പേരു സൂചിപ്പിക്കുംപോലെ ദീപങ്ങളുടെ കൂട്ടത്തെയാണ് ദീപാവലിയായി കണക്കാക്കുന്നത്. വലിയ ഒരു പശ്ചാത്തലത്തിൽനിന്നുകൊണ്ടേ ഈ ‘ദീപോത്സവ’ത്തെ കാണാനാവൂ. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ സ്മരണയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് പൊതുവേയുള്ള ഐതിഹ്യം. ദീപത്തിനും ദീപാവലിക്കും പിന്നിലുള്ള അന്തരാർഥം ഗ്രഹിക്കുമ്പോഴേ ജീവിതത്തിലുള്ള അതിന്റെ പ്രസക്തി ബോധ്യമാവുകയുള്ളൂ.

ഐതിഹ്യങ്ങൾക്കുമപ്പുറം
പ്രാപഞ്ചികബോധത്തിൽ അഭിരമിച്ചുകൊണ്ടിരിക്കുന്ന സാധാരണ മനുഷ്യർ പഞ്ചേന്ദ്രിയങ്ങളിലൂടെ, വിഷയങ്ങളുടെ ലോകത്ത് ഉണർന്നിരിക്കുന്നു. വിഷയാസ്വാദനമെന്ന ചങ്ങലയിൽ നാം പെട്ടുപോയിരിക്കുന്നുവെന്നു ചുരുക്കം. എന്നാൽ, ഈ പ്രാപഞ്ചികാവസ്ഥകളെയെല്ലാം അതിക്രമിച്ചു നിൽക്കുന്ന ആത്മതലത്തെ സാക്ഷാത്കരിച്ച മഹാത്മാക്കളും യോഗികളുമാകട്ടെ ആത്മാവിന്റെ അളവറ്റ ആനന്ദത്തിൽ അഭിരമിക്കുന്നവരാണ്. അതുകൊണ്ട് മഹാത്മാക്കളുടെ പകൽ പ്രാപഞ്ചികർക്ക് രാത്രിയും പ്രാപഞ്ചികരുടെ പകൽ ജ്ഞാനികൾക്കും മറ്റും രാത്രിയായും തീരുന്നുവെന്ന് ഗീതയിൽ ശ്രീകൃഷ്ണൻ വരച്ചുകാട്ടിയിരിക്കുന്നു. ‘യാ നിശാ സർവഭൂതാനാം... പശ്യതോ മുനേഃ’ (2. 69) എന്ന ഈ മനോഹരശ്ലോകത്തിലൂടെ മുമ്പോട്ടുവെക്കുന്ന സത്യം തന്നെയാണ് ‘സത്യത്തിന്റെ മുഖം സ്വർണപ്പാത്രത്താൽ മൂടപ്പെട്ടിരിക്കുന്നു’വെന്ന ഉപമകൊണ്ട് ഉപനിഷത്തിലും പറഞ്ഞുവെച്ചിരിക്കുന്നത് (ഹിരണ്മയേന പാത്രേണ....ദൃശ്യതേ- ഈശാവാസ്യം-15).

ഇരുട്ടത്തു ജീവിക്കുന്നവരാണ് മനുഷ്യർ എന്നു പറയുന്നത് ഇക്കാരണങ്ങളാലാണ്‌. ഇവിടെയാണ് ‘ഇരുട്ടിൽ നിന്നും ഞങ്ങളെ പ്രകാശത്തിലേക്കു നയിക്കേണമേ’(തമസോ മാ ജ്യോതിർഗമയ) എന്ന വൈദികപ്രാർഥനയുടെ പ്രസക്തി. ഈ അന്ധകാരത്തിൽനിന്നും ഇരുട്ടിൽനിന്നും ഞങ്ങളെ മോചിപ്പിക്കേണമേ എന്ന പ്രാർഥനയുടെ അന്തരാർഥമാണ് ‘ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും... വിളങ്ങീടേണം’ എന്ന ആത്മോപദേശശതകത്തിലെ(7) വരികളിൽ കാണാനാവുക. പട്ടാപ്പകൽ റാന്തൽ വിളക്കുമേന്തിക്കൊണ്ട് ഗ്രീക്ക്‌ നഗരവീഥികളിലൂടെ സഞ്ചരിച്ച തത്ത്വചിന്തകനായ ഡയോജനിസ് മനുഷ്യമനസ്സുകളെ ഉണർത്താൻ ശ്രമിച്ച കാര്യം നമുക്കറിയാവുന്നതാണ്. വിവേകാനന്ദസ്വാമികളുടെ ‘Arise, awake and stop not still the goal is reached’ എന്ന വാക്കുകളും ഉണരാനുള്ള ആഹ്വാനമാകുന്നു.

ഗുരുത്വവും ആത്മസൂര്യനും
വിഷയഭോഗത്തിലും പ്രാപഞ്ചികതയിലുംപെട്ട് ഉഴറി അന്ധമായിരിക്കുന്ന ജീവനിലേക്ക് ആത്മവെളിച്ചത്തെ പരിചയപ്പെടുത്തുന്ന ശക്തിയാണ് ഗുരുവെന്ന് ഗുരുഗീതയിൽ പറയുന്നു, ‘അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനഞ്ജന ശലാകയാ... തസ്മൈ ശ്രീ ഗുരവേ നമഃ.’ ഇത്തരമൊരു ഗുരുവിനെ ശരണം പ്രാപിച്ചില്ലെങ്കിൽ അന്ധന്മാർ നയിക്കുന്ന അന്ധന്മാരെപോലെ വിഷയലമ്പടതയിൽപ്പെട്ട്‌ ജീവിതം വെറുമൊരു ഹാസ്യനാടകമായി പര്യവസാനിക്കാനിടവരുമെന്ന് കഠോപനിഷത്തും പറഞ്ഞുതരുന്നു (അന്ധേനൈവ നീയമാനാ യഥാന്ധാഃ, 2.5). മേല്പറഞ്ഞ രീതിയിൽ ഒരു ഗുരു പ്രകാശത്തിലേക്കു കൈപിടിച്ചു നയിക്കുമ്പോൾ മനുഷ്യജീവൻ അതിരില്ലാത്ത ആത്മാനന്ദത്തിലേക്ക് കുടിയേറിത്തുടങ്ങുന്നു. ഈ ആത്മജാഗരണത്തെ പ്രതിനിധാനം ചെയ്യുന്നതിനാലാണ് ദീപങ്ങളും ദീപാവലിയും ആഹ്ലാദത്തിന്റേതു കൂടിയായിത്തീരുന്നത്. പടക്കങ്ങൾ പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഈ ആത്മജാഗരണത്തിന്റെ ആഘോഷമാണ് നാം നടത്തുന്നത്. 

മറ്റൊരു കാര്യം സൂര്യനെ പ്രതിനിധാനം ചെയ്യുന്ന ദീപവും അഗ്നിയുമൊക്കെ ഭൂമിയിൽ ജീവനെ നിലനിർത്തുന്ന അടിസ്ഥാനകാര്യമാണെന്നുള്ളതാണ്. സൂര്യൻ പ്രകൃതിയെ വിളക്കിക്കൊണ്ട്‌ സസ്യങ്ങളിൽ ആഹാരരൂപവത്കരണത്തിന്റെ അടിസ്ഥാന കാര്യമായിത്തീർന്നിരിക്കുന്നു. സൂര്യപ്രകാശമില്ലാത്ത ഭൂമിയെക്കുറിച്ച് നമുക്ക് ആലോചിക്കാനേ കഴിയില്ല. ജീവനെ നിലനിർത്തുന്ന അടിസ്ഥാനഘടകമായി വർത്തിക്കുന്ന സൂര്യനെ(സവിതാവിനെ) ആരാധിക്കുന്ന സമ്പ്രദായം നിലവിൽവന്നതിനു പിന്നിൽ ഇക്കാര്യവുമുണ്ട്. 

ഈ സവിതാവിനെ കോടാനുകോടി സൂര്യചന്ദ്രന്മാരെയും വിളക്കുന്ന ‘ആത്മസൂര്യ’നായി കണക്കാക്കാം. ‘ഗായത്രിമന്ത്ര’ത്തിലെ ഈ ആത്മസൂര്യനെയാണ് പ്രപഞ്ചസൂര്യനും ഇങ്ങേയടുത്ത് അഗ്നിഹോത്രവും ദീപവും ഒക്കെ പ്രതിനിധാനം ചെയ്യുന്നത്. അഗ്നിയെക്കരുതിയുള്ള വേദമന്ത്രം ‘അഗ്നിമീളേ പുരോഹിതം’ എല്ലാവർക്കും സുപരിചിതമാണല്ലോ. വീട്ടിൽ അഗ്നിഹോത്രം ചെയ്തുകൊണ്ടും സന്ധ്യാസമയങ്ങളിൽ ദീപം കൊളുത്തിക്കൊണ്ടും വിശേഷാവസരങ്ങളിൽ ഭദ്രദീപം ജ്വലിപ്പിച്ചുകൊണ്ടുമൊക്കെ ഈ ആത്മോപാസന തന്നെയാണ് നാം നടത്തുന്നത്.

(പ്രബുദ്ധകേരളം പത്രാധിപരാണ്‌ ലേഖകൻ)