ണ്ടു പെരുന്നാളുകളാണ് വർഷത്തിൽ വിശ്വാസികൾക്ക് നിശ്ചയിച്ച ആഘോഷദിനങ്ങൾ. റംസാൻ നോമ്പിനോടനുബന്ധിച്ചുള്ള ഈദുൽഫിത്തറും ഹജ്ജിനോടനുബന്ധിച്ചുള്ള ഈദുൽ അള്‌ഹ എന്ന ബലിപെരുന്നാളും. ലോകമെങ്ങുനിന്നുമെത്തിയ ഹാജിമാർ ഹജ്ജനുഷ്ഠാനത്തിലെ സുപ്രധാന ഘടകമായ അറഫയിൽ കഴിഞ്ഞദിവസം സംഗമിച്ചു. അറഫ പ്രദേശത്ത് കൂടിയവർ ആത്മീയതയുടെ നിറവിലാണ്. ഈ രണ്ട് ആരാധനകളിലും സമ്പൂർണമായ സമർപ്പണമാണ് ഉള്ളത്.

ബലിപെരുന്നാളിൽ ഉജ്ജ്വലമായ പാഠങ്ങളാണുള്ളത്. അവ ഇബ്രാഹിം, ഇസ്മാഈൽ എന്നീ പ്രവാചകന്മാരുമായി ബന്ധപ്പെട്ടുകിടക്കുന്നു. ബലിപെരുന്നാളിന്റെ ചൈതന്യം ആ കുടുംബമനുഭവിച്ച ത്യാഗജീവിതസ്മരണയിൽ ഉയർന്നതു കൂടിയാണ്. ഹജ്ജ് മാനവികതയുടെ പ്രതീകമാണ്. ഇബ്രാഹിം നബിയുടെ സമർപ്പണവും വിശ്വാസദാർഢ്യവും വിശ്വാസിസമൂഹത്തിന് കരുത്താകണം. ഇസ്‌ലാമിനെ വിമർശിക്കുന്നവർക്കെല്ലാം ഉള്ള മറുപടി ഹജ്ജിലുണ്ട്. ഹജ്ജ് പ്രപഞ്ചത്തോട് വിളംബരം ചെയ്യുന്നത് മാനവികതയുടെയും സഹിഷ്ണുതയുടെയും ലോക സമാധാനത്തിന്റെയും അതുല്യമായ സന്ദേശങ്ങളാണ്.

മുഹമ്മദ് നബിയുടെ അറഫയിലെ വിടവാങ്ങൽ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. അത് ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമാണ്. അതിന്റെ പ്രധാനഭാഗങ്ങൾ നമുക്കിങ്ങനെ വായിക്കാം: ‘‘മനുഷ്യരേ! എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാതിരിക്കാനും മതി. മനുഷ്യരേ, നിങ്ങളുടെ ഈ നാടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങൾ ആദരം കല്പിക്കുന്നുവോ, അതേപ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കൈയേറുന്നത് നിങ്ങൾക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു.

ഓർത്തിരിക്കുക. നിങ്ങൾ പിഴച്ച് പരസ്പരം കഴുത്തുവെട്ടാൻ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങൾ കണ്ടുമുട്ടും. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവൻ നിങ്ങളെ ചോദ്യംചെയ്യും. അജ്ഞാനകാലത്ത് നടന്ന ജീവനാശങ്ങൾക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുർബലപ്പെടുത്തിയിരിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ ഇലാഹ് ഏകനാണ്. നിങ്ങളെല്ലാവരും ആദമിൽ നിന്നു ജനിച്ചു. ആദം മണ്ണിൽനിന്നും. ജീവിതത്തിൽ കൂടുതൽ അല്ലാഹുവിന്റെ കല്പനകൾ അംഗീകരിച്ച് ജീവിക്കുന്നവനാണ് നിങ്ങളിൽവെച്ച് അല്ലാഹുവിങ്കൽ ഏറ്റവും മാന്യൻ. അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ ഒരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതയ്ക്കടിസ്ഥാനം ജീവിതത്തിൽ അല്ലാഹുവിനോടുള്ള അനുസരണയത്രേ...”

എല്ലാ വിഭാഗത്തിനും അർഹമായ അവകാശങ്ങൾ വകവെച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് അതെന്നതിനാലാണ് അതിന്നും ഉജ്ജ്വലമായി നിലനിൽക്കുന്നത്. അടിച്ചമർത്തപ്പെട്ട എല്ലാ ജനവിഭാഗത്തിന്റെയും മൂല്യങ്ങളുയർത്താനിത് കാരണമായി. ആറാം നൂറ്റാണ്ടിലെ അപരിഷ്കൃത ജനതയ്ക്ക് ഇടയിലാണ് ഈ പരിഷ്കാരത്തിന് തിരുനബി മുതിരുന്നത് എന്നത് നാം ചേർത്തുവായിക്കണം.

കോവിഡ് ദുരന്തകാലത്താണ് നാം വീണ്ടും ഒരു പെരുന്നാൾ ആഘോഷിക്കുന്നത്. കോവിഡ് കാരണം ജോലിനഷ്ടപ്പെട്ടവരും ബുദ്ധിമുട്ടനുഭവിക്കുന്നവരും ധാരാളം നമുക്കുചുറ്റും ഉണ്ടാകും. ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന അനേകം പേരുണ്ടാകാം. അവരുടെ വയറുനിറയ്ക്കൽ ഏറ്റവും പുണ്യമുള്ള കാര്യമാണ് എന്നു നാം മറക്കരുത്. പക്ഷേ, നാം ഒന്ന് ഓർക്കണം, ദാരിദ്ര്യം ഭയപ്പെടുന്ന സമയത്തുള്ള ദാനമാണ് ഏറ്റവും ഉത്തമമായ ദാനം. നബി പറഞ്ഞു: ‘‘ഏറ്റവും ശ്രേഷ്ഠകരമായ ദാനം വിശക്കുന്നവന്റെ വയറു നിറയ്ക്കലാണ്.’’ നമ്മൾ നമ്മുടെ കഴിവിന് അനുസരിച്ചു ദാനം ചെയ്യുക. അതു നമ്മുടെ സമ്പദ്‌സമൃദ്ധിക്കു വഴിയൊരുക്കും. നബിപറഞ്ഞു: ‘‘ദാനധർമംമൂലം ഒരാളുടെയും സമ്പത്തിനെ ചുരുക്കുകയില്ല.’’ ദാനത്തിന് അനുസരിച്ചു സമ്പത്തു വർധിക്കുമെന്നാണ് ഈ ഹദീസിന്റെ സാരം. ബുദ്ധിമുട്ടുകളും വിഷമതകളും അനുഭവിക്കുന്ന ലോക്‌ഡൗൺ പ്രയാസം അനുഭവിക്കുന്നവർ അഭിമാനികളായി ഇത്രയും കാലം ജീവിച്ചവരാണ് എന്നത് നാം മറക്കരുത്.

കോവിഡ് ദുരന്തംകാരണം നമ്മുടെ സ്രഷ്ടാവിനോട് നന്ദിപ്രകടിപ്പിക്കുന്ന ആരാധനകളിൽനിന്നും ആഘോഷങ്ങളിൽനിന്നും മാറിനിൽക്കുന്ന പ്രവണത ശരിയല്ല. ദുഃഖമോ പ്രയാസമോ നേരിട്ടാൽ ആഘോഷങ്ങളെ അവഗണിക്കുകയും ചടങ്ങുകൾ ചെയ്യാതിരിക്കുകയും ചെയ്യണമെന്നത് അംഗീകരിക്കാനാവില്ല. ഒരു വിശ്വാസിക്ക് ഇതൊരിക്കലും പാടില്ല. കാരണം, ഇസ്‌ലാമിലെ ആഘോഷങ്ങൾ ആരാധനയാണ്. അതിനായി നിശ്ചയിച്ചദിനത്തിൽ നിർദിഷ്ട കാര്യങ്ങൾ സാധ്യമായവിധം ചെയ്യുകയാണു വേണ്ടത്. പരിമിതിയുണ്ടെങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ നാം അതു ചെയ്യണം.

സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റാണ്‌ ലേഖകൻ