപ്രകാരം ഓർമിപ്പിച്ചത്രേ 
‘അതിക്രാന്തസുഖാകാലാഃ
പ്രത്യുപസ്ഥിത ദാരുണാഃ
ശ്വ ശ്വ പാപിഷ്ഠദിവസാഃ
പൃഥിവീ ഗത യൗവനാ’ 
(മഹാഭാരതം, ആദിപർവം 1286)
ഭൂമിയുടെ ഐശ്വര്യ കാലം പോയ്‌മറഞ്ഞിരിക്കുന്നു. ദാരുണമായ കാലങ്ങൾക്ക് നമ്മൾ സാക്ഷിയാകേണ്ടിവരും. കൂടുതൽ കൂടുതൽ പാപസങ്കീർണമായ കാലം വന്നണയുന്നു. അമ്മഭൂമി യൗവനം വിട്ടിതാ വാർധക്യത്തിലേക്ക് കടക്കുകയാണ്. കാലത്തിനുമുന്നേ നടന്ന് കാലത്തിന്റെ ഗതിവരച്ച് കാട്ടിയ ഋഷിയുടെ ഏറെ പ്രസക്തമായ താക്കീതാണിത്. 
സ്വാർഥതയും കപടതയും ദാനവഭാവംപൂണ്ട് സമൂഹത്തെയാകെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് നാം നവരാത്രി ഉത്സവത്തിന്റെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കുന്നത്.
‘ആപദി കിം കരണീയം ...’
എന്ന നിസ്സഹായതയ്ക്ക് പരിഹാരമെന്നപോലെ നമുക്ക്  ശുഭപ്രതീക്ഷകളുടെ സാധ്യതയായി ആത്മവീര്യത്തിന്റെയും ജാഗരണത്തിന്റെയും ഈ നവരാത്രിദിനങ്ങളെ ഉൾക്കൊള്ളാം. സാധനയിലൂടെ സ്വയം സംസ്കരിച്ചും  ജാഗരണത്തിന്റെ തപശ്ചര്യകളിലൂടെയും കാലത്തിന്റെ ഇരുളിടങ്ങളിൽ അറിവിന്റെ അക്ഷയദീപങ്ങൾ നിറച്ചുവെക്കാം.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്‌ 
സംസ്‌കൃത വിഭാഗം മേധാവിയാണ്‌ ലേഖിക