Eid al-Fitrചെറിയപെരുന്നാൾ  ആശംസകൾ കോവിഡ്മൂലം തിന്മയുടെ ശക്തികൾക്ക് അടക്കമില്ല. അതുകൊണ്ട് നന്മയുടെ പക്ഷത്തുള്ളവർക്കും വെറുതേയിരിക്കാനാവില്ല. ഏറ്റവും ചുരുങ്ങിയത്  നമ്മുടെ പ്രാർഥനകൾകൊണ്ടെങ്കിലും ഭൂമിയിലെ പതിതർക്കൊപ്പം നിൽക്കുക 

ഒരു മാസം നീണ്ടുനിന്ന റംസാൻ വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിന്റെ പ്രഭയിൽ വീണ്ടും ഒരു ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) വന്നെത്തിയിരിക്കുന്നു.
പെരുന്നാൾദിനത്തിന്റെ പ്രധാന പ്രത്യേകതയായി പ്രവാചകൻ നബി തിരുമേനി  ഒാർമപ്പെടുത്തിയത്, അത് ദൈവികസ്മരണ പുതുക്കാനും അന്നപാനീയങ്ങൾക്കുമുള്ളതാണ് എന്നാണ്. അപരനെ ഭക്ഷിപ്പിക്കുക എന്നതാണല്ലോ സത്കാരത്തിന്റെ മർമം. സുഹൃത്തുക്കളെയും ബന്ധുക്കളെയും സത്കരിക്കുക. അവരുടെ സത്കാരങ്ങളിൽ പങ്കുകൊള്ളുക. അതിന്  വലിയ പ്രാധാന്യം ഇസ്‌ലാം നൽകുന്നു. എന്നാൽ, അതിനുമുമ്പിലും കോവിഡ് വലിയ വേലിക്കെട്ടുകൾതന്നെ തീർത്തിരിക്കുന്നു.

പരീക്ഷണവും പ്രതിസന്ധികളും അതിജീവിക്കുക

പരീക്ഷണവും പ്രതിസന്ധിയും ജീവിതത്തിന്റെ ഭാഗമാണ്. ക്ഷമയും സഹനവും ആർജിച്ച് വിപൽസന്ധികളെ അതിജീവിക്കാൻ നമുക്ക് കഴിയണം. ഓരോ പെരുന്നാളിന്റെയും സന്ദേശവും അതുതന്നെയാണ്.
 പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്നവർക്ക് സമൂഹത്തെയും രാജ്യത്തെയും നന്മയിലേക്കുനയിക്കാൻ കഴിയില്ല. മതാവബോധവും രാഷ്ട്രീയ ഇച്ഛാശക്തിയുമുള്ളവർക്കേ രാജ്യത്തിന്റെ കാവലാളാവാനും ധാർമികസംസ്കൃതിയുടെ സൂക്ഷിപ്പുകാരാവാനും കഴിയൂ. രാഷ്ട്രീയ-മത വ്യത്യാസമില്ലാതെ ധാർമികക്ഷയം സർവമേഖലയിലും ഇന്ന് പ്രകടമാണ്. അധികാരഭ്രമവും ഭൗതികതയോടുള്ള അഭിനിവേശവുമാണ് പരസ്പരവിശ്വാസത്തിനും ഇഴയടുപ്പത്തിനും  വിലങ്ങുതടിയാവുന്നത്. അതിനാൽ വളർന്നുവരുന്ന വിധ്വംസകപ്രവർത്തനങ്ങളെ സ്നേഹവും ശാന്തിയും പ്രചരിപ്പിച്ച് ഉന്മൂലനംചെയ്യാൻ നമുക്ക് കഴിയണം.

സഹജീവികളിലേക്ക്‌  സ്നേഹംചൊരിയുക

ഏതാഘോഷവും ധൂർത്തിനും അനാചാരങ്ങൾക്കുമുള്ളതല്ല. ആത്മസമർപ്പണത്തിന്റെ ആഘോഷവേളയാണവ. സഹജീവികളിലേക്ക് സ്നേഹം ചൊരിഞ്ഞുവേണം പെരുന്നാളിനെ നാം സജീവമാക്കേണ്ടത്. ശരീരവും മനസ്സും ഒരുപോലെ ആത്മീയതയിൽ ഒരുമിച്ചതാണ് പെരുന്നാൾ. സമൂഹങ്ങൾക്കിടയിൽ ഐക്യവും ഭദ്രതയും വളർത്താൻ പെരുന്നാൾദിനം സഹായകമാവണം.
ശരീരത്തിന്റെ സക്കാത്തായ ഫിത്വർ സക്കാത്ത് നൽകിയാണ് ഓരോ വിശ്വാസിയും പെരുന്നാൾ ആഘോഷിക്കുന്നത്. ഗൃഹനാഥൻ വീട്ടിലെ അംഗങ്ങളുടെ  എണ്ണം കണക്കാക്കി നിർബന്ധമായും നൽകേണ്ട ഒന്നാണ് ഫിത്വർ സക്കാത്ത്. പെരുന്നാൾദിനം ആരും പട്ടിണികിടക്കാൻ പാടില്ല എന്ന പ്രവാചകസന്ദേശമാണ് ഫിത്വർ സക്കാത്ത് വിതരണത്തിനുപിന്നിൽ.  

നന്മയിലേക്ക്‌ തിരിയുക

നന്മ ദൈവികവും തിന്മ പൈശാചികവുമാണ്. ദൈവത്തിന് വഴങ്ങുന്ന മനുഷ്യരും മനുഷ്യരെ പിഴപ്പിക്കുന്ന പിശാചും തമ്മിലുള്ള മത്സരവേദിയാണ് ജീവിതം. അതൊരു അടിസ്ഥാനപാഠമാണ്. പിശാചിന്റെ  ദുർബോധനങ്ങൾ വിശ്വാസക്കരുത്തുകൊണ്ട് അതിജയിക്കുന്നവരാണ് സച്ചരിതർ. പിശാചിന്‌ വശംവദരാവുകയും ദൈവസ്മരണയിൽനിന്ന് അകലുകയുംചെയ്തവരാണ് പാപികൾ. അവരെ സദാ പശ്ചാത്താപത്തിലേക്ക്‌ ദൈവം വിളിക്കുന്നു. നാം ദൈവത്തിന്റെകൂടെയാണോ മനുഷ്യവർഗത്തോടുതന്നെ ശത്രുത പുലർത്തുന്ന പൈശാചികശക്തിക്കൊപ്പമാണോ എന്നതാണ് ജീവിതനന്മയുടെ അടിസ്ഥാനം.

 ജീവിതം നന്മയുടെയും തിന്മയുടെയും വേദിയാണ്. ഏതുപക്ഷത്തുനിൽക്കണമെന്ന തിരഞ്ഞെടുപ്പാണ്  ജീവിതവിജയത്തിന്റെ നിദാനം. പാപങ്ങളിൽനിന്നുള്ള പശ്ചാത്താപവും പ്രായശ്ചിത്തവുമാണ് തിന്മയെ വെടിഞ്ഞ്‌ നന്മയുടെ പക്ഷത്തേക്ക്‌ വരാനുള്ള പോംവഴി. റംസാൻ ഇതിന്‌ വഴിയൊരുക്കുന്ന പ്രധാനപ്പെട്ട ജീവിതവേളയാണ്. 
റംസാൻ മാസം സമാപിക്കുന്ന ദിനം, പെരുന്നാളാകുന്നത് നന്മയെ പ്രാപിച്ചതിന്റെ ആഘോഷമെന്ന നിലയിലാണ്. ബാഹ്യമായ അലങ്കാരങ്ങളെക്കാൾ ആന്തരികമാണ് പെരുന്നാളിന്റെ ആഹ്ലാദം.
ഇസ്‌ലാമികസമൂഹത്തിൽ സാമൂഹിക ജീവിതത്തിന്റെയും സഹകരണത്തിന്റെയും ഏറ്റവും ഉദാത്തമായ ആവിഷ്കാരങ്ങൾക്ക്‌ സാക്ഷ്യംവഹിക്കുന്ന സമയമാണ് റംസാൻ. മനുഷ്യർ വിശപ്പിന്റെ രുചിയറിയുന്ന ഈ കാലയളവിലാണ് ഏറ്റവും കൂടുതൽ സാമൂഹികബോധവും ബന്ധവും ശക്തിപ്പെടാറുള്ളത്.  

കോവിഡ് ബാധിതർക്കായി പ്രാർഥിക്കുക

രാജ്യത്തെ പരസഹസ്രം സഹോദരങ്ങൾ ഓക്സിജൻ കിട്ടാതെ മരണവുമായി മല്ലടിക്കുന്ന അവസ്ഥയിലാണ്. മനുഷ്യന്‌ മനുഷ്യരിൽനിന്ന് സ്നേഹവും സഹാനുഭൂതിയും ഏറ്റവും ആവശ്യമായ സമയമാണിത്. പതിവുജീവിതതാളം കോവിഡ് കാരണം തെറ്റിയപ്പോൾ നാം പുതിയ അതിജീവനമാതൃകകൾ കണ്ടെത്തി. സാധാരണകാര്യങ്ങൾ മാത്രമല്ല വലിയ മുന്നേറ്റങ്ങളും ഓൺലൈനായി സാധ്യമാക്കാൻ ഇപ്പോൾ ലോകമെങ്ങും ആളുകൾ ശീലിച്ചിരിക്കുന്നു. സാമൂഹികസേവനപദ്ധതികളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിപുലപ്പെട്ടു.

കോവിഡ്മൂലം തിന്മയുടെ ശക്തികൾക്ക് അടക്കമില്ല. അതുകൊണ്ട് നന്മയുടെ പക്ഷത്തുള്ളവർക്കും വെറുതേയിരിക്കാനാവില്ല. ഏറ്റവും ചുരുങ്ങിയത് നമ്മുടെ പ്രാർഥനകൾകൊണ്ടെങ്കിലും ഭൂമിയിലെ പതിതർക്കൊപ്പം നിൽക്കുക. ഏവർക്കും നന്മനിറഞ്ഞ പെരുന്നാളാശംസകൾ നേരുന്നു.

content highlights: Eid al-Fitr