കേരളത്തിലെ ഋഗ്വേദാലാപന പാരമ്പര്യത്തിലെ അപൂർവമായ അനുഷ്ഠാനമാണ് കടവല്ലൂർ അന്യോന്യം. കേരളത്തിലെ ഋഗ്വേദികളായ നമ്പൂതിരിമാർ തൃശ്ശൂർ, തിരുനാവായ ബ്രഹ്മസ്വംമഠങ്ങളുടെ കീഴിൽ രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. രണ്ടുവിഭാഗത്തിലും ഋഗ്വേദാലാപനപഠനം മുറയ്ക്ക് നടക്കുന്നുമുണ്ട്. ഈ രണ്ടുവിഭാഗക്കാരും വർഷത്തിൽ ഒരിക്കൽ വൃശ്ചികം ഒന്നാംതീയതി മുതൽ കുന്നംകുളത്തിനടുത്ത് കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എട്ടുദിവസം ഒത്തുകൂടാറുണ്ട്.
ദിവസവും ഒരു വിഭാഗം മറ്റേവിഭാഗത്തിലെ പണ്ഡിതരെ ഋഗ്വേദാലാപനത്തിൽ പരീക്ഷയ്ക്ക് വിധേയമാക്കുന്ന രീതി. എട്ട് അഷ്ടകങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ഋഗ്വേദത്തിലെ പതിനായിരത്തിലധികം മന്ത്രങ്ങളിൽനിന്ന് ഒരു വിഭാഗം ആദ്യദിവസം ഒന്നാം അഷ്ടകത്തിൽനിന്നുള്ള മന്ത്രങ്ങളുടെ ആലാപനത്തിൽ മറ്റുവിഭാഗത്തിലുള്ളവരെ പരീക്ഷിക്കുന്നു. പിറ്റേദിവസം രണ്ടാം അഷ്ടകത്തിലായിരിക്കും പരീക്ഷ.
ഓരോ ദിവസവും ഇരുവിഭാഗവും അന്യോന്യം പരീക്ഷകൾക്ക് വിധേയരാകുന്നു. ഇങ്ങനെ എട്ടുദിവസംകൊണ്ട് എട്ട് അഷ്ടകത്തിലുമുള്ള തിരഞ്ഞെടുത്തുചോദിക്കുന്ന മന്ത്രങ്ങളുടെ ആലാപനത്തിൽ പരീക്ഷ നടക്കുന്നു. ഇതാണ് കടവല്ലൂർ അന്യോന്യം. അന്യോന്യം എന്ന പദത്തിന് ‘നേർക്കുനേരെ’ എന്നർഥം. ഋഗ്വേദാലാപനത്തിൽ രണ്ടുവിഭാഗക്കാരും നേർക്കുനേരെ ഇരുന്ന് പരീക്ഷകൾ നടത്തുന്നു എന്നർഥമാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. മുമ്പ് കൂടുതൽ പണ്ഡിതർ പരീക്ഷയ്ക്ക് തയ്യാറാവുമ്പോൾ എട്ടുദിവസത്തിനുപകരം പതിനാറും ഇരുപത്തിനാലും ദിവസങ്ങൾവരെ പരീക്ഷകൾ നടക്കാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.
ഋഗ്വേദാലാപനത്തിൽ കൂടുതൽ ഉറപ്പും ആത്മവിശ്വാസവും ഉണ്ടാവുന്നതിനുവേണ്ടിയാണ് ഇങ്ങനെ അപൂർവമായ പരീക്ഷാസമ്പ്രദായം ആവിഷ്കരിക്കപ്പെട്ടത്. പതിനായിരത്തിലധികം മന്ത്രങ്ങളുള്ള ഋഗ്വേദം മുഴുവനും സ്വരച്ചിട്ടയോടുകൂടി കൃത്യമായി വിവിധ ആലാപനരീതികളിലൂടെ മൗഖികമായി തലമുറകളായി സംരക്ഷിക്കപ്പെട്ടുപോന്ന അപൂർവമായ പാരമ്പര്യമാണ് ഇവിടെയുള്ളത്. ഓർമശക്തി, അക്ഷരശുദ്ധി, അർഥബോധം, സ്വരച്ചിട്ട തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ഈ പാരമ്പര്യത്തിലൂടെ സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഋഗ്വേദാലാപനത്തിൽ കേരളത്തിൽ കടവല്ലൂർ അന്യോന്യം എന്ന അപൂർവ അനുഷ്ഠാനം രൂപപ്പെട്ടിട്ടുള്ളത്. കേരളത്തിൽത്തന്നെ മറ്റുവേദങ്ങൾക്ക് ഇങ്ങനെ ഒരു ആലാപന പരീക്ഷാപാരമ്പര്യം നിലവിലില്ല. ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ഒരു വേദത്തിനും ഈയൊരു രീതി നിലനിൽക്കുന്നില്ല.
എല്ലാവർക്കും സ്വാഗതം
കേരളത്തിലെ അന്യോന്യം എന്ന അനുഷ്ഠാനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആധുനികകാലത്തെ സാമൂഹിക-സാംസ്കാരിക പരിതഃസ്ഥിതികളുടെ സമ്മർദംമൂലം കുറച്ചുവർഷങ്ങൾ അന്യോന്യം മുടങ്ങിപ്പോകുകതന്നെ ചെയ്തു. തുടർന്നിങ്ങോട്ട് മുപ്പതിലധികം വർഷമായി അന്യോന്യം പൂർവാധികം ആഘോഷമായി കടവല്ലൂരിൽ നടത്തപ്പെടുന്നു.
മഹാകവി അക്കിത്തം, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി തുടങ്ങിയവർ നേതൃത്വംനൽകുന്ന കടവല്ലൂരിലെ നാട്ടുകാരുടെ ജനകീയകമ്മിറ്റി അന്യോന്യത്തിന്റെ അനുഷ്ഠാനപരമായ പാരമ്പര്യം നിലനിർത്തുന്നതോടൊപ്പം വേദപാരമ്പര്യവും വേദവിജ്ഞാനവും ജാതി-മത-ലിംഗ ഭേദമെന്യേ എല്ലാവരിലും എത്തിക്കാനുള്ള പ്രവർത്തനങ്ങളും ചെയ്തുവരുന്നു. ക്ഷേത്രത്തിനകത്ത് അന്യോന്യം നടക്കുന്നതിന്റെ ഒപ്പം ക്ഷേത്രത്തിനുപുറത്ത് പൊതുവേദിയിൽ വേദവിഷയങ്ങളെക്കുറിച്ചുള്ള ദേശീയ-അന്തർദേശീയ സെമിനാറുകൾ, വർക്ഷോപ്പുകൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, നൃത്താരാധന, കഥകളി, നങ്ങ്യാർകൂത്ത്, ജനകീയകലകൾ തുടങ്ങിയവ എല്ലാ ദിവസവും അവതരിപ്പിച്ചുവരുന്നു.
വേദാലാപന പരീക്ഷകൾ സാധാരണക്കാരായ എല്ലാവർക്കും കാണാനും മനസ്സിലാക്കാനുംവേണ്ടി ക്ഷേത്രത്തിനുപുറത്ത് പ്രത്യേക പ്രക്ഷേപണസംവിധാനവും ഏതാനും വർഷങ്ങളായി അന്യോന്യം പ്രവർത്തകർ ഒരുക്കുന്നുണ്ട്.
മുമ്പിലിരിക്കൽ, കടന്നിരിക്കൽ, വലിയ കടന്നിരിക്കൽ
ഓരോ ദിവസവും സന്ധ്യാസമയത്തും രാത്രിയിൽ പൂജകഴിഞ്ഞുമുള്ള അവസരങ്ങളിൽ ക്ഷേത്രത്തിനകത്താണ് അന്യോന്യത്തിന്റെ മത്സരങ്ങൾ നടക്കുക. മത്സരങ്ങൾക്ക് മുമ്പിലിരിക്കൽ (ഭഗവാനുമുമ്പിൽ അദ്ദേഹത്തിന് അഭിമുഖമായി ഇരുന്നുകൊണ്ടുള്ള മത്സരം), കടന്നിരിക്കൽ (കുറച്ചുകൂടി അടുത്ത് ഭഗവാന് അഭിമുഖമായി ഇരുന്നുകൊണ്ടുള്ള മത്സരം), വലിയ കടന്നിരിക്കൽ (അതിനെക്കാൾ ഗൗരവമേറിയ മത്സരം) മുതലായ പേരുകളാണുള്ളത്. അന്യോന്യത്തിന്റെ ഈ അപൂർവത കണക്കിലെടുത്ത് ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് (ഐ.ജി.എൻ.സി.എ.) അന്യോന്യം മുഴുവൻ പതിനെട്ടുമണിക്കൂറോളം ദൃശ്യ-ശ്രവ്യ മാധ്യമത്തിൽ റെക്കോഡ് ചെയ്തിട്ടുണ്ട്.
അവരുടെ വേദിക് പോർട്ടലിൽ അത് ലഭ്യമാണ്. കേരളത്തിലെ എല്ലാ വേദങ്ങളുടെയും അപൂർവങ്ങളായ ആലാപനരീതികൾ മുഴുവനും ഐ.ജി.എൻ.സി.എ. യിലും തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർപോലുള്ള മറ്റുസ്ഥാപനങ്ങളും റെക്കോഡ്ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
(കാലടി സംസ്കൃത സര്വകലാശാലയിലെ അധ്യാപകനായിരുന്ന ലേഖകന് വൈദിക പഠന കേന്ദ്രത്തിന്റെ ചുമതല നിര്വഹിച്ചിരുന്നു)