Kuriakose Elias Chavaraമതനിരപേക്ഷമായ ആശയങ്ങൾ മതാത്മകപരിസരത്ത് രൂപംകൊണ്ട്‌   വികസിക്കുന്നത് ആധുനികതയുടെ ഒരു സവിശേഷതയാണ്. ഒരുസമുദായത്തിന്റെ മതബോധനം പൊതുസമൂഹത്തിന്റെ മതേതരബോധനംകൂടി  ശക്തിപ്പെടുത്തുന്നത്‌  നാം പത്തൊമ്പതാം നൂറ്റാണ്ടിലാരംഭിച്ച ക്രൈസ്തവസഭാ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ അനന്തരഫലമായി വിലയിരുത്തുന്നു. ചാവറയച്ചനാണ് ഇത്തരമൊരു ആധുനികതാ പ്രസ്ഥാനം കേരളത്തിൽ തുടങ്ങിവെച്ചത്. ചാവറയച്ചനിലെ ക്രൈസ്തവ മതബോധം അഗാധവും ദൃഢവുമായിരുന്നു. അതിന്റെ ദാർശനികാടിത്തറ കത്തോലിക്കാ മതമായിരുന്നു. കേരളത്തിലെ കത്തോലിക്കാസമൂഹത്തിന്റെ ബഹുമുഖ വികാസത്തിനുള്ള അടിസ്ഥാനദർശനമാണ് തന്റെ ജീവിതത്തിലൂടെ ചാവറയച്ചൻ സാക്ഷാത്കരിച്ചത്. ഇതാകട്ടെ മതബോധത്തിന്റെ തെളിച്ചത്താൽ സമുദായികമായ  നശ്വരതകളെ ലംഘിക്കുകയും ദേശം, ഭാഷ, സമൂഹം എന്നിവയുടെ ഉന്നതമായ ചക്രവാളങ്ങളെ പ്രാപിക്കാൻ മുന്നോട്ടുപോകുകയും ചെയ്തു. ചാവറയച്ചനെ സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസപ്രവർത്തകനും ഭാഷാസ്നേഹിയും കവിയുമൊക്കെയായി മാറ്റിത്തീർക്കുന്നത്‌ അദ്ദേഹത്തിലെ കത്തോലിക്കാ മതദർശനമാണെന്നു കാണാം. ഈ മതവിചാരം ഇല്ലെങ്കിൽ, ഇതുനൽകുന്ന ആത്മീയശക്തിയില്ലെങ്കിൽ കഠിനവും അസാധ്യവുമായ സാഹചര്യങ്ങളിൽ തന്റെ സാമൂഹികപദ്ധതികളെ യാഥാർഥ്യമാക്കാൻ അദ്ദേഹത്തിനു കഴിയില്ലായിരുന്നു. 

വിശാലദർശനത്തിന്റെ വാതിൽ

അന്യ സ്വത്വങ്ങളുമായി നിരന്തരമായി ഏറ്റുമുട്ടുകയും മത്സരിക്കുകയും ചെയ്യുന്ന ഉത്തരാധുനിക സ്വത്വസംഘർഷ പ്രവണതകളിൽനിന്ന്‌ അകലെയായിരുന്നു ചാവറയച്ചന്റെ ദർശനം. ആ ജീവിതദൗത്യങ്ങളുടെ കേന്ദ്രം മതവും കത്തോലിക്കാ സമുദായവും ആയിരിക്കുമ്പോഴും അച്ചൻ ചെയ്തതൊന്നും കേവലസമുദായിക പ്രവൃത്തികളായിരുന്നില്ല. അച്ചടിയുടെ കാര്യംതന്നെയെടുക്കുക. ഒരു  അച്ചടിയന്ത്രത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും കഷ്ടപ്പാടുകളും ചെറുതായിരുന്നില്ല. അച്ചടി എന്താണ് കൊണ്ടുവരുകയെന്ന് അച്ചനു നന്നായറിയാമായിരുന്നു. 

പിന്നീട്‌ പള്ളിക്കൂടങ്ങൾ ആരംഭിച്ചപ്പോൾ അവിടെ എല്ലാവിഭാഗങ്ങൾക്കും പ്രവേശനം നൽകുക മാത്രമല്ല, ഉച്ചഭക്ഷണം കുട്ടികൾക്കുനൽകുന്ന സമ്പ്രദായം കൊണ്ടുവരുകയും ചെയ്തു. ഇതൊരു ലോകമാതൃകതന്നെയായിരുന്നു.
 ‘വിശക്കുന്ന മനുഷ്യനോടു പുസ്തകം കൈയിലെടുക്കാൻ’ മഹാകവി ബ്രെഹ്ത്‌ പറയുന്നതിനും എത്രയോമുമ്പാണ് അച്ചൻ സാധാരണക്കാരുടെ കുട്ടികൾക്ക് ചോറുകൊടുത്ത് അവരെ പഠിപ്പിച്ചത്. പുതിയൊരു ജീവിതത്തിലേക്ക്‌ മനുഷ്യരെ കൊണ്ടുപോകുന്നതു തന്റെ ആത്മീയാവശ്യമായിട്ടാണ് അച്ചൻ കണ്ടത്‌. മതസ്വത്വവും മതേതരസ്വത്വവും തരംപോലെ എടുത്തണിയാൻ കഴിയുന്നതരം ഇന്നത്തെ സാമൂഹികാന്തരീഷത്തിൽ ഇതൊരു വലിയ കാര്യമായിട്ടു പലർക്കും തോന്നുന്നുണ്ടാകില്ല. 

എന്നാൽ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ, ഒരു പൊതു ഇടമോ പൊതു സമൂഹമോ നിലവിലില്ലാതിരുന്ന കാലത്ത് അച്ചടി, പുസ്തകം, വായന, എഴുത്ത് തുടങ്ങിയ ആധുനികതയുടെ മാർഗങ്ങളെ മറ്റെന്ത്‌ അനുഷ്ഠാന​െത്തക്കാളും വലിയ സുവിശേഷമായി മുന്നോട്ടുവെക്കുകയാണ് അദ്ദേഹം ചെയ്തത്. ഈ ചിന്ത  അദ്ദേഹത്തിന്റെ മതബോധത്തിന്റെ മതേതരസാക്ഷാത്കാരമായിരുന്നു. തന്റെ കുട്ടിക്കാലത്ത് ലഭിച്ച, താൻ ജീവിക്കുന്ന സമുദായത്തിന്റെ പരിമിതികളെപ്പറ്റി അച്ചൻ ബോധവാനായിരുന്നു. അതിൽ പ്രധാനമായത് അക്ഷരജ്ഞാനമാണ്. അക്ഷരജ്ഞാനത്തിലൂടെ മാത്രമേ ഒരാൾ തന്റെ ആത്മാവിലേക്കും മാനവികതയിലേക്കും ഉണരുകയുള്ളൂ എന്നദ്ദേഹം തിരിച്ചറിഞ്ഞു.  

ധീരതയുടെ വിപ്ലവം

ജാതിഘടന അസാധ്യമാക്കിയ സാമൂഹികവിനിമയത്തിന്റെ ചാലുകളെ തുറന്നുവിടുകയാണ് ചാവറയച്ചന്റെ പള്ളിക്കൂടങ്ങളുടെ മാതൃക പത്തൊമ്പതാംനൂറ്റാണ്ടിൽ ചെയ്തത്. അക്ഷരം പൊതുസമ്പത്തായിത്തീരുകയും വായന പൊതുഇടം ആകുകയുംചെയ്തതോടെ അതു കേരളീയ സാമുദായികഘടനയിലുണ്ടാക്കിയ വ്യതിയാനങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ പോയെന്നതും നാമിപ്പോൾ തിരിച്ചറിയുന്നുണ്ട്‌. ചാവറയച്ചനെ കത്തോലിക്കാസഭ വിശുദ്ധനായി പ്രഖ്യാപിച്ച സമയത്ത്‌ വിശുദ്ധരുടെ ചില പ്രത്യേകതകൾ ഓർത്തുപോയി. വിശുദ്ധർക്കു മറ്റുമനുഷ്യർക്കു കഴിയാത്ത പലതും കാണാനാകും. ചിലപ്പോൾ ഇതു വളരെ വിദൂരമായ ഒരിടത്തുനടക്കുന്ന സംഭവങ്ങളായിരിക്കും. മറ്റുചിലപ്പോൾ ഭാവിയിൽ നടക്കാനിരിക്കുന്നതാകും. അവർ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പൈശാചികതകളെ കണ്ടുപിടിക്കും. അതിനെ ഉന്മൂലനംചെയ്യാൻ ജീവൻകൊടുക്കും. അവർ ദൈവത്തോടു അടുത്തുനിൽക്കുകയും അങ്ങനെ മാനവരാശിയുടെ ഭാവിയെ സംബന്ധിച്ച വലിയ ദർശനങ്ങളുടെ വാഹകരായിത്തീരുകയും ചെയ്യും.

വി. കുര്യാക്കോസ്‌ ഏലിയാസ്‌  ചാവറ അച്ചൻ

1805 ഫിബ്രവരി 10ന്‌ ​കുട്ടനാട്‌ ​കൈനകരിയിൽ ജനനം. കേരളത്തിലെ സാമൂഹിക നവോത്ഥാന നായകരിലെ അഗ്രഗാമികളിൽ ഒരാൾ. ജാതി-വർണ ഭേദം മറികടന്ന്‌ കേരളത്തിലെ വിദ്യാഭ്യാസ ശീലങ്ങളിൽ‌ വിപ്ളവകരമായ മാറ്റം കൊണ്ടുവന്നു. 1846-ൽ മാന്നാനത്ത്‌ വിദേശ സഹായമില്ലാതെ പ്രിന്റിങ്‌ പ്രസ്‌ തുടങ്ങി. 1871 ജനുവരി മൂന്നിന്‌ 66-ാം വയസ്സിൽ കൂനമ്മാവിൽ അന്തരിച്ചു. 2014-ൽ വിശുദ്ധ പദവിയിലേക്ക്‌

(സി.എം.ഐ. ഡയറക്ടർ, ചാവറ കൾച്ചറൽ സെന്റർ, കോഴിക്കോട്‌)