സമാധാനം സംഘർഷത്തിന്റെ അഭാവം മാത്രമല്ല, അത് മനുഷ്യമനസ്സിൽ ഉദിക്കുന്ന ഒരു സകാരാത്മക പ്രതിഭാസമാണ്. ഒരു വ്യക്തി സ്വയം തന്നിൽത്തന്നെ സമാധാനം കണ്ടെത്തുന്നില്ലെങ്കിൽ ലോകസമാധാനമോ ബാഹ്യ സമാധാനമോ സാധ്യമല്ലതന്നെ.

ആന്തരിക സമാധാനം 

ആന്തരിക സമാധാനംകൊണ്ടുദ്ദേശിക്കുന്നത് ശാന്തമായ മനസ്സ്, തീക്ഷ്ണ ബുദ്ധി, വികാരങ്ങളുടെ സകാരാത്മകത, ലാളിത്യം, ശരീരത്തിന്റെ ആരോഗ്യം, സദാസേവനസന്നദ്ധതയുള്ള ഹൃദയം, സ്വഭാവത്തിലുള്ള കാരുണ്യം എന്നിവയാണ്.

സാന്മാർഗികതയുടെ ആവശ്യകത 

ഏതൊരു മനുഷ്യസമൂഹവും ധാർമികമൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം. എന്താണ് ധാർമിക മൂല്യങ്ങൾ? മറ്റുള്ളവർ നിങ്ങൾക്കെതിരേ ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ നിങ്ങൾ മറ്റുള്ളവർക്കെതിരേ ചെയ്യാതിരിക്കുക. 

ആന്തരിക സമാധാനത്തിലൂടെ ബാഹ്യമായ സമാധാനം 

ആന്തരികസമാധാനംകൊണ്ടേ ലോകസമാധാനം കൈവരിക്കാൻ സാധ്യമാകൂ. സമാധാനം തങ്ങൾക്കുള്ളിൽ കൊണ്ടുവരാൻ ജനങ്ങൾക്ക് സാധ്യമായാൽ ലോകസമാധാനം ഒരു യാഥാർഥ്യമാകും. ഈ സമാധാനത്തെ തേടിയുള്ള യാത്രയിൽ ലോകത്തിന്റെ യഥാർഥ അവസ്ഥ മനസ്സിലാക്കുന്നത് സഹായമാകും. എല്ലാം മാറ്റത്തിനു വിധേയമാണെന്നും എല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്നുമുള്ള യാഥാർഥ്യം. എല്ലാം ഒരുദിവസം അവസാനിക്കുമെന്നുള്ള തിരിച്ചറിവ് നമ്മുടെ മനസ്സിന്റെ വേവലാതിപ്പെടാനുള്ള പ്രവണതയിൽ പരിവർത്തനം വരുത്താൻ സഹായിക്കും.

വൈവിധ്യത ഇഷ്ടപ്പെടുന്ന ആത്മാവ് 

ഒരേതരത്തിലുള്ള പഴങ്ങളോ, ജനങ്ങളോ, മൃഗങ്ങളോ അല്ല ഈ ഭൂമുഖത്തു കാണപ്പെടുന്നത്. അതിനാൽ ഈ ജീവചൈതന്യത്തെ ഏകതാനതയിൽ തളച്ചിടാൻ ശ്രമിക്കേണ്ടതില്ല. എല്ലാ ജീവജാലങ്ങളിലെയും വൈവിധ്യതയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട് അവയെല്ലാം ആസ്വദിക്കുക. സഹിഷ്ണുത എന്ന വാക്കു നാം കൂടെക്കൂടെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം പദങ്ങൾ കാലഹരണപ്പെട്ടതാണ്. നമുക്ക് സ്നേഹിക്കാൻ പറ്റാത്തതിനെയാണ് നാം സഹിക്കുക. നമ്മുടെ മതത്തെപ്പോലെത്തന്നെ മറ്റു മതങ്ങളെയും സ്നേഹിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. നമ്മുടെ മതമായതുകൊണ്ടല്ല അതു മഹത്താകുന്നത്. പക്ഷേ, അത് എന്താണോ അതുകൊണ്ടാണ്. ഈ ഒരു തിരിച്ചറിവ് ആത്മീയ, മതനേതാക്കളുടെ ഉള്ളിൽ ഉണർത്താൻ സാധിച്ചാൽ ഈ മനോഹരമായ ലോകത്തിന്റെ എല്ലാ മതഭ്രാന്തുകൾക്കും അറുതിവരുത്താൻ സഹായിക്കും.
സമസ്ത മതങ്ങളെയും കുറിച്ച്‌ ഒരു ചെറിയതോതിലെങ്കിലുമുള്ള അറിവ് ജീവിതത്തെക്കുറിച്ചുള്ള വിശാലമായ ഒരു ദർശനം നൽകാൻ സഹായകമാകും. നാം സമാധാനത്തിന്റെ ഉറവയാണെന്നു കണ്ടുപിടിക്കുകയാണു വേണ്ടത്. ആത്മീയതയുടെ സത്വമാകുന്ന ധ്യാനവും സാർവലൗകികവുമായ സാഹോദര്യവും ഇല്ലെങ്കിൽ മതം ഒരു പുറന്തോടുമാത്രമായി അവശേഷിക്കും.