ഭാരതനവോത്ഥാന നായകന്മാരിൽ കുമാരഗുരുദേവനെ ചിരസ്മരണീയനും ആരാധ്യനുമാക്കുന്നത്, ഭാരതത്തിന്റെ ആധ്യാത്മിക ദർശനത്തിനും ജാതിരഹിത സാമൂഹികഘടനയ്ക്കും പുതുപുത്തൻ ദാർശനികമാനം നൽകിയ മഹാത്മാവെന്നനിലയിലാണ്. ‘നവോത്ഥാനം’ ഭാരതത്തെ സംബന്ധിച്ചിടത്തോളം സമഗ്രമായ മാറ്റങ്ങൾക്ക് വഴിവെച്ചത് മുഖ്യമായും മതം-സമൂഹം-സംസ്കാരം-ദേശീയത എന്നീ രംഗങ്ങളിലാണ്. ദേശീയപ്രസ്ഥാനങ്ങളുടെ പുനഃസൃഷ്ടി നവഭാരതനിർമിതിയെ ത്വരപ്പെടുത്തുകയായിരുന്നു. അരബിന്ദോ, ‘റിനൈസൻസ് ഇൻ ഇന്ത്യ’ എന്ന കൃതിയിൽ വ്യക്തമാക്കുന്നത് പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഇന്ത്യയിലുണ്ടായ ധാർമിക അധഃപതനമാണ് നവോത്ഥാനമെന്ന ഒരു ഉയിർത്തെഴുന്നേൽപ്പ് അനിവാര്യമാക്കിയതെന്നാണ്. 

ദക്ഷിണഭാരതം പ്രത്യേകിച്ചും തമിഴ്, മലയാള ഭാഷാപ്രവിശ്യകൾ ഉത്തരേന്ത്യൻ സാമൂഹികമാറ്റങ്ങളിൽനിന്നു വ്യത്യസ്തമായി നവോത്ഥാനത്തിന് പുതിയ മാനവും വിപ്ലവാത്മകമായ മൂല്യബോധവും നൽകുകയുണ്ടായി. പ്രാർഥനസമാജം (1867), ആര്യസമാജം (1875), ശ്രീരാമകൃഷ്ണ മിഷൻ (1896) എന്നിവയൊക്കെ രൂപപ്പെടുന്നതിനു മുമ്പുതന്നെ വിദ്യാധിരാജാ ചട്ടമ്പിസ്വാമി തിരുവടികൾ (1853) ഒരു ജനസമൂഹത്തെ അടിമച്ചങ്ങലയിൽനിന്ന്‌ പൂർണമായും മോചിപ്പിച്ചു. 

കുമാരഗുരുദേവന്റെ ദൗത്യം ശ്രമകരമായിരുന്നു. പ്രതിബന്ധങ്ങളും പ്രതിഷേധങ്ങളും വളരെയേറെ നേരിടേണ്ടിവന്നു. അക്കാലത്ത്‌ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ശ്രീമൂലം പ്രജാസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടു. പത്തുവർഷത്തോളം (കൊല്ലവർഷം 1096 മുതൽ 1106 വരെ) പ്രജാസഭ അംഗമായി തുടർന്ന പൊയ്‌കയിൽ യോഹന്നാൻ എന്ന കുമാരഗുരുദേവൻ 1939 ജൂൺ 29-ന്‌ മഹാപരിനിർവാണം പ്രാപിച്ചു.

കുമാരഗുരുദേവന്റെ ദർശനങ്ങൾ ഭാരതത്തിലെ അധഃസ്ഥിതപിന്നാക്കവർഗങ്ങളുടെ വിമോചന ദൈവശാസ്ത്രമായി മാറിക്കഴിഞ്ഞു. അടിമത്തം വിട്ടുമാറിയെങ്കിലും അപകർഷബോധത്തിൽനിന്നും ആത്മനിന്ദയിൽനിന്നും അടിയാളവർഗങ്ങളെ വിമോചിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പിന്നാക്കവർഗങ്ങൾ ജാതികളായി ഉൾപ്പിരിഞ്ഞ്‌ തമ്മിൽ കലഹിക്കാതെ, തങ്ങളുടെ പൈതൃകം കണ്ടെത്തി ഒരേ വർഗവും ഒരേ ഗോത്രവുമാണെന്നുള്ള തിരിച്ചറിവ്‌ ജനിപ്പിക്കുന്ന നൂതനപ്രത്യയശാസ്ത്രം അദ്ദേഹം അവർക്ക്‌ ലഭ്യമാക്കി. ആദിദ്രാവിഡ സംസ്കൃതിയുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു അദ്ദേഹം സ്ഥാപിച്ച മതത്തിന്റെ ലക്ഷ്യം. ഈ ഉയിർത്തെഴുന്നേൽപ്പിനും വളർച്ചയ്ക്കും  വിമോചനത്തിനും മുഖാന്തരവും വഴിയുമായത്‌ കുമാരഗുരുദേവൻ തന്നെ.

ശങ്കരമംഗലം എന്ന മാർതോമ ക്രൈസ്തവകുടുംബത്തിന്റെ അടിയാന്മാരായിരുന്നു കുമാരന്റെ മാതാപിതാക്കളും പൂർവികരും. ക്രൈസ്തവമതത്തിലെ ഇതരവിഭാഗങ്ങളിലെയും ഹിന്ദുമതത്തിലെയും ജാതിവ്യത്യാസത്തോടും ശ്വാസംമുട്ടിക്കുന്ന സാമൂഹികചുറ്റുപാടുകളോടും പൊരുത്തപ്പെടാൻകഴിയാതെ മതങ്ങളിൽനിന്നു മതങ്ങളിലേക്ക്‌ കൂടുമാറി അവസാനം തന്റേതായ ഒരു മതത്തിന്‌ രൂപംനൽകുകയായിരുന്നു, അദ്ദേഹം. പാർശ്വവത്‌കരിക്കപ്പെട്ടവരും അധഃകൃതരും അസ്‌പൃശ്യരും ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളവരുമടക്കം  ഇരുപത്തിനാലോളം കീഴാളജാതികളെ ഒന്നായിച്ചേർത്ത്‌ അവർക്കായി ‘പ്രത്യക്ഷാരക്ഷാ ദൈവസഭ’ എന്ന ഒരു സ്വതന്ത്രമതം അദ്ദേഹം സ്ഥാപിച്ചു. ത്യാഗത്തിലും പരിശ്രമത്തിലും സംഘാടകമികവിലും പ്രസംഗചാതുരിയിലുംകൂടി, നിലവിലുള്ള എല്ലാ തത്ത്വമീമാംസകളെയും മറികടക്കുന്ന തികച്ചും ഭാരതീയമായ ഒരു മതരൂപവത്‌കരണമാണ്‌ 1910-ൽ കുമാരഗുരുദേവൻ സ്ഥാപിച്ച ‘പ്രത്യക്ഷരക്ഷാ ദൈവസഭ’.

സാമൂഹിക അനീതികളോട്‌ അതിശക്തമായി പ്രതികരിക്കേണ്ടിവന്നപ്പോൾ അധഃകൃതരുടെ കലാപകാരിയായ നേതാവായി കാണുകയും അതിശക്തമായ എതിർപ്പുകളിലൂടെ ഈ സാമൂഹികപരിവർത്തനപ്രക്രിയയെ ത്വരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിക്കപ്പെടുന്നതിന്‌ മുമ്പും പിമ്പും ഗുരുദേവനും ഗുരുദേവശിഷ്യന്മാർക്കും നിരന്തരമായ ആക്രമണങ്ങൾക്കും വേട്ടയാടലുകൾക്കും വിധേയരാകേണ്ടിവന്നു. ഒട്ടേറെ കേസുകളിൽ ബ്രിട്ടീഷുകാരുടെ കോടതികളിൽ വിചാരണചെയ്യപ്പെട്ടു. ശ്രീമൂലം പ്രജാസഭയിൽ അംഗമായി ആദരിക്കപ്പെട്ടതോടെ എതിർപ്പുകളുടെ രൂക്ഷത ഏറക്കുറെ മാറി.

കേരളത്തിനകത്തും പുറത്തുമായി നൂറ്റിയൻപതിലധികം ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലക്ഷോപലക്ഷം വിശ്വാസികൾ -ഇതെല്ലാം കുമാരഗുരുദേവന്റെ ആധ്യാത്മികപ്രഭാവവും ദിവ്യത്വവും ശാശ്വതീകരിക്കുന്നു.

(റിട്ട. ജഡ്‌ജിയാണ്‌ ലേഖകൻ)