eid al fitrപെരുന്നാളിന് മതപരമായ ഒരു പശ്ചാത്തലമുണ്ടെങ്കിലും മറ്റെല്ലാ ആഘോഷങ്ങൾക്കുമെന്നപോലെ സാമൂഹികമായ ഒരു ദൗത്യം അതിനുമുണ്ട്. പ്രാക്തന അറേബ്യൻ ഗോത്രസമൂഹങ്ങളിലും ആഘോഷങ്ങൾ നിലനിന്നിരുന്നു. മരുഭൂമിയിലെ നാടോടിജീവിതത്തിന്റെ സംഘർഷങ്ങളിൽനിന്നുള്ള ചെറിയ ഇടവേളകളായിരുന്നു ആ ആഘോഷങ്ങൾ. അന്ന് എല്ലാം മറന്ന് മുട്ടിപ്പാടിയും വിനോദങ്ങൾ ആസ്വദിച്ചും സമൃദ്ധമായി ഭക്ഷണം കഴിച്ചും അവർ ഉത്സവത്തിമർപ്പിൽ ആറാടി. മനുഷ്യജീവിതത്തെ തരളിതമാക്കുന്ന ആഘോഷാനുഭവത്തെ പ്രവാചകനും സ്വാംശീകരിക്കുകയാണ് ചെയ്തത്. ആഘോഷങ്ങളുടെ പതിവുചേരുവകളായ പാട്ടും സംഗീതവും സദ്യവട്ടങ്ങളും അദ്ദേഹവും അനുവദിച്ചുകൊടുത്തു. എന്നാൽ, മക്കയിലെ അപരിഷ്‌കൃതമായ ഗോത്രീയാചാരങ്ങൾക്ക് അദ്ദേഹം ചില ചിട്ടകൾ വരുത്തുകയും ചെയ്തു. 

ഓണം, വിഷു, ദീപാവലി, ക്രിസ്‌മസ് തുടങ്ങിയ മിക്കവാറും ആഘോഷങ്ങൾ ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതാണ്. അവ ഓരോന്നിനും മതപരമായ ഐതിഹ്യങ്ങളും ചരിത്രവും ചടങ്ങുകളുമുണ്ട്. മതപരമായ അത്തരം ഘടകങ്ങൾ അതത് സമുദായങ്ങൾക്കകത്തുമാത്രം നിലനിൽക്കുന്നു. എന്നാൽ, ആ ഘടകങ്ങളെ ഭേദിക്കുന്ന സാംസ്‌കാരികമായ ഉള്ളടക്കവും ആഘോഷങ്ങൾക്കുണ്ട്. മനുഷ്യർക്കിടയിൽ സ്‌നേഹവും സാഹോദര്യവും ഒരുമയും സമ്പർക്കവും വളർത്തുന്ന സാംസ്‌കാരികസന്ദർഭങ്ങൾ കൂടിയാണ് ആഘോഷങ്ങളെല്ലാം. ഓരോ സമുദായവും അവരുടെ ആഘോഷങ്ങളുടെ വിരിപ്പുകൾ നീട്ടിവിരിക്കുകയും അവിടെ എല്ലാ മനുഷ്യരെയും ആലിംഗനം ചെയ്യുകയും ചെയ്യുമ്പോഴാണ് ആഘോഷങ്ങൾ അതിന്റെ സാമൂഹിക ദൗത്യം സഫലീകരിക്കുന്നത്.

ഏതാണ്ട് പത്തുനൂറ്റാണ്ടോളമായി കേരളത്തിൽ മുസ്‌ലിങ്ങൾ ജീവിക്കുന്നുണ്ട്. മുസ്‌ലിങ്ങൾകൂടി ചേർന്നതാണ് മലയാളിസമൂഹം. മുസ്‌ലിങ്ങളെ സംബന്ധിച്ചാവട്ടെ, അവരുടെ സാംസ്‌കാരിക സ്വത്വത്തിന്റെ അവിഭാജ്യ ഭാഗമാണ് മലയാളം. ഭാഷ, വേഷം, രുചികൾ, വിനോദങ്ങൾ മുതലായ അവരുടെ സാംസ്‌കാരികചിഹ്നങ്ങൾ കേരളത്തിന്റെ പൊതുധാരയുമായി ചേർന്നുനിൽക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഈ അനുഭവം സാധാരണമല്ല. സമാധാനപരമായ സാമൂഹികാന്തരീക്ഷം നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ ആയിരത്താണ്ടുകളായി കൊണ്ടും കൊടുത്തും ജീവിക്കുക വഴി സാധ്യമായതാണിത്. ദൗർഭാഗ്യവശാൽ, മലയാളികൾ എന്ന നിലയിലുള്ള ഈ ഒരുമ പല നിലയിലുള്ള വെല്ലുവിളികൾ നേരിടുന്ന ഒരു കാലമാണിത്. വർഗീയമായ ചേരിതിരിവുകൾ ശക്തമാകുന്നതും മതമൗലികത വേരുറയ്ക്കുന്നതും സാംസ്‌കാരികമായ അന്യോന്യങ്ങളെ ക്ഷയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ പെരുന്നാളുകളെ അർഥപൂർണമായി ഉപയോഗിക്കാൻ സാധിക്കേണ്ടതുണ്ട്.

പെരുന്നാൾ പ്രാർഥനകൾ കഴിയുമെങ്കിൽ പള്ളികളിൽനിന്ന് പുറത്തുകൊണ്ടുവന്ന്‌ പൊതുസ്ഥലങ്ങളിൽവെച്ച് നടത്താനാണ് പ്രവാചക നിർദേശം. അങ്ങോട്ടുപോകുമ്പോഴും മടങ്ങുമ്പോഴും ഭിന്നവഴികൾ തിരഞ്ഞെടുക്കാനും നിർദേശിക്കപ്പെട്ടിട്ടുണ്ട്. പെരുന്നാൾ എല്ലാവരുടെയും ആണെന്ന പ്രതീതി ഉറപ്പാക്കുകയും കൂടുതൽ മനുഷ്യരുമായി സമ്പർക്കത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ നിർദേശങ്ങളുടെ തത്ത്വം. 
ആചാരങ്ങളിൽ ഉറപ്പിച്ചുനിർത്തി സങ്കുചിത സാമുദായികവികാരം വളർത്തുകയാവരുത് മതാചരണങ്ങളുടെ ലക്ഷ്യം. ആചാരങ്ങളെക്കാൾ അതിലടങ്ങിയ ആശയങ്ങൾക്കും നിയമങ്ങളെക്കാൾ അത് മുന്നോട്ടുവെക്കുന്ന മൂല്യങ്ങൾക്കുമാണ് ഇസ്‌ലാം പ്രാമുഖ്യം നൽകുന്നതെന്ന് പണ്ഡിതന്മാർ നിഷ്‌കർഷിക്കുന്നു. ആ നിലയിൽ സമീപിക്കുമ്പോൾ മാത്രമാണ് വിശാലമായ മനവികതയിലേക്ക് സഞ്ചരിക്കാൻ വിശ്വാസികൾക്ക് സാധിക്കുന്നത്. ജാതിമതങ്ങൾക്കപ്പുറം എല്ലാ മനുഷ്യരെയും പുണർന്നും അവശരായ എല്ലാവരെയും തലോടിയും സ്നേഹസൗഹൃദങ്ങളുടെ പന്തികൾ ഒന്നിച്ചുപങ്കിട്ടും പെരുന്നാൾ ആഘോഷിക്കാം. എല്ലാവർക്കും സ്നേഹമധുരമായ ഈദുൽ ഫിത്തർ ആശംസകൾ!