imageത്യാഗത്തിന്റെ മഹത്ത്വം വിളംബരം ചെയ്തുകൊണ്ട്‌ വീണ്ടും ബലിപെരുന്നാൾ വന്നെത്തി. ധർമനിഷ്ഠയോടെ ജീവിക്കണമെങ്കിൽ നമ്മുടെ ആഗ്രഹങ്ങൾ പലതും വേണ്ടെന്നുവെക്കേണ്ടിവരും.  മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നവർ അവർക്കിഷ്ടപ്പെട്ട പല കാര്യങ്ങളും ത്യജിക്കേണ്ടിവരും. ആവശ്യമുള്ളതും ഇഷ്ടപ്പെട്ടതുമായ കാര്യങ്ങൾ പൊതുനന്മ ഉദ്ദേശിച്ച്‌ ത്യജിക്കുന്നതാണ്‌ ത്യാഗം. ഈ പെരുന്നാളിന്‌ നമുക്കൊരുപാട്‌ കാര്യങ്ങൾ ത്യജിച്ചേ മതിയാവൂ.

ലോകമാകെ ഇന്ന്‌ ഭയപ്പെടുന്നത്‌ കൊറോണ വൈറസിനെയാണ്‌. വാക്സിൻ കണ്ടുപിടിച്ചേക്കാം. അതുവരെ രോഗംപകരാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണം. പെരുന്നാളിന്‌ കൂടുതൽ ശ്രദ്ധവേണം. കഴിഞ്ഞ അഞ്ചുമാസക്കാലം നാം പുലർത്തിപ്പോന്ന ശ്രദ്ധയും ജാഗ്രതയും പെരുന്നാൾ ആഘോഷത്തിന്റെ പേരിൽ നഷ്ടപ്പെടുത്തിക്കൂടാ. ആബാലവൃദ്ധം ജനങ്ങൾ ഒരുമിച്ചുകൂടി പെരുന്നാൾ നമസ്കരിക്കുന്ന ഈദ്‌ഗാഹുകൾ ഇത്തവണ ഇല്ല. നാം വീടുകളിലും പരിമിതമായ നിലയിൽ പള്ളികളിലുമാണ്‌ പെരുന്നാൾ നമസ്കരിക്കുക. പെരുന്നാളിന്റെ സന്തോഷം കൈമാറുന്ന ആലിംഗനവും ഹസ്തദാനവുമില്ല. മധുര പലഹാരങ്ങളോ ഭക്ഷണങ്ങളോ വിതരണം ചെയ്യുന്നില്ല. എന്തിനേറെ, മറ്റൊരിടത്ത്‌ താമസിക്കുന്ന പ്രായമായ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും സന്ദർശിച്ച്‌ സൗഹൃദം പങ്കുവെക്കാനും നമുക്കാവില്ല.  ഇതെല്ലാം സഹിക്കുന്നതും ത്യാഗംതന്നെയാണ്‌. ചുരുക്കത്തിൽ വലിയ ആഘോഷങ്ങളില്ലാത്തതാണ്‌ ഇത്തവണത്തെ പെരുന്നാൾ.

നാലായിരം വർഷങ്ങൾക്കുമുമ്പ്‌ ജീവിച്ച മഹാനായ ഇബ്രാഹിം നബിയുടെ (അബ്രഹാം പ്രവാചകൻ) ത്യാഗോജ്ജ്വലമായ ജീവചരിത്രം അയവിറക്കുകയാണ്‌ പരിശുദ്ധ ഹജ്ജ്‌ കർമത്തിലും അതോടനുബന്ധമായിവരുന്ന ബലിപെരുന്നാളിലും. ഒട്ടേെറ പരീക്ഷണഘട്ടങ്ങളിൽ അചഞ്ചലമായ വിശ്വാസത്തോടെ ഉറച്ചുനിന്ന ആ മഹാനുഭാവന്റെ മാതൃക പിൻപറ്റി പ്രതിസന്ധികൾ തരണംചെയ്യാൻ നമുക്ക്‌ സാധിക്കണം.
മതം മനുഷ്യനന്മയ്ക്കുവേണ്ടിയാണവതരിച്ചത്‌.

അതുകൊണ്ടുതന്നെ പെരുന്നാൾ ആഘോഷത്തിലും അതുണ്ടാവണം. പെരുന്നാൾദിവസങ്ങളിൽ എല്ലാവർക്കും സുഭിക്ഷമായി ആഹാരം കഴിക്കാൻ വകയുണ്ടാവണം. അത്‌ യാഥാർഥ്യമാവുന്നത്‌ ഫിത്‌ർ സകാത്തും ബലിമാംസവും വിതരണം ചെയ്യുന്നതിലൂടെയാണ്‌. ദൈവത്തെ പ്രതീപ്പെടുത്താൻ മനുഷ്യരെ ബലിനൽകുന്ന ആളുകളുണ്ടായിരുന്നു പണ്ട്‌. ഇസ്‌ലാം അത്‌ നിരോധിച്ചു. മനുഷ്യന്‌ ഭക്ഷിക്കാൻ പറ്റിയ ഏറ്റവും നല്ല മാംസമുള്ള രോഗമില്ലാത്ത മൃഗങ്ങളെ മാത്രമേ അറക്കാവൂ എന്നാണ്‌ ഉദ്‌ഹിയ്യത്ത്‌ ബലിയുടെ നിയമം.

ബലിയറക്കുന്നതിൽപ്പോലും മനുഷ്യന്റെ ആരോഗ്യസുരക്ഷയ്ക്ക്‌ വലിയ പരിഗണന നൽകുന്നുണ്ട്‌. മാത്രവുമല്ല, ബലി നടത്തിയാൽ അതിന്റെ രക്തവും മാംസവും അല്ലാഹുവിലേക്കെത്തുകയില്ലെന്നും മറിച്ച്‌ നിങ്ങളിലുണ്ടാവുന്ന മൂല്യബോധവും സൂക്ഷ്മതയുമാണ്‌ അല്ലാഹുവിലെക്കെത്തുകയെന്നും ഖുർആൻ (22/37) വ്യക്തമാക്കുന്നുണ്ട്‌. അല്ലാഹു നോക്കുക നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല, മറിച്ച്‌ അവൻ നോക്കുക നിങ്ങളുടെ മനസ്സിലേക്കും പ്രവൃത്തികളിലേക്കുമാണ്‌ എന്ന്‌ നബി പറഞ്ഞിട്ടുണ്ട്‌.

ഇതിൽനിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്‌ കേവലം അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും അപ്പുറത്ത്‌ ധർമബോധവും മൂല്യവത്തായ ജീവിതവുമാണ്‌ മതം ലക്ഷ്യമാക്കുന്നത്‌ എന്നാണ്‌. ആരാധനകളുടെ അത്യന്തികലക്ഷ്യം ദൈവ സാക്ഷാത്‌കാരമാണെങ്കിലും അവയുണ്ടാക്കുന്ന  സാമൂഹികനന്മകളും വ്യക്തിസംസ്കരണവും അതിന്റെ സദ്‌ഫലങ്ങളാണെന്നു സാരം. ജീവിതത്തിലൊരിക്കൽ, കഴിവുള്ള മുസ്‌ലിങ്ങൾ നിർബന്ധമായും അനുഷ്ഠിക്കേണ്ട ഹജ്ജ്‌ പോലും മാറ്റിവെക്കേണ്ടിവന്നിരിക്കുന്നു. അതും ഒരു ത്യാഗമാണ്‌.

സർക്കാരും ആരോഗ്യവകുപ്പും നിർദേശിച്ച നിയന്ത്രണങ്ങൾ പൂർണമായും പാലിക്കാൻ നാം ബാധ്യസ്ഥരാണ്‌. സമത്വവും സമാധാനവുമുള്ള ജീവിതം നയിക്കാനാവണം നമ്മുടെ പരിശ്രമം.
എല്ലാവർക്കും പെരുന്നാൾ ആശംസകൾ. അല്ലാഹു അക്‌ബർ... വലില്ലാഹിൽ ഹംദ്‌.

(ചീഫ്‌ ഇമാം,   കോഴിക്കോട്‌ പാളയം ജുമാ മസ്‌ജിദ്‌)

Content Highlights: Eid al-Adha Baliperunnal